Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സെർബിയൻ അതിർത്തിയിൽ കലാപം; അതിർത്തി പൊളിച്ച് ഹംഗറിയിലേക്ക് ഇരച്ച് കയറി അഭയാർത്ഥികൾ; കണ്ണീർവാതകവും ലാത്തിച്ചാർജുമായി വഴി തടഞ്ഞ് പൊലീസ്

സെർബിയൻ അതിർത്തിയിൽ കലാപം; അതിർത്തി പൊളിച്ച് ഹംഗറിയിലേക്ക് ഇരച്ച് കയറി അഭയാർത്ഥികൾ; കണ്ണീർവാതകവും ലാത്തിച്ചാർജുമായി വഴി തടഞ്ഞ് പൊലീസ്

ഹാനുഭൂതിയും സഹജീവി സ്‌നേഹവും പ്രകടിപ്പിക്കുന്നതിൽ ഇക്കാലത്ത് മിക്കവർക്കും പരിധിയുണ്ട്. ഇത് ലംഘിക്കപ്പെടുമ്പോൾ ആരായാലും അതിനെ ശക്തമായി പ്രതിരോധിക്കുകയും ചെയ്യും.ഈ ഒരു നിലപാടാണ് ഹംഗറിയും അഭയാർത്ഥികളോട് ഇപ്പോൾ കൈക്കൊള്ളാൻ തുടങ്ങിയിരിക്കുന്നത്. സിറിയയിൽ നിന്നും മറ്റ് മധ്യപൂർവദേശങ്ങളിൽ നിന്നും ഒഴുകിയെത്തിയ നിരവധി അഭയാർത്ഥികൾക്കാണ് ഹംഗറി അഭയമേകിയത്. എന്നാൽ ദിവസം തോറും രാജ്യത്തേക്കുള്ള അഭയാർത്ഥികളുടെ പ്രവാഹം വർധിച്ചതോടെയാണ് ഇതിന് നിയന്ത്രണമേർപ്പെടുത്താൻ ഹംഗറി കർക്കശമായ നടപടികൾ കൈക്കൊള്ളാൻ ആരംഭിച്ചത്. അതിന്റെ ഭാഗമായി അതിർത്തികളിൽ കനത്ത സുരക്ഷാവേലികൾ കെട്ടുകയും പൊലീസിനെ കനത്ത തോതിൽ വിന്യസിക്കുകയും ചെയ്തിരുന്നു.

എന്നാൽ ഇത്തരം പ്രതിരോധങ്ങളെ തൃണവൽഗണിച്ച് കൊണ്ടും നിരവധി അഭയാർത്ഥികളാണ് സെർബിയ അടക്കമുള്ള പ്രദേശങ്ങളിൽ നിന്ന് ഹംഗറിയിലേക്ക് കയറാൻ നിരന്തരം ശ്രമിച്ച് കൊണ്ടിരിക്കുന്നത്. ഇന്നലെ സെർബിയൻ അതിർത്തിയിൽ നിന്ന് നൂറുകണക്കിന് അഭയാർത്ഥികൾ അതിർത്തി പൊളിച്ച് ഹംഗറിയിലേക്ക് കയറാൻ ശ്രമിച്ചതിനെ തുടർന്ന് അതിർത്തിയിൽ കലാപം അരങ്ങേറിയിരുന്നു. ഇതിനിടെ സുരക്ഷാ വേലി പൊളിച്ച് നിരവധി അഭയാർത്ഥികൾ ഹംഗറിയിലേക്ക് ഇരച്ചു കയറുകയും ചെയ്തു. ഇതിനെ പ്രതിരോധിക്കാൻ കണ്ണീർ വാതകവും ജലപീരങ്കിയും ലാത്തിച്ചാർജുമായി പൊലീസും സജീവമായതോടെ അതിർത്തി സംഘർഷഭരിതമാവുകയായിരുന്നു.

അതിർത്തി കടക്കാൻ എത്തിയ നൂറുകണക്കിന് അഭയാർത്ഥികളെ സുരക്ഷാ വേലിക്കരികെ പൊലീസ് തടഞ്ഞതോടെയാണ് പ്രശ്‌നങ്ങൾക്ക് തുടക്കമായത്. തങ്ങളെ ഹംഗറിയിലേക്ക് കടക്കാൻ അനുവദിക്കണമെന്ന് അഭയാർത്ഥികൾ അഭ്യർത്ഥിച്ചെങ്കിലും പൊലീസ് ചെവിക്കൊണ്ടില്ല. തുടർന്ന് അഭയാർത്ഥികളിൽ പലരുടെയും ക്ഷമ നശിക്കുകയും അവർ സുരക്ഷാ വേലി മറികടക്കുകയുമായിരുന്നു. ഇതിനിടെ ഇവരിൽ ചിലർ പൊലീസിന് നേരെ കല്ലും ബോട്ടിലുകളും വലിച്ചെറിയാൻ തുടങ്ങിയതോടെയാണ് ഹംഗേറിയൻ റയട്ട് പൊലീസ് കണ്ണീർ വാതകപ്രയോഗവും ജലപീരങ്കിയും ലാത്തിച്ചാർജും ആരംഭിച്ചതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ രാത്രിയിൽ നിരവധി പേർ റേസർ വയർ കൊണ്ടുള്ള 13 അടി ഉയരമുള്ള സുരക്ഷാവേലി മറികടന്ന് ഹംഗറിയിലേക്ക് പ്രവേശിക്കുന്നത് കാണാമായിരുന്നു. ഹംഗറിക്കും സെർബിയയ്ക്കും ഇടയിലുള്ള അതിർത്തിയിൽ തടിച്ച് കൂടിയ ആയിരക്കണക്കിന് അഭയാർത്ഥികൾക്ക് നേരെയാണ് പൊലീസ് ശക്തമായി പ്രതികരിച്ചത്. കണ്ണീർവാതകം, ലാത്തിച്ചാർജ് എന്നിവ മൂലം അഭയാർത്ഥികൾ വലയുന്ന കാഴ്ചകൾ കാണാമായിരുന്നു. ഹംഗറിയുടെ ഈ കടുത്ത നടപടിയെ യുഎൻ സെക്രട്ടറി ജനറൽ, സെർബിയൻ ഗവൺമെന്റിലെ ഉദ്യോഗസ്ഥന്മാർ, മനുഷ്യാവകാശ സംഘടനകൾ എന്നിവ ശക്തമായ ഭാഷയിൽ അപലപിച്ചിട്ടുണ്ട്.

ക്രൂരവും യൂറോപ്പിന് നിരക്കാത്ത രീതിയിലുമാണ് ഹംഗറി അഭയാർത്ഥികളോട് പെരുമാറിയതെന്നാണ് സെർബിയൻ പ്രധാനമന്ത്രി അലക്‌സാണ്ടർ വുകിക് കഴിഞ്ഞ രാത്രിയിൽ പ്രതികരിച്ചിരിക്കുന്നത്. തങ്ങളുടെ പ്രദേശത്തേക്ക് മേലിൽ ടിയർ ഗ്യാസ് പ്രയോഗിക്കരുതെന്നും അദ്ദേഹം ഹംഗറിക്ക് താക്കീത് നൽകിയിട്ടുണ്ട്. യൂറോപ്യൻ യൂണിയൻ ഈ പ്രശ്‌നത്തിൽ പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹംഗറിയുടെയും സെർബിയയുടെയും അതിർത്തിയിൽ അഭയാർത്ഥികളെ ക്രൂരമായ രീതിയിൽ നേരിട്ട ഹംഗറിയുടെ നടപടിയിൽ യുഎൻ സെക്രട്ടറി ജനറൽ ബാൻകിമൂൺ കഴിഞ്ഞ രാത്രിയിൽ ഞെട്ടൽ പ്രകടിപ്പിച്ചിരുന്നു. എല്ലാ രാജ്യങ്ങൾക്കും അവരുടേതായ അഭ്യന്തര പ്രശ്‌നങ്ങളുണ്ടെങ്കിലും യുദ്ധവും മറ്റ് പ്രശ്‌നങ്ങളും മൂലം അഭയം തേടിയെത്തുന്നവരോട് കുറച്ച് കൂടി മാന്യമായി പെരുമാറണമെന്നാണ് അദ്ദേഹം പറയുന്നത്. 400ൽ പരം ഹംഗേറിയൻ റയട്ട് പൊലീസാണ് അഭയാർത്ഥകളെ ക്രൂരമായ രീതിയിൽ നേരിട്ടത്. എന്നാൽ സംഘർഷം ലഘൂകരിക്കാനെന്ന വണ്ണം സെർബിയൻ പൊലീസ് ഇരുസംഘങ്ങൾക്കുമിടയിൽ നില കൊള്ളുന്നതും കാണാമായിരുന്നു. തോക്ക് ധാരികളായ മൂന്ന് ഹംഗേറിയൻ മിലിട്ടറി സംഘവും സംഭവസ്ഥലത്തെത്തിയിരുന്നു. സംഘർഷത്തെ തുടർന്ന് വാഹനങ്ങൾ അതിർത്തിയിൽ നിന്നും 100 മുതൽ 200 മീറ്റർവരെ അകലെയാണ് നിർത്തിയിരുന്നത്. സംഘർഷത്തിൽ കുട്ടികളടക്കമുള്ള നിരവധി പേർക്ക് പരുക്ക് പറ്റിയിട്ടുണ്ട്. മുറിവേറ്റ പലരും ബാൻഡേജിട്ടത് കാണാമായിരുന്നു. കണ്ണീർവാതകപ്രയോഗത്താൽ കണ്ണ് കാണാതായ കുട്ടികൾ പാടുപെട്ടിരുന്നു. മൂന്ന് ആംബുലൻസുകൾ സംഭവസസ്ഥലത്തെത്തുകയും ചെയ്തു.

രണ്ടാംലോകമഹായുദ്ധത്തിന് ശേഷം ഏറ്റവും വലിയ അഭയാർത്ഥി പ്രവാഹമാണ് ഇപ്പോൾ പടിഞ്ഞാറൻ യൂറോപ്പിലേക്ക് ഉണ്ടായിരിക്കൊണ്ടിരിക്കുന്നത്. അതിർത്തി തുറക്കാൻ തുടർച്ചയായി ശബ്ദമുയർത്തിയ അഭയാർത്ഥികൾ അള്ളാഹു അക്‌ബർ എന്നും ഉച്ചരിക്കുന്നുണ്ടായിരുന്നുവെന്നാണ് ഹംഗേറിയൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സെർബിയൻ അതിർത്തിയോട് ചേർന്ന് നിലകൊണ്ട 200ഓളം അഭയാർത്ഥികൾ റയട്ട് പൊലീസിന് നേരെ കല്ലും പ്ലാസ്റ്റിക് ബോട്ടിലുകളും വലിച്ചെറിയാൻ തുടങ്ങിയതോടെയാണ് പൊലീസ് പ്രതികരിക്കാൻ നിർബന്ധിതരായത്. അതിർത്തി വീണ്ടും തുറക്കണമെന്നായിരുന്നു അവർ നിർബന്ധം പിടിച്ചിരുന്നത്. പലരും സുരക്ഷാവേലിയും ഗേറ്റും പിടിച്ച് കുലുക്കുന്നതും കാണാമായിരുന്നു. ക്രൊയേഷ്യഹംഗറി അതിർത്തിയിലൂടെ നിരവധി അഭയാർത്ഥികൾ നുഴഞ്ഞു കയറിയതിനെ തുടർന്നാണ് ഇന്നലത്തെ സംഘർഷം അരങ്ങേറിയത്. സെർബിയയുമായുള്ള അതിർത്തിയിൽ ഹംഗറി റേസർ വയർ വേലി കെട്ടിയതിനെ തുടർന്ന് അഭയാർത്ഥികൾ പടിഞ്ഞാറൻ യൂറോപ്പിലെത്താൻ മറ്റ് വഴികൾ കണ്ടുപിടിച്ചിരുന്നു. ക്രോയേഷ്യയുമായുള്ള അതിർത്തിയിലും സുരക്ഷാഭിത്തി കെട്ടിയുയർത്താൻ ഹംഗറി ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ജർമനിയിലെ ഡൈ വെൽറ്റ് ന്യൂസ്‌പേപ്പറിന് നൽകിയ അഭിമുഖത്തിലാണ് ഹംഗേറിയൻ പ്രധാനമന്ത്രി വിക്ടർ ഓർബൻ ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതിന് പുറമെ റൊമേനിയയുടെ അതിർത്തിയിലും വേലി കെട്ടാൻ ഹംഗറി ആലോചിക്കുന്നുണ്ട്.

ഈ വർഷം 201,000 അഭയാർത്ഥികൾ ഹംഗറിയിലെത്തിയെന്നാണ് റിപ്പോർട്ട്. ഇതിൽ മിക്കവരും സെർബിയൻ അതിർത്തി വഴി നടന്നാണ് രാജ്യത്തെത്തിയത്. ഹംഗറി കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് മുമ്പായിരുന്നു ഇത്തരത്തിൽ വൻതോതിൽ കുടിയേറ്റക്കാർ ഇവിടെയെത്തിയത്. ചൊവ്വാഴ്ചയാണ് ഹംഗറി അഭയാർത്ഥികളോട് കർക്കശമായ നിലപാടുകൾ സ്വീകരിക്കാൻ തുടങ്ങിയത്. ഹംഗറി അതിർത്തികളിൽ സുരക്ഷാവേലി നിർമ്മിച്ചതിനെ തുടർന്ന് ക്രൊയേഷ്യയിലൂടെ മാത്രമെ ഇപ്പോൾ അഭയാർത്ഥികൾക്ക് പടിഞ്ഞാറൻ യൂറോപ്പിലെത്താൻ സാധിക്കുകയുള്ളൂ. തന്റെ രാജ്യത്ത് കൂടെ അഭയാർത്ഥികൾക്ക് സ്വതന്ത്രമായി കടന്ന് പോകാനുള്ള മാർഗമൊരുക്കുമെന്നാണ് ക്രൊയേഷ്യൻ പ്രധാനമന്ത്രി സോരാൻ മിലനൊവിക് ഇന്നലെ രാവിലെ പ്രസ്താവിച്ചിരിക്കുന്നത്. ക്രോയേഷ്യ ഷെൻഗൻ അംഗമല്ലെങ്കിലും ഇത് സ്ലോവേനിയ, ഓസ്ട്രിയ, ഹംഗറി എന്നിവയുമായി അതിർത്തി പങ്ക് വയ്ക്കുന്നുണ്ട്. അഭയാർത്ഥി പ്രശ്‌നം ചർച്ച ചെയ്യാൻ ഈ മാസം 22ന് യൂറോപ്യൻ യൂണിയൻ ഉദ്യോഗസ്ഥന്മാർ യോഗംചേരുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP