Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരു സൈക്കിളിൽ ഒരു മല... ഒരു സ്‌കൂട്ടറിൽ ഒരു ഡസൻ പേർ... വാട്‌സ് ആപ്പിൽ പ്രചരിക്കുന്ന ആ ചിത്രങ്ങൾ ഒന്നും വ്യാജമല്ല; ഔദ്യോഗികമായി പുറത്ത് വിട്ട് ചൈന

ഒരു സൈക്കിളിൽ ഒരു മല... ഒരു സ്‌കൂട്ടറിൽ ഒരു ഡസൻ പേർ... വാട്‌സ് ആപ്പിൽ പ്രചരിക്കുന്ന ആ ചിത്രങ്ങൾ ഒന്നും വ്യാജമല്ല; ഔദ്യോഗികമായി പുറത്ത് വിട്ട് ചൈന

ലോകത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമെന്ന ഖ്യാതി ചൈനയ്ക്കാണല്ലോ. അതു പോലെ തന്നെ റോഡ് സുരക്ഷയുടെ കാര്യത്തിൽ ഏറ്റവും പുറകിൽ നിൽക്കുന്ന രാജ്യമെന്ന പേരും ചൈനയ്ക്ക് സ്വന്തമാകാൻ സാധ്യതയേറെയാണെന്നാണ് അവിടെ നിന്ന് പുറത്ത് വരുന്ന ചിത്രങ്ങൾ വ്യക്തമായ സൂചനകളേകുന്നത്. ഒരു സൈക്കിളിൽ ഒരു മലപോലെ സാധനങ്ങൾ കൊണ്ടു പോകുന്നതും ഒരു സ്‌കൂട്ടറിൽ ഒരു ഡസൻ പേർ സഞ്ചരിക്കുന്നതും പോലുള്ള നിരവധി ചിത്രങ്ങൾ ചൈനയിൽ നിന്നെന്ന പേരിൽ വാട്‌സ് ആപ്പിൽ സമീപകാലത്തായി പ്രചരിക്കുകയും അവ വൈറലാവുകയും ചെയ്തിരുന്നു.

എന്നാൽ പ്രസ്തുത ചിത്രങ്ങളുടെ ഒറിജിനാലിറ്റിയെപ്പറ്റി പലരും സംശയം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ആ ചിത്രങ്ങൾ ഒന്നും വ്യാജമല്ലെന്നും അത് ചൈനയിലെ നേർക്കാഴ്ചകളാണെന്നും വ്യക്തമാക്കി ചൈന തന്നെ ഔദ്യോഗികമായി ആ ചിത്രങ്ങൾ പുറത്ത് വിട്ടിരിക്കുകയാണിപ്പോൾ. ഇക്കഴിഞ്ഞ രണ്ടാം തിയതി ദേശീയ ട്രാഫിക് സുരക്ഷാ ദിനം പ്രമാണിച്ചായിരുന്നു ചൈന ഈ ചിത്രങ്ങൾ പുറത്ത് വിട്ടത്. പീപ്പിൾസ് ഡെയിലി ഓൺലൈനിന്റെ അഫിലിയേഷനായ ഹുനാൻക്യൂ.കോമിലാണ് ഇവ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഒരു മോട്ടോർ സൈക്കിളിൽ ഒരു കുടുംബത്തിലെ മുഴുവൻ പേരും സഞ്ചരിക്കുന്നതും ആകാശത്തിലേക്ക് ഉയരാൻ വെമ്പുന്ന കൂറ്റൻ ഹീലിയം ബലൂണുകൾ ഒരു ബൈക്കിൽ കൊണ്ടുപോകുന്നതും കയറ്റിയ ലോഡിന്റെ ആധിക്യം കാരണം ഒരു ട്രക്ക് ഒരു വശത്തേക്ക് മറിഞ്ഞ് നിൽക്കുന്നതും ഒരു ട്രാക്ടറിൽ കുന്നോളം വൈക്കോൽ കൊണ്ടു പോകുന്നതും ഒരു ചെറിയ സൈക്കിൾറിക്ഷയിൽ രണ്ട് പടുകൂറ്റൻ പൈപ്പുകൾ കൊണ്ടു പോകുന്നതും ആയ ചിത്രങ്ങൾ ഇവയിൽ ചിലത് മാത്രമാണ്. ഇത്തരം കാഴ്ചകൾ ചൈനയിലെ റോഡുകളിൽ സ്ഥിരം സംഭവങ്ങളാണെന്നാണ് ഔദ്യോഗികമായി വെളിപ്പെടുത്തലുണ്ടായിരിക്കുന്നത്.

ചൈനയിലെ റോഡ് ട്രാഫിക് സേഫ്റ്റി നിയമം 2004ൽ നിലവിൽ വന്നതിന് ശേഷം പിടിയിലായ പ്രമാദമായ നിയമലംഘനങ്ങളുടെ ചിത്രങ്ങളാണിവ. ഒരു പക്ഷേ റോഡുകളുടെ ചരിത്രത്തിലെ ഏറ്റവും ഗുരുതരമായ ഓവർലോഡ് വഹിക്കലുമായിരിക്കും ഇവ.രാജ്യത്ത് 169 മില്യൺ കാർ ഉടമകളുണ്ടെന്നാണ് ചൈനയുടെ മിനിസ്ട്രി ഫോർ പബ്ലിക് സെക്യൂരിറ്റി വെളിപ്പെടുത്തുന്നത്. ശ്രദ്ധയില്ലാതെ വണ്ടിയോടിക്കരുതെന്ന് പ്രസ്തുത മന്ത്രാലയം ജനങ്ങൾക്ക് കർക്കശമായ മുന്നറിയിപ്പ് ആവർത്തിച്ച് നൽകുന്നുമുണ്ട്. കഴിഞ്ഞ വർഷം റോഡപകടങ്ങളിൽ ഇവിടെ 21,570 പേരാണ് മരിച്ചത്. കൂടുതൽ ഉത്തരവാദിത്വത്തോടെയും യുക്തിയോടെയുമുള്ള ഡ്രൈവിങ് പ്രോത്സാഹിപ്പിക്കുന്നതിനുള്ള യത്‌നങ്ങളാണ് മന്ത്രാലയം നടപ്പിലാക്കി വരുന്നത്.


രാജ്യത്തെ റോഡിലോടുന്ന 80 ശതമാനം ട്രക്കുകളും ഓവർലോഡ് കയറ്റിയാണ് സഞ്ചരിക്കുന്നതെന്നാണ് 2013ൽ ചൈനയിലെ അധികൃതർ സ്ഥിരീകരിച്ചിരിക്കുന്നത്.കനത്ത ബ്രിഡ്ജ് ഫീസ് കുറയ്ക്കാനാണ് മിക്കവരും ഈ സാഹസത്തിന് ശ്രമിക്കുന്നത്. ഹാൻഗ്‌സുവിലെ കിയാൻടാൻഗ് നദിക്ക് കുറുകെയുള്ള പാലത്തിന് മുകളിലൂടെ 30 ടൺ ഭാരത്തിലധികം കയറ്റി വാഹനങ്ങലും 55 ടണ്ണിൽ അധികം വഹിച്ച് ട്രെയിലറുകളും സഞ്ചരിക്കരുതെന്നായിരുന്നു നിയമം. എന്നാൽ ചില വാഹനങ്ങൾ 100 ടണ്ണിലധികം കയറ്റി ഇതിലൂടെ പതിവായി സഞ്ചരിച്ചതിനെ തുടർന്ന് അവസാനം പാലം തകരുകയും ചെയ്തിരുന്നു. 2011ൽ 129 ടൺ കയറ്റിയ ട്രക്ക് സഞ്ചരിക്കുമ്പോഴായിരുന്നു പാലം തകർന്നത്. ചൈനയിൽ 660,000 പാലങ്ങൾ ഉണ്ടെന്നാണ്കണക്കാക്കിയിട്ടുള്ളത്. അമിതഭാരംകാരണം ഇവയിൽ മിക്കവയ്ക്കും ഓരോ വർഷവും തകരാറുകൾ സംഭവിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP