Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202024Saturday

നാലുമാസമായി ഓസ്ട്രേലിയയെ വിഴുങ്ങി കാട്ടുതീ; വെണ്ണീറായത് 50 കോടിയോളം ജീവജാലങ്ങൾ; ആമസോണിലും, കാലിഫോർണിയയിലും ഉണ്ടായ കാട്ടുതീയെക്കാളും സ്ഥിതി രൂക്ഷം: കുടുങ്ങിക്കിടന്ന നാലായിരത്തിലധികം പേരെ ഓസ്ട്രേലിയൻ സൈന്യം രക്ഷപ്പെടുത്തി; കാട്ടുതീ നിയന്ത്രണ വിധേയമാക്കാൻ കഴിയാതെ ഭരണകൂടം

നാലുമാസമായി ഓസ്ട്രേലിയയെ വിഴുങ്ങി കാട്ടുതീ; വെണ്ണീറായത് 50 കോടിയോളം ജീവജാലങ്ങൾ; ആമസോണിലും, കാലിഫോർണിയയിലും ഉണ്ടായ കാട്ടുതീയെക്കാളും സ്ഥിതി രൂക്ഷം: കുടുങ്ങിക്കിടന്ന നാലായിരത്തിലധികം പേരെ ഓസ്ട്രേലിയൻ സൈന്യം രക്ഷപ്പെടുത്തി; കാട്ടുതീ നിയന്ത്രണ വിധേയമാക്കാൻ കഴിയാതെ ഭരണകൂടം

മറുനാടൻ മലയാളി ബ്യൂറോ

മെൽബൺ:  2019 സെപ്റ്റംബറിലാണ് ഓസ്ട്രേലിയയിൽ കാട്ടുതീ റിപ്പോർട്ടു ചെയ്യപ്പെടുന്നത്. നാലുമാസം പിന്നിട്ട് 2020 ജനുവരി എത്തിയിട്ടും കാട്ടുതീ നിയന്ത്രണ വിധേയമാക്കാൻ പോലും കഴിഞ്ഞിട്ടില്ലെന്നു മാത്രമല്ല സർവ്വവും സംഹരിച്ച് മുന്നേറുകയാണ്. കടുത്ത ചൂടും ശക്തമായ കാറ്റും ഉള്ളതിനാൽ തീയണയ്ക്കാനോ നിയന്ത്രിക്കാനോ കഴിയാതെ നിൽക്കുകയാണ് അധികൃതർ . വിക്ടോറിയയിൽ 14 സ്ഥലങ്ങളിലും ന്യൂ സൗത്ത് വെയ്ൽസിൽ 11 ഇടങ്ങളിലും സ്ഥിതി അതീവ ഗുരുതരമാണെന്നാണ് അന്തർദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

പുകയും ചാരവും മൂടി ഈ പ്രദേശങ്ങളിൽ ജനജീവിതം ദുസ്സഹമായി തുടങ്ങി പ്രദേശ വാസികൾ ഇതിനോടകം ഗ്രാമങ്ങൾ വിട്ടു. സ്ഥിതി കൂടുതൽ മോശമാകുന്നതായി കാലാവസ്ഥാ വിഭാഗവും മുന്നറിയിപ്പു നൽകിയിരിക്കുകയാണ്. വിക്ടോറിയയിലെ മല്ലകൂട്ടയിൽ നിന്നു രക്ഷപ്പെടുത്തിയ ആയിരത്തോളം സഞ്ചാരികളുടെ സംഘം ഇന്നലെ രാവിലെ മെൽബണിലെത്തിയതായി റിപ്പോർട്ടുണ്ട്. 2 സബ്‌സ്റ്റേഷനുകളിൽ തീ പടർന്നതോടെ സിഡ്‌നി നഗരത്തിന്റെ പല ഭാഗങ്ങളിലും വൈദ്യുതി മുടങ്ങി. കാട്ടുതീ നേരിടുന്ന സൈന്യത്തെ സഹായിക്കുന്നതിനായി 3000 റിസർവ് സൈനികരെക്കൂടി നിയോഗിച്ചു. മൂന്നാമതൊരു യുദ്ധക്കപ്പൽ കൂടി രക്ഷാപ്രവർത്തനങ്ങൾക്കായി ഇറക്കി.

ഓസ്ട്രേലിയയിലെ കാട്ടു തീയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന കണക്കുകളിൽ ഏറ്റവും ഭീതിപ്പെടുത്തുന്നത് കാട്ടുതീയിൽ അകപ്പെട്ടു പോയ മൃഗങ്ങളുടെ എണ്ണമാണ്. ഇതിനോടകം തന്നെ 50 കോടിയോളം മൃഗങ്ങളാണ് കാട്ടുതീയിൽ വെണ്ണീറായതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഓസ്ട്രേലിയയിൽ മാത്രം കണ്ടുവരുന്ന കങ്കാരുക്കളും കോലകളും അടക്കമുള്ള ജീവികളും കൂടാതെ പക്ഷികളും ഉരഗങ്ങളുമടക്കം 48 കോടിയോളം സസ്തനികൾ ചത്തിട്ടുണ്ടെന്നാണ് സിഡ്നി യൂണിവേഴ്സിറ്റിയിലെ പരിസ്ഥിതി ശാസ്ത്രജ്ഞർ കണക്കാക്കുന്നത്.

ന്യു സൗത്ത് വേയ്ൽസിലെ 30 ശതമാനത്തോളം ജീവികൾ തുടച്ചുനീക്കപ്പെട്ടതായി ഓസ്ട്രേലിയൻ പരിസ്ഥിതി വകുപ്പ് മന്ത്രി സൂസ്സൻ ലേ എബിസി റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. മരങ്ങളും ചെടികളും മറ്റു ചെറുജീവികളും അടക്കമുള്ള ജീവവ്യവസ്ഥയുടെ നഷ്ടം ഇതിലും വളരെ വലുതായിരിക്കും എന്നാണ് പരിസ്ഥിതി സ്നേഹികൾ ആശങ്കപ്പെടുന്നത്. ഓസ്‌ട്രേലിയയിൽ ആറ് സംസ്ഥാനങ്ങളിലായി ഏകദേശം 150 ലക്ഷം ഏക്കർ സ്ഥലത്ത് കാട്ടുതീ മൂലമുള്ള നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് കണക്ക്. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായിരിക്കുന്ന് ന്യൂ സൗത്ത് വേയ്ൽസിലാണ്. ഇവിടെ 89 ലക്ഷം ഏക്കർ സ്ഥലത്താണ് അഗ്‌നിബാധയുണ്ടായത്. ഇവിടെ മാത്രം നാല് മില്യൺ ഹെക്ടറിലധികം സ്ഥലം എരിഞ്ഞടങ്ങി. 900 വീടുകൾ ചാരമായി. ഇവിടെ ഏഴു ദിവസത്തെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

മറ്റൊരു സംസ്ഥാനമായ വിക്ടോറിയയിൽ നിന്ന് 30,000 ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. സൗത്ത് ഓസ്ട്രേലിയൻ സംസ്ഥാനത്തെ നഗരങ്ങളുടെ അവസ്ഥയും വിഭിന്നമല്ല. ഓസ്ട്രേലിയയിലെ പ്രശസ്തമായ മുത്തിരിത്തോട്ടങ്ങൾ പലതും ഇതിനോടകം തന്നെ തീ തിന്നുകഴിഞ്ഞു. കടൽത്തീരങ്ങൾക്ക് അടുത്തുവരെ തീപടർന്നെത്തി. തീരപ്രദേശങ്ങളിലുണ്ടായിരുന്നവർ രക്ഷതേടി കടലിലിറങ്ങുകയായിരുന്നു. കാട്ടു തീ പടരുന്നതും പടരാൻ സാധ്യതയുള്ളതുമായ പ്രദേശങ്ങളിൽ അധികൃതർ വിനോദ സഞ്ചാരികളെ വിലക്കിയിട്ടുണ്ട്. ബിറ്റ്സ്ബേ അടക്കമുള്ള പ്രദേശങ്ങളിൽ നിന്ന് വിനോദ സഞ്ചാരികളോട് ഉടൻ പുറത്തുപോകാനും ഓസ്ട്രേലിയ അന്ത്യശാസനം നൽകിയിട്ടുണ്ട്.

2019ൽ ആമസോൺ കാട്ടുതീയിൽ 900,000 ഹെക്ടർ പ്രദേശമാണ് കത്തിച്ചാമ്പലായത്. 2018ൽ കാലിഫോർണിയയിൽ ഉണ്ടായ കാട്ടുതീയിൽ 800,000 ഹെക്ടർ സ്ഥലവും കാട്ടുതീയിൽ നശിച്ചിരുന്നു. എന്നാൽ ഇതിനേക്കാളൊക്കെ രൂക്ഷമായ കാട്ടുതീയാണ് ഓസ്‌ട്രേലിയയിലേതെന്ന് കണക്കുകൾ പറയുന്നു.

പക്ഷേ നിലവിലെ സാഹചര്യങ്ങൾ വെച്ച് കാട്ടുതീ നിയന്ത്രണവിധേയമാക്കുക എന്നത് എളുപ്പമല്ല. കാട്ടു തീയിൽ നിന്ന് മൃഗങ്ങളെ സംരക്ഷിക്കാനുള്ള പല പദ്ധതികളും നടപ്പാക്കുന്നുണ്ടെങ്കിലും അവ ഫലപ്രാപ്തിയിൽ എത്തുന്നില്ലെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന.

സിഡ്‌നിയിൽ ഇന്നലത്തെ താപനില 45 ഡിഗ്രിയായിരുന്നു. പെന്റിത്തിൽ 48.9 ഡിഗ്രി. സെപ്റ്റംബർ 23ന് ആരംഭിച്ച ഈ വർഷത്തെ കാട്ടുതീ സീസണിൽ ഇതുവരെ 23 പേർ കൊല്ലപ്പെട്ടു. 52.5 ലക്ഷം ഹെക്ടർ (130 ലക്ഷം ഏക്കർ) സ്ഥലം കത്തിയെരിഞ്ഞു. തീ നിയന്ത്രണാതീതമായി തുടരുന്നതിനാൽ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൻ ഇന്ത്യ സന്ദർശനം മാറ്റിവച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP