Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

4131 രോഗികളും 71 മരണവുമായി കുതിക്കുമ്പോൾ സകല സ്‌കൂളുകളും കടകളും അടച്ച് എല്ലാവരോടും വീട്ടിൽ ഇരിക്കാൻ നിർദ്ദേശിച്ച്, രോഗവ്യാപനത്തെ തടയാൻ 15 ദിവസത്തെ കാലാവധി നിശ്ചയിച്ച് കടുത്ത നടപടികളുമായി ട്രംപ്; പത്ത് പേരിൽ കൂടുതൽ ഒരുമിച്ചു ചേരുന്നതിനും വിലക്ക്; ദുരന്തം ഓഗസ്റ്റ് വരെ തുടരുമെന്നും വ്യാപനം തടയുക മാത്രമാണ് വഴിയെന്നും മനസ്സിലാക്കി അമേരിക്കയുടെ പ്രതിരോധം തുടരുന്നു

4131 രോഗികളും 71 മരണവുമായി കുതിക്കുമ്പോൾ സകല സ്‌കൂളുകളും കടകളും അടച്ച് എല്ലാവരോടും വീട്ടിൽ ഇരിക്കാൻ നിർദ്ദേശിച്ച്, രോഗവ്യാപനത്തെ തടയാൻ 15 ദിവസത്തെ കാലാവധി നിശ്ചയിച്ച് കടുത്ത നടപടികളുമായി ട്രംപ്; പത്ത് പേരിൽ കൂടുതൽ ഒരുമിച്ചു ചേരുന്നതിനും വിലക്ക്; ദുരന്തം ഓഗസ്റ്റ് വരെ തുടരുമെന്നും വ്യാപനം തടയുക മാത്രമാണ് വഴിയെന്നും മനസ്സിലാക്കി അമേരിക്കയുടെ പ്രതിരോധം തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

ന്യൂയോർക്ക്: അമിതവിശ്വാസത്തിലായിരുന്നു അമേരിക്കയും പ്രസിഡന്റ് ഡൊണാൾഡ് ട്രംപും. ലോകത്തിന്റെ പല ഭാഗങ്ങളിലും കൊറോണ പടർന്നു പിടിക്കുമ്പോഴും, ലോകരാഷ്ട്രങ്ങൾ കടുത്ത നടപടികളിലേക്ക് പോകുമ്പോഴും ഈ വിഷയത്തിൽ കാര്യമായ നടപടികളൊന്നും എടുക്കാതെ ഇരിക്കുകയായിരുന്നു കോറോണയുടെ ആദ്യകാലങ്ങളിൽ അമേരിക്ക ചെയ്തത്. ഒരദ്ഭുതം എന്നപോലെ ഒരുദിവസം ഈ വൈറസ് അപ്രത്യക്ഷമാകുമെന്നു വരെ പറഞ്ഞുവച്ചു ട്രംപ്.

എന്നാൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന നിലയിലെത്തിയപ്പോൾ അമേരിക്കൻ ഭരണകൂടവും കൂടുതൽ കടുത്ത നടപടികളുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. 'ഈ രോഗത്തിന്റെ വ്യാപനം തടയുന്നതിൽ നമുക്ക് ഓരോരുത്തർക്കും അവരവരുടേതായ പങ്കുണ്ട്.' വേഗത കുറയ്ക്കാൻ 15 ദിനങ്ങൾ എന്ന പേരിട്ട, കൊറോണയുടെ വ്യാപനത്തെ തടയുന്നതിനുള്ള നിർദ്ദേശങ്ങൾ അടങ്ങിയ രണ്ടുപേജ് വരുന്ന പത്രക്കുറിപ്പ് പുറത്ത് വിട്ടുകൊണ്ട് ട്രംപ് പറഞ്ഞു.

രോഗം ബാധിച്ച സംസ്ഥാനങ്ങളിലെ സ്‌കൂളുകൾ അടച്ചിടുവാനുള്ളതാണ് അതിലെ പ്രധാന നിർദ്ദേശം. അതേ സമയം, പോഷകാഹാരങ്ങൾക്കായി സ്‌കൂളുകളെ ആശ്രയിച്ചിരുന്ന കുട്ടികളുടെ ആഹാരക്കാര്യം സംസ്ഥാന സർക്കാരുകൾ ശ്രദ്ധിക്കണമെന്നും നിർദ്ദേശത്തിലുണ്ട്. മറ്റു പല രാഷ്ട്രങ്ങളും ചെയ്തതുപോലെ രാജ്യത്തെ ജനജീവിതം നിശ്ചലമാക്കുവാൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കുമ്പോഴും, ഈ നിർദ്ദേശങ്ങളിലെ പലതും അത്തരത്തിൽ ജനജീവിതം നിശ്ചലമാക്കാൻ പോന്നതാണെന്നാണ് സത്യം.

യുവാക്കളെ, പ്രത്യേകിച്ച് മില്ലേനിയൽസിനെ ലക്ഷ്യമിട്ടാണ് നിർദ്ദേശങ്ങളിൽ പലതും. ഇക്കൂട്ടർക്ക് ഗുരുതരമായ രോഗബാധക്ക് സാധ്യത കുറവാണെങ്കിലും രോഗം പടർത്തുന്ന കാര്യത്തിൽ കാര്യമായ പങ്കാണ് ഇക്കൂട്ടർ വഹിക്കുന്നത് എന്നതാണ് കാരണം. യുവാക്കൾ കഴിവതും വീടുകളിൽ തന്നെ ഇരിക്കണമെന്നാണ് നിർദ്ദേശിച്ചിട്ടുള്ളത്. വീടുകളിൽ ഇരുന്ന് ജോലിചെയ്യുവാനുള്ള സൗകര്യങ്ങൾ ഒരുക്കാൻ മിക്ക സ്ഥാപനങ്ങൾക്കും നിർദ്ദേശമുണ്ട്. യാത്രകൾ പരമാവധി ഒഴിവാക്കണമെന്നും, റസ്റ്റോറന്റുകൾ, ബാറുകൾ എന്നിവിടങ്ങളിലെ ആഹാര-പാനീയങ്ങൾ ഒഴിവാക്കണമെന്നും നിർദ്ദേശിച്ചിരിക്കുന്നു. പത്ത് പേരിൽ കൂടുതൽ ഒന്നിച്ചു കൂടുന്നതും നിരോധിച്ചിട്ടുണ്ട്.

അതേസമയം പ്രായമായവർ വീടുകളിൽ തുടരുവാനും മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കണമെന്നും നിർദ്ദേശങ്ങളിൽ പറയുന്നുണ്ട്. ഈ നിർദ്ദേശങ്ങൾ പുറത്തുവന്ന ഉടനെത്തന്നെ ന്യൂയോർക്കും ന്യൂ ജഴ്സിയും തങ്ങളുടെ സംസ്ഥാനങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു. ബാറുകളും പബ്ബുകളും കാസിനോകളും എല്ലാം അടച്ചു. വൈദ്യസഹായത്തിനോ മറ്റ് അത്യാവശ്യങ്ങൾക്കോ അല്ലാതെയുള്ള യാത്രകളും ഇവിടങ്ങളിൽ നിരോധിച്ചിട്ടുണ്ട്. അതേ സമയം സാൻഫ്രാൻസിസ്‌കോയിൽ മൂന്നാഴ്ചത്തെ ലോക്ക്ഡൗൺ ആണ് പ്രഖ്യാപിച്ചിട്ടുള്ളത്.

ഇന്നലെ ട്രംപ് ഈ നിർദ്ദേശങ്ങൾ പ്രഖ്യാപിക്കുമ്പോഴാണ് സ്റ്റൊക്ക് മാർക്കറ്റ് 3000 പോയിന്റ് താഴേക്ക് പോയി ക്ലോസ് ചെയ്തത്. എന്നാൽ ഇത് താത്ക്കാലികമാണെന്നും, വൈറസ്സിനെ ഒതുക്കി കഴിഞ്ഞാൽ ജീവിതവും സ്റ്റോക്ക് മാർക്കറ്റും പഴയപടി ആകുമെന്നും ട്രമ്പ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. അടുത്ത പതിനഞ്ച് നാളുകൾ അമേരിക്കയ്ക്ക് അതീവ പ്രാധാന്യമുള്ളവയാണെന്നും, രാജ്യത്തെ മഹാമാരിയുടെ പിടിയിൽ നിന്നും പൂർണ്ണമായും മുക്തമാക്കുന്നതിന് ഓരോ പൗരനും അവരവരുടെ പങ്ക് ഭംഗിയായി നിറവേറ്റണമെന്നും അദ്ദേഹം പറഞ്ഞു.

26 യൂറോപ്പ്യൻ രാജ്യങ്ങൾക്ക് മേൽ യാത്രാവിലക്ക് കഴിഞ്ഞയാഴ്ചയാണ് അമേരിക്ക ഏർപ്പെടുത്തിയത്. അതിനെതിരെ വൻ പ്രതിഷേധമുയരുന്നതിനിടെയാണ് ബ്രിട്ടണും അയർലന്റിനും കൂടി അമേരിക്ക വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. നിലവിലെ കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി 5000 കോടി അമേരിക്കൻ ഡോളറാണ് ട്രംപ് അനുവദിച്ചിരിക്കുന്നത്. കോവിഡ്-19 കേസ്സുകൾ നിലവിൽ അമേരിക്കയിൽ 3000 ആയി ഉയർന്നിരിക്കുകയാണ്. ലോകവ്യാപാര കേന്ദ്രങ്ങളും തിരക്കേറിയ നഗരകേന്ദ്രങ്ങളും വിജനമായിക്കഴിഞ്ഞു. ജനങ്ങൾ അവശ്യവസ്തുക്കൾ വാങ്ങാനും ചികിത്സാ കാര്യങ്ങൾക്കുമല്ലാതെ പുറത്തിറങ്ങരുതെന്ന കർശനനിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.

ഇതിനിടെ അമേരിക്കയുടെ നടപടിക്കെതിരെയെന്നോണം അമേരിക്കൻ പൗരന്മാരോട് മറ്റ് യൂറോപ്യൻ രാജ്യങ്ങളും നടപടിയെടുക്കുന്നതായും സൂചനയുണ്ട്. നോർവ്വേയാണ് ആദ്യ നടപടി അമേരിക്കൻ വിദ്യാർത്ഥികളോട് എടുത്തിരിക്കുന്നത്. നോർവ്വേയിലെ പരിതാപകരമായ ചികിത്സസംവിധാനം പ്രശ്നമാകാതിരിക്കാൻ സ്വന്തം നാടുകളിലേക്ക് മടങ്ങാനാണ് നിർദ്ദേശം. ഏറ്റവും കൂടുതൽ അമേരിക്കൻ വിദ്യാർത്ഥികളുള്ള നോർവീജിയൻ ശാസ്ത്രസാങ്കേതിക സർവ്വകലാശാലയാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP