Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊറോണയെ പ്രതിരോധിക്കാൻ കുപ്രസിദ്ധ മയക്കുമരുന്ന് മാഫിയ തലവന്റെ ആഡംബര വില്ല ലേലത്തിൽ വിറ്റ് മെക്സിക്കൻ സർക്കാർ; 'ആകാശത്തിന്റെ അധിപന്റെ' വില്ല ലേലത്തിൽ വിറ്റത് 2.17 മില്ല്യൺ ഡോളറിന്: വില്ലയ്ക്ക് പുറമേ 70 കാറുകളും അഞ്ച് ചെറുവിമാനങ്ങളും അഞ്ചു വീടുകളും അടക്കം ലേലത്തിൽ വിറ്റ് പണം കൊറോണ പ്രതിരോധത്തിന് പണം കണ്ടെത്തി മെക്‌സിക്കോ

കൊറോണയെ പ്രതിരോധിക്കാൻ കുപ്രസിദ്ധ മയക്കുമരുന്ന് മാഫിയ തലവന്റെ ആഡംബര വില്ല ലേലത്തിൽ വിറ്റ് മെക്സിക്കൻ സർക്കാർ; 'ആകാശത്തിന്റെ അധിപന്റെ' വില്ല ലേലത്തിൽ വിറ്റത് 2.17 മില്ല്യൺ ഡോളറിന്: വില്ലയ്ക്ക് പുറമേ 70 കാറുകളും അഞ്ച് ചെറുവിമാനങ്ങളും അഞ്ചു വീടുകളും അടക്കം ലേലത്തിൽ വിറ്റ് പണം കൊറോണ പ്രതിരോധത്തിന് പണം കണ്ടെത്തി മെക്‌സിക്കോ

സ്വന്തം ലേഖകൻ

മെക്സിക്കോ സിറ്റി: കുപ്രസിദ്ധ മയക്കുമരുന്ന് മാഫിയ തലവന്റെ ആഡംബര വില്ല മെക്സിക്കൻ സർക്കാർ ലേലത്തിൽ വിറ്റു. കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താനായി 1997 ൽ മരിച്ച മെക്സിക്കോയിലെ വമ്പൻ മയക്കുമരുന്ന് വ്യാപാരിയായിരുന്ന അമാഡോ കാരിലോ ഫ്യൂന്റസിന്റെ മെക്സിക്കോ സിറ്റിയിലെ വില്ലയാണ് സർക്കാർ ലേലത്തിൽ വെച്ചത്. 2.17 മില്യൺ ഡോളറിന് വീട് ലേലത്തിൽ വിറ്റു പോകുകയും ചെയ്തു. ഈ പണം മെക്സിക്കോ പൊതുജനാരോഗ്യ വിഭാഗം കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കടക്കം ഉപയോഗിക്കുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

1980-90 കാലയളവിൽ മെക്സിക്കൻ അധോലോകത്തിലെ പ്രധാനിയായിരുന്നു 'ആകാശത്തിന്റെ അധിപൻ' എന്ന പേരിലറിയപ്പെട്ടിരുന്ന കാരിലോ ഫ്യൂന്റസ്. മെക്സിക്കോ കണ്ട ഏറ്റവും കുപ്രസിദ്ധനായ മയക്കുമരുന്ന് വ്യാപാരിയായിരുന്ന ഇയാൾ സ്വകാര്യ വിമാനങ്ങൾ ഉപയോഗിച്ച് വൻ തോതിൽ കഞ്ചാവും കൊക്കെയ്നും കടത്തിയിരുന്നതിനാലാണ് ആ പേര് വീണുകിട്ടിയത്. അമ്മാവന്റെ മയക്കുമരുന്ന് സംഘത്തിലൂടെ കള്ളക്കടത്തിലേക്ക് പ്രവേശിച്ച ഫ്യൂന്റസ് പിന്നീട് തന്റേതായ സാമ്രാജ്യം പടുത്തുയർത്തുകയായിരുന്നു.

വിമാനം പറത്താൻ പഠിച്ച ഫ്യൂന്റസ് കൊളംബിയയിൽനിന്ന് മെക്സിക്കോ വഴി യുഎസിലേക്കടക്കം നിരവധി തവണയാണ് മയക്കുമരുന്ന് കടത്തിയത്. ഒടുവിൽ തന്റെ തലവനായിരുന്ന റാഫേൽ അഗ്വിലർ ഗൗസാർഡോയെ വധിച്ച് സുവാരസ് മയക്കുമരുന്ന് സഖ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. അന്നേവരെ തന്റെ ഒരു ഫോട്ടോ പോലും പുറത്തുവരാതെയാണ് ഫ്യൂന്റസ് അധോലോകം നിയന്ത്രിച്ചിരുന്നത്. പക്ഷേ, ഇതിനിടെ 1997 ൽ അപ്രതീക്ഷിതമായിട്ടായിരുന്നു ഫ്യൂന്റസിന്റെ മരണം.

കൊഴുപ്പ് നീക്കൽ അടക്കമുള്ള ആവശ്യങ്ങളുമായി പ്ലാസ്റ്റിക് സർജറി ചെയ്യാനായാണ് 1997 ൽ ഫ്യൂന്റസ് കള്ളപ്പേരിൽ ഒരു ആശുപത്രിയിൽ ചികിത്സ തേടിയത്. എന്നാൽ ശസ്ത്രക്രിയയിലെ പിഴവ് കാരണം മരണം സംഭവിക്കുകയായിരുന്നു. ഫ്യൂന്റസിന്റെ മരണശേഷം അദ്ദേഹത്തിന്റെ സഹോദരൻ വിസെന്റെ കാരിലോ ഫ്യൂന്റസ് മാഫിയയുടെ നിയന്ത്രണം ഏറ്റെടുത്തു. ഇതിനിടെ ഫ്യൂന്റസിന് ശസ്ത്രക്രിയ നടത്തിയ മൂന്ന് ഡോക്ടർമാർ കൊല്ലപ്പെടുകയും ചെയ്തു. 2014 ൽ വിസന്റെ അറസ്റ്റിലായതോടെയാണ് വർഷങ്ങൾ നീണ്ട ഇവരുടെ മയക്കുമരുന്ന് മാഫിയയുടെ പ്രവർത്തനങ്ങൾക്ക് അവസാനമായത്. നിലവിൽ മെക്സിക്കോയിലെ ജയിലിൽ ശിക്ഷ കാത്ത് കഴിയുകയാണ് വിസന്റെ.

കുറ്റവാളികളിൽനിന്ന് പിടിച്ചെടുത്ത വസ്തുവകൾ ജനങ്ങൾക്ക് വേണ്ടി ഉപയോഗിക്കുക എന്ന നയത്തിന്റെ ഭാഗമായാണ് ഫ്യൂന്റസിന്റെ ആഡംബര വില്ലയും സർക്കാർ ലേലം ചെയ്തത്. വർഷങ്ങൾക്ക് മുമ്പ് പണിത 38,000 ചതുരശ്ര അടി വിസ്തീർണമുള്ള ആഡംബര വില്ലയിൽ സ്വിമ്മിങ് പൂളും വിശാലമായ പൂന്തോട്ടവും മറ്റ് ആഡംബര സൗകര്യങ്ങളെല്ലാമുണ്ട്.

കഴിഞ്ഞദിവസം നടന്ന ലേലത്തിൽ ഫ്യൂന്റസിന്റെ ആഡംബര വില്ലയ്ക്ക് പുറമേ 143 മറ്റ് വസ്തുവകളും സർക്കാർ വിൽക്കാൻ വെച്ചിരുന്നു. 70 കാറുകൾ, അഞ്ച് വീടുകൾ, നൂറിലേറെ ആഭരണങ്ങൾ, അഞ്ച് ചെറുവിമാനങ്ങൾ തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടും. ഏകദേശം 4.5 മില്യൺ ഡോളറാണ് കഴിഞ്ഞദിവസത്തെ ലേലത്തിലൂടെ സർക്കാരിന് ലഭിച്ചതെന്നാണ് റിപ്പോർട്ട്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP