Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കാലം ഒരുപാട് മാറിയിട്ടും നിയമം ഏറെ ഉണ്ടായിട്ടും വംശീയത മാറാതെ അമേരിക്ക; കറുത്തവർഗക്കാരോട് പൊലീസ് പക തീർത്തപ്പൾ തെരുവ് യുദ്ധക്കളമായി; കാമുകനെ പൊലീസ് വെടിവച്ച് കൊന്ന വീഡിയോ കാമുകി ഫേസ്‌ബുക്കിലിട്ടപ്പോൾ കലാപം പടർന്നു; അഞ്ചു പൊലീസുകാരുടെ ജീവൻ പോയതോടെ ഒബാമയും ഉണർന്നു

കാലം ഒരുപാട് മാറിയിട്ടും നിയമം ഏറെ ഉണ്ടായിട്ടും വംശീയത മാറാതെ അമേരിക്ക; കറുത്തവർഗക്കാരോട് പൊലീസ് പക തീർത്തപ്പൾ തെരുവ് യുദ്ധക്കളമായി; കാമുകനെ പൊലീസ് വെടിവച്ച് കൊന്ന വീഡിയോ കാമുകി ഫേസ്‌ബുക്കിലിട്ടപ്പോൾ കലാപം പടർന്നു; അഞ്ചു പൊലീസുകാരുടെ ജീവൻ പോയതോടെ ഒബാമയും ഉണർന്നു

ഡാലസ്: ലോകത്തേറ്റവും പുരോഗമനം അവകാശപ്പെടുന്ന രാജ്യമാണ് അമേരിക്ക. എന്നാൽ, നിറത്തിന്റെ പേരിലുള്ള വിവേചനവും മനസ്ഥിതിയും ഇനിയും അമേരിക്കയിൽനിന്ന് പോയിട്ടില്ലെന്നാണ് ഏറ്റവുമൊടുവിലെ സംഭവവികാസങ്ങളും തെളിയിക്കുന്നത്. ഡാലസിൽ കറുത്തവർഗക്കാരുടെ പ്രകടനത്തിനിടെ അഞ്ചു പൊലീസുകാരുടെ മരണത്തിനിടയാക്കിയ വെടിവെപ്പ് അത് തെളിയിക്കുന്നു. വ്യാഴാഴ്ച ഡാലസിൽ നടന്ന ബ്ലാക്ക് ലിവ്‌സ് മാറ്റർ പ്രകടനത്തിനിടെയാണ് വെടിവെപ്പുണ്ടായത്. സൈന്യത്തിൽനിന്ന് പുറത്താക്കപ്പെട്ട 25 വയസ്സുള്ള മിക്ക സേവ്യർ ജോൺസൺ നടത്തിയ വെടിവെപ്പിൽ അഞ്ച് പൊലീസുകാർ കൊല്ലപ്പെടുകയും രണ്ട് വനിതാ പൊലീസ് ഓഫീസർമാരടക്കം ഏഴുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.

താൻ ഒറ്റയ്ക്കാണ് കൃത്യം നട്തിയതെന്നും അടുത്തിടെ കറുത്തവർഗക്കാർക്കുനേരെ പൊലീസ് നടത്തിയ വെടിവെപ്പിലും മറ്റ് അതിക്രമങ്ങളിലും പ്രതിഷേധിച്ചാണ് ഇത് ചെയ്തതെന്നും മിക്ക അന്വേഷണോദ്യോഗസ്ഥരോട് പറഞ്ഞു. വെള്ളക്കാരോട് തനിക്ക് കടുത്ത അസഹിഷ്ണുതയുണ്ടെന്ന് പറഞ്ഞ മിക്ക, വെള്ളക്കാരായ പൊലീസുകാരെ കൊല്ലുകയാണ് തന്റെ ലക്ഷ്യമെന്നും വെളിപ്പെടുത്തി. വെടിവെപ്പിനുശേഷം എൽ സെൻട്രോ കോളേജിൽ കയറിയ മിക്കയെ നാലുമണിക്കൂറോളം നീണ്ട ശ്രമത്തിലാണ് പൊലീസ് പിടികൂടിയത്. കീഴടങ്ങാനുള്ള പൊലീസിന്റെ അഭ്യർത്ഥനകൾ മിക്ക ചെവിക്കൊള്ളാതെ വന്നതോടെ കൊലയാളിയെ ഇല്ലാതാക്കാൻ പൊലീസ് യന്ത്രമനുഷ്യന്റെ സഹായം തേടിയിരുന്നു. വെടിയുണ്ടയേൽക്കാത്ത വസ്ത്രം ധരിച്ചുകൊണ്ടാണ് മിക്ക ആക്രമണത്തിനിറങ്ങിയതെന്ന് പൊലീസ് കരുതുന്നു.

ഒട്ടേറെ വെടിക്കോപ്പുകളും ആയുധങ്ങളുമായാണ് മിക്ക കൃത്യത്തിനെത്തിയത്. പിന്നീട് മിക്കയുടെ വീട്ടിൽ നടത്തിയ തിരച്ചിലിൽ ബോംബുണ്ടാക്കാനുള്ള സാമഗ്രികളും തോക്കുകളും വെടിക്കോപ്പുകളും കണ്ടെത്തി. പൊലീസിനെ എങ്ങനെ നേരിടാമെന്ന് വിശദീകരിക്കുന്ന പ്രസിദ്ധീകരണവും മിക്ക ഇറക്കിയിരുന്നതായി പൊലീസ് കണ്ടെത്തി.

പാട്രിക് സമാരിപ്പ, മൈക്കൽ ക്രോൾ, ലോമി ആറൻസ്, മൈക്കൽ ജെ. സ്മിത്ത്, ബ്രെന്റ് തോംസൺ എന്നിവരാണ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. കൃത്യം നടത്തിയത് തനിച്ചാണെന്ന് മിക്ക അവകാശപ്പെട്ടെങ്കിലും സംഭവവുമായി ബന്ധപ്പെട്ട് മറ്റു മൂന്നുപേർ കൂടി പിടിയിലായിട്ടുണ്ട്. സംഭവ സ്ഥലത്തുനിന്ന് കാറിൽ കയറി ധൃതിയിൽ രക്ഷപ്പെടാൻ ഒരുങ്ങിയ രണ്ടുപേരും മിക്കയുടെ താമസസ്ഥലത്തിനടുത്തുനിന്നുള്ള യുവതിയുമാണ് കസ്റ്റഡിയിലുള്ളത്. എന്നാൽ, ഇവരുടെ പങ്കാളിത്തം ഇതേവരെ ഉറപ്പിക്കാനായിട്ടില്ലെന്ന് പൊലീസ് പറയുന്നു.

2009 മാർച്ച് മുതൽ 2015 ഏപ്രിൽ വരെ അമേരിക്കൻ റിസർവ് സേനാംഗമായി ജോലി ചെയ്തിട്ടുള്ളയാളാണ് മിക്ക. അഫ്ഗാനിസ്താനിൽ സൈനികസേവനം അനുഷ്ഠിച്ചിട്ടുണ്ട്. മരപ്പണിയും മേസ്തിരിപ്പണിയുമായിരുന്നു സൈന്യത്തിൽ ചെയ്തിരുന്നതെന്നും പ്രവർത്തന മികവിന് മെഡൽ നേടിയിട്ടുള്ള സൈനികനാണ് മിക്കയെന്നും സൈനികകേന്ദ്രങ്ങൾ വ്യക്തമാക്കി. കറുത്തവർഗക്കാരുടെ തീവ്രവാദ സംഘടനകളുമായി മിക്കയ്ക്ക് ബന്ധമുണ്ടായിരുന്നുവെന്ന് ഫേസ്‌ബുക്കിലെയും മറ്റും ഇടപാടുകൾ തെളിയിക്കുന്നു. കറുത്തവർഗക്കാരനായ ദേശീയ വാദിയെന്നാണ് ഇയാൾ സ്വയം വിശേഷിപ്പിച്ചിരുന്നത്. നേഷൻ ഓഫ് ഇസ്ലാം, ബ്ലാക്ക് റൈഡേഴ്‌സ് ലിബറേഷൻ പാർട്ടി, ന്യൂ ബ്ലാക്ക് പാന്തർ പാർട്ടി, ആഫ്രിക്കൻ അമേരിക്കൻ ഡിഫൻസ് ലീഗ് തുടങ്ങിയവയുടെ പേജുകൾ ഇയാൾ ലൈക്ക് ചെയ്തിരുന്നു.

കറുത്തവർഗക്കാരായ ആൾട്ടൺ സ്റ്റെർലിങ്ങും ഫിലാൻഡോ കാസിലും പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ചാണ് ബ്ലാക്ക് ലിവ്‌സ് മാറ്റർ പ്രതിഷേധ പ്രകടനം നടത്തിയത്. സമാധാനപരമായി നടത്തിയ പ്രതിഷേധത്തിനിടെ ഉണ്ടായ വെടിവെപ്പുമായി ബന്ധമില്ലെന്ന് ബ്ലാക്ക് ലിവ്‌സ് മാറ്റർ പ്രസ്താവിച്ചു. അക്രമം അവസാനിപ്പിക്കാനാണ് തങ്ങൾ ആവശ്യപ്പെടുന്നതെന്നും സംഘടനയുടെ പത്രക്കുറിപ്പിൽ പറയുന്നു.

കറുത്തവർഗക്കാരെ പൊലീസ് വെടിവച്ചു കൊന്നതിനെതിരെ പ്രതിഷേധം ശക്തമാകുമ്പോൽ കുഞ്ഞുങ്ങൾ അടക്കം പ്രതിഷേധപരിപാടികളിൽ പങ്കെടുക്കുന്നുണ്ട്. യുഎസിലെ മിനസോട്ടയിലുള്ള സെന്റ് പോളിൽ നടന്ന പ്രതിഷേധം വേറിട്ടതായി. റോഡിൽ കിടക്കുന്നത് ഐസ എന്ന പെൺകുട്ടി. അവൾക്കു ചുറ്റം ചോക്കു കൊണ്ടു വരച്ച് 'അടുത്തത് ഞാനോ' എന്നെഴുതുകയാണ് അമ്മ ടിയ വില്യംസ്. മിനസോട്ട ഗവർണറുടെ ഔദ്യോഗിക വസതിക്കുമുന്നിലെ തെരുവിലായിരുന്നു അമ്മയുടെയും മകളുടെയും പ്രതിഷേധം. കൊലപാതകക്കേസുകളിൽ പൊലീസാണ് ഇത്തരത്തിൽ കൊല്ലപ്പെട്ടയാളുടെ ചുറ്റും ചോക്കു കൊണ്ടു രേഖപ്പെടുത്താറുള്ളത്.

അതേസമയം കറുത്തവർഗക്കാരനായ ആൺസുഹൃത്തിനെ പൊലീസ് വെടിവച്ച് കൊല്ലുന്നത് യുവതി മൊബൈലിൽ പകർത്തി ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ ലോകമെമ്പാടും വ്യാപിക്കുന്നുണ്ട്. ഈ ദൃശ്യങ്ങൾ പുറത്തുവന്നതോടെ പലയിടത്തും കലാപം പൊട്ടിപ്പുറപ്പെട്ട അവസ്ഥയിലായി. ലാവിസ് റെയ്നോൾഡ്സ് എന്ന യുവതിയാണ് മൊബൈലിൽ ചിത്രീകരിച്ച വീഡിയോ പുറത്തു വിട്ടത്. ഒരു സ്‌കൂളിലെ കഫെറ്റെരിയ ജീവനക്കാരനായ ഫിലാൻഡോ കാസിൽ (32) ആണ് കൊല്ലപ്പെട്ടത്.

യുഎസിലെ മിനോസോട്ടയിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. സെന്റ് പോളിന് പ്രാന്തപ്രദേശത്തുള്ള ഫാൽക്കൺ ഹൈറ്റ്സിൽ വച്ചാണ് പൊലീസ് വാഹനം തടഞ്ഞത്. തുടർന്ന് വാഹനത്തിന്റെ രേഖകളും ഡ്രൈവിങ് ലൈസൻസും ആവശ്യപ്പെട്ടു. കാസിലിന്റെ കൈവശം ഒരു തോക്കും ഉണ്ടായിരുന്നു. തോക്ക് കൈവശം വയ്ക്കാൻ അനുമതിയുണ്ടെന്ന് കാസിൽ പറഞ്ഞെങ്കിലും പൊലീസുദ്യോഗസ്ഥൻ ചെവിക്കൊണ്ടില്ല. തുടർന്ന് തോക്ക് പിടിച്ചെടുക്കാൻ നടത്തിയ ശ്രമത്തിനിടെ നാലു തവണ കാസിലിനെ പൊലീസ് ഉദ്യോഗസ്ഥൻ വെടിവയ്ക്കുകയായിരുന്നു. കാറിനുള്ളിലിരിക്കുന്ന കാസിലിന് നേരെ പൊലീസുകാരൻ തോക്കു ചൂണ്ടുന്നതും ആക്രോശിക്കുന്നതും വീഡിയോയിൽ കാണാം. വെടിശബ്ദം കേട്ട് കാറിലുണ്ടായിരുന്ന കുട്ടി ഭയന്നു നിലവിളിക്കുന്നതും വീഡിയോയിൽ കേൾക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP