Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യ കാട്ടുന്ന വഴിയേ ബ്രിട്ടനും; രോഗലക്ഷണം ഉള്ളവർക്ക് ടെസ്റ്റ്; അന്യ നാടുകളിൽ നിന്നും വന്നാൽ രണ്ടാഴ്ച ക്വാറന്റീൻ നിർബന്ധം അഥവാ 1000 പൗണ്ട് പിഴ; ഹോട് സ്‌പോട്ടിൽ നിന്നുള്ളവരുടെ യാത്ര തടയും; പിഴയും കിട്ടും; ഈദ് പെരുന്നാൾ മൂലം നാളെ കർശന പൊലീസ് നിയന്ത്രണം

ഇന്ത്യ കാട്ടുന്ന വഴിയേ ബ്രിട്ടനും; രോഗലക്ഷണം ഉള്ളവർക്ക് ടെസ്റ്റ്; അന്യ നാടുകളിൽ നിന്നും വന്നാൽ രണ്ടാഴ്ച ക്വാറന്റീൻ നിർബന്ധം അഥവാ 1000 പൗണ്ട് പിഴ; ഹോട് സ്‌പോട്ടിൽ നിന്നുള്ളവരുടെ യാത്ര തടയും; പിഴയും കിട്ടും; ഈദ് പെരുന്നാൾ മൂലം നാളെ കർശന പൊലീസ് നിയന്ത്രണം

പ്രത്യേക ലേഖകൻ

കവൻട്രി: കോവിഡ് മരണങ്ങൾ അരലക്ഷം എങ്കിലും കടക്കും എന്നുറപ്പായിരിക്കെ തുടക്കം മുതൽ കടുത്ത നിയന്ത്രണങ്ങളുമായി നീങ്ങുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ പാത പിന്തുടരാൻ ബ്രിട്ടനും തയ്യാറെടുക്കുന്നു. ദിനംപ്രതിയുള്ള മരണ സംഖ്യാ കാര്യമായി കുറയാത്തതും പുതുതായി കൂടിതൽ രോഗികൾ എത്തുന്നതും വേനൽക്കാല ദിനങ്ങൾ പിറന്നു തുടങ്ങിയതുമെല്ലാം കടുത്ത നിയന്ത്രങ്ങളിലേക്കു നീങ്ങാൻ ബ്രിട്ടൻ പ്രേരിപ്പിക്കുകയാണ്. ഒരു തടസവും ഇല്ലാതെ തുറന്നു കിടന്ന എയർ പോർട്ടുകളും ലക്ഷക്കണക്കിന് ജനങ്ങളെയും കൊണ്ട് നിർബാധം യാത്ര നടത്തിയ ട്യൂബ് ട്രെയിനുകളും ഒക്കെ ചേർന്നാണ് കോവിഡിന് താണ്ഡവമാടാൻ ലണ്ടനിൽ അരങ്ങൊരുക്കിയത് എന്ന വിമർശം ഇപ്പോൾ സർക്കാർ അംഗീകരിക്കുകയാണ്.

മാത്രമല്ല, തുടക്കം മുതൽ തന്നെ ടെസ്റ്റ് നടത്തി രോഗികളെ കണ്ടെത്താനും അവരെ ക്വാറന്റീൻ ചെയ്യാനും മടിച്ചതും രോഗബാധ സകല നിയന്ത്രണവും വിട്ടു പടരാനും ഇടയാക്കി. ഇപ്പോൾ ഈ തെറ്റുകൾക്കെല്ലാം പരിഹാരം കണ്ടെത്താൻ ഉള്ള ശ്രമങ്ങൾ തുടങ്ങിയാൽ മാത്രമേ കോവിഡിനെ ഏതെങ്കിലും വിധത്തിൽ തടയാനാകൂ എന്നാണ് ബ്രിട്ടീഷ് സർക്കാർ കരുതുന്നതും. ഇതിനായി ഇന്ത്യയുടെ കോവിഡ് നിയന്ത്രണ നടപടികൾ അതേപടി പിന്തുടരുന്ന കാഴ്ചയാണ് ലഭ്യമാകുന്നത്.

ജൂൺ എട്ടുമുതൽ അന്യ നാടുകളിൽ നിന്നും എത്തുന്നവർക്ക് രണ്ടാഴ്ച ക്വാറന്റീൻ നിർബന്ധം ആണെന്ന് ഇന്നലെ നടന്ന വാർത്ത സമ്മേളനത്തിൽ ഹോം സെക്രട്ടറി പ്രീതി പട്ടേൽ വ്യക്തമാക്കിയിരുന്നു. ഇത് ആരെങ്കിലും ലംഘിച്ചാൽ കയ്യോടെ ആയിരം പൗണ്ട് പിഴ ഈടാക്കാൻ ആണ് പദ്ധതി. പ്രവാസികളായി എത്തുന്നവർക്കായി ഇന്ത്യൻ സർക്കാരും രണ്ടാഴ്ച ക്വാറന്റീൻ നിർബന്ധം ആക്കിയിരുന്നു. ഒരാഴ്ച ക്വാറന്റീൻ മതിയെന്നാണ് കേരളം നിലപാട് എടുത്തെങ്കിലും കേന്ദ്ര സർക്കാർ നിലപാട് കടുപ്പിച്ചു ഹൈ കോടതിയിൽ എത്തിയതോടെ ഇപ്പോൾ ഇന്ത്യയിൽ എല്ലായിടത്തും ക്വാറന്റീൻ സമയം രണ്ടാഴ്ച തന്നെയാണ്.

കയ്യിൽ പണം ഉള്ളവർക്ക് കൂടുതൽ സൗകര്യം ഉള്ള ഹോട്ടലുകളും മറ്റും തങ്ങാൻ തിരഞ്ഞെടുക്കാം. അല്ലാത്തവർക്ക് സർക്കാർ നൽകുന്ന സൗകര്യങ്ങളിൽ ഒതുങ്ങേണ്ടി വരും. രാജ്യത്തു അതിവേഗം കോവിഡ് വൈറസിന്റെ രണ്ടാം ആക്രമണം ഉണ്ടാകാതിരിക്കാൻ ആണ് ഈ കടുത്ത നടപടിയെന്നും ഹോം സെക്രട്ടറി വ്യക്തമാക്കി. രോഗ ലക്ഷണം ഉള്ള എല്ലാവർക്കും ടെസ്റ്റ് നടത്താനും ഉള്ള വഴിയാണ് ഇപ്പോൾ ബ്രിട്ടൻ തേടുന്നത്.

ക്വാറന്റീനിൽ പോകുന്നവർ എയർ പോർട്ടിൽ തന്നെ തങ്ങളെ ട്രേസ് ചെയ്യാനുള്ള വിവരവും നൽകണം. ഇവരെ പതിനാലു ദിവസവും നിരീക്ഷിക്കാൻ ഏർപ്പാടുണ്ടാകും. സെൽഫ് ഐസൊലേഷൻ നിബന്ധന മറികടന്നുവെന്ന് വ്യക്തമായാൽ ആയിരം പൗണ്ടിന്റെ പിഴ നോട്ടീസും പിന്നാലെ വീട്ടിലെത്തും. മാത്രമല്ല ഇങ്ങനെ വരുന്നവർ സ്വന്തം വാഹനത്തിൽ വീട്ടിൽ എത്താൻ ഉള്ള സൗകര്യവും ഏർപ്പാടാക്കണം ഇത്തരത്തിൽ എത്തുന്നവരെ സ്വീകരിക്കാൻ ആർക്കും വീട്ടിൽ നിന്നും വരാനാകില്ല. അഥവാ അംഗപരിമിതി ഉൾപ്പെടെയുള്ള അടിയന്തിര സഹായം വേണമെന്ന് തെളിയിക്കേണ്ടി വരില്ല. അതിർത്തി കടന്നു വരുന്ന വിദേശികളെ തടയാൻ ബോർഡർ പൊലീസും രംഗത്തുണ്ടാകും. ഇത്തരത്തിൽ ബ്രിട്ടീഷ് വംശജരായ ആളുകൾക്ക് മാത്രമേ രാജ്യത്തു തൽക്കാലം പ്രവേശിക്കാനാകൂ.

അതിനിടെ വെയിൽ ദിനങ്ങൾ എത്തിയതോടെ വെയിൽസ് ഉൾപ്പെടെ ലോക്ഡൗൺ ഇളവുകൾ പ്രാദേശികമായി നൽകിയിട്ടുള്ള സ്ഥലങ്ങളിൽ എത്തുന്നവരെയും പൊലീസ് തടയും. പ്രത്യേകിച്ച് ലണ്ടൻ, ബിർമിങ്ഹാം, ഹെറ്‌ഫോർഡ്ഷയർ തുടങ്ങിയ ഹോട്ട് സ്പോട്ടുകളിൽ നിന്നെത്തുന്നവർക്കു പിഴയും ഈടാക്കിയ ശേഷമാകും തിരികെ മടക്കുക. നാളെ ഈദ് പെരുന്നാൾ ആഘോഷവുമായി ബന്ധപ്പെട്ടു കൂടുതൽ ആളുകൾ വെളിയിൽ ഇറങ്ങാൻ ഉള്ള സാധ്യത കണക്കിലെടുത്തു പൊലീസ് നിയന്ത്രണം കർശനമാക്കും. ഈദ് പ്രമാണിച്ചു പള്ളികൾ അടഞ്ഞു തന്നെ കിടക്കുമെന്നു മുസ്ലിം കൗൺസിൽ ഓഫ് ബ്രിട്ടൻ വ്യക്തമാക്കിയിട്ടുമുണ്ട്. കഴിഞ്ഞ ആഴ്ച വെയിൽ കൂടിയ ദിനങ്ങളിൽ കൂടുതലായി ആളുകൾ പുറത്തിറങ്ങിയത് കണക്കിലെടുത്താണ് നിയന്ത്രണം ശക്തമാക്കുന്നത്. കൂടുതൽ ആളുകൾ ഒന്നിച്ചു പുറത്തിറങ്ങുന്നത് സോഷ്യൽ ഡിസ്റ്റൻസ് റൂൾ നടപ്പാക്കുന്നതിന് തടസമാണെന്നു പൊലീസ് വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP