Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അവസാന നിമിഷം ടോറി എംപിമാരുടെ കാലുപിടിച്ച് തെരേസ മെയ്‌; അന്തിമ വിലയിരുത്തൽ ബ്രെക്‌സിറ്റ് ബിൽ പരാജയപ്പെടുമെന്ന് തന്നെ; ബിൽ തോറ്റാലുടൻ അവിശ്വാസവുമായി ലേബർ പാർട്ടിയെത്തും; ബ്രെക്‌സിറ്റിന്റെ ഭാവിയും തെരേസ മേയുടെ ഭാവിയും ഇന്നറിയാം

അവസാന നിമിഷം ടോറി എംപിമാരുടെ കാലുപിടിച്ച് തെരേസ മെയ്‌; അന്തിമ വിലയിരുത്തൽ ബ്രെക്‌സിറ്റ് ബിൽ പരാജയപ്പെടുമെന്ന് തന്നെ; ബിൽ തോറ്റാലുടൻ അവിശ്വാസവുമായി ലേബർ പാർട്ടിയെത്തും; ബ്രെക്‌സിറ്റിന്റെ ഭാവിയും തെരേസ മേയുടെ ഭാവിയും ഇന്നറിയാം

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ബ്രിട്ടനിലെ തെരേസ മെയ്‌ സർക്കാരിന് അതിനിർണായകമായ ദിവസമാണ് ഇന്ന്. ബ്രെക്‌സിറ്റ് ബിൽ പാർലമെന്റിൽ ചർച്ചയ്‌ക്കെടുക്കാനിരിക്കെ, തെരേസ ഏതുവിധേനയും വിജയം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്. സ്വന്തം പാർട്ടിയിലെ വിമതരും ബ്രെക്‌സിറ്റ് വിരുദ്ധരും ലേബർപാർട്ടിയും ചേരുന്നതോടെ, ബിൽ കോമൺസിൽ വിജയിക്കില്ലെന്നതാണ് അന്തിമ വിലയിരുത്തൽ. ബിൽ പരാജയപ്പെടുകയാണെങ്കിൽ, തൊട്ടുപിന്നാലെ അവിശ്വാസ പ്രമേയവുമായി രംഗത്തെത്താനുള്ള തയ്യാറെടുപ്പിലാണ് ലേബർ പാർട്ടി നേതാവ് ജെറമി കോർബിൻ. ഫലത്തിൽ, തെരേസ മേയുടെ ഭാവിതന്നെയാകും ബ്രെക്‌സിറ്റ് ബില്ലിന്മേൽ നടക്കുന്ന വോട്ടെടുപ്പ് എന്നുറപ്പായി.

ബ്രെക്‌സിറ്റ് ബില്ലിനെതിരേ വോട്ടുചെയ്യുന്ന കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾ ജെറമി കോർബിന്റെ നേതൃത്വത്തിലുള്ള ലേബർ പാർട്ടി സർക്കാരിന് സ്വാഗതമോതുകയാണെന്ന് തെരേസ മെയ്‌ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. ബിൽ പരാജയപ്പെടുകയാണെങ്കിൽ തെരേസ മെയ്‌ രാജിവെച്ചേക്കുമെന്ന സൂചനകൂടി ഈ മുന്നറിയിപ്പിലുണ്ട്. 200 വോട്ടുകൾക്കെങ്കിലും ബ്രെക്‌സിറ്റ് ബിൽ പാർലമെന്റിൽ പരാജയപ്പെടുനമെന്നാണ് കണക്കാക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ സർക്കാരിന് പിന്നീട് പിടിച്ചുനിൽക്കുക എളുപ്പമാകില്ല.

ബ്രെക്‌സിറ്റ് ബിൽ പരാജയപ്പെടുകയാണെങ്കിൽ ആ സാഹചര്യം മുതലാക്കുകയാണ് കോർബിന്റെ ലക്ഷ്യം. ബ്രെ്ക്‌സിറ്റ് വോട്ടെടുപ്പുതന്നെ അവിശ്വാസപ്രമേയമാക്കി മാറ്റുകയാണ് ലേബർ പാർട്ടിയുടെ ഉന്നം. അത്തരമൊരു സാഹചര്യം ഒഴിവാക്കുകയും പൊതുതിരഞ്ഞെടുപ്പിലേക്ക് രാജ്യത്തെ നയിക്കുകയുമാണ് തെരേസ ഉന്നമിടുന്നതെന്നും വിലയിരുത്തുന്നു. പാർലമെന്റിൽ പരാജയപ്പെടുമെന്നത് ഉറപ്പാണെങ്കിൽക്കൂടി ബ്രെക്‌സിറ്റ് ബില്ലുമായി പാർലമെന്റിനെ നേരിടണമെന്നുതന്നെയാണ് തെരേസയ്ക്ക് അനുയായികൾ നൽകിയിട്ടുള്ള നിർദ്ദേശം.

ബ്രെക്‌സിറ്റ് ബിൽ പാർലമെന്റിൽ പരാജയപ്പെടുന്നത് അപകടകരമായ സാഹചര്യത്തിലേക്ക് രാജ്യത്തെ നയിക്കുമെന്ന് തെരേസ മെയ്‌ ടോറി എംപിമാർക്ക് മുന്നറിയിപ്പ് നൽകി. ബ്രെക്‌സിറ്റ് നടപ്പാക്കുകയെന്ന നിർദേശമാണ് ബ്രിട്ടീഷ് ജനത നൽകിയിരിക്കുന്നതെന്നും അത് പാലിക്കുകയല്ലാതെ മറ്റു വഴികളില്ലെന്നും തെരേസ പറഞ്ഞു. മാത്രമല്ല, പാർലമെന്റിൽ ബ്രെക്‌സിറ്റ് ബിൽ പരാജയപ്പെടുകയാണെങ്കിൽ, സ്‌കോട്ടിഷ് നാഷണലിസ്റ്റ് പാർട്ടി വീണ്ടും സ്‌കോട്ട്‌ലൻഡിന് സ്വാതന്ത്ര്യം വേണമെന്ന ആവശ്യവുമായി ശക്തമായി മുന്നോട്ടുവരാനിടയുണ്ട്. അത് യുകെയുടെ നിലനിൽപ്പിനെയും ബാധിക്കുമെന്നും അവർ പറയുന്നു.

പ്രഭുസഭയിൽ നടന്ന വോട്ടെടുപ്പിൽ ബ്രെക്‌സിറ്റ് ബിൽ 152-നെതിരേ 321 വോട്ടുകൾക്ക് പരാജയപ്പെട്ടതുതന്നെ തെരേസ മെയ്‌ക്ക് അപായ സൂചനയാണ്. ബിൽ പാർലമെന്റ് കടക്കുക എളുപ്പമാകില്ലെന്ന് തെരേസയ്‌ക്കെതിരായ നീക്കത്തിന് ചുക്കാൻ പിടിക്കുന്ന ടോറി നേതാവ് ജേക്കബ് റീസ് മോഗ് പറയുന്നു. ബ്രിട്ടന് യാതൊരു പ്രയോജനവും ചെയ്യാത്ത ബില്ലിനൊപ്പം നിൽക്കാൻ ജനങ്ങൾ തയ്യാറാകില്ലെന്നുതന്നെയാണ് താൻ കരുതുന്നതെന്ന് അദ്ദേഹം കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

ബ്രെക്‌സിറ്റ് ബിൽ പരാജയപ്പെടുകയാണെങ്കിൽ, ആ സാഹചര്യത്തെ രാജ്യത്തെ ഒരു പൊതുതിരഞ്ഞെടുപ്പിലേക്ക് തള്ളിവിടുന്ന നിലയിലെത്തിക്കുകയാണ് ലേബർ പാർട്ടിയുടെ ലക്ഷ്യം. ബ്രെക്‌സിറ്റ് ബിൽ വോട്ടെടുപ്പിൽ സർക്കാർ പരാജയപ്പെടുകയാണെങ്കിൽ ഉടൻതന്നെ താൻ അവിശ്വാസപ്രമേയം അവതരിപ്പിക്കുമെന്ന് ജെറമി കോർബിൻ വ്യക്തമാക്കിയിട്ടുണ്ട്. ബ്രെക്‌സിറ്റ് കരാറിനെ പിന്തുണയ്ക്കണമെന്നാവശ്യപ്പെട്ട് ലേബർ എംപിമാരെ തെരേസ മെയ്‌ ബ്ലാക്ക് മെയിൽ ചെയ്യുകയാണെന്ന് കോർബിൻ കുറ്റപ്പെടുത്തി.

പാർലമെന്റിൽ ബിൽ പരാജയപ്പെടുകയാണെങ്കിൽ കരാറില്ലാതെ ബ്രെക്‌സിറ്റ് നടപ്പാക്കേണ്ടിവരുമെന്ന തെരേസയുടെ മുന്നറിയിപ്പ് എംപിമാരെ ആശയക്കുഴപ്പത്തിൽ ചാടിക്കാനുദ്ദേശിച്ചുള്ളതാണ്. അത്തരമൊരു ഭീഷണിക്കും ലേബർ എംപിമാർ വഴങ്ങില്ലെന്നും ബില്ലിനെതിരേ വോട്ടുചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അവിശ്വാസ പ്രമേയം പാസ്സാവുകയും പുതിയ സർക്കാരിന് രണ്ടാഴ്ചയ്ക്കുള്ളിൽ ഭൂരിപക്ഷം തെളിയിക്കാനാകാതെ പോവുകയും ചെയ്താൽ പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കേണ്ടിവരും. ഇപ്പോഴത്തെ സാഹചര്യത്തിൽ കാര്യങ്ങൾ ലേബർ പാർട്ടിക്ക് അനുകൂലമാണെന്നാണ് കോർബിൻ കരുതുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP