Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

4,80,000 പേർക്ക് വാക്സിൻ നൽകി റെക്കോർഡിട്ട് ഒരു ദിവസം; വാക്സിന്റെ ആദ്യ ഡോസ് എടുത്തവർ മൂന്നാഴ്‌ച്ച വീട്ടിൽ ഇരിക്കണം; മാരത്തോൺ വേഗത്തിൽ ബ്രിട്ടൻ കോവിഡിനെ തളയ്ക്കുന്നതിങ്ങനെ

4,80,000 പേർക്ക് വാക്സിൻ നൽകി റെക്കോർഡിട്ട് ഒരു ദിവസം; വാക്സിന്റെ ആദ്യ ഡോസ് എടുത്തവർ മൂന്നാഴ്‌ച്ച വീട്ടിൽ ഇരിക്കണം; മാരത്തോൺ വേഗത്തിൽ ബ്രിട്ടൻ കോവിഡിനെ തളയ്ക്കുന്നതിങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ആരംഭത്തിലെ ചെറിയ ആശയക്കുഴപ്പങ്ങളും പ്രതിസന്ധികളും നീങ്ങിയതോടെ ബ്രിട്ടന്റെ വാക്സിൻ പരിപാടി ഉദേശിച്ച വേഗത്തിലേക്ക് ഉയരുകയാണ്. ഇന്നലെ ഒരു ദിവസം മാത്രം 4,80,000 പേർക്ക് വാക്സിൻ നൽകിയതോടെ ഫെബ്രുവരി പതിനഞ്ചോടെ 15 ദശലക്ഷം പേർക്ക് ആദ്യ ഡോസ് നൽകുക എന്ന ലക്ഷ്യത്തിൽ എത്തിച്ചേരാൻ കഴിയുമെന്ന വിശ്വാസം വർദ്ധിച്ചു. ഇതുവരെ 6,329,968 പേർക്കാണ് വാക്സിൻ നൽകിയിരിക്കുന്നത്. ഇതിൽ 1,821 പേർക്ക് രണ്ടാം ഡോസും നൽകിക്കഴിഞ്ഞിരിക്കുന്നു.

അതേസമയം, ഫൈസർ വാക്സിന്റെ രണ്ട് ഡോസുകൾക്കിടയിലെ ഇടവേള 12 ആഴ്‌ച്ചകളാക്കിയതിനെതിരെ ബ്രിട്ടീഷ് മെഡിക്കൽ അസ്സോസിയേഷൻ രംഗത്തെത്തി. ശാസ്ത്രീയമായി ഇത് തെറ്റായ ഒരു പ്രവർത്തിയാണ് എന്നാണ് അവർ പറയുന്നത്. എന്നാൽ, പരമാവധി ആളുകൾക്ക് വാക്സിൻ പ്രതിരോധം ലഭിക്കുവാൻ ഇത് അത്യാവശ്യമാണെന്നാണ് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിലെ ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ, വാക്സിൻ നിർമ്മാതാക്കളുടെയും ലോകാരോഗ്യ സംഘടനയുടെയും നിർദ്ദേശപ്രകാരം രണ്ടു ഡോസുകൾക്കിടയിലെ പരമാവധി ഇടവേള കേവലം ആറാഴ്‌ച്ച മാത്രമാണെന്ന് ചൂണ്ടിക്കാട്ടി ബി എം എ ചീഫ് മെഡിക്കൽ ഓഫീസർക്ക് കത്ത് അയച്ചിട്ടുണ്ട്.

വാക്സിൻ എടുത്താലും ശരീരത്തിൽ പ്രതിരോധ ശേഷി രൂപപ്പെടുന്നതിന് കാലതാമസം എടുക്കും. അതിനാൽ വാക്സിന്റെ ആദ്യ ഡോസ് എടുക്കുന്നവർ, വാക്സിൻ എടുത്തതിനു ശേഷം മൂന്നാഴ്‌ച്ചക്കാലം വീടുകളിൽ തന്നെ കഴിയണം എന്ന മുന്നറിയ്‌പ്പ് നൽകിയിട്ടുണ്ട്. വാക്സിൻ എടുത്തവർ മറ്റുള്ളവരുമായി അടുത്തിടപഴകിയേക്കും എന്നും സാമൂഹിക അകലം ഒരു പഴങ്കഥയായി മാറുമെന്നും ആശങ്കയുയരുന്നതിനിടയിലാണ് ഈ പുതിയ മുന്നറിയിപ്പ്.

ഇന്നലെ 33,552 പേർക്കാണ് ബ്രിട്ടനിൽ രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ശനിയാഴ്‌ച്ചയിലേതുമായി തരതമ്യം ചെയ്യുമ്പോൾ ഏതാണ്ട് 25 ശതമാനത്തിന്റെ കുറവാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. എന്നാൽ, പ്രതിദിന മരണനിരക്കിൽ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ 1,348 പേരാണ് കോവിഡ് മൂലം ബ്രിട്ടനിൽ മരണമടഞ്ഞത്. കഴിഞ്ഞ ശനിയാഴ്ചയിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 4.1 ശതമാനത്തിന്റെ വർദ്ധനവാണ് ഇക്കാര്യത്തിൽ ഉണ്ടായിട്ടുള്ളത്. എന്നാൽ, പൊതുവേനോക്കുമ്പോൾ മരണനിരക്കും കുറഞ്ഞുവരുന്നുണ്ട്.

അതിനിടയിൽ കെന്റിൽ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച പുതിയ ഇനം വൈറസിന് പ്രഹര ശേഷി കൂടുതലുള്ളതിനാലാണ് മരണനിരക്ക് കൂടുന്നതെന്ന് ബോറിസ് ജോൺസന്റെ പ്രസ്താവന വിവാദമായി. ഇനിയും പൂർണ്ണമായും തെളിയിക്കപ്പെടാത്ത കാര്യങ്ങൾ പറയുന്നത് ജനങ്ങൾക്കിടയിൽ അനാവശ്യഭയത്തിനു മാത്രമേ ഉതകൂ എന്നാണ് ആരോഗ്യ-ശാസ്ത്ര മേഖലയിലുള്ളവർ പറയുന്നത്. ഇതിനെ കുറിച്ച് ഇപ്പോഴും പഠനങ്ങൾ നടന്നുകൊണ്ടിരിക്കുന്നതേയുള്ളു. പുതിയ ഇനം വൈറസിന് തന്റെ മുൻഗാമികളേക്കാൾ വ്യാപനശേഷി കൂടുതലുണ്ടെന്ന് തെളിഞ്ഞെങ്കിലും പ്രഹരശേഷി കൂടുതലാണെന്ന് തെളിയിക്കാൻ മതിയായ തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.

ഇന്നലെ 1,079 ആളുകൾക്കാണ് വെയിൽസിൽ പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. 27 മരണങ്ങളും രേഖപ്പെടുത്തി. അതേസമയം, സ്‌കോട്ട്ലാൻഡിൽ 1,307 പുതിയ കേസുകളും 76 മരണങ്ങളുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. നോർത്തേൺ അയർലണ്ടിൽ ഇന്നലെ 670 പേർക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചപ്പോൾ 12 മരണങ്ങൾ രേഖപ്പെടുത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP