Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

അർദ്ധ രാത്രി മുതൽ ലണ്ടനും ടയർ-2 ലോക്ക്ഡൗണിൽ; കർശന നടപടികളുമായി പൊലീസ് തെരുവിൽ; പബ്ബിൽ നിന്നും ആളെ അറസ്റ്റ് ചെയ്തു നീക്കി; ലോക്ക്ഡൗണിനെ എതിർത്ത ലിവർപൂൾ മേയർ മനസ്സു മാറ്റി; കോവിഡ് പ്രതിരോധത്തിനായുള്ള ബോറിസിന്റെ കർശന നിലപാടുകൾ ബ്രിട്ടണിൽ വിജയത്തിലേക്ക്

അർദ്ധ രാത്രി മുതൽ ലണ്ടനും ടയർ-2 ലോക്ക്ഡൗണിൽ; കർശന നടപടികളുമായി പൊലീസ് തെരുവിൽ; പബ്ബിൽ നിന്നും ആളെ അറസ്റ്റ് ചെയ്തു നീക്കി; ലോക്ക്ഡൗണിനെ എതിർത്ത ലിവർപൂൾ മേയർ മനസ്സു മാറ്റി; കോവിഡ് പ്രതിരോധത്തിനായുള്ള ബോറിസിന്റെ കർശന നിലപാടുകൾ ബ്രിട്ടണിൽ വിജയത്തിലേക്ക്

സ്വന്തം ലേഖകൻ

ർദ്ധരാത്രി മുതൽ ലണ്ടൻ നഗരത്തിൽ ടയർ 2 ലോക്ക്ഡൗൺ നിലവിൽ വന്നതോടെ നിയമം കർശനമായി നടപ്പിലാക്കുവാൻ പൊലീസ് തെരുവിലിറങ്ങി. ലോക്ക്ഡൗണിലേക്ക് നീങ്ങുന്നതിന് രണ്ടു മണിക്കൂർ മുൻപ് തന്നെ പ്രവർത്തനനിരതരായ പൊലീസുകാർ നിരവധി പബ്ബുകളിൽ റെയ്ഡ് നടത്തി അനവധിപേരെ അറസ്റ്റ് ചെയ്ത് നീക്കി. മദ്യപിച്ചുണ്ടാകുന്ന അക്രമങ്ങളും മറ്റും തടയുവാനായി തെരുവുകളിലും നിരവധി പൊലീസുകാർ പട്രോളിങ് നടത്തുന്നുണ്ടായിരുന്നു.

താരതമ്യേന കുറവാണെങ്കിലും, നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ പൊലീസിങ് ഇനി കൂടുതൽ കർശനമാക്കുകയാണെന്ന് വകുപ്പ് വക്താക്കൾ അറിയിച്ചു. സോഹോയിലെ ഒരു പബ്ബിൽ നിന്നും 10 മണിക്ക് മുൻപ് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ട പൊലീസിനു നേരെ ബാനറുകളുയർത്തി പ്രതിഷേധവുമായി ആളുകൾ അണിനിരന്നു. പിന്നീട് അവരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.

അതേസമയം പരിശോധനാ സംവിധാനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുവാനുള്ള ശ്രമത്തിലാണ് ബ്രിട്ടൻ. ക്രിസ്ത്മസ്സ് ആകുമ്പോഴേക്കും പ്രതിദിനം പത്തുലക്ഷം പരിശോധനകൾ നടത്താനുള്ള പ്രാപ്തി നേടുക എന്നതാണ് ലക്ഷ്യം. അതിനിടയിൽ, ലണ്ടനിലെ ട്രാൻസ്പോർട്ട് നെറ്റ് വർക്ക് നടത്തിക്കൊണ്ടുപോകാൻ കൂടുതൽ ധനസഹായം ആവശ്യപ്പെട്ടുകൊണ്ട് മേയർ സാദിഖ് ഖാൻ രംഗത്തെത്തി. ഇത് നടന്നില്ലെങ്കിൽ ഈ വാരാന്ത്യത്തോടെ ഈ നെറ്റ്‌വർക്ക് നിശ്ചലമായേക്കുമെന്ന ആശങ്കയും നിലനിൽക്കുന്നു.

ലണ്ടൻ നഗരത്തേക്കാൾ അധികം രോഗവ്യാപനമുള്ള ഡെവൺ, ഓക്സ്ഫോർഡ്, കവൻട്രി എന്നീ നഗരങ്ങളിൽ ലോക്ക്ഡൗൺ ഉണ്ടാകില്ല എന്നത് ലണ്ടനിൽ ജനരോഷം ഉയരാൻ കാരണമായിട്ടുണ്ട്. കൊറോണയുടെ രണ്ടാം വരവിൽ കൂടുതൽ ശക്തിയായ രോഗവ്യാപനം നടക്കുന്ന വടക്കൻ ഇംഗ്ലണ്ടിലേതിനോട് സമാനമായ നിയന്ത്രണങ്ങളായിരിക്കും ഇന്നു മുതൽ ലണ്ടൻ നഗരത്തിലും ഉണ്ടാവുക. എന്നാൽ, വടക്കൻ ഇംഗ്ലണ്ടിലേതിനേക്കാൾ രോഗവ്യാപന തോത് ഇവിടെ കുറവാണ് എന്നതാണ് യാഥാർത്ഥ്യം.

ലണ്ടനിലെ 32 ബറോകളിൽ 1 ലക്ഷം പേർക്ക് 99 കോവിഡ് രോഗികൾ എന്ന അനുപാതമുള്ളപ്പോൾ കവൻട്രിയിൽ ഇത് 1 ലക്ഷം പേർക്ക് 159 രോഗികളും ഓക്സ്ഫോർഡിൽ 154 രോഗികളുമാണ്. എന്നിട്ടും ഈ പ്രദേശങ്ങൾ ടയർ 2 ലോക്ക്ഡൗണിലേക്ക് പോയിട്ടില്ല. എന്നാൽ, ലണ്ടനിലെ കൂടിയ ജനസാന്ദ്രതമൂലം, രോഗവ്യാപനംവർദ്ധിക്കുവാനുള്ള സാധ്യത കൂടുതലായതിനാലാണ് ഇവിടെ നേരത്തേ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് എന്നാണ് ഔദ്യോഗിക വിശദീകരണം. ലോക്ക്ഡൗൺ പ്രഖ്യാപനത്തോടെ ഹോസ്പിറ്റാലിറ്റി മേഖലയിലെ 2 ലക്ഷം പേർക്ക് തൊഴിൽ നഷ്ടപ്പെടുമെന്ന ആശങ്കയും ഉയർന്നു.

ലിവർപൂളിനു പുറകെ ലങ്കാഷയറും ടയർ 3 ലോക്ക്ഡൗണിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തിലാണ് തൊഴിൽ നഷ്ട ഭീഷണി ഉയരുന്നത്. ടയർ 3 ലോക്ക്ഡൗണിൽ പബ്ബുകളും ബാറുകളും അടച്ചിടേണ്ടതായി വരും. അതുപോലെ റെസ്റ്റോറന്റുകൾക്ക് പരിമിതമായ എണ്ണം ഉപഭോക്താക്കൾക്ക് മാത്രമായിരിക്കും സേവനം നൽകാൻ കഴിയുക.

അതേസമയം, ടയർ 3 നിയന്ത്രണങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയ ലിവർപൂൾ മേയർ തന്റെ നയം തിരുത്തി. ടയർ 3 ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. തന്റെ സഹോദരൻ ഗുരുതരമായ കോവിഡ് -19 ബാധയാൽ ഇന്റൻസീവ് കെയറിലാണെന്ന കാര്യവും അദ്ദേഹം സ്ഥിരീകരിച്ചു. നിലവിൽ 1 ലക്ഷം പേർക്ക് 642.3 പേർ എന്ന രീതിയിലാണ് ഇവിടെ രോഗവ്യാപനം.

രണ്ടാം വരവിന്റെ മൂർദ്ധന്യ ഘട്ടം ഇനിയും എത്തിയിട്ടില്ലെന്നും അതിനാൽ വൈറസ് വ്യാപനത്തെ ഇപ്പോഴേ തടയേണ്ടത് അത്യാവശ്യമാണെന്നുമായിരുന്നു നേരത്തേ ലോക്ക്ഡൗണിനെ എതിർത്ത മേയർ ഇപ്പോൾ പറയുന്നത്. ശൈത്യകാലം കനക്കുന്നതോടെ വ്യാപനം ശക്തിപ്രാപിച്ചേക്കുമെന്ന് ആരോഗ്യ വിദഗ്ദരും മുന്നറിയിപ്പ് നൽകുന്നു. ത്രിതല നിയന്ത്രണ സംവിധാനങ്ങൾ പ്രാബല്യത്തിൽ വന്ന ഉടനെ ടയർ 3 നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്ന ഒരേയൊരു പ്രദേശമാണ് ലിവർപൂൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP