Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ട്രംപ് പോയെങ്കിൽ പോട്ടെ, പാരിസ് ഉടമ്പടിയിൽ നിന്നും പിന്നോട്ടില്ലെന്ന് ജി 20 സഖ്യത്തിലെ 19 രാജ്യങ്ങളും; സ്വന്തം വിപണിയെ സംരക്ഷിച്ചു നിർത്താൻ ന്യായമായ നടപടികൾ സ്വീകരിക്കാമെന്ന് ഉച്ചകോടിയിൽ പ്രമേയം; പ്രതിഷേധ പ്രകടനം കനത്തതോടെ ഹോട്ടൽ മുറിയിൽ നിന്ന പുറത്തിറങ്ങാൻ കഴിയാതെ ട്രംപിന്റെ ഭാര്യ മെലാനിയ

ട്രംപ് പോയെങ്കിൽ പോട്ടെ, പാരിസ് ഉടമ്പടിയിൽ നിന്നും പിന്നോട്ടില്ലെന്ന് ജി 20 സഖ്യത്തിലെ 19 രാജ്യങ്ങളും; സ്വന്തം വിപണിയെ സംരക്ഷിച്ചു നിർത്താൻ ന്യായമായ നടപടികൾ സ്വീകരിക്കാമെന്ന് ഉച്ചകോടിയിൽ പ്രമേയം; പ്രതിഷേധ പ്രകടനം കനത്തതോടെ ഹോട്ടൽ മുറിയിൽ നിന്ന പുറത്തിറങ്ങാൻ കഴിയാതെ ട്രംപിന്റെ ഭാര്യ മെലാനിയ

ഹാംബുർഗ്: പാരിസ് കാലാവസ്ഥാ ഉടമ്പടിയിൽനിന്നു ട്രംപ് പിന്മാറിയാലും മറ്റ് രാജ്യങ്ങൾ ഉടമ്പടിയിലെ കാര്യങ്ങൾ നടപ്പിലാക്കാൻ വേണ്ടി നടപടികളുമായി മുന്നോട്ടു പോകുമെന്ന് ജി 20 സഖ്യത്തിലെ 19 രാജ്യങ്ങളും. ഇക്കാര്യം വ്യക്തമാക്കി ഉച്ചകോടിയിൽ പ്രമേയം പാസാക്കി. ജി 20 സഖ്യത്തിലെ 19 അംഗരാജ്യങ്ങളും യൂറോപ്യൻ യൂണിയനും പ്രമേയം അഗീകരിച്ചു. വികസിത, വികസ്വര രാഷ്ട്രങ്ങളുടെ പൊതുവേദിയായ ജി20 ഉച്ചകോടി ഇതുസംബന്ധിച്ച സംയുക്ത പ്രഖ്യാപനം അംഗീകരിച്ചു. യുഎസ് തീരുമാനത്തെ അപലപിക്കുന്നുവെന്നും ഉടമ്പടി പുനരവലോകനം ചെയ്യുന്നതിനെക്കുറിച്ച് ഇനി ചർച്ചവേണ്ടെന്ന ബാക്കി രാജ്യങ്ങളുടെ നിലപാടിൽ സന്തോഷമുണ്ടെന്നും ജർമൻ ചാൻസലർ അംഗല മെർക്കൽ പറഞ്ഞു.

എന്നാൽ, ഉടമ്പടിയിലേക്കു യുഎസിനെ തിരികെയെത്തിക്കാനുള്ള ശ്രമങ്ങൾ ഉപേക്ഷിച്ചിട്ടില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ പറഞ്ഞു. ഇറക്കുമതിത്തീരുവ ഉൾപ്പെടെ വാണിജ്യരംഗത്തെ ന്യായമല്ലാത്ത എല്ലാ പ്രവണതകളെയും ചെറുക്കാനും നീതിയുക്തമായ നടപടികൾക്കു സംരക്ഷണം നൽകാനും തീരുമാനിച്ചതായി സംയുക്ത പ്രഖ്യാപനത്തിലുണ്ട്. ആഗോള സാമ്പത്തിക വളർച്ചയ്ക്കായി ഒത്തൊരുമിച്ചുള്ള പ്രവർത്തനങ്ങൾ പ്രോൽസാഹിപ്പിക്കുമെന്നും ഉറപ്പു നൽകിയാണ് ഉച്ചകോടി സമാപിച്ചത്.

പുറത്തും അകത്തും ഒരുപോലെ സംഘർഷഭരിതമായ അന്തരീക്ഷത്തിലാണ് രണ്ടുദിവസത്തെ ഉച്ചകോടി നടന്നത്. കാലാവസ്ഥാ, വാണിജ്യനയങ്ങളിൽ അഭിപ്രായ ഐക്യത്തിലെത്താൻ ഉച്ചകോടിക്കായില്ല. പാരീസ് കാലാവസ്ഥാ ഉടമ്പടിയിൽനിന്ന് പിന്മാറാനുള്ള ട്രംപിന്റെ തീരുമാനം ഉച്ചകോടി അംഗീകരിച്ചു. ആഗോളതാപനത്തിനുള്ള പ്രധാനകാരണമായ ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിക്കുന്നത് തുടരാനുള്ള തീരുമാനത്തിനും അംഗീകാരം നൽകി. സ്വന്തം വിപണിയെ സംരക്ഷിച്ചുനിർത്താൻ ന്യായമായ നടപടികൾ സ്വീകരിക്കാമെന്ന് ഉച്ചകോടി പാസാക്കിയ പ്രമേയത്തിൽ പറയുന്നു.

ആദ്യമായാണ് ജി-20 രാജ്യങ്ങൾ സ്വന്തം വിപണിസംരക്ഷിക്കാനുള്ള രാജ്യങ്ങളുടെ അവകാശത്തെ അംഗീകരിക്കുന്നത്. 2019-ലെ ജി-20 ഉച്ചകോടി ജപ്പാനിലും 2020-ലേത് സൗദി അറേബ്യയിലും നടക്കും. ജി-20 രാജ്യങ്ങളുടെ കാലാവസ്ഥാ ഉച്ചകോടി ഡിസംബർ 12-ന് നടക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവൽ മക്രോൺ അറിയിച്ചു. ശനിയാഴ്ചയും ഹാംബുർഗിൽ വ്യാപക പ്രതിഷേധപ്രകടനങ്ങൾ നടന്നു. ഇരുപതിനായിരത്തോളം പ്രതിഷേധക്കാർ മാർച്ച് നടത്തി. ഇതുകാരണം ഡൊണാൾഡ് ട്രംപിന്റെ ഭാര്യ മെലാനിയ ഉൾപ്പെടെയുള്ള പ്രഥമവനിതകൾക്ക് പുറത്തിറങ്ങാനാവാതെ ഹോട്ടൽ മുറികളിൽ കഴിച്ചുകൂട്ടേണ്ടിവന്നു.

ഇന്ത്യയിൽ സാമ്പത്തിക തട്ടിപ്പുകൾ നടത്തിയശേഷം ബ്രിട്ടനിൽ കഴിയുന്ന കുറ്റവാളികളെ തിരിച്ചുകിട്ടാൻ സഹായിക്കണമെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രിയുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർത്ഥിച്ചു. മദ്യവ്യവസായി വിജയ് മല്യയുടെയും മുൻ ഐപിഎൽ മേധാവി ലളിത് മോദിയുടെയും കാര്യം പ്രത്യേകം പരാമർശിച്ചായിരുന്നോ പ്രധാനമന്ത്രിയുടെ അഭ്യർത്ഥനയെന്നു വിശദീകരിക്കാൻ വിദേശകാര്യവക്താവ് ഗോപാൽ ബാഗ്ലെ വിസമ്മതിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP