Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

700 രോഗികളും 71 മരണവുമായി മറ്റൊരു ദിവസം കൂടി; വടക്കൻ ഇംഗ്ലണ്ടിലും സ്‌കോട്ട്ലാൻഡിലും കോവിഡ് പെരുമഴ; ഇങ്ങനെ പോയാൽ ഉറപ്പായും ലോക്ക്ഡൗണെന്ന് ബോറിസ്; തലമുറകൾ കോവിഡിനൊപ്പം കഴിയേണ്ടി വരുമ്പോൾ മണ്ടത്തരം വേണ്ടെന്ന് ഒരു കൂട്ടർ

700 രോഗികളും 71 മരണവുമായി മറ്റൊരു ദിവസം കൂടി; വടക്കൻ ഇംഗ്ലണ്ടിലും സ്‌കോട്ട്ലാൻഡിലും കോവിഡ് പെരുമഴ; ഇങ്ങനെ പോയാൽ ഉറപ്പായും ലോക്ക്ഡൗണെന്ന് ബോറിസ്; തലമുറകൾ കോവിഡിനൊപ്പം കഴിയേണ്ടി വരുമ്പോൾ മണ്ടത്തരം വേണ്ടെന്ന് ഒരു കൂട്ടർ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: കൊറോണയുടെ ഒന്നാം വരവിന്റെ കൂർദ്ധന്യഘട്ടത്തെ ഓർമ്മിപ്പിക്കുന്ന രീതിയിലേക്ക് ബ്രിട്ടൻ തിരിച്ചുപോവുകയാണ്. ഇന്നലെ പുതിയതായി 7,108 പേർക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 71 മരണങ്ങളും ഇന്നലെ രേഖപ്പെടുത്തിയിട്ടുണ്ട്. സ്‌കോട്ട്ലാൻഡിൽ കഴിഞ്ഞ മൂന്നു മാസത്തിനിടെ ഇന്നലെയാണ് ഏറ്റവും അധികം പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ബുധനാഴ്‌ച്ചയിലെ രോഗവ്യാപനവുമായി താരതമ്യം ചെയ്യുമ്പോൾ ഈ ആഴ്‌ച്ച 15 ശതമാനം വർദ്ധനവാണ് സംഭവിച്ചിരിക്കുന്നത്.

ഇതിനേക്കാൾ ബ്രിട്ടനെ ആശങ്കയിലാഴ്‌ത്തുന്നത് മരണനിരക്കും ക്രമേണ വർദ്ധിച്ചു വരുന്നു എന്നതാണ്. കഴിഞ്ഞ ബുധനാഴ്‌ച്ചയിലേതിനേക്കാൾ ഇരട്ടിയാണ് ഈ ബുധനാഴ്‌ച്ചയിലെ മരണസംഖ്യ. തീർച്ചയായും, മാർച്ച്-ഏപ്രിൽ മാസങ്ങളിലെ കരിദിനങ്ങളോളം എത്തിയിട്ടില്ലെങ്കിലും, ക്രമമായി വർദ്ധിച്ചു വരുന്ന മരണ സംഖ്യ, ഭാവി അത്ര ശോഭനമല്ലെന്നുള്ളതിന്റെ സൂചനയായാണ് ഈ രംഗത്തെ വിദഗ്ദർ കണക്കാക്കുന്നത്.

ഇതിനിടെ, പുതിയ നിയന്ത്രണങ്ങൾ എന്തെങ്കിലും പ്രഖ്യാപിക്കുന്നതിനു മുൻപായി എം പി മാരുടെ അഭിപ്രായം തേടണമെന്ന ആവശ്യം ബോറിസ് ജോൺസൺ അംഗീകരിച്ചു. കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിക്കുകയും അവയ്ക്ക് ന്യായീകരണം നൽകാൻ ശാസ്ത്രീയ ഉപദേഷ്ടകരെ ഉപയോഗിക്കുകയും ചെയ്യുന്നു എന്ന പരാതി നേരത്തേ ഉയർന്നിരുന്നു. ഇതിനെ തുടർന്ന് ശാസ്ത്രജ്ഞന്മാരായ സർ പാട്രിക്കിനേയും പ്രൊഫസർ വിറ്റിയേയും ടെലിവിഷൻ ബ്രീഫിംഗിൽ നിന്നും ഒഴിവാക്കിയിരുന്നു.

നേരത്തേ ഒരു തവണ ഈ വൈറസിനെ നിയന്ത്രിക്കാൻ കഴിഞ്ഞ ബ്രിട്ടന് ഇതും നിയന്ത്രിക്കാനാകും എന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച പ്രധാനമന്ത്രി, ഒരുപക്ഷെ ഇനിയും കടുത്ത നിയന്ത്രണങ്ങൾ സമീപ ഭാവിയിൽ ആവശ്യമായി വന്നേക്കാമെന്ന സൂചനയും നൽകി. റൂൾ ഓഫ് സിക്സും 10 മണി കർഫ്യൂവും ഫലവത്താണോ എന്നറിയാൻ ഇനിയും ദിവസങ്ങൾ എടുക്കും എന്നുപറഞ്ഞ ബോറിസ് സാമ്പത്തിക സ്ഥിതി മാത്രം നോക്കി സ്വീഡൻ മാതൃക പിന്തുടരുന്നതിൽ വിമുഖത അറിയിച്ചു.

അതേസമയം, ഇനിയും പല തലമുറകൾ കൂടി ഈ വൈറസ് മനുഷ്യനോടൊപ്പം കാണുമെന്നതിനാൽ, വൈറസുമൊത്ത് സഹജീവനത്തിന് തയ്യാറാവുകയാണ് വേണ്ടതെന്നാണ് മറ്റൊരു കൂട്ടർ പറയുന്നത്. അതല്ലാതെ, കൂടുതൽ കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവന്ന് സമ്പദ്ഘടനയെ പുറകോട്ടടിക്കുന്നതിൽ കാര്യമില്ലെന്നും അവർ പറയുന്നു.

നോർത്ത് വെസ്റ്റ്, നോർത്ത് ഈസ്റ്റ്, മിഡ്ലാൻഡ്സ് മേഖലകളിലാണ് വ്യാപനം അതിവേഗത്തിൽ ശക്തിപ്രാപിക്കുന്നത്. ഇംഗ്ലണ്ടിൽ മൊത്തത്തിൽ തന്നെ രോഗവ്യാപനം ശക്തിപ്രാപിക്കുന്നുണ്ടെങ്കിലും, ഈ മേഖലകളിൽ അതിന് വേഗത കൂടുതലാണ്. അതിൽ തന്നെ നോർത്ത് വെസ്റ്റ് മേഖലയിലാണ് രോഗവ്യാപനത്തിന് വേഗത ഏറെയുള്ളത്. മറ്റു പല മേഖലകളിലും രോഗവ്യാപനം നിയന്ത്രണാധീനമാണ്.

ഈ ഒരു യാഥാർത്ഥ്യം നിലനിൽക്കുന്നതുകൊണ്ടാണ് പലരും ഒരു ദേശീയ ലോക്ക്ഡൗണിന് എതിരായി നിൽക്കുന്നത്. രോഗവ്യാപനം നിയന്ത്രണാതീതമാകുന്ന മേഖലകളിൽ മാത്രമായി പ്രാദേശിക ലോക്ക്ഡൗണുകൾ പ്രഖ്യാപിക്കുന്നതായിരിക്കും ഉത്തമം എന്നാണ് ഭരണകക്ഷി നേതാക്കൾ പോലും പറയുന്നത്. മറ്റൊരു ആശങ്കാജനകമായ കാര്യം, രോഗവ്യാപനം കനക്കുന്ന മേഖലകളിൽ ചികിത്സതേടി ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണവും വർദ്ധിക്കുന്നു എന്നതാണ്. ഇത് ക്രമാതീതമായി വർദ്ധിച്ചാൽ ആരോഗ്യ സംരക്ഷണ സംവിധാനങ്ങൾക്ക് മേൽ കനത്ത സമ്മർദ്ദം ഉയർത്തും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP