Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചൈനീസ് വൻപടയ്‌ക്കെതിരെ ഒരു കൊച്ചു ജനത നടത്തിയ അതിശക്തമായ ജനാധിപത്യ പ്രക്ഷോഭത്തിന് അതിഗംഭീര വിജയം; കുറ്റവാളികളെ ചൈനയിലേക്ക് കൊണ്ട് പോയി വിചാരണ നടത്താനുള്ള ബില്ല് പിൻവലിച്ച് ഹോങ്കോങ് ഭരണാധികാരി; ബ്രിട്ടൻ നൽകിയിട്ട് പോയ സ്വയംഭരണാവകാശത്തിൽ കൈ കടത്താൻ ചൈന നടത്തിയ നീക്കത്തിന് തിരിച്ചടി; മൂന്ന് മാസം നീണ്ട വമ്പൻ പ്രക്ഷോഭങ്ങൾ അവസാനിപ്പിക്കാൻ നേരമായില്ലെന്ന് ജനാധിപത്യ വാദികളും

ചൈനീസ് വൻപടയ്‌ക്കെതിരെ ഒരു കൊച്ചു ജനത നടത്തിയ അതിശക്തമായ ജനാധിപത്യ പ്രക്ഷോഭത്തിന് അതിഗംഭീര വിജയം; കുറ്റവാളികളെ ചൈനയിലേക്ക് കൊണ്ട് പോയി വിചാരണ നടത്താനുള്ള ബില്ല് പിൻവലിച്ച് ഹോങ്കോങ് ഭരണാധികാരി; ബ്രിട്ടൻ നൽകിയിട്ട് പോയ സ്വയംഭരണാവകാശത്തിൽ കൈ കടത്താൻ ചൈന നടത്തിയ നീക്കത്തിന് തിരിച്ചടി; മൂന്ന് മാസം നീണ്ട വമ്പൻ പ്രക്ഷോഭങ്ങൾ അവസാനിപ്പിക്കാൻ നേരമായില്ലെന്ന് ജനാധിപത്യ വാദികളും

മറുനാടൻ മലയാളി ബ്യൂറോ

ഹോങ്കോങ്: കഴിഞ്ഞ മൂന്ന് മാസമായി ഹോങ്കോങ്ങിലെ ജനത നിരന്തരമായി നടത്തിക്കൊണ്ടിരിക്കുന്ന പ്രക്ഷോഭങ്ങൾക്കും പ്രതിഷേധങ്ങൾക്കും മുൻപിൽ മുട്ട് മടക്കി സർക്കാർ. ഹോങ്കോങ് നിവാസികളെ വിചാരണയ്ക്കു ചൈനയിലേക്കു വിട്ടുകൊടുക്കാൻ വ്യവസ്ഥ ചെയ്യുന്ന നിർദിഷ്ട കുറ്റവാളി കൈമാറ്റ ബിൽ രാജ്യം പിൻവലിച്ചു. ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ഹോങ്കോങ് ചീഫ് അഡ്‌മിനിസ്‌ട്രേറ്റർ കാരി ലാം ആണ് ബില്ല് പിൻവലിച്ചത്. ഹോങ്കോങ്ങ് ജനതയുടെ ശക്തമായ പ്രതിഷേധങ്ങൾ ലോകം മുഴുവനുള്ള രാജ്യങ്ങൾ ഉറ്റു നോക്കിയിരുന്നു. പലരും ഇങ്ങനെ ഒരു ബില്ലിനെതിരെ എതിർപ്പ് പ്രകടിപ്പിച്ച് കൊണ്ട് രംഗത്തെത്തി. ഇത്തരത്തിൽ രാജ്യാന്തര സമ്മർദം ശക്തമായ സാഹചര്യത്തിലാണ് ബിൽ പിൻവലിച്ചതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ തങ്ങളുടെ അഞ്ച് പ്രധാന ആവശ്യങ്ങളിൽ ഒന്നു മാത്രമായിരുന്നു ബില്ല് പിൻവലിക്കുകയെന്നതെന്നും ജനാധിപത്യാവകാശങ്ങൾക്കായുള്ള പോരാട്ടം തുടരുമെന്നാണ് സമരക്കാർ പറഞ്ഞു.

രാജ്യത്ത് ഇങ്ങനെയൊരു സാഹചര്യം തുടരുന്ന പശ്ചാത്തലത്തിൽ ബിൽ പിൻവലിക്കാൻ അനുവദിക്കണമെന്ന് കാരി ലാം നേരത്തേ തന്നെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചൈന ഇത് വിസമ്മതിക്കുകയും ബിൽ പിൻവലിക്കാൻ സാധിക്കാതെ വരികയും ചെയ്തു. ഹോങ്കോങ്ങിലെ രാഷ്ട്രീയ സാഹചര്യത്തിൽ കാരി ലാം വോദനിക്കുകയും സ്വയം കുറ്റപ്പെടുത്തുകയും ചെയ്യുന്ന ഓഡിയോ പുറത്തുവന്നിരുന്നു. ബിൽ പിൻവലിക്കുന്നതോടോപ്പം സമരക്കാരുടെ പ്രധാനപ്പെട്ട മറ്റ് ആവശ്യങ്ങളിലൊന്നായ പൊലീസ് ഏറ്റുമുട്ടലുകളെ കുറിച്ച് അന്വേഷിക്കാൻ രണ്ട് മുതിർന്ന ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായും കാരി ലാം അറിയിച്ചു.

ഏപ്രിൽ 3 -ന് ഹോങ്കോങ്ങിലെ ചീഫ് എക്സിക്യൂട്ടീവ് ആയ കാരി ലാം അവതരിപ്പിച്ച ബില്ലിൽ കുറ്റക്കാരായ ഹോങ്കോങ് പൗരന്മാരെ ചൈനയിലേക്ക് നാടുകടത്തുന്ന പ്രക്രിയ എളുപ്പമാക്കുന്നതിനെപ്പറ്റി ആയിരുന്നു പറഞ്ഞത്. എന്നാൽ തങ്ങളുടെ ജനാധിപത്യപരമായ ഇടത്തിലേക്കുള്ള ചൈനയുടെ അധിനിവേശമായാണ് ഹോങ്കോങ് പൗരന്മാർക്ക് ഇത് അനുഭവപ്പെട്ടത്. തുടർന്ന് വൻ എതിർപ്പുമായി അവർ രംഗത്തെത്തി. ആദ്യത്തെ പ്രതിഷേധം ജൂൺ 9 -നായിരുന്നു. പത്തുലക്ഷം പേർ പങ്കെടുത്ത ഒരു വൻ റാലിയായിരുന്നു അന്ന് ഹോങ്കോങ് ഗവണ്മെന്റ് ആസ്ഥാനത്ത് നടന്നത്. പൊലീസുമായി നടന്ന നേരിയ ചില ഉന്തും തള്ളും ഒഴിച്ചാൽ ഏറെക്കുറെ സമാധാനപൂർണമായ ഒരു പ്രതിഷേധമായിരുന്നു അത്.

ജൂൺ 12 -ന് അടുത്ത റാലി നടന്നു. ഇത്തവണ പൊലീസ് റാലിക്കുനേരെ ടിയർ ഗസ്സ് പൊട്ടിക്കുന്നു. റബ്ബർ ബുള്ളറ്റുകൾ പായിക്കുന്നു. അത്, കഴിഞ്ഞ കുറെ ദശാബ്ദങ്ങൾക്കിടയിൽ ഹോങ്കോങ്ങിൽ നടന്ന ഏറ്റവും അക്രമാസക്തമായ ഒരു തെരുവുസമരമായി മാറി. ഈ പ്രതിഷേധ സമരങ്ങളിൽ പതറിപ്പോയി കാരി ലാം ജൂൺ 15 -ന്, അവർ പ്രസ്തുതബില്ലിനെ അനിശ്ചിതകാലത്തേക്ക് നീട്ടിവെക്കുന്നതായി പ്രഖ്യാപിച്ചു. അത് വിശ്വാസത്തിലെടുക്കാൻ കൂട്ടാക്കാതെ അടുത്ത ദിവസം, ഇരുപതു ലക്ഷത്തോളം പേർ പങ്കെടുത്ത അടുത്ത റാലി നടന്നു. നീട്ടിവച്ചാൽ പോരാ, റദ്ദാക്കണം ബിൽ എന്നതായിരുന്നു അവരുടെ ആവശ്യം. പ്രതിഷേധത്തിന് ദിനംപ്രതി ശക്തി കൂടിക്കൂടി വന്നു. ജൂൺ 21 -ന് പ്രതിഷേധക്കാർ പൊലീസ് ഹെഡ് ക്വാർട്ടേഴ്‌സ് വളഞ്ഞ്, 15 മണിക്കൂറോളം ഉപരോധിച്ചു. മുൻദിവസങ്ങളിൽ നടന്ന പ്രക്ഷോഭങ്ങളിൽ പൊലീസ് അറസ്റ്റു ചെയ്തവരെ നിരുപാധികം വിട്ടയക്കണമെന്നതായിരുന്നു ഇത്തവണത്തെ ആവശ്യം.

ജൂലൈ ഒന്നാം തീയതി, ഹോങ്കോങ് ചൈനയ്ക്ക് തിരികെ കൈമാറ്റം ചെയ്യപ്പെട്ടതിന്റെ വാർഷികത്തിന്റെ അന്ന്, ലെജിസ്ലേറ്റീവ് കൗൺസിൽ കോംപ്ലക്സിലേക്ക് ഇരച്ചുകയറിയ പ്രതിഷേധക്കാർ സ്പ്രേ പെയ്ന്റുകൊണ്ട് ചുവരുകളിൽ മുദ്രാവാക്യങ്ങളെഴുതിവെച്ചു. കോളനിഭരണകാലത്തെ കൊടികളുമേന്തി ഹോങ്കോങ്ങിന്റെ ചിഹ്നങ്ങളും പ്രദർശിപ്പിച്ചുകൊണ്ടായിരുന്നു സമരക്കാർ വന്നത്. ജൂലൈ 21 -ന് പ്രതിഷേധക്കാർ ഹോങ്കോങ്ങിലെ ചൈനയുടെ ലെയ്‌സൺ ഓഫീസ് ചായം പൂശി വികൃതമാക്കി. അന്നേദിവസം രാത്രി യൂൻ ലോങ്ങ് മെട്രോ സ്റ്റേഷനിൽ വെള്ളവസ്ത്രമണിഞ്ഞ പ്രക്ഷോഭകാരികൾ യാത്രക്കാരെ ആക്രമിച്ചു. ഈ അക്രമണത്തിനെതിരെ ആയിരക്കണക്കിന് പേർ പങ്കെടുത്ത പ്രതിഷേധം നടന്നു. എന്നാൽ പ്രതിഷേധങ്ങൾക്ക് പിന്നാലെ ചൈന ഹോങ്കോങ്ങിന് മുന്നറിയിപ്പ് നൽകി. എപ്പോഴും വെറുതെ ഇരിക്കുമെന്ന് കരുതേണ്ട എന്നും തിരിച്ചടിക്കാൻ വലിയ ബുദ്ധിമുട്ട് ഇല്ല എന്നും പറഞ്ഞു.

പ്രക്ഷോഭകാരികൾ ഹോങ്കോങ് വിമാനത്താവളം ഉപരോധിച്ചതിനെ തുടർന്ന് 100 കണക്കിന് വിമാനങ്ങൾ റദ്ദാക്കേണ്ടി വരികയും യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുകയും ചെയ്തു. എന്നാൽ പിന്നീട് ഇവർ ക്ഷമ ചോദിക്കുകയും ചെയ്തു. ഇതിന് പിന്നാലെ വിദ്യാർത്ഥികളും രംഗത്തിറങ്ങി. ഇതോടെ സകല മേഖലകളിൽ നിന്നും പ്രക്ഷോഭം ഉയർന്നു. ഹോങ്കോങ്ങ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ജനകീയ പ്രക്ഷോഭമായിരുന്നു. കഴിഞ്ഞ മൂന്ന് മാസമായി നടന്നത്. ബ്രിട്ടൻ സ്വയംഭരണാവകാശം നൽകി പോയത് മുതൽ ഹോങ്കോങ്ങിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ ചൈന ആരംഭിച്ചു. എല്ലായ്‌പ്പോഴും ഹോങ്കോങ്ങ് ജനതയ്ക്ക് ഇത് പ്രശ്‌നങ്ങൾ സൃഷ്ടിച്ചു. എന്നാൽ അത് കുറ്റവാളികളെ ചൈനയിലേക്ക് കടത്തുന്നത് വരെ എത്തിയതാണ് വൻ പ്രശ്‌നങ്ങൾക്ക് കാരണമായത്. പ്രക്ഷോഭകരെ സംബന്ധിച്ചിടത്തോളം ചൈനയുടെ പദ്ധതികളെ എതിർക്കുന്നവരെ കുറ്റവാളികളാക്കി ചിത്രീകരിക്കാനും അവരെ മെയിൻലാൻഡിൽ കൊണ്ടുപോയി പീഡിപ്പിക്കാനും ഇടയാക്കുന്ന ഒന്നാണ് ഈ ഭേദഗതി ബിൽ. നീണ്ട മൂന്ന് മാസത്തെ നിരന്തരമായ പ്രതിഷേധങ്ങളുടെ ഫലമാണ് ഹോങ്കോങ്ങ് ജനത ഇന്നലെ നേടിയെടുത്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP