Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബച്ചന് സഹിക്കാനാകുന്നില്ല; സീനത്തുമായി പാടിയഭിനയിച്ച ദർബ്ബാർ ചത്വരം തകർന്നടിഞ്ഞു; നേപ്പാളിന്റെ പൈതൃക കെട്ടിടവും ഇനി ഓർമ്മ; ദുരന്തം തകർത്തത് ചരിത്ര സ്മാരകങ്ങളെ

ബച്ചന് സഹിക്കാനാകുന്നില്ല; സീനത്തുമായി പാടിയഭിനയിച്ച ദർബ്ബാർ ചത്വരം തകർന്നടിഞ്ഞു; നേപ്പാളിന്റെ പൈതൃക കെട്ടിടവും ഇനി ഓർമ്മ; ദുരന്തം തകർത്തത് ചരിത്ര സ്മാരകങ്ങളെ

കാഠ്മണ്ഡു: സംസ്‌കാരവും പാരമ്പര്യവുമായിരുന്നു നേപ്പാളിന്റെ കരുത്ത്. അതിന്റെ പെരുമയായിരുന്നു നേപ്പാളിലെ ചരിത്ര സൗധങ്ങൾ. നേപ്പാളിലെത്തുന്ന ഓരോ വിനോദ സഞ്ചാരികളും നെഞ്ചിലേറ്റ് മടങ്ങുന്നവ. അത് പലതും ഇനി ഓർമ്മയാണ്. ഭൂകമ്പത്തിൽ നേപ്പാൾ നേപ്പാൾ കുലുങ്ങിവിറച്ചപ്പോൾ അതിന്റെ ചരിത്ര സൗധങ്ങൾ നിലംപൊത്തി. ആയിരക്കണക്കിനു വിനോദ സഞ്ചാരികളെ മാടിവിളിച്ച ധരഹര ടവറും ദർബാർ ചത്വരവും തകർന്നടിഞ്ഞു.

തലസ്ഥാനമായ കാഠ്മണ്ഡുവിന്റെ പ്രധാന ആകർഷണമായിരുന്നു ദർബാർ ചത്വരം. ഇതിനുള്ളിലെ ഹനുമാൻ പ്രതിമ യുനസ്‌കോ പൈതൃക കേന്ദ്രമാണ്. വെള്ളച്ചാട്ടങ്ങളും ക്ഷേത്രങ്ങളും വിഗ്രഹങ്ങളുമൊക്കെ ഈ ചത്വരത്തിന്റെ മാറ്റ് കൂട്ടി. 'മഹാൻ' സിനിമയിൽ നായിക സീനത്ത് അമാനുമൊത്ത് അമിതാഭ് ബച്ചൻ 'പ്യാർ മേ ദിൽ പേ മാർ ദേ ഗോലി...' എന്ന ഗാനരംഗം തകർത്തഭിനയിച്ചത് ദർബാർ ചത്വരത്തിന്റെ പശ്ചാത്തലത്തിലായിരുന്നു. ഭൂമികുലുക്ക വാർത്ത കേട്ടമാത്രയിൽ ബച്ചൻ ട്വീറ്റ് ചെയ്തു: 'ദൈവമേ, നേപ്പാളിൽ ഭൂകമ്പമോ, സീനത്തിനൊപ്പം ഇവിടെയാ ഞാനൊരു പാട്ട് ഷൂട്ട് ചെയ്തത്...' ബച്ചനു വർഷങ്ങളായിട്ടും മറക്കാനവാത്ത സ്ഥലം. ഇത് തന്നെയാണ് ഇവിടെയെത്തുന്ന ഓരോരുത്തർക്കും പറയാനുള്ളത്.

1825 ൽ അന്നത്തെ പ്രധാനമന്ത്രി ഭീംസെൻ ഥാപ്പ പണികഴിപ്പിച്ചതാണു ധരഹര ടവർ. ലളിത് ത്രിപുരസുന്ദരി രാജ്ഞിക്കുവേണ്ടിയാണ് ഈ ടവർ നിർമ്മിച്ചത്. ഈ മിനാരം ഭീംസെൻ ടവർ എന്ന പേരിലും അറിയപ്പെടുന്നു. 1834 ൽ ഉണ്ടായ ഭൂകമ്പത്തിൽ ധരഹര ടവറിനു നാശനഷ്ടമുണ്ടായിരുന്നു. ഒരു നൂറ്റാണ്ട് കഴിഞ്ഞപ്പോൾ മറ്റൊരു ഭൂകമ്പത്തിൽ ഇതു തകർന്നു. 1936 ലാണു പുനർനിർമ്മിച്ചത്. സൈനിക നിരീക്ഷണ ടവറായി നിർമ്മിച്ച ധരഹര പിന്നീട് നേപ്പാളിന്റെ ചരിത്ര സ്മാരകമായി മാറുകയായിരുന്നു. ഒമ്പതു നിലയുള്ള ഈ ടവറിലെ ചുറ്റു ഗോവണിയിലൂടെ എട്ടാം നിലയിലെ മുകപ്പിലെത്താം. ഇവിടെ നിന്നാൽ കാഠ്മണ്ഡു താഴ്‌വാരത്തിന്റെ മൊത്തത്തിലുള്ള ദൃശ്യഭംഗി ആസ്വാദിക്കാം. ഒൻപതുനിലകളുള്ള 61.88 മീറ്റർ ഉയരമുള്ള ടവർ കാഠ്മണ്ഡുവിന്റെ ഹൃദയഭാഗമായ സുന്ദരയിലാണ് സ്ഥിതിചെയ്തിരുന്നത്. നേപ്പാളിന്റെ പൈതൃകകെട്ടിടമായി യുനസ്‌കോ അംഗീകരിച്ചത് ധരഹാര ടവറായിരുന്നു. 213 പടികളുള്ള സ്‌പൈറൽ സ്റ്റെയർകേസായിരുന്നു ഇതിന്റെ ആകർഷണം.

ഓരോരോ കാലഘട്ടങ്ങളിൽ നേപ്പാൾ ഭരിച്ച രാജാക്കന്മാരുടെ ഭരണസിരാകേന്ദ്രങ്ങളായിരുന്നു ഈ നഗരികൾ. ഇവയുടെ സമുച്ചയങ്ങൾ ഇന്ന് ഡർബാർസ്‌ക്വയറുകളെന്ന് അറിയപ്പെടുന്നു. 'നേവ' വാസ്തുശില്പവിദ്യയുടെ മകുടോദാഹരണങ്ങളാണ് ഈ കൊട്ടാരക്കെട്ടുകളും അനുബന്ധക്ഷേത്രങ്ങളും. യുനസ്‌കോ ലോക പൈതൃക കേന്ദ്രങ്ങളായി പ്രഖ്യാപിച്ച ഈ കൊട്ടാരമുറ്റങ്ങൾ വിനോദ സഞ്ചാരികളുടെ പ്രധാന ആകർഷണ കേന്ദ്രമാണ്. പഴയ കാഠ്മണ്ഡുനഗരത്തിന്റെ ഹൃദയഭാഗത്താണ് കാഠ്മണ്ഡു ദർബാർ സ്‌ക്വയർ. ഹനുമാന്റെ ഒരു പ്രതിമ സ്ഥിതിചെയ്യുന്നതിനാൽ ഹനുമാൻ ചത്വരമെന്നും ഇതറിയപ്പെടുന്നു. ഇതും ഭൂകമ്പത്തിൽ തകർന്ന് വീണു.

നൂറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടങ്ങളെല്ലാം പഗോഡരീതിയിൽ നിർമ്മിച്ചവയായിരുന്നു. പഴമയുടെ പ്രൗഢി അവയിലെല്ലാം തെളിഞ്ഞുനിൽക്കുന്നുണ്ടായിരുന്നു. അതു തന്നെയായിരുന്നു നേപ്പാളിന്റെ പൈതൃക കരുത്ത്. ഇവയാണ് ഭൂകമ്പത്തിൽ മാഞ്ഞ് പോകുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP