Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സിറിയയും ഇറാഖും തകർത്താലും ഐസിസ് ഇല്ലാതാവില്ല; അനേകം രാഷ്ട്രങ്ങളിലേക്ക് പടർന്ന് കഴിഞ്ഞു; ബ്രിട്ടൻ അടക്കമുള്ളിടങ്ങളിൽ ജൈവായുധ പ്രയോഗം ഉണ്ടായേക്കും

സിറിയയും ഇറാഖും തകർത്താലും ഐസിസ് ഇല്ലാതാവില്ല; അനേകം രാഷ്ട്രങ്ങളിലേക്ക് പടർന്ന് കഴിഞ്ഞു; ബ്രിട്ടൻ അടക്കമുള്ളിടങ്ങളിൽ ജൈവായുധ പ്രയോഗം ഉണ്ടായേക്കും

സിസിനെതിരെ സിറിയയിൽ റഷ്യയുടെ നേതൃത്വത്തിലുള്ള ആക്രമണം ആരംഭിച്ചതിന് ശേഷം ഐസിസ് തകർച്ചയിലേക്ക് കൂപ്പ് കുത്തിക്കൊണ്ടിരിക്കുകയാണെന്നത്. സത്യമാണ്. അവരുടെ പല ശക്തി കേന്ദ്രങ്ങളും ഈ ആക്രമണത്തിൽ തകർന്ന് തരിപ്പണമാവുകയും ചെയ്തിട്ടുണ്ട്. ഇതിന് പുറമെ അമേരിക്കയുടെയും സഖ്യകക്ഷികളുടെയും നേതൃത്വത്തിൽ ഇറാഖിലും സിറിയയിലും നടത്തുന്ന ആകമണവും ഐസിസിനെ വട്ടം കറക്കുന്നുണ്ട്. പാരീസാക്രണമത്തിന് ശേഷം ഫ്രാൻസും തങ്ങളുടെ ഐസിസ് വേട്ട ഇരട്ടിയാക്കി വർധിപ്പിച്ചിട്ടുണ്ട്. ഇതിന് പുറമെ ബ്രിട്ടനും ജർമനിയും ഭീകര വേട്ടയ്ക്കായി സിറയയിലും ഇറാഖിലും അടുത്തിടെ ഇറങ്ങിയതും ഐസിസിന് വൻ തിരിച്ചടിയാണേകിയിരിക്കുന്നത്.

ഇത്തരത്തിൽ വിവിധ ശക്തികൾ വളഞ്ഞാക്രമിക്കാൻ തുടങ്ങിയതോടെ ഇസ്ലാമിക് സ്‌റ്റേറ്റ് എന്ന ഭീകര സംഘടന കുറച്ച് കാലത്തിനുള്ളിൽ പൂർണമായും ഇല്ലാതാവുമെന്നാണ് ഭൂരിഭാഗം പേരും ആശ്വാസം കൊള്ളുന്നത്. എന്നാൽ അത് വെറും വ്യാമോഹം മാത്രമാണെന്നാണ് പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. അതായത് സിറിയയും ഇറാഖും തകർത്താലും ഐസിസ് ഇല്ലാതാവില്ലെന്ന് ചുരുക്കം. ഐസിസ് ഇപ്പോൾ ഈ രാഷ്ട്രങ്ങൾക്ക് പുറമെ മറ്റനേകം രാജ്യങ്ങളിലേക്കും വ്യാപിച്ചതാണിതിന് കാരണം. സിറിയയിൽ നിന്നും ഇറാഖിൽ നിന്നും തങ്ങളുടെ ആസ്ഥാനം യെമനിലേക്കും അഫ്ഗാനിസ്ഥാനിലേക്കും ഐസിസുകാർ മാറ്റാനുള്ള നീക്കങ്ങൾ ആരംഭിച്ചുവെന്ന് കഴിഞ്ഞ ദിവസം പുറത്ത് വന്ന റിപ്പോർട്ട് വ്യക്തമായ സൂചനയേകിയിരുന്നു. ഇതിന് പുറമെ പാശ്ചാത്യ രാജ്യങ്ങൾ തങ്ങൾക്കെതിരെ ആക്രമണങ്ങൾക്കുള്ള ശക്തമായ തിരിച്ചടി നൽകാനായി ഐസിസ് യൂറോപ്യൻ രാജ്യങ്ങൾക്കെതിരെ മാരകമായ ജൈവായുധ പ്രയോഗം നടത്താനുള്ള നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന യൂറോപ്യൻ പാർലിമെന്റ് രേഖ മുന്നറിയിപ്പേകുന്നത്.പാരീസാക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രീയ നിരൂപകനായ ബീട്രിക്‌സ് ഇമെൻകാംപ് ആണ് ഈ രേഖ സമാഹരിച്ചിരിക്കുന്നത്.

പടിഞ്ഞാറൻ രാജ്യങ്ങളെ മുച്ചൂടും സംഹരിക്കാനായി ജൈവായുധങ്ങൾക്ക് പുറമെ ഐസിസ് ഐസിസുമാർ കെമിക്കൽ, ബയോളജിക്കൽ, റേഡിയോളജിക്കൽ, അല്ലെങ്കിൽ ന്യൂക്ലിയർ(സിബിആർഎൻ) മെറ്റീരിയലുകൾ ഉപയോഗിച്ചുള്ള ആക്രമണങ്ങൾക്ക് ഒരുങ്ങുകയാണെന്നും യൂറോപ്യൻ പാർലിമെന്റ് മുന്നറിയിപ്പേകുന്നുണ്ട്. ഇത്തരം അതിസംഹാരശേഷിയുള്ള ആധുനിക പടക്കോപ്പുകൾ തയ്യാറാക്കാനായി

ഐസിസ് കെമിസ്ട്രി, ഫിസിക്‌സ്, കമ്പ്യൂട്ടർ സയൻസ് എന്നിവയിൽ വിദഗ്ധരായവരുടെ റിക്രൂട്ടിംഗും ആരംഭിച്ചിട്ടുണ്ട്. ആഗോള തലത്തിലെ യുദ്ധങ്ങളിൽ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരിക്കുന്ന വിനാശകാരികളായ ആയുധങ്ങൾ തങ്ങൾ ഭാവിയിൽ നടത്തുന്ന ആക്രമണങ്ങളിൽ ഉപയോഗിക്കാൻ ഇസ്ലാമിക് സ്‌റ്റേറ്റ് പദ്ധതിയിടുന്നുണ്ടെന്നതിന്റെ തെളിവുകൾ പരക്കെ ആശങ്കയുണർത്തുന്നുണ്ട്.അടുത്തിടെ വെളിച്ചത്ത് വന്ന ഐസിസ് രേഖയിൽ നിന്നാണീ പദ്ധതികളെക്കുറിച്ചുള്ള രഹസ്യങ്ങൾ പുറത്ത് വന്നിരുന്നത്.

പാരീസ് ആക്രമണത്തിന് ശേഷമായിരുന്നു ഈ രേഖകൾ അന്വേഷണ ഉദ്യോഗസ്ഥരുടെ കൈവശമെത്തിയത്. അപകടകാരിയായ ഡബ്ല്യൂഎംഡി മെറ്റീരിയൽ ഐസിസ് യൂറോപ്പിലേക്ക് ഇതിനായി രഹസ്യമായി എത്തിച്ചിട്ടുണ്ടെന്നും വെളിപ്പെട്ടിട്ടുണ്ട്. വരുംകാലത്തുണ്ടാകാൻ സാധ്യതയുള്ള തീവ്രവാദ ആക്രണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പങ്ക് വയ്ക്കുന്നതിൽ യൂറോപ്യൻ രാജ്യങ്ങൾ പരാജയപ്പെട്ടാൽ അത് ഐസിസ് ചൂഷണം ചെയ്ത് ആക്രമണം നടത്തുമെന്നും വിദഗ്ദ്ധർ മുന്നറിയിപ്പേകുന്നു. ഇസ്ലാമിക് സ്റ്റേറ്റിന്റെ ആക്രമണ ഭീഷണി ദിനം പ്രതി വർധിച്ച് വരുന്ന ഈ കാലഘട്ടത്തിൽ ഒരു ഭീകരാക്രമണം ഉണ്ടായാൽ എങ്ങിനെ നേരിടണമെന്നതിനെക്കുറിച്ച് ബ്രിട്ടീഷ് പൊലീസ് സേനകൾ കടുത്ത പരിശീലനം നടത്തുന്നുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ് രാസായുധങ്ങളും ജൈവായുധങ്ങളും അണ്വായുധങ്ങളും ഉപയോഗിച്ച് കടുത്ത ആക്രമണങ്ങൾ നടത്താൻ സാധ്യതയുണ്ടെന്ന് പൊതുജനങ്ങളെ ബോധ്യപ്പെടുത്താൻ വിവിധ രാജ്യങ്ങളിലെ ഗവൺമെൻരുകൾ മുൻകൈയെടുക്കണമെന്നാണ് യൂറോപ്യൻ യൂണിയൻ റിപ്പോർട്ട് മുന്നോട്ട് വയ്ക്കുന്ന പ്രധാന ആവശ്യം.

ഐസിസ് ഭീഷണിയുയർത്തുന്നുണ്ടെന്ന് എല്ലാവർക്കുമറിയാമെങ്കിലും യൂറോപ്യൻ പൗരന്മാർ വേണ്ടത്ര ബോധവാന്മരല്ലെന്നും എന്നാൽ ഇപ്പോഴത്തെ അവസ്ഥയിൽ ഭീകരർ ഏത് തരത്തിലുള്ള ആക്രമണത്തിനും മുന്നിട്ടിറങ്ങുമെന്ന കാര്യം യൂറോപ്യന്മാർ ഗൗരവപരമായി കാണണമെന്നും അതിനെ നേരിടാനുള്ള ജാഗ്രത പുലർത്തുകയും വേണമെന്നാണ് യൂറോപ്യൻ യൂണിയൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു ദശാബ്ദത്തിനിടെ യൂറോപ്പ് ഭൂഖണ്ഡം അനുഭവിക്കാനിരിക്കുന്ന രക്തരൂക്ഷിതമായ ആക്രമണങ്ങളായിരിക്കും ഐസിസ് ഇവിടെ നടത്തുകയെന്നാണ് യൂറോപോൾ തലവനായ റോബ് വെയിൻ റൈറ്റ് മുന്നറിയിപ്പേകുന്നു.പാരീസാക്രമണത്തിന് ശേഷം യൂറോപ്പുകാർ ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധാലുക്കളാണെന്നും എന്നാൽ ഇസ്ലാമിക് സ്റ്റേറ്റിന് ധനവും ആൾബലവും ധാരാളമുണ്ടെന്നും അവർ അത് ഫലപ്രദമായി കൂട്ടിയിണക്കി ശക്തിപ്പെട്ട് യൂറോപ്പിൽ സജീവമാവുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഓൺലൈനിലൂടെയും സോഷ്യൽ മീഡിയകളിലൂടെയും ഐസിസ് ലോകമാകമാനം നിന്നും നിരവധി പേരെ തങ്ങളുടെ പ്രസ്ഥാനത്തിലേക്ക് നേരത്തെ തന്നെ ആകർഷിച്ചിരുന്നു. അതുവഴി വിവിധ രാജ്യങ്ങളിൽ സംഘടനയ്ക്ക് വേരോട്ടമുണ്ടാക്കാൻ അവർക്ക് നേരത്തെ തന്നെ സാധിച്ചിട്ടുണ്ട്. ഇതിലൂടെ അവിടങ്ങളിൽ നിന്നെല്ലാം നൂറുകണക്കിന് പേർ ഐസിസിൽ പ്രവർത്തിക്കാനും പരിശീലനം നേടുവാനും വേണ്ടി സിറിയയിലും ഇറാഖിലും എത്തുകയും ചെയ്തിരുന്നു. ഇപ്പോൾ സഖ്യശക്തികളുടെ ആക്രമണത്തെ തുടർന്ന് ഇറാഖിലും സിറിയയിലും പിടിച്ച് നിൽക്കാൻ പാടുപെടുന്ന ഐസിസ് ഇത്തരം വേരോട്ടം പരമാവധി പ്രയോജനപ്പെടുത്തി വിവിധ രാജ്യങ്ങളിലേക്ക് തങ്ങളുട പ്രവർത്തനം വ്യാപിപ്പിപ്പിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളിലുള്ള തങ്ങളുടെ വിശ്വസ്ത പ്രവർത്തകരുടെ സഹായത്തോടെ അവിടങ്ങളിലെല്ലാം തങ്ങളുടെ ബ്രാഞ്ച് സ്ഥാപിക്കാനാണ് ഐസിസ് ഇപ്പോൾ കിണഞ്ഞ് പരിശ്രമിക്കുന്നത്. ഇങ്ങനെ വരുമ്പോൾ ഇറാഖിൽ നിന്നും സിറിയയിൽ നിന്നും വേര് പിഴുതെറിഞ്ഞാലും ഐസിസിനെ പൂർണമായും ഇല്ലാതാക്കാനാവില്ലെന്നുറപ്പാണ്. സിറിയയിൽ നടത്തി വരുന്ന ജിഹാദ് പരാജയപ്പെടുമെന്ന് ഏറെക്കൂറെ ഉറപ്പായതോടെ കളം മാറ്റി ചവിട്ടാനാണ് ഇസ്ലാമിക് സ്‌റ്റേറ്റിന്റെ തീരുമാനമെന്നാണ് സൂചന. ഇതിനെത്തുടർന്ന് സിറിയയിൽ നിന്നും ഇറാഖിൽ നിന്നും ഐസിസ് ഭീകരർ മറ്റ് പല രാജ്യങ്ങളിലേക്കും കടന്നുവെന്നും റിപ്പോർട്ടുണ്ട്.

ഐസിസിന് കൂടുതൽ അനുയായികളുള്ള രാജ്യങ്ങളിലൊന്ന് ബ്രിട്ടനാണ്. ഇവിടെ നിന്നും 800 ബ്രിട്ടീഷുകാർ ഐസിസിന് വേണ്ടി പോരാടാൻ സിറിയയിലേക്ക് പോയതായി കഴിഞ്ഞ മാസം സ്ഥിരീകരിക്കപ്പെട്ടിരുന്നു.ഇവരിൽ 400 പേർ ഇപ്പോൾ തിരിച്ചെത്തിയിട്ടുണ്ടെന്നാണ് ഡിഫെൻസ് റിവ്യൂ മുന്നറിയിപ്പേകുന്നത്. അവർ ഏത് നിമിഷവും ഇവിടെ കടുത്ത ആക്രമണങ്ങൾ നടത്താൻ ഒരുങ്ങുന്നുവെന്നും ഇന്റലിജൻസ് മുന്നറിയിപ്പുണ്ട്. കഴിഞ്ഞ ദിവസം പുറത്ത് വന്ന ഒരു പോൾ ഫലമനുസരിച്ച് ബ്രിട്ടനിലെ മുസ്ലിം യുവാക്കൾക്ക് ഐസിസിനോട് സ്‌നേഹവും സഹതാപവുമേറെയാണെന്നും തെളിഞ്ഞിട്ടുണ്ട്.

ബ്രിട്ടനിലെ 18 മുതൽ 34 വയസ് വരെയുള്ള മുസ്ലീങ്ങളിൽ നാലിലൊന്ന് പേരും ബ്രിട്ടീഷ് ജിഹാദികളെ പിന്തുണയ്ക്കുന്നുവെന്നാണ് സൺ പത്രം നടത്തിയ പോളിലൂടെ വെളിപ്പെട്ടിരിക്കുന്നത്. ഇതിന് പുറമെ എല്ലാ പ്രായത്തിലുമുള്ള അഞ്ചിൽ ഒരാൾ എന്ന തോതിൽ സിറിയയിൽ പൊരുതുന്ന ബ്രിട്ടീഷ് ജിഹാദികളെ പിന്തുണയ്ക്കുന്നവരാണെന്നും തെളിഞ്ഞിട്ടുണ്ട്. ങ്ങൾക്ക് വേണ്ടി കൂടിയാണ് ഇവർ സിറിയയിൽ പോയി കഷ്ടപ്പെട്ട് പൊരുതുന്നതെന്ന് ബ്രിട്ടനിലെ ഈ മുസ്ലീങ്ങൾ തിരിച്ചറിയുുന്നുണ്ടത്രെ. പാരീസാക്രണത്തിന് ശേഷമാണീ പോൾ നടത്തിയിരിക്കുന്നത്.

ബെൽജിയമാണ് ഐസിസിന് അനുയായികളേറെയുള്ള മറ്റൊരു യൂറോപ്യൻ രാജ്യം. പാരീസാക്രമണത്തിൽ നിർണായക പങ്ക് വഹിച്ച ഭീകരരെല്ലാം സിറിയയിിൽ നിന്നും മടങ്ങിയ ബെൽജിയം ഭീകരരായിരുന്നു. അതിന് ശേഷം 16ഐസിസിസ് അനുയായികളെ ബെൽജിയത്തിൽ വച്ച് അറസ്റ്റ് ചെയ്യുകയുമുണ്ടായിരുന്നു. പാരീസാക്രണത്തിന് ഫ്രാൻസിലുള്ള തദ്ദേശീയരായ ഐസിസുകാരും മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. ഫ്രാൻസിൽ ജനിച്ച് വളർന്ന് ഭീകരരായവർ പാരീസാക്രമണത്തിന് ശേഷം തുറന്ന ഭീഷണിയുമായി രംഗത്തെത്തിയിരുന്നു. ഫ്രാൻസിലെ നഗരങ്ങളിൽ ബോംബ് വർഷിക്കുമെന്നാണിവർ ഭീഷണി മുഴക്കിയിരിക്കുന്നത്.ഫ്രാൻസിൽ അധികം വൈകാതെ പുതിയ ആക്രമണ പരമ്പരകൾ തീർക്കുമെന്ന പുതിയ ഭീഷണിയുമായാണ് ഫ്രഞ്ച് ഐസിസ് ഭീകരർ രംഗത്തെത്തിയിരിക്കുന്നത്.അതിന് 24 മണിക്കൂർ മുമ്പ് ഈഫൽ ഗോപുരം നിലംപതിച്ച്കിടക്കുന്ന സിനിമാദൃശ്യം ഉപയോഗിച്ചുള്ള മറ്റൊരു വീഡിയോയും അവർ പുറത്തിറക്കിയിരുന്നു. നിങ്ങളുടെ രാജ്യത്തെ തകർക്കാൻ ഞങ്ങൾ വരുന്നുവെന്നാണ് മുഖം മൂടി ധരിച്ച് തോക്കേന്തിയ ഒരു ഐസിസ് ഭീകരൻ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ഒരു വീഡിയോയിലൂടെ ഭീഷണി മുഴക്കിയിരുന്നത്.

അമേരിക്കയിലും ഐസിസിന് അനുയായികളുണ്ടെന്നാണ് കഴിഞ്ഞ ദിവസം കാലിഫോർണിയയിൽ നടന്ന കൂട്ടക്കൊല വെളിപ്പെടുത്തുന്നത്. കൊലയാളികളായ മുസ്ലിം ദമ്പതികൾ കടുത്ത ഐസിസ് അനുഭാവികളായിരുന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്. ഇതിന് പുറമെ ന്യൂയോർക്ക് സിറ്റിയിലും യുസ് തലസ്ഥാനമായ വാഷിങ്ടൺ ഡിസിയിലും ആക്രമണം നടത്തുമെന്ന് ഭീഷണി മുഴക്കിക്കൊണ്ടുള്ള വീഡിയോകൾ കഴിഞ്ഞയാഴ്ച ഐസിസ് പുറത്തിറക്കിയിരുന്നു.പാരീസിൽ നിന്ന് തങ്ങൾ ആക്രമണം തുടങ്ങിയെന്നും വൈറ്റ് ഹൗസിനെ തകർത്തുകൊണ്ട് അത് അവസാനിപ്പിക്കുമെന്നും ഈ വീഡിയോയിൽ പ്രത്യക്ഷപ്പെട്ട ഭീകരൻ മുന്നറിയിപ്പേകുന്നുണ്ട്. ഹംഗറിയിലും ഐസിസിന് നല്ല വേരോട്ടമാണുള്ളത്. ഹംഗറിയിലെ ആന്റി ടെറർ പൊലീസ് അവിടെ ബോംബ് നിർമ്മാണ ലബോറട്ടറി കണ്ടെത്തിയെന്ന ഞെട്ടിപ്പിക്കുന്ന വിവരം പുറത്ത് വന്നു. ആധുനിക ഉപകരണങ്ങളാൽ സജ്ജീകരിച്ച ലബോറട്ടറിയാണ് കണ്ടെത്തിയതെന്നത് ആശങ്ക വർധിപ്പിക്കുന്നു. ഈ റെയ്ഡിനെ തുടർന്ന് തങ്ങൾ തീവ്രവാദികളായ മുസ്ലീങ്ങളെ അറസ്റ്റ് ചെയ്തുവെന്ന് എലൈറ്റ് സ്‌പെഷ്യൽ ഫോഴ്‌സ് ടീം വെളിപ്പെടുത്തുന്നു.

പാശ്ചാത്യ രാജ്യങ്ങൾ സിറിയയിലും ഇറാഖിലും ഐസിസിന് നേരെ വ്യോമാക്രമണം ശക്തിപ്പെടുത്തിയ സാഹചര്യത്തിൽ അവർ യെമനിലേക്കും അഫ്ഗാനിസ്ഥാനിലേക്കും തങ്ങളുടെ കേന്ദ്രം മാറ്റിക്കൊണ്ടിരിക്കുകയാണെന്നതിന്റെ വ്യക്തമായ സൂചനകൾ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നിരിക്കുന്നത്. അഫ്ഗാനിൽ താലിബാൻ കേന്ദ്രങ്ങൾ കീഴടക്കിക്കൊണ്ടാണ് ഐസിസ് ശക്തിപ്രാപിക്കുന്നത്.

ഈ ആഴ്ച താലിബാൻ നേതാവ് മുല്ല അക്തർ മൻസൂറിനെ ഐസിസ് ഭീകരർ വെടി വച്ച് കൊന്നുവെന്ന സൂചനകൾ പുറത്ത് വന്നിട്ടുണ്ട്. താലിബാൻ കമാൻഡർമാരുടെ ഒരു യോഗത്തിൽ പങ്കെടുത്തുകൊണ്ടിരിക്കുമ്പോഴായിരുന്നു ഇയാൾ വെടിയേറ്റ് മരിച്ചത്. സിറിയയിൽ നിന്നും ഇറാഖിൽ നിന്നും 70 ഐസിസ് ഭീകരർ അഫ്ഗാനിലെത്തി ഇവിടെ തങ്ങളുടെ ബ്രാഞ്ച് ആരംഭിക്കാൻ പദ്ധതികൾ തയ്യാറാക്കിയെന്നും യുഎൻ വെളിപ്പെടുത്തിയിരുന്നു.ഐസിസ് ലോകവ്യാപകമാകുന്നുവെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP