Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

1000 അടി നീളവും 600 അടി പൊക്കവുമുള്ള ഗ്ലാസ് പാലം തുറന്നു; മലകളെ ബന്ധിപ്പിക്കുന്ന പാലത്തിന് നടുവിൽ ഭയന്ന് വിറച്ച് യാത്രക്കാർ

1000 അടി നീളവും 600 അടി പൊക്കവുമുള്ള ഗ്ലാസ് പാലം തുറന്നു; മലകളെ ബന്ധിപ്പിക്കുന്ന പാലത്തിന് നടുവിൽ ഭയന്ന് വിറച്ച് യാത്രക്കാർ

ലോകാത്ഭുതങ്ങളിലൊന്നായ വന്മതിലിന്റെ നാടായ ചൈനയിൽ നിന്ന് പുതിയ കാലത്തെ അത്ഭുതമായ ഗ്ലാസ് പാലത്തിന്റെ വാർത്തെയെത്തിയിരിക്കുകയാണിപ്പോൾ. ഇതൊരു സാധാരണ പാലമല്ല കേട്ടോ...1000 അടി നീളവും 600 അടി പൊക്കവുമുള്ള ഗ്ലാസ് പാലമാണിത്. രണ്ട് മലകളെ ബന്ധിപ്പിക്കുന്ന പാലത്തിലൂടെ ഭയന്ന് വിറച്ചാണ് യാത്രക്കാർ സഞ്ചരിക്കുന്നതത്രെ. മധ്യചൈനയിലെ ഹുനാൻ പ്രവിശ്യയിലെ ഷിനിയുസ്ഹായിലാണ് ഇന്നലെ ഈ പാലം തുറന്നിരിക്കുന്നത്. ലോകത്തിലെ ഏറ്റവും നീളമുള്ള ഈ ഗ്ലാസ് പാലത്തിന് 984 അടി നീളമാണുള്ളത്. താഴെയുള്ള ജലപ്രവാഹത്തിന് മുകളിലൂടെയാണീ പാലം നിലകൊള്ളുന്നത്. ഈ പാലത്തിലൂടെ ആദ്യമായി ഇന്നലെ സഞ്ചരിച്ചവർ സാഹസികതയുടെ യഥാർത്ഥ അർത്ഥം തിരിച്ചറിയുകയായിരുന്നു.

ഈ ആകൃതിയിലുള്ള ഒരു പാലം ലോകത്തിൽ ആദ്യമായാണ് നിർമ്മിച്ചിരിക്കുന്നത്. പാലത്തിലൂടെ സഞ്ചരിക്കുന്ന യാത്രക്കാർ പാതിവഴിയിലെത്തി പരിഭ്രമിച്ച് നിൽക്കുന്ന ചിത്രങ്ങൾ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. പാലത്തിലൂടെ സഞ്ചരിക്കുന്ന ഒരു സ്ത്രീ പേടിച്ച് കൈവരി പിടിച്ചിരിക്കുന്നതും അവരെ ഒരു കൂട്ടുകാരി പിടിച്ച് വലിക്കുന്നതുമായ ചിത്രത്തിന് വൻ പ്രചാരമാണ് ലഭിക്കുന്നത്. ബുദ്ധ പർവതത്തിലെ രണ്ട് കൊടുമുടികളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ പാലം ആദ്യം മരം കൊണ്ടുള്ളതായിരുന്നു.ഷിനിയുസ്ഹായിലാണീ പർവതം സ്ഥിതി ചെയ്യുന്നത്.കഴിഞ്ഞ വർഷമാണ് ഈ പാലം ഗ്ലാസ് കൊണ്ട് നിർമ്മിക്കാൻ തുടങ്ങിയത്.

കഴിഞ്ഞ ഏതാനും മാസങ്ങളായി 11 എൻജിനീയർമാരാണ് പാലം യാഥാർത്ഥ്യമാക്കാൻ അക്ഷീണം പ്രവർത്തിച്ചത്. പാലത്തിന് മുകളിലൂടെ പേടിച്ച് നടക്കാനാവാതെ നിരവധി യാത്രക്കാർ വിഷമിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ചിലർ ഭയം കാരണം സഹയാത്രക്കാരെ പിടിച്ച് കൊണ്ടാണ് പാലത്തിലുടെ മുന്നോട്ട് നീങ്ങുന്നത്. പലർക്കും പേടി കാരണം പാലത്തിന് അടിയിലുള്ള അഗാധതയിലേക്ക് നോക്കാൻ പോലും സാധിക്കുന്നില്ല. ആളുകൾ നടക്കുമ്പോൾ പാലം ചെറിയ തോതിൽ ഇളകുന്നതിനാൽ ആളുകളുടെ ഭയമേറുന്നുമുണ്ട്. ജിയോപാർക്കിന്റെയും താഴെയുള്ള വിശാലമായ വിഗഹവീക്ഷണം മനോഹരമായ കാഴ്ചയാണ്. ഈ പാലം കടക്കാൻ അത്യധികമായ ധൈര്യം ആവശ്യമായതിനാൽ ഈ പാലത്തെ ഹീറോ ബ്രിഡ്ജ് എന്നും വിളിക്കുന്നുണ്ട്. ഗ്ലാസ് കൊണ്ടുള്ളതായതിനാൽ പാലത്തിന്റെ സുരക്ഷിതത്ത്വത്തെക്കുറിച്ച് സംശയമുള്ളവർക്ക് അത് തീരെ വേണ്ടെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. കാരണം സാധാരണ വിൻഡോ ഗ്ലാസിനേക്കാൾ 25 ഇരട്ടി ഉറപ്പേറിയ ഗ്ലാസ് കൊണ്ടാണ് പാലം പണിതിരിക്കുന്നത്. പാലത്തിന് മുകളിലൂടെ നടക്കാൻ പ്രത്യേകം പാദരക്ഷകൾ നൽകുന്നുണ്ട്.

സമീപവർഷങ്ങളിലായി ഗ്ലാസ് കൊണ്ടുള്ള വാക്ക് വേകൾ ചൈനയിലെ സാഹസികർക്ക് ഹരമായിത്തീർന്നിരിക്കുകയാണ്. തൽഫലമായി നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വ്യൂയിങ് പ്ലാറ്റ്‌ഫോമുകൾ നിർമ്മിക്കുന്നുണ്ട്. സെൻട്രൽ ചൈനയിലെ ഹുബെയിലെ സിനിക് സൈറ്റിൽ ഒരു ഗ്ലാസ് എലവേറ്റർ സ്ഥാപിച്ചിരുന്നു. പർവതത്തിന് മുകളിൽ സന്ദർശകർക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ ഈ എലവേറ്റർ ഉപകരിക്കും. പർവതത്തിന് മുകളിലെത്തുന്ന സന്ദർശകർക്ക് അവിടെയുള്ള ഗ്ലാസ് കൊണ്ടുള്ള വാക്ക് വേയിലൂടെ നടക്കാനും സാധിക്കും. ഈ വർഷം ആദ്യം തെക്ക് പടിഞ്ഞാറൻ ചൈനയിലെ ചോൻഗ്ക്യൂൻഗിൽഒരു പ്ലാറ്റ് ഫോം നിർമ്മിച്ചിരുന്നു. ലോകത്തിലെ ഏററവും നീളമേറിയ ഗ്ലാസ് പ്രതലത്തോട് കൂടിയ കാന്റിലെവർ വാക്ക് വേയാണിത്. ഹുനാൻ പ്രവിശ്യയിലെ സാൻഗ്ജിയാജിയിൽ മറ്റൊരു പാലം പണിതു കൊണ്ടിരിക്കുകയാണ്. 984 അടി ഉയരത്തിലാണിത് സ്ഥിതി ചെയ്യുന്നത്. 1247 അടി നീളമുള്ള പാലത്തിൽ 800 പേർക്ക് നിൽക്കാനാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP