Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ലേബർ പാർട്ടിയിലെ ഭൂരിപക്ഷം എംപിമാരും തുണയ്ക്കും; നാളെ പാർലിമെന്റിൽ വോട്ടെടുപ്പ്; വൈകുന്നേരം തന്നെ ബോംബ് വർഷിക്കാൻ പദ്ധതി ഒരുക്കി സൈന്യം; ബ്രിട്ടൻ സിറിയയിലേക്ക് ഇറങ്ങുന്നത് ഇങ്ങനെ

ലേബർ പാർട്ടിയിലെ ഭൂരിപക്ഷം എംപിമാരും തുണയ്ക്കും; നാളെ പാർലിമെന്റിൽ വോട്ടെടുപ്പ്; വൈകുന്നേരം തന്നെ ബോംബ് വർഷിക്കാൻ പദ്ധതി ഒരുക്കി സൈന്യം; ബ്രിട്ടൻ സിറിയയിലേക്ക് ഇറങ്ങുന്നത് ഇങ്ങനെ

ലണ്ടൻ: പാരീസാക്രണത്തെ തുടർന്ന് ബ്രിട്ടനിലെ പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം ഇതിന് സമാനമായ ആക്രമണം നടത്തി നിരവധി പേരെ വധിക്കുമെന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ പലവട്ടം ഭീഷണി മുഴക്കിയിട്ടുണ്ട്. അതിനെ തുടർന്ന് ബ്രിട്ടനിലെങ്ങും കനത്ത സുരക്ഷാ സംവിധാനങ്ങളാണ് മുൻകരുതലായി സ്വീകരിച്ചിട്ടുള്ളത്. എന്നാൽ ബ്രിട്ടന് ഇത്തരത്തിൽ പ്രതിരോധം മാത്രമല്ല വശമെന്നും മറിച്ച് തിരിച്ചടിക്കാനുമറിയാമെന്നും തെളിയിക്കാൻ പ്രധാനമന്ത്രി കാമറോൺ ഒരുങ്ങുകയാണ്. സിറിയയിലെ ഐസിസ് താവളങ്ങളെ മുച്ചൂടും മുടിക്കാനായി ബ്രിട്ടന്റെ ടൊർണാഡോ ഫൈറ്റർജെറ്റുകളും ടൈഫൂൺ യൂറോഫൈറ്റേർസും ഇപ്പോൾ തന്നെ തയ്യാറാക്കി ആർഎഎഫ് ആദ്യ ആക്രമണങ്ങൾ നടത്താനായി അക്ഷമയോടെ കാത്തിരിക്കുകയാണ്. കാമറോൺ പച്ചക്കൊടി കാണിക്കേണ്ട താമസം ഇവ ഇസ്ലാമിക് സ്റ്റേറ്റിന് നേരെ മൂളിയുയർന്ന് കനത്ത നാശം വിതയ്ക്കാൻ തുടങ്ങും. അതിന് നാളെ പാർലിമെന്റിൽ ഇത് സംബന്ധിച്ച് നടക്കുന്ന വോട്ടെടുപ്പ് വരെ കാത്തിരിക്കേണ്ടി വരും. ലേബർ പാർട്ടിയിലെ ഭൂരിപക്ഷം എംപിമാരും സിറിയയിലെ ബ്രിട്ടന്റെ സൈനികനടപടിയെ പിന്തുണയ്ക്കുമെന്ന് ഏറെക്കൂറെ ഉറപ്പായിട്ടുണ്ട്. എംപിമാരുടെ പിന്തുണ നേടുന്നതിനെ തുടർന്ന് നാളെ വൈകുന്നേരത്തോടെ ഐസിസ് കേന്ദ്രങ്ങളിൽ ബോംബ് വർഷിക്കാൻ തക്കവണ്ണമാണ് സൈന്യം പദ്ധതിയൊരുക്കി കാത്തിരിക്കുന്നത്. ഇത്തരത്തിൽ തികച്ചും പ്രൗഢഗംഭീരമായാണ് ബ്രിട്ടൻ സിറിയയിലേക്ക് ഇറങ്ങുന്നത്.

ഒരു ദിവസം വെസ്റ്റ്മിൻസ്റ്ററിൽ അരങ്ങേറിയ അന്തർനാടകങ്ങൾക്ക് ശേഷമാണ് നാളെ നടക്കുന്ന പാർലിമെൻരിലെ വോട്ടെടുപ്പിൽ എംപിമാർ ഈ ആക്രമണത്തെ അനുകൂലിച്ച് വോട്ട് ചെയ്യുമെന്ന് കാമറോൺ പ്രഖ്യാപിച്ചിരിക്കുന്നത്.സഖ്യകക്ഷികൾക്കൊപ്പം ഐസിസിനെതിരെ ബ്രിട്ടൻ സിറിയയിലും ഇറാഖിലും യുദ്ധം ചെയ്യണമെന്ന വിഷയത്തിൽ എംപിമാരുടെ പിന്തുണ കൂടിക്കൂടി വരുകയാണെന്നാണ് കാമറോൺ വെളിപ്പെടുത്തിയിരിക്കുന്നത്. ഇത് ദേശീയതാൽപരമനുസരിച്ച് ചെയ്യുന്ന ശരിയായ കാര്യമാണെന്നാണ് സൈനിക ആക്രമണത്തെ പ്രധാനമന്ത്രി വിശേഷിപ്പിച്ചിരിക്കുന്നത്. ബ്രിട്ടനെ സുരക്ഷിതമാക്കാൻ ഈ നടപടി അത്യാവശ്യമാണ്.സൈനിക നടപടിയെടുക്കാൻ തീരുമാനമെടുക്കുകയെന്നത് ഒരു പ്രധാനമന്ത്രിയെ സംബന്ധിച്ചിടത്തോളം ഗൗരവപരമായ കാര്യമാണെന്നും എന്നാൽ പാരീസാക്രമണത്തിന് ശേഷം ഐസിസ് ബ്രിട്ടന് നേരെ നേരിട്ട് ഭീഷണി മുഴക്കുന്ന സാഹചര്യം സംജാതമായതിനാൽ ഈ ആക്രമണം അനിവാര്യമാണെന്നും കാമറോൺ പറയുന്നു.

സിറിയയിൽ ബ്രിട്ടൻ നടത്തുന്ന ആക്രമണത്തെ പിന്തുണയ്ക്കുന്നതിനെ ചൊല്ലി ലേബർ പാർട്ടിയിലെ അംഗങ്ങൾക്കിടയിൽ കടുത്ത അഭിപ്രായവ്യത്യാസമാണ് നിഴലിച്ചിരുന്നത്.ലേബർ നേതാവായ ജെറമി കോർബിൻ തന്നെയായിരുന്നു ഈ നടപടിയെ തുടക്കം മുതലെ ശക്തമായി എതിർത്തിരുന്നത്. ലേബർ എംപിമാരെ ഇതിന് അനുകൂലമായി വോട്ട് ചെയ്യാൻ അനുവദിച്ചാൽ അത് കാമറോണിന്റെ വിജയമാകുമെന്നായിരുന്നു കോർബിന്റെ പാളയം മുന്നറിയിപ്പേകിയിരുന്നത്.തുടക്കത്തിൽ ലേബർ എംപിമാർ ഈ സൈനിക നീക്കത്തിനെതിരായി വോട്ട് ചെയ്യണമെന്ന കടുത്ത നിലപാടായിരുന്നു കോർബിൻ സ്വീകരിച്ചിരുന്നത്.തങ്ങളുടെ അംഗങ്ങളിൽ 75 ശതമാനവും സൈനികനീക്കത്തെ എതിർക്കുന്നുവെന്ന് ഒരു പോളിലൂടെ തെളിഞ്ഞിട്ടുണ്ടെന്ന് പാർട്ടിനേതൃത്വം ഇതിനെ പിന്തുണച്ച് കൊണ്ട് വാദിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിനെ തുടർന്ന് പാർട്ടിയിലുണ്ടായ തുറന്ന വാഗ്വാദങ്ങളും കൂട്ടരാജിയുണ്ടാകുമെന്ന അംഗങ്ങളുടെ ഭീഷണിയും മൂലം കോബ്രിൻ ഈ വിഷയത്തിൽ പത്തി മടക്കുകയായിരുന്നു. തുടർന്ന് ഇന്നലെ കൂടിയ ഒരു ഷാഡോ കാബിനറ്റ് മീറ്റിംഗിൽ വച്ച് അദ്ദേഹം തീർത്തും ഒതുങ്ങുകയും ലേബർ എംപിമാർ ഇതിനെ അനുകൂലിച്ച് ഫ്രീ വോട്ട് ചെയ്യുമെന്ന് പ്രഖ്യാപിക്കുകയുമായിരുന്നു.നേതൃത്വത്തിന്റെ നിർദേശമില്ലാതെയുള്ള വോട്ടിംഗാണ് ഫ്രീ വോട്ട് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.

ഇപ്പോൾ പാർട്ടിയിലെ കടുത്ത ഇടതുപക്ഷ വാദികളിൽ നിന്നും മിതവാദികളിൽ നിന്നും കനത്ത വിമർശനമാണ് കോർബിന് നേരെ ഉയർന്ന് വന്നിരിക്കുന്നത്. സുസ്ഥിരമായ നിലപാട് സ്വീകരിക്കാനാണ് ആദ്യത്തെ ഗ്രൂപ്പ് കോർബിനോട് ആവശ്യപ്പെടുന്നത്. സൈനികനടപടിയുമായി ബന്ധപ്പെട്ട വാഗ്വാദങ്ങൾ കോർബിൻ മോശപ്പെട്ട നിലയിൽ കൈകാര്യം ചെയ്തതിനെയാണ് മിതവാദികൾ കടുത്ത ഭാഷയിൽ വിമർശിച്ചിരിക്കുന്നത്.100ഓളം ലേബർ എംപിമാർ സൈനികനടപടിയെ അനുകൂലിച്ച് വോട്ട് ചെയ്യുമെന്നാണ് കഴിഞ്ഞ രാത്രി പാർട്ടിവൃത്തങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. ലിബറൽ ഡെമോക്രാറ്റുകളും ഇതിനെ അനുകൂലിച്ചേക്കാമെന്ന സൂചനകളാണ് കഴിഞ്ഞ രാത്രിയിൽ ഉയർന്ന് വന്നിരിക്കുന്നത്.എന്നാൽ നാളെ ഇത് സംബന്ധിച്ച നടക്കുന്ന നിർണായകമായ ചർച്ചയിൽ കോർബിൻ തനിക്ക് സൈനികനടപിയിലുള്ള വ്യക്തിപരമായുള്ള എതിർപ്പ് വ്യക്തമാക്കുമെന്നുറപ്പാണ്. ഇത് കാമറോണിന് വിജയം ഒരു പ്ലേറ്റിൽ വച്ച് നീട്ടുന്നതിന് തുല്യമാണെന്നാണ് ലേബർ നേതാവ് ഡയാന അബോട്ട് പ്രതികരിച്ചിരിക്കുന്നത്. കോർബിന്റെ കീഴടങ്ങലിന് മുമ്പായിരുന്നു അവർ ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്. സൈനികനടപടിയിൽ തങ്ങൾക്കുള്ള ഉത്കണ്ഠ ചില ടോറിഎംപിമാരും കഴിഞ്ഞ രാത്രിയിൽ വെളിപ്പെടുത്തിയിരുന്നു.

70,000 സിറിയൻ റിബലുകൾ ഐസിസിനെതിരായി പോരാടാൻ രംഗത്തുണ്ടെന്ന് കാമറോൺ വെളിപ്പെടുത്തുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ ചില ടോറി എംപിമാർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. ഇത്തരത്തിലുള്ള റിബലുകളെ വേണ്ട വിധത്തിൽ ഏകീകരിച്ചില്ലെങ്കിലും സംഘടിപ്പിച്ചില്ലെങ്കിലും ഐസിസിന് ശേഷം മറ്റൊരു ഗ്രൂപ്പ് ക്രിമിനൽ സംഘമായിരിക്കും ഇവിടെ ഉയർന്ന് വരുകയെന്നാണ് ടോറി എംപിയായ ആൻഡ്രൂ ടേണർ മുന്നറിയിപ്പേകുന്നത്.റഷ്യയുമായി സഹകരിച്ച് സിറിയയിൽ സ്ഥിരത കൈവരുത്തുന്നതിനുള്ള നടപടിക്കാണ് ബ്രിട്ടൻ പ്രാധാന്യം നൽകേണ്ടതെന്നാണ് മറ്റൊരു ടോറി എംപിയായ ഡാനിയേൽ കാസിൻസ്‌കി പറയുന്നത്.റഷ്യയുമായുള്ള അനാവശ്യമായ കലഹങ്ങൾ ബ്രിട്ടൻ അവസാനിപ്പിക്കുകയാണ് വേണ്ടതെന്നാണ് മറ്റൊരു ടോറി നേതാവായ ആദം അഫ്രിയി ആവശ്യപ്പെട്ടിരിക്കുന്നത്. പാർലിമെന്റിലെ ഭൂരിഭാഗം അംഗങ്ങളും ബ്രിട്ടന്റെ നടപടിയെ പിന്തുണയ്ക്കുന്ന സാഹചര്യം സംജാതമായതിനാൽ ഈ സൈനിക നടപടിയിൽ തനിക്ക് ആത്മവിശ്വാസമുണ്ടെന്നാണ് ഫോറിൻ സെക്രട്ടറി ഫിലിപ് ഹാമണ്ട് പറയുന്നത്.

കഴിഞ്ഞ വാരാന്ത്യത്തിലുടനീളം സിറിയയിലെ ബ്രിട്ടന്റെ സൈനിക നടപടിയെ എതിർക്കണമെന്നാവശ്യപ്പെട്ട് ലേബർ എംപിമാർക്ക് നിരവധി ഇമെയിലുകളാണ് ലഭിച്ചിരുന്നത്. കോർബിനെ പിന്തുണയ്ക്കുന്ന ഗ്രൂപ്പായിരുന്നു ഇവ അയച്ചിരുന്നത്. സൈനികനീക്കത്തെ ഇവർ ഫേസ്‌ബുക്കിലൂടെയും ട്വിറ്ററിലൂടെയും അധിക്ഷേപിക്കുകയും ചെയ്തിരുന്നു.കോർബിന്റെ നിലപാടിനെ പിന്തുണയ്ക്കാനായി 1900 പാർട്ടി അംഗങ്ങൾക്കിടയിൽ അഭിപ്രായ സർവേ നടത്തിയെന്ന് പറഞ്ഞ് ലേബർ ഒരു ഫലം പുറത്ത് വിട്ടിരുന്നു. തങ്ങളുടെ 75 ശതമാനം അംഗങ്ങളും സൈനിക നടപടിയെ എതിർക്കുന്നുവെന്നായിരുന്നു ഈ ഫലത്തിലൂടെ ലേബർ പാർട്ടി വ്യക്തമാക്കിയിരുന്നത്. എന്നാൽ ജനങ്ങളിൽ 60 ശതമാനവും സിറിയയിലെ ബോംബിംഗിനെ അനുകൂലിക്കുന്ന നിലപാടാണ് വെളിപ്പെടുത്തിയിരിക്കുന്നത്.ഇതു പ്രകാരം പൊതുജനങ്ങളിൽ 13 ശതമാനം പേർ മാത്രമാണ് സൈനിക നടപടിയെ എതിർക്കുന്നത്. ലേബർ അംഗങ്ങളിൽ 24 ശതമാനം മാത്രമെ സൈനിക നീക്കത്തെ അനുകൂലിക്കുന്നുള്ളൂവെന്നും പ്രസ്തുത സർവേ വെളിപ്പെടുത്തുന്നു. ഇക്കാര്യത്തിൽ പ്രത്യേകിച്ച് നിലപാടുകളൊന്നുമില്ലാത്ത 11 ശതമാനം ലേബർമെമ്പർമാരുണ്ടെന്നും 16 ശതമാനം പൊതുജനങ്ങളുണ്ടെന്നും സർവേഫലങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP