Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മതനിന്ദ കേസിൽ ജയിൽമോചിതയായ ആസിയ ബീബി നെതർലൻഡ്സിലേക്ക് പോകില്ല; പരക്കുന്ന വാർത്തകൾ വ്യാജമെന്ന് പാക് വിദേശകാര്യ വക്താവ്; ആസിയ പുറത്തുവന്നത് എട്ടു വർഷത്തെ ഏകാന്ത വാസത്തിനൊടുവിൽ; നിലവിൽ ഇവർ താമസിക്കുന്നത് സൈന്യത്തിന്റെ സുരക്ഷിത കേന്ദ്രത്തിലെന്ന് സൂചന; അഭയം നൽകാൻ നൽകാൻ തയ്യാറെന്ന് ജർമ്മനിയും നെതർലാൻഡും

മതനിന്ദ കേസിൽ ജയിൽമോചിതയായ ആസിയ ബീബി നെതർലൻഡ്സിലേക്ക് പോകില്ല; പരക്കുന്ന വാർത്തകൾ വ്യാജമെന്ന് പാക് വിദേശകാര്യ വക്താവ്; ആസിയ പുറത്തുവന്നത് എട്ടു വർഷത്തെ ഏകാന്ത വാസത്തിനൊടുവിൽ; നിലവിൽ ഇവർ താമസിക്കുന്നത് സൈന്യത്തിന്റെ സുരക്ഷിത കേന്ദ്രത്തിലെന്ന് സൂചന; അഭയം നൽകാൻ നൽകാൻ തയ്യാറെന്ന് ജർമ്മനിയും നെതർലാൻഡും

ഇസ്ലാമാബാദ്: മതനിന്ദ കേസിൽ ജയിൽമോചിതയായ ക്രിസ്ത്യൻ വനിത ആസിയ ബീബി
നെതർലൻഡ്സിലേക്ക് പോകുന്നുവെന്ന വാർത്തകൾ നിഷേധിച്ച് പാക്കിസ്ഥാൻ. മുൾട്ടാനിലെ ജയിലിൽനിന്ന് പുറത്തിറങ്ങുന്ന ആസിയ റാവൽപിണ്ടിയിൽനിന്ന് വിമാനമാർഗം നെതർലൻഡ്സിലേക്ക് പോകുന്നുവെന്ന വാർത്തകൾ വന്ന പശ്ചാത്തലത്തിലാണ് അധികൃതരുടെ വിശദീകരണം. പാക് വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസലാണ് വിശദീകരണവുമായി രംഗത്ത് വന്നത്.

എട്ടുവർഷം നീണ്ട ഏകാന്ത തടവിനൊടുവിലാണ് മുഹമ്മദ് നബിയെ അപമാനിച്ചെന്ന കേസിൽ പാക്കിസ്ഥാനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ക്രിസ്ത്യൻ യുവതിയെ സുപ്രീം കോടതി കുറ്റവിമുക്തയാക്കിയത്. സുഹൃത്തുക്കളുമായി സംസാരിക്കുന്നതിനിടയിൽ പ്രവാചകൻ മുഹമ്മദ് നബിയെ അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ സംസാരിച്ചെന്ന കേസിലാണ് ആസിയ ബീബിയെ വധശിക്ഷയ്ക്ക് വിധിച്ചത്. നാലു കുട്ടികളുടെ അമ്മയാണ് 47കാരിയായ ആസിയ ബിവി

വാർത്ത വ്യാജമാണെന്ന് വ്യക്തമാക്കി വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി ഫവാദ് ചൗധരിയും രംഗത്ത് വന്നിട്ടുണ്ട്. തലക്കെട്ടുകൾ ഭംഗിയുള്ളതാക്കാൻ തെറ്റായ വാർത്തകൾ സൃഷ്ടിക്കുന്ന പ്രവണത കൂടിവരുന്നുണ്ടെന്നും മാധ്യമങ്ങൾ കൂടുതൽ ഉത്തരവാദിത്തത്തോടെ ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യണമെന്നും ചൗധരി പ്രതികരിച്ചു. 2010 ലായിരുന്നു കേസിനാസ്പദമായ സംഭവം. കേസ് പരിഗണിച്ച ലാഹോർ ഹൈക്കോടതി 2010ൽ അസിയയ്ക്ക് വധശിക്ഷ വിധിക്കുകയും ചെയ്തു. ഇതേതുടർന്ന് കഴിഞ്ഞ എട്ട് വർഷമായി പാക്കിസ്ഥാനിലെ പേര് വെളിപ്പെടുത്താത്ത ഒരു ജയിലിലാണ് അസിയയെ തടവിലാക്കിയിരുന്നത്. എന്നാൽ ഒക്ടോബർ 31ന് അസിയയെ വെറുതെ വിടാൻ സുപ്രീം കോടതി ഉത്തരവാകുകയായിരുന്നു.

കുറ്റം തെളിയിക്കുന്നതിനാവശ്യമായ തെളിവുകൾ ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നു കണ്ടെത്തിയ പാക്കിസ്ഥാൻ സുപ്രീംകോടതി വധശിക്ഷയ്‌ക്കെതിരെ ആസിയ നൽകിയ അപ്പീൽ അംഗീകരിക്കുകയായിരുന്നു. എന്നാൽ ആസിയയെ വെറുതെവിട്ട കോടതി വിധിക്കെതിരെ മതസംഘടനകൾ കനത്ത പ്രതിഷേധം ഉയർത്തിയിരുന്നു.

സുപ്രീംകോടതി ആസിയ ബീവിയെ കുറ്റവിമുക്തയാക്കിയെങ്കിലും രാജ്യംവിടാൻ സർക്കാരിന്റെ വിലക്കുണ്ട്. രാജ്യം വിടാൻ അനുവദിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കിയതിന് പിന്നാലെ വിദേശരാജ്യങ്ങളുടെ ഇടപെടൽ തേടി കുടുംബം രംഗത്തെത്തിയിരുന്നു.നേരത്തെ ആസിയ ബീബിയുടെ അഭിഭാഷകൻ നെതർലൻഡ്സിൽ രാഷ്ട്രീയ അഭയം തേടിയിരുന്നു. ജീവന് ഭീഷണിയുണ്ടെങ്കിൽ ബീബിക്ക് അഭയം നൽകാൻ തയ്യാറാണെന്ന് ജർമ്മനി ഉൾപ്പെടെയുള്ള രാജ്യങ്ങളും അറിയിച്ചിരുന്നു.

രാജ്യത്തിനകത്ത് ഇവർ സുരക്ഷിതയല്ലെന്ന് ഉറപ്പായ സാഹചര്യത്തിലാണ് രാജ്യ വിടാൻ അനുവാദം കൊടുക്കണമെന്ന ആവശ്യമുയർന്നത്. എന്നാൽ പ്രക്ഷോഭകാരികളുമായി പാക് സർക്കാർ ഒപ്പുവെച്ച ഉടമ്പടി പ്രകാരം സുപ്രീംകോടതിയിൽ പുനപ്പരിശോധനാ ഹരജി നൽകി വിധി വരുന്നതു വരെ ആസിയ ബീബിയെ രാജ്യത്തിനു പുറത്തുവിടാൻ സർക്കാർ തയ്യാറാകില്ലെന്നാണ് അറിയുന്നത്.

പഞ്ചാബ് പ്രവിശ്യയിലെ ജയിലിൽ കഴിഞ്ഞിരുന്ന ആസിയ ബീബിയെ കനത്ത സുരക്ഷാ സന്നാഹങ്ങളോടെ ഇസ്ലാമാബാദിൽ എത്തിച്ചെന്നാണ് അറിയുന്നത്. ഇവർ ജയിലിലല്ല, സൈന്യത്തിന്റെ കനത്ത സുരക്ഷയിൽ ഇനിയും വെളിപ്പെട്ടിട്ടില്ലാത്ത ഒരിടത്ത് കഴിയുകയാണെന്ന് അറിയുന്നു. ജീവന ഭീഷണിയുള്ളതിനാലാണ് താമസസ്ഥലം പുറത്തുവിടാത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP