Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആകാശത്ത് പറക്കുന്ന വിമാനം മനുഷ്യവിസർജ്യം പുറത്തേക്ക് കളയുമോ...? വിമാന ജീവനക്കാർക്ക് യാത്രക്കാരെ അറസ്റ്റ് ചെയ്യാൻ പറ്റുമോ...? ആകാശ ഗർത്തങ്ങളിൽ വീഴുമ്പോൾ പേടിക്കേണ്ടതുണ്ടോ...?

ആകാശത്ത് പറക്കുന്ന വിമാനം മനുഷ്യവിസർജ്യം പുറത്തേക്ക് കളയുമോ...? വിമാന ജീവനക്കാർക്ക് യാത്രക്കാരെ അറസ്റ്റ് ചെയ്യാൻ പറ്റുമോ...? ആകാശ ഗർത്തങ്ങളിൽ വീഴുമ്പോൾ പേടിക്കേണ്ടതുണ്ടോ...?

വിമാനയാത്രയുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങളാണ് കാലാകാലങ്ങളായി വിമാനയാത്രക്കാർക്കിടയിൽ നിലനിൽക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി വിശ്വാസങ്ങളും നിലനിൽക്കുന്നുണ്ട്. അവയിൽ ചിലത് യാഥാർത്ഥ്യമാണെങ്കിൽ മറ്റ് ചിലതിന് യാഥാർത്ഥ്യവുമായി പുലബന്ധം പോലുമില്ലെന്നതാണ് സത്യം. ആകാശത്ത് പറക്കുന്ന വിമാനം മനുഷ്യവിസർജ്യം പുറത്തേക്ക് കളയുമോയെന്നത് കാലകാലങ്ങളായി പലരും ഉയർത്തുന്ന ഒരു ചോദ്യമാണ്. അതു പോലെ തന്നെ വിമാന ജീവനക്കാർക്ക് യാത്രക്കാരെ അറസ്റ്റ് ചെയ്യാൻ പറ്റുമോയെന്ന ചോദ്യവും നിലനിൽക്കുന്നുണ്ട്. ആകാശഗർത്തങ്ങളിൽ വിമാനം വീഴുമ്പോൾ പേടിക്കേണ്ടതുണ്ടോയെന്നത് മറ്റൊരു ചോദ്യമാണ്. ഇത്തരം ചില ചോദ്യങ്ങൾക്കുള്ള ഉത്തരം തേടുകയാണിവിടെ.

മനുഷ്യവിസർജ്യം പുറത്തേക്ക് കളയുമോ...?
ആകാശത്ത് പറക്കുന്ന വിമാനത്തിലെ ടോയ്ലറ്റുകളിൽ നിന്നും മനുഷ്യവിസർജ്യം പുറത്തേക്ക് കളയുകയാണ് ചെയ്യുകയെന്ന സങ്കൽപം കാലകാലങ്ങളായി നിലനിൽക്കുന്നതാണ്. എന്നാൽ അത് തെറ്റാണെന്നാണ് വിദഗ്ദ്ധർ പറയുന്നത്. വേസ്റ്റ് വാൾവ് വിമാനത്തിന്റെ പുറംഭാഗത്താണ് നിലനിൽക്കുന്നതെന്നും ഗ്രൗണ്ട് ക്രൂവിന് മാത്രമേ ഇത് ഓപ്പറേറ്റ് ചെയ്യാൻ സാധിക്കുകയുള്ളുവെന്നുമാണ് യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്ട്രേഷൻ പറയുന്നത്.അതിനാൽ മനുഷ്യവിസർജ്യവും മലിനജലവും വിമാനം ലാൻഡ് ചെയ്യുന്നത് വരെ ടാങ്കുകളിൽ സംഭരിക്കുകയാണ് പതിവെന്നറിയുക.എന്നാൽ ഇത്തരം ടാങ്കുകൾക്കും ട്യൂബുകൾക്കും ലീക്കുണ്ടായാൽ ജലം പുറത്തെത്തുകയും ഉടൻ ഉറച്ച് ബ്ലൂ ഐസാകുകയും ചെയ്യും. എന്നാൽ ഇത് നിലത്തെത്തുന്നതിന് മുമ്പ് വീണ്ടും ജലരൂപം പ്രാപിക്കുമെന്നാണ് വിഗദ്ഗർ പറയുന്നത്.

35,000അടി ഉയരത്തിൽ പറക്കുന്ന വിമാനത്തിൽ വച്ച് മദ്യപിച്ചാൽ വേഗം കിക്കാകുമോ...?
ഉയർന്ന ആൾട്ടിട്യൂഡിൽ വിമാനം പറക്കുമ്പോൾ മദ്യപിച്ചാൽ വേഗം കിക്കാകുമെന്നത് നിരവധി പേർക്കിടയിൽ പരക്കുന്ന ഒരു സങ്കൽപമാണ്. എന്നാൽ ഇതൊരു സങ്കൽപം മാത്രമാണെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.

വിമാനത്തിന്റെ വിൻഡോകൾ എന്തുകൊണ്ടാണ് റൗണ്ട് ആകൃതിയിൽ...?
വിമാനത്തിന്റെ വിൻഡോകൾ റൗണ്ടാകൃതിയിലായിരിക്കുന്നത് അതിലെ യാത്രക്കാരുടെ സുരക്ഷ ഉറപ്പ് വരുത്താനാണ്. കാബിന്റെ അകത്തും പുറത്തുമുള്ള മർദത്തിന്റെ വ്യത്യാസം ചതുരാകൃതിയിലുള്ള വിൻഡോകളുടെ കോർണറുകളിൽ സൃഷ്ടിക്കുന്ന സമ്മർദം കടുത്തതായതിനാലാണ് ഇവ ഒഴിവാക്കുന്നത്. ഇത് വിമാനത്തിന്റെ ഘടനാപരമായ പരാജയങ്ങളിലേക്ക് വഴിതെളിയിക്കുമെന്നും തെളിഞ്ഞിട്ടുണ്ട്. 1952ൽ പുറത്തിറങ്ങിയ ആദ്യ കമേഴ്സ്യൽ എയർക്രാഫ്റ്റിന് ചതുരാകൃതിയിലുള്ള ജനാലകളായിരുന്നു ഉണ്ടായിരുന്നത്. ഇതിനെ തുടർന്നുള്ള ബുദ്ധിമുട്ടുകളും വിമാനത്തിനുണ്ടായിരുന്നു. ചതുര വിൻഡോകൾ അപകടത്തിന് വഴിയൊരുക്കുമെന്നും തെളിഞ്ഞിട്ടുണ്ട്.

ആകാശ ഗർത്തങ്ങളിൽ വീഴുമ്പോൾ പേടിക്കേണ്ടതുണ്ടോ...?
വിമാനം ആകാശ ഗർത്തങ്ങളിൽ വീഴുമ്പോഴുള്ള കുലുക്കം മിക്ക യാത്രക്കാർക്കും പേടിസ്വപ്നമാണ്. വായുവിന്റെ രണ്ട് മാസുകൾ വ്യത്യസ്തമായ വേഗതയുമായി കൂട്ടി മുട്ടുമ്പോഴാണ് വിമാനം കുലുങ്ങാനിടയാകുന്നത്. ഇത്തരം കുലുക്കങ്ങളുടെ ഫലമായി അടുത്തിടെ നിരവധി വിമാനങ്ങളിലെ യാത്രക്കാർക്ക് പരുക്കേറ്റിരുന്നു. എന്നാൽ ഇത്തരം കുലുക്കങ്ങളിൽ ഭയപ്പെടേണ്ടതില്ലെന്നും അത് വിമാനം തകരാൻ കാരണമാകില്ലെന്നുമാണ് വിദഗ്ദ്ധർ പറയുന്നത്.

വിമാനത്തിന്റെ വിൻഡോകളിൽ ചെറിയ ദ്വാരങ്ങൾ എന്തിനാണ്...?
വിമാനത്തിന്റെ വിൻഡോകളിലെ ചെറിയ ദ്വാരങ്ങൾ സുരക്ഷയിൽ നിർണായകമായ പങ്ക് വഹിക്കുന്നുണ്ട്.

കാബിനെ ഡിപ്രഷറിംഗിൽ നിന്നും സംരക്ഷിക്കുന്നതിന് വേണ്ടിയാണിത്. വായുസമ്മർദത്തെ നിയന്ത്രിക്കുന്നതിന് വേണ്ടിയാണിത്തരത്തിൽ വിൻഡോ തയ്യാറാക്കിയിരിക്കുന്നതെന്നാണ് ദി ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്ട്രേഷൻ (എഫ്എഎ) വെളിപ്പെടുത്തുന്നത്. കാബിനിലെ നിയന്ത്രിക്കപ്പെട്ട വായുസമ്മർദവുമായി താരതമ്യപ്പെടുത്തുമ്പോൾ പുറത്തുള്ള വായുസമ്മർദം കുറവായിരിക്കും. ഇത്തരത്തിൽ അകത്തും പുറത്തുമുള്ള വായുസമ്മർദത്തിലുള്ള വ്യത്യാസം വിമാനത്തിന്റെ മൂന്ന് പാളികളുള്ളഅ വിൻഡോകളിൽ കടുത്ത സമ്മർദത്തിന് വഴിയൊരുക്കും.ഈ ഗ്ലാസിന്റെ മധ്യപാളിക്കും പുറത്തെ പാളിക്കും ഇടയിൽ ചെറിയ എയർഗാപ്പുണ്ട്. ഇതിൽ കാണുന്ന ഈ ദ്വാരം യഥാർത്ഥത്തിൽ മധ്യഭാഗത്തെ പാളിയിലാണുള്ളത്.
കാബിനും എയർഗാപ്പിനും ഇടയിലുള്ള സമ്മർദത്തെ സമതുലിതപ്പെടുത്തുന്നത് ഈ ദ്വാരമാണ്.പുറത്തെ പാളിക്ക് മുകളിൽ സമ്മർദമുണ്ടാവുകയും ആ സമയത്ത് ഈ പാളി ഈ സമ്മർദം താങ്ങാൻ പരാജയപ്പെട്ടാൽ തുടർന്ന് മധ്യഭാഗത്തെ പാളി ഒരു ഫെയിൽസേഫായി വർത്തിക്കുകയും ചെയ്യുന്നു. ഈ വിടവിലെ ഈർപ്പം പുറത്ത് വിടുകയെന്ന മറ്റൊരു ധർമവും ഈ ദ്വാരത്തിന് നിറവേറ്റാനുണ്ട്. ചെറിയ വിൻഡോയെ മൂടൽമഞ്ഞിൽ നിന്ന് സംരക്ഷിക്കാനും ഇതിലൂടെ സാധിക്കുന്നു.

വിമാനം സ്റ്റാർട്ടാക്കാൻ കീ ആവശ്യമാണോ...?
കാർ സ്റ്റാർട്ടാക്കുന്നത് പോലെ കീയിട്ട് തിരിച്ചല്ല പൈലറ്റ് വിമാനം സ്റ്റാർട്ടാക്കുന്നത്.ഇന്ധനം കൂട്ടിച്ചേർക്കപ്പെടുന്നതിനും ജ്വലനം തുടങ്ങുന്നതിനും മുമ്പ് ഒരു എയർ സ്റ്റാർട്ട് മോട്ടോർ ജെറ്റ് എൻജിനുകളിൽ കറങ്ങുമെന്നാമ് ബ്രിട്ടീഷ് എയർലൈൻ പൈലറ്റ്സ് അസോസിയേഷനിലെ കാപ്റ്റൻ പിയേർസ് ആപ്പിൾഗാർത്ത് പറയുന്നത്. അതായത് പ്ലെയിനിനെ മുന്നോട്ട് നയിക്കാൻ വളരെകുറച്ച് ലിവറുകളും ബട്ടനുകളും മാത്രമേ ആവശ്യമുള്ളൂ. ആധുനിക വിമാനങ്ങളിൽ ഇത് മിക്കതും ഓട്ടോമാറ്റിക്കായാണ് നിറവേറ്റപ്പെടുന്നത്.

വിമാനത്തിൽ മൊബൈൽ ഫോൺ ഫ്ലൈറ്റ് മോദിലാക്കിയില്ലെങ്കിൽ എന്ത് സംഭവിക്കും...?
വിമാനയാത്രക്കാർ ഫോൺ ഫ്ലൈറ്റ് മോദിലേക്ക് മാറ്റിയില്ലെങ്കിൽ ഫോൺ സിഗ്നലുകൾ കോക്ക്പിറ്റിലെ പ്രധാനപ്പെട്ട ഇലക്ട്രിക്കൽ അല്ലെങ്കിൽ ടെലി കമ്മ്യൂണിക്കേഷൻസ് സിസ്റ്റത്തെ തടസപ്പെടുത്തുകയും അതു വഴി വിമാനം തകരാൻ ഇടയാക്കുകയും ചെയ്യുമെന്ന ഒരു വിശ്വാസം പരക്കെ നിലനിൽക്കുന്നുണ്ട്. മൊബൈൽ ഫോണുകൾ, ടാബ്ലറ്റ് എന്നിവ സ്വിച്ച് ഓഫ് ചെയ്തില്ലെങ്കിൽ വിമാനത്തിന് അത് അപകടം വരുത്തുമെന്നും ചിലർ വിശ്വസിക്കുന്നുണ്ട്. എന്നാൽ യാത്രക്കാരുടെ ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്നുള്ള സിഗ്നലുകൾ വിമാനത്തിന്റെ പ്രവർത്തനം താറുമാറാക്കുകയും തകർന്ന് വീഴലിന് വഴിയൊരുക്കുമെന്നതിനും തെളിവുകൾ ലഭിച്ചിട്ടില്ല. ആധുനിക സാങ്കേതിക വിദ്യകൾ വിശ്വസനീയവും സുരക്ഷിതവുമാണെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.

എന്നാൽ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തില്ലെങ്കിൽ അത് പൈലറ്റും എയർട്രാഫിക് കൺട്രോളർമാരും തമ്മിലുള്ള ആശയവിനിമയത്തിനിടെ അലോസരമുണ്ടാക്കുമെന്നത് മാത്രമാണ് പ്രശ്നമെന്നും വിദഗ്ദ്ധർ പറയുന്നു.മൊബൈൽ സിഗ്നലുകൾ വിമാനത്തിനുള്ളിലെത്തുന്ന റേഡിയോ സിഗ്നലുകൾ കേൾക്കാൻ ചിലപ്പോൾ ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.

വിമാനത്തിൽ പുകലി നിരോധിച്ചിരിക്കെ ആസ്ട്രേകൾ എന്തിനാണ്...?
വിമാനത്തിൽ പുകവലി നിരോധിച്ചിട്ടുണ്ടെങ്കിലും വിമാനങ്ങളിൽ ആസ്ട്രേകൾ ലഭ്യമാക്കിയിരിക്കുന്നതെന്തിനാണെന്ന് മിക്കവരുടെയും മനസിൽ ഉയരുന്ന ചോദ്യമാണ്. രഹസ്യമായി പുകവലിക്കുന്നവർ ആസ്ട്രേകൾ ഇല്ലെങ്കിൽ അതിന്റെ ചാരം വിമാനത്തിൽ മറ്റെവിടെയെങ്കിലും തട്ടിയിടുകയും അക്കാരണത്താൽ തീപിടിത്തമുണ്ടാവുകയും ചെയ്യുമെന്ന് ഭയന്നാണ് ആസ്ട്രേകൾ ലഭ്യമാക്കിയിരിക്കുന്നത്.

ഇടിമിന്നൽ വിമാനത്തെ തകർക്കുമോ...?
ഇടിമിന്നലേറ്റാൽ വിമാനം തകരുമെന്ന് പലരും ഭയപ്പെടുന്നുണ്ട്. എന്നാൽ വർഷത്തിൽ ഒരു പ്രാവശ്യമെങ്കിലും മിക്ക വിമാനങ്ങൾക്കും ഇടിമിന്നലേൽക്കുന്നുവെന്നത് മിക്കവർക്കും അറിയാത്ത കാര്യമാണ്. ഇടിമിന്നൽ വിമാനത്തെ തകർക്കില്ലെന്നാണ് വിഗദ്ധർ പറയുന്നത്. ഏറ്റവും കൂടുതൽ ഇടിമിന്നൽ ഉണ്ടാകുന്ന പ്രദേശങ്ങളെ മുൻകൂട്ടി കണ്ട് ആ മേഖകളിൽ നിന്നും അകന്ന് പറക്കാൻ പൈലറ്റുമാർ വെതർ റഡാറിന്റെ സഹായം തേടാറുണ്ട്.

പറക്കുമ്പോൾ വിമാനത്തിന്റെ ഡോർ തുറക്കാമോ...?
എത്ര ശക്തിയുള്ള ആൾക്കും വിമാനം പറക്കുമ്പോൾ അതിന്റെ ഡോർ തുറക്കാൻ സാധിക്കില്ലെന്നാണ് റിപ്പോർട്ട്. വിമാനത്തിന്റെ അകത്തും പുറത്തുമുള്ള മർദ വ്യത്യാസം മൂലമാണിത്. അതായത് വിമാനത്തിന്റെ പുറത്തുള്ള മർദത്തേക്കാൾ കൂടിയ മർദം അകത്തുള്ളതിനാൽ വിമാനം പറക്കുമ്പോൾ ഡോർ അടഞ്ഞ് തന്നെ നിൽക്കുന്നതാണ്.

വിമാന ജീവനക്കാർക്ക് യാത്രക്കാരെ അറസ്റ്റ് ചെയ്യാൻ പറ്റുമോ...?
വിമാനത്തിന്റെ സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്ന യാത്രക്കാരെ അറസ്റ്റ് ചെയ്യാൻ കാപ്റ്റന്റെ നിർദേശത്തെ തുടർന്ന് ക്രൂവിന് അധികാരമുണ്ടായിരിക്കുന്നതാണ്. ഇതിനായി ഹാൻഗ്കഫുകൾ വിമാനത്തിൽ ലഭ്യമാക്കിയിട്ടുണ്ട്. കാപ്റ്റന്റെ ഉത്തരവാദിത്വത്തിലായിരിക്കും ഈ അറസ്റ്റ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP