Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നേപ്പാളിൽ വീണ്ടും ഭൂചലനം; റിക്ടർ സ്‌കെയിലിൽ 6.7 രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഉത്തരേന്ത്യയും കുലുങ്ങി; ഡൽഹിയിൽ പ്രകമ്പനത്തിൽ കെട്ടിടങ്ങൾ വിറച്ചു; വിനോദയാത്രയ്ക്ക് പോയ മലയാളസംഘം നേപ്പാളിൽ കുടുങ്ങി

നേപ്പാളിൽ വീണ്ടും ഭൂചലനം; റിക്ടർ സ്‌കെയിലിൽ 6.7 രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഉത്തരേന്ത്യയും കുലുങ്ങി; ഡൽഹിയിൽ പ്രകമ്പനത്തിൽ കെട്ടിടങ്ങൾ വിറച്ചു; വിനോദയാത്രയ്ക്ക് പോയ മലയാളസംഘം നേപ്പാളിൽ കുടുങ്ങി

ന്യൂഡൽഹി: നേപ്പാളിൽ വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്‌കെയിലിൽ 6.7 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം ഉത്തരേന്ത്യയിലും അനുഭവപ്പെട്ടു. ഇന്നലെ ഉണ്ടായ ഭൂകമ്പത്തിന് സമാനമായ ഭൂചലനമാണ് ഇന്നും ഉണ്ടായത്. കാഠ്മണ്ഡുവിൽ നിന്നം 80 കിലോമീറ്റർ മാറിയുള്‌ല കോടരിയിലാണ് ഇന്നുണ്ടായ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഡൽഹിയൽ അനുഭവപ്പെട്ട ചലനത്തിന്റെ തീവ്രത എത്രയാണെന്ന് വ്യക്തമായിട്ടില്ല. ഭൂചലനത്തിൽ കെട്ടിടങ്ങൾ വിറച്ചതായി ഡൽഹി നിവാസികൾ പറഞ്ഞു. എന്നാൽ നാശനഷ്ടം ഉണ്ടായതായി റിപ്പോർട്ടുകളില്ല. 12.43നാണ് തുടർചലനമുണ്ടായത്.

ഇന്നലെ 7.9 തീവ്രത അനുഭവപ്പെട്ട ഭൂചലനം വൻതോതിൽ നാശനഷ്ടം വരുത്തിവച്ചിരുന്നു. മൂവായിരത്തിലേറെ പേർ മാത്രം നേപ്പാളിൽ മരണപ്പെട്ടതായാണ് വിവരം. ഇന്നലെയുണ്ടായ ഭൂചലനത്തിന്റെ തുടർച്ചയായാണ് ഇന്നും ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനം ഡൽഹിയിലും ലക്‌നൗവിലും അനുഭവപ്പെട്ടുവെന്നാണ് യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്‌മോളജിക്കൽ സെന്റർ നൽകുന്ന വിവരം. ഇന്നലെയുണ്ടായ ഭൂചലനത്തിൽ 35 പേർ മരിച്ച ബീഹാറിലും തുടർചലനം അനുഭവപ്പെട്ടു. ഗുവാഹത്തി, കൊൽക്കത്ത, പട്‌ന എന്നിവിടങ്ങളിലും ഭൂചലനമുണ്ടായി. ഇന്നലത്തെ ഭൂചലനത്തിനുശേഷം 35 തുടർചലനങ്ങളാണ് ഈ മേഖലയിലുണ്ടായത്.

ഇന്നലെയുണ്ടായ ഭൂചലനത്തിന്റെ പശ്ചാത്തലത്തിൽ ഇന്നും തുടർചലനം ഉണ്ടായപ്പോൾ ജനങ്ങൾ കെട്ടിടങ്ങളിൽ നിന്നും ഇറങ്ങിയോടി. എന്നാൽ, ഉയരം കൂടിയ ഫ്‌ലാറ്റുകളിൽ മാത്രമാണ് ഭൂചലനം അനുഭവപ്പെട്ടത്. അതേസമയം ഭൂചലനത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹി മെട്രോ റെയിൽ സർവീസ് നിർത്തിവച്ചു. ഭൂകമ്പത്തെത്തുടർന്ന് തുടർന്ന് ഇന്ന് എവറസ്റ്റിൽ വീണ്ടും ഹിമപാതമുണ്ടായി. എവറസ്റ്റിൽ രക്ഷാപ്രവർത്തനത്തിനായി വിമാനം എത്തിയിട്ടുണ്ട്. ഇവിടെ നിന്നും പരിക്കേറ്റവരെ കാഠ്മണ്ഡുവിലേക്ക് എത്തിച്ചിട്ടുണ്ട്.

ഇന്നലെ നേപ്പാളിൽ ഉണ്ടായ ഭൂചലനം ഹിമാലയവൻ മേഖലയിൽ 80 വർഷത്തിനിടെ ഉണ്ടാകുന്ന ഏറ്റവും വലിയ ഭൂചലനമാണ്. ഭൂകമ്പത്തിൽ എവറസ്റ്റും കുലുങ്ങയതോടെ നൂറ് കണക്കിന് പേർ എവറസ്റ്റിൽ വച്ചും കൊല്ലപ്പെട്ടു. ഇവരിൽ 70 പേരുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. 61 പേർ പരിക്കുകളോടെ രക്ഷപെട്ടു. നേപ്പാളിൽ കണ്ട ഏറ്റവും വലിയ ഭൂചലനമാണ് ഇന്നലെ ഉണ്ടായത്. ഭൂചലനത്തിൽ രണ്ടായിരത്തിലേറെ പേർ മരണപ്പെട്ടിരുന്നു. ഉത്തരേന്ത്യയിൽ 58 പേരും മരിച്ചു.

നിരവധിപ്പേർ തകർന്ന കെട്ടിടങ്ങൾക്കുള്ളിൽ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ലോകരാഷ്ട്രങ്ങളും യുഎന്നും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന പ്രവർത്തികളും നടന്നുവരികയാണ്. ദുരിതമേഖലകളിൽ യുദ്ധകാലാടിസ്ഥാനത്തിലാണ് രക്ഷാപ്രവർത്തനങ്ങൾ നടക്കുന്നത്. ദേശീയ ദുരന്തനിവാരണ സേനയുടെ 45 പേർ വീതമടങ്ങിയ അഞ്ചു സംഘം ബിഹാറിലും യുപിയിലും രക്ഷാപ്രവർത്തനത്തിലേർപ്പെട്ടിട്ടുണ്ട്.

അതേസമയം നേപ്പാളിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാൻ വ്യോമസേന രംഗത്തെത്തിയിട്ടുണ്ട്. ഭൂകമ്പത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യക്കാരോട് കാഠ്മണ്ഡു വിമാനത്താവളത്തിൽ എത്താൻ അഭ്യർത്ഥിച്ചിട്ടുണ്ട്. ഇവിടെ നിന്നും പ്രത്യേക വിമാനങ്ങളിൽ ഇന്ത്യക്കാരെ നാട്ടിലെത്തിക്കും.

വിനോദ യാത്രയ്ക്ക് പോയ 51 അംഗ മലയാളസംഘം നേപ്പാളിൽ കുടുങ്ങി

ഭൂകമ്പത്തിൽ കുടുങ്ങിയ ഇന്ത്യക്കാരിൽ നിരവധി മലയാളികളുമുണ്ട്. കോഴിക്കോട്ട് നിന്ന് വിനോദയാത്ര പോയ 51 അംഗ സംഘം നേപ്പാളിലെ ചിത്വാൻ വില്ലേജ് റിസോർട്ടിൽ കുടുങ്ങിയെന്ന വാർത്തകളും പുറത്തുവന്നു. കാഠ്മണ്ഡുവിൽ നിന്ന് 150 കിലോമീറ്റർ അകലെയാണ് ഈ പ്രദേശം. ഞായറാഴ്ച രാവിലെ നേപ്പാളിൽരണ്ടാമത്തെ ഭൂചലനം ഉണ്ടായതിന്റെ പ്രകമ്പനം ചിത്വാനിൽ അനുഭവപ്പെട്ടു.

കോഴിക്കോട് എരഞ്ഞിക്കലിലെ വോയിസ് അമ്പലപ്പടി എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ സഞ്ചാർ ട്രാവൽസ് മുഖാന്തിരം വിനോദയാത്ര പോയ സംഘത്തിൽ 27 സ്ത്രീകളും 5 വയസ്സിനു താഴെയുള്ള രണ്ടു കുട്ടികളുമുണ്ട്. ഇവരുടെമടക്കയാത്ര 29നു ഗോരഖ്പൂരിൽ നിന്ന് ട്രെയിൻ മാർഗമാണ് ഉദ്ദേശിച്ചിരുന്നത്. എന്നാൽ ചിത്വാനിൽ നിന്ന് പുറത്തുകടക്കാൻ പറ്റാത്ത അവസ്ഥയാണെന്ന് സംഘത്തിലുള്ള വേണു അമ്പലപ്പടി പറഞ്ഞു. ചിത്വാനിൽ നിന്ന് 20 കിലോമീറ്റർ അകലെ ചെറിയ വിമാനങ്ങൾക്ക് ഇറങ്ങാവുന്ന ബദ്രപ്പൂർ വിമാനത്താവളമുണ്ട്. സർക്കാർ ഇടപെട്ട് വിമാനമാർഗം രക്ഷപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് സംഘം.

അതിനിടെ കാഠ്മണ്ഡുവിൽ കുടുങ്ങിയ കോഴിക്കോട് മെഡിക്കൽ കോളജിലെ മൂന്ന് ഡോക്ടർമാരിൽ രണ്ട്‌പേരെ കണ്ടത്തെി. വയനാട്ടിലെ വിവിധ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ ജോലി ചെയ്യന്ന കേളകം കുണ്ടേരിയിലെ ഡോക്ടർ ദീപക് തോമസ് (25), വടകര സ്വദേശി ഡോക്ടർ എബിൻ സൂരി (25), കാസർകോട് സ്വദേശി ഡോക്ടർ ഇർഷാദ് എന്നിവരെയാണ് കാണാതായത്. ഇവരിൽ രണ്ട് പേരെയാണ് കണ്ടത്തെിയത്.

കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന എബിൻ സൂരിയെ സൈന്യം രക്ഷപ്പെടുത്തി. എബിൻ നേപ്പാളിൽ ചികിത്സയിലാണ്. ഡോ.ദീപകിനെയും കണ്ടത്തെിയതായാണ് വിവരം. എന്നാൽ ഡോ.ഇർഷാദിനെക്കുറിച്ച് ഇതുവരെയും വിവരം ലഭിച്ചിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP