Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തകരുന്നതിന് മുമ്പ് മൂന്ന് മിനിറ്റ് ടോയിലറ്റിലെ ഫയർ അലാറം മുഴങ്ങി; മെഡിറ്ററേനിയിൻ കടലിലേക്ക് തകർന്ന് വീണത് തീപിടിച്ച്; ഈജിപ്ഷ്യൻ വിമാനത്തിന്റേയും മരിച്ച ചിലരുടേയും അവശിഷ്ടങ്ങൾ കണ്ടെത്തിയതോടെ തേങ്ങൽ അടക്കാതെ ലോകം

തകരുന്നതിന് മുമ്പ് മൂന്ന് മിനിറ്റ് ടോയിലറ്റിലെ ഫയർ അലാറം മുഴങ്ങി; മെഡിറ്ററേനിയിൻ കടലിലേക്ക് തകർന്ന് വീണത് തീപിടിച്ച്; ഈജിപ്ഷ്യൻ വിമാനത്തിന്റേയും മരിച്ച ചിലരുടേയും അവശിഷ്ടങ്ങൾ കണ്ടെത്തിയതോടെ തേങ്ങൽ അടക്കാതെ ലോകം

ആതൻസ്: മെഡിറ്ററേനിയൻ കടലിൽ തകർന്ന് വീണ ഈജിപ്ത് എയർ വിമാനത്തിന്റെ ഏതാനും അവശിഷ്ടങ്ങൾ കിട്ടി. ഇതോടെ വിമാന അപകടത്തിൽ 66 പേരും മരിച്ചതായി ഈജിപ്ത് സർക്കാർ സ്ഥിരീകരിച്ചു. അലക്‌സാൻഡ്രിയയിൽനിന്ന് 290 കിലോമീറ്റർ അകലെ കടലിലാണു യാത്രക്കാരിലൊരാളുടെ ശരീരഭാഗവും ഏതാനും ലഗേജും സീറ്റ് ഉൾപ്പെടെ വിമാനഭാഗങ്ങളും പൊങ്ങിയത്. പാരിസിൽനിന്നു കയ്‌റോയിലേക്ക് 56 യാത്രക്കാരും പത്തു ജീവനക്കാരുമായി പോയ വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഈജിപ്ത് എയറിന്റെ എയർബസ് എ320 വിമാനം വ്യാഴാഴ്ചയാണ് ആകാശത്തു മലക്കംമറിഞ്ഞശേഷം കടലിൽ വീണത്.

വിമാനത്തെ റഡാറിൽ അവസാനമായി കണ്ട ഭാഗത്തു കടലിൽ എണ്ണപ്പാടയും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈജിപ്ത് ഉപഗ്രഹമെടുത്ത ചിത്രത്തിൽ രണ്ടു കിലോമീറ്റർ നീളത്തിലാണ് മെഡിറ്ററേനിയൻ കടലിന്റെ കിഴക്കൻ ഭാഗത്ത് എണ്ണപ്പാട കണ്ടത്. വിമാനത്തിന്റെ ബ്ലാക്‌ബോക്‌സിനു വേണ്ടി ഈ ഭാഗത്തു തിരച്ചിൽ ഊർജിതമാക്കി. പ്രാദേശിക സമയം പുലർച്ചെ 3.15നു കയ്‌റോ വിമാനത്താവളത്തിൽ ഇറങ്ങേണ്ടിയിരുന്ന വിമാനം 2.30ന്, 37000 അടി ഉയരത്തിൽ പറക്കുമ്പോഴാണു ദുരന്തം. യാത്രക്കാരിൽ മൂന്നു കുട്ടികളുമുണ്ടായിരുന്നു. കടലിൽനിന്ന് ഇന്നലെ അവശിഷ്ടങ്ങൾ ലഭിച്ചതോടെ ദുരന്തം സ്ഥിരീകരിച്ച് ഈജിപ്ത് സർക്കാർ അനുശോചനം രേഖപ്പെടുത്തി. ദുരന്തത്തിൽപ്പെട്ട യാത്രക്കാരിലേറെയും ഈജിപ്തുകാരും ഫ്രഞ്ചുകാരുമാണ്. ഫ്രഞ്ച് അന്വേഷണ സംഘം കയ്‌റോയിലെത്തിയിട്ടുണ്ട്.

ദുരന്തമുണ്ടാകുന്നതിന് മുമ്പ് ടോയിലറ്റിൽ ഫയർ അലാറം മുഴങ്ങിയതായാണ് സൂചന. അതിന് ശേഷം കത്തിയമർന്ന് കടലിൽ പതിക്കുകയായിരുന്നു. സാങ്കേതികത്തകരാറിനേക്കാൾ ഭീകരാക്രമണ സാധ്യതയാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. ഏഴുമാസം മുൻപ് ഈജിപ്തിൽ മറ്റൊരു വിമാനം സ്‌ഫോടകവസ്തു ഉപയോഗിച്ചു തകർത്തിരുന്നു. വ്യാഴാഴ്ചത്തെ ദുരന്തത്തിന്റെ ഉത്തരവാദിത്തം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും ഇതുവരെ ഒന്നും വ്യക്തമായിട്ടില്ലെന്നും ഈജിപ്ത് പ്രധാനമന്ത്രി ഷെരീഫ് ഇസ്മായിൽ അറിയിച്ചു. ഭീകരാക്രമണ സാധ്യതയും അധികൃതർ തള്ളുന്നില്ല.

ഒരു കുട്ടിയും രണ്ടു കൈക്കുഞ്ഞുങ്ങളും അടക്കം 30 ഈജിപ്തുകാരും 15 ഫ്രഞ്ചുകാരും മറ്റു രാജ്യങ്ങളിൽ നിന്നുള്ള 11 യാത്രക്കാരുമാണു വിമാനത്തിലുണ്ടായിരുന്നത്. ഗ്രീസിന്റെ ആകാശ അതിർത്തി വിട്ട ഉടനെ തന്നെ വിമാനം റഡാർ സ്‌ക്രീനുകളിൽ നിന്ന് അപ്രത്യക്ഷമാകുകയായിരുന്നു. കിയ ദ്വീപിനു മുകളിൽ പറക്കുമ്പോൾ ഗ്രീക്ക് വ്യോമഗതാഗത വിഭാഗം പൈലറ്റുമായി സംസാരിച്ചിരുന്നു. ഗ്രീക്ക് അതിർത്തിയിൽ നിന്ന് ഈജിപ്തിന്റെ ആകാശത്തേക്കു കടക്കുന്നതിന് ഏഴു മൈൽ ഉള്ളപ്പോൾ വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമാകുകയായിരുന്നു. പാരിസിലെ റൊയ്‌സി വിമാനത്താവളത്തിൽ നിന്നു ബുധൻ രാത്രി 11.09നു പുറപ്പെട്ട വിമാനം ഇന്നലെ പുലർച്ചെ 3.15നു കയ്‌റോയിൽ എത്തേണ്ടതായിരുന്നു. 2.30ന് ഈജിപ്തിന്റെ ആകാശത്ത് 37,000 അടി ഉയരെ തീരത്തുനിന്ന് 280 കിലോമീറ്റർ അകലെയാണു വിമാനം കാണാതായിരുന്നത്

003 നവംബറിൽ ഈജിപ്ത് എയർ സ്വന്തമാക്കിയ ഈ വിമാനം 47,000 മണിക്കൂർ പറന്നിട്ടുണ്ട്. പൈലറ്റും സഹപൈലറ്റും വേണ്ടത്ര പരിചയസമ്പന്നരുമായിരുന്നു. സാങ്കേതിക തകരാറിനുള്ള സാധ്യത വിദൂരമാണെന്നു വ്യോമയാന വിദഗ്ദ്ധർ പറഞ്ഞു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP