Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഗൾഫിൽ നിന്നുള്ള 20, 000 പേരെ സ്വീകരിക്കാൻ സമ്മതിച്ചു ബ്രിട്ടൺ; ഹംഗറിയിൽ കുടുങ്ങിയ നിരാലമ്പരെ തിരിഞ്ഞു നോക്കില്ല: യൂറോപ്യൻ യൂണിയൻ കടുത്ത ക്ഷോഭത്തിൽ

ഗൾഫിൽ നിന്നുള്ള 20, 000 പേരെ സ്വീകരിക്കാൻ സമ്മതിച്ചു ബ്രിട്ടൺ; ഹംഗറിയിൽ കുടുങ്ങിയ നിരാലമ്പരെ തിരിഞ്ഞു നോക്കില്ല: യൂറോപ്യൻ യൂണിയൻ കടുത്ത ക്ഷോഭത്തിൽ

ലണ്ടൻ: ബ്രിട്ടണും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ബന്ധം വഷളാകുന്ന തരത്തിലേക്ക് അഭയാർത്ഥി പ്രശ്‌നം അനുദിനം വളർരുന്നതായി റിപ്പോർട്ട്. ലോകത്തിന്റെ കടുത്ത സമ്മർദ്ദത്തിന് വഴങ്ങി 20, 000 അഭയാർത്ഥികളെ സ്വീകരിക്കാമെന്ന് ബ്രിട്ടൺ ഏറ്റെങ്കിലും അതിന് വച്ച നിബന്ധനകളാണ് യൂറോപ്യൻ യൂണിയനെ ചൊടിപ്പിക്കുന്നത്. ഇപ്പോൾ ഹംഗറിയിലും ഓസ്‌ട്രേലിയായിലും ജർമ്മനിയിലും ഗ്രീസിലുമൊക്കെയായി എത്തിയിരിക്കുന്ന ആരെയും സ്വീകരിക്കില്ലെന്നാണ് ബ്രിട്ടന്റെ നിലപാട്. യൂറോപ്പിലെ എല്ലാ രാജ്യങ്ങളും ആളുകളെ വീതിച്ചെടുക്കണം എന്ന് യൂറോപ്യൻ യൂണിയൻ ആവശ്യപ്പെട്ടപ്പോഴാണ് ബ്രിട്ടൺ ഇങ്ങനെ ഒരു നിലപാടെടുത്തത്. വരുന്ന അഞ്ച് വർഷം കൊണ്ട് പശ്ചിമേഷ്യയിൽ നിന്നും 20, 000 പേരെ എടുക്കാമെന്നാണ് ബ്രിട്ടൺ സമ്മതിച്ചിരിക്കുന്നത്.

ജർമനി ഒരു ആഴ്ചയിൽ തന്നെ 10,000-ത്തിലധികം അഭയാർഥികളെ സ്വീകരിച്ച സാഹചര്യത്തിലാണ് ബ്രിട്ടൺ അഭയാർഥികളെ സ്വീകരിക്കാൻ ഉപാധികൾ വച്ചത്. ഇതാണ് യൂറോപ്യൻ യൂണിയനെ ഏറെ ചൊടിപ്പിച്ചിരിക്കുന്നതും. ആഭ്യന്തര യുദ്ധം രൂക്ഷമായിരിക്കുന്ന സിറിയയിൽ നിന്നും മറ്റുമുള്ള അഭയാർഥികൾ മെച്ചപ്പെട്ട ജീവിതം തേടി യൂറോപ്പിലേക്ക് കുടിയേറുന്നത് അന്താരാഷ്ട്ര പ്രശ്‌നമായി വളർന്ന സാഹചര്യത്തിലാണ് ഇക്കാര്യത്തിൽ പിന്നോട്ട് നിന്നിരുന്ന ബ്രിട്ടണോട് അഭയാർഥികളെ സ്വീകരിക്കാൻ യൂറോപ്യൻ യൂണിയൻ ആവശ്യപ്പെട്ടത്. ജർമനിയുൾപ്പെടെയുള്ള മറ്റു രാജ്യങ്ങൾ ഇതിനോടകം ലക്ഷക്കണക്കിന് അഭയാർഥികളെ സ്വീകരിച്ചു കഴിഞ്ഞിരുന്നു.

അഭയാർഥി പ്രവാഹം ക്രമാതീതമായതോടെ ഇതിൽ നിന്നും ഒഴിവാകാൻ പറ്റാത്ത സാഹചര്യത്തിൽ മാത്രമാണ് ബ്രിട്ടൺ സമ്മതം പ്രകടിപ്പിച്ചത്. എന്നാൽ ഇതിന് പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ ഏറെ നിബന്ധനകൾ മുന്നോട്ടു വച്ചത് യൂറോപ്യൻ യൂണിയന്റെ നീരസത്തിന് കാരണമാകുകയും ചെയ്തു. യൂറോപ്പിലെ മറ്റു രാജ്യങ്ങളിലേക്ക് നിലവിൽ കുടിയേറിയിരിക്കുന്നവരെ സ്വീകരിക്കാൻ ഒട്ടും തയാറല്ലെന്ന് കാമറൂൺ യുഎന്നിനെ അറിയിച്ചിട്ടുണ്ട്. അതേസമയം സിറിയയുടെ അയൽരാജ്യങ്ങളായ മറ്റു പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരെ മാത്രമേ തങ്ങൾ സ്വീകരിക്കുകയുള്ളൂവെന്നും അതും അഞ്ചു വർഷം കൊണ്ട് 20,000 പേരെ മാത്രം.

ബ്രിട്ടണിലേക്ക് അഭയാർഥികളായി എത്തുന്നവർക്ക് അഞ്ചു വർഷത്തേക്ക് ഹ്യൂമാനിറ്റേറിയൻ പ്രൊട്ടക്ഷൻ വിസ നൽകുമെന്നും അഭയാർഥികൾക്കായി നീക്കി വച്ചിരിക്കുന്ന സഹായ ധനത്തിൽ നിന്നുള്ള പണമെടുത്ത് ഇവിടെ ജീവിതം കെട്ടിപ്പെടുത്താൻ കൗൺസിലുകൾ സഹായകമാകുമെന്നും കാമറൂൺ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം അഭയാർഥി പ്രശ്‌നത്തിൽ കാമറൂണിന്റെ നിലപാട് ലേബർ, എസ്എൻപി എംപിമാരിൽ നിന്ന് കടുത്ത വിമർശനം ഏൽക്കേണ്ടി വന്നിട്ടുണ്ട്. കാന്റർബറി ആർച്ച് ബിഷപ്പും കാമറൂണിന്റെ നിലപാടിൽ അതൃപ്തി രേഖപ്പെടുത്തി. അഞ്ചു വർഷത്തേക്ക് 20,000 പേർ എന്നുള്ളത് വളരെ ചുരുങ്ങിയ സംഖ്യയാണെന്നും ഇക്കാര്യത്തിൽ ബ്രിട്ടൺ കുറച്ചു കൂടി വിശാല കാഴ്ചപ്പാട് സ്വീകരിക്കണമെന്നുമാണ് ഇവരുടെ അഭിപ്രായം. ജർമനിയുമായി താരതമ്യപ്പെടുത്തുമ്പോൾ ബ്രിട്ടൺ ഏറ്റെടുത്തിരിക്കുന്ന ചുമതല നിസാരമാണെന്ന അഭിപ്രായമാണ് എങ്ങും.

ഇതിനിടെ ഹംഗറി, ഇറ്റലി, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിൽ ഒട്ടേറെപ്പേർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഹംഗറിക്ക് സ്വീകരിക്കാൻ സാധിക്കുന്നതിലും അപ്പുറത്ത് അഭയാർഥികൾ വന്നടിഞ്ഞിരിക്കുന്നത്. ഓരോ രാജ്യത്തിന്റെ സമ്പദ് ഘടനയ്ക്കും ജനസാന്ദ്രതയ്ക്കും ആനുപാതികമായിട്ട് വേണം അഭയാർഥികളെ സ്വീകരിക്കാൻ എന്ന യൂറോപ്യൻ യൂണിയന്റെ നിർദ്ദേശം അനുസരിച്ച് ഹംഗറിക്ക് താങ്ങാൻ സാധിക്കുന്നതല്ല ഇപ്പോൾ ഇവിടത്തേക്കുള്ള അഭയാർഥി പ്രവാഹം. യൂറോപ്പിലേക്ക് എത്തിയിട്ടുള്ളവർക്ക് അഭയം നൽകില്ലെന്ന ബ്രിട്ടന്റെ പ്രഖ്യാപനത്തോടെ ഹംഗറിയിൽ എത്തിയ ആയിരക്കണക്കിന് നിരാലംബരുടെ ഭാവി ഇരുളടഞ്ഞിരിക്കുകയാണ്.

എല്ലാ രാജ്യങ്ങൾക്കും ക്വോട്ട പ്രഖ്യാപിച്ചു യൂറോപ്യൻ യൂണിയൻ; 40,000 പേർ ജർമനിക്കും 30,000 പേർ ഫ്രാൻസിനും

അതേസമയം അഭയാർഥി പ്രശ്‌നം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ യൂറോപ്പിലെ എല്ലാ രാജ്യങ്ങളും തുല്യമായി അഭയാർഥികളെ ഏറ്റെടുക്കുന്നതായി യൂറോപ്യൻ യൂണിയൻ ക്വോട്ട പ്രഖ്യാപിച്ചു. ഇതനുസരിച്ച് ജർമനി 40,000 പേരേയും ഫ്രാൻസ് 30,000 പേരേയും സ്വീകരിക്കും. നിലവിൽ അഭയാർഥികൾ കൂടുതലായി എത്തിയിട്ടുള്ള ഇറ്റലി, ഗ്രീസ്, ഹംഗറി എന്നിവിടങ്ങളിൽ നിന്ന് ഇവരെ പുനർവിന്യസിപ്പിക്കുകയാണ് ക്വോട്ട സമ്പ്രദായത്തിലൂടെ യുഎൻ ലക്ഷ്യമിടുന്നത്.



എന്നാൽ ക്വോട്ട സമ്പ്രദായത്തെ മിക്ക യൂറോപ്യൻ രാജ്യങ്ങളും എതിർക്കുകയായിരുന്നുവെങ്കിലും അഭയാർഥി പ്രശ്‌നം രൂക്ഷമായതോടെ യുഎൻ വീണ്ടും സമ്മർദം ചെലുത്തുകയായിരുന്നു. നിലവിൽ ജർമനിയും ഫ്രാൻസുമായി കമ്മീഷൻ നിർദ്ദേശം പാലിക്കാൻ തയാറായി മുന്നോട്ടു വന്നിരിക്കുന്നത്. മൊത്തം 160,000 അഭയാർഥികളെയാണ് വിവിധ രാജ്യങ്ങൾ പങ്കിട്ടെടുക്കേണ്ടത്. ഇതിൽ പോളണ്ട നേരത്തെ 2000 പേരെ സ്വീകരിക്കാൻ തയാറായി മുന്നോട്ടു വന്നെങ്കിലും യുഎൻ നിർദേശിച്ചിട്ടുള്ളത് 12,000 അഭയാർഥികളെ സ്വീകരിക്കാനാണ്. മുസ്ലിം കുടിയേറ്റക്കാരെ വേണ്ടെന്ന് സ്ലോവാക്യയും ക്വോട്ടയിൽ നിന്ന് ഒഴിവാക്കണമെന്ന് ഹംഗറിയും നിലപാടെടുത്തിരിക്കുന്നത് കുടിയേറ്റ പ്രശ്‌നം സങ്കീർണമാക്കും.

അഭയാർഥികളോട് അനുഭാവം പ്രകടിപ്പിച്ച് ജർമനി തുടക്കത്തിൽ തന്നെ നിലപാട് എടുത്തിരിക്കുകയാണ്. അഭയാർഥികളുടെ പുനരധിവാസത്തിനായി 670 കോടി ഡോളർ സഹായമാണ് ജർമനി പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം ജർമനിക്കു തനിയെ അഭയാർഥികളെ മുഴുവൻ താങ്ങാൻ സാധിക്കുകയില്ലെന്നും യൂറോപ്യൻ രാജ്യങ്ങൾ ഇതിൽ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും ജർമൻ ചാൻസലർ ആംഗല മെർക്കർ വ്യക്തമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP