Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

ജനങ്ങൾക്ക് വോട്ടുചെയ്യാൻ കഴിയാത്ത ഒരു പൊട്ടനായി ബോറിസ് ജോൺസണെ കരുതിയിടത്ത് പിഴച്ചു; കൺസർവേറ്റീവ് പാർട്ടി വോട്ടു നേടിയത് ജെറമി കോർബിന്റെ പിഴവിൽ; എങ്ങനെ ബോറിസ് ഇങ്ങനെ വിജയം നേടി? ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ കരുത്തനായ നേതാവായി ബോറിസ് ജോൺസൺ മാറുമ്പോൾ

ജനങ്ങൾക്ക് വോട്ടുചെയ്യാൻ കഴിയാത്ത ഒരു പൊട്ടനായി ബോറിസ് ജോൺസണെ കരുതിയിടത്ത് പിഴച്ചു; കൺസർവേറ്റീവ് പാർട്ടി വോട്ടു നേടിയത് ജെറമി കോർബിന്റെ പിഴവിൽ; എങ്ങനെ ബോറിസ് ഇങ്ങനെ വിജയം നേടി? ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ കരുത്തനായ നേതാവായി ബോറിസ് ജോൺസൺ മാറുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: മാർഗരറ്റ് താച്ചറിനുശേഷം കൺസർവേറ്റീവുകൾക്ക് ഏറ്റവും വലിയ നേതാവായി ബോറിസ് ജോൺസൺ മാറുമ്പോൾ, ആ വിജയത്തിന് ഒട്ടേറെ സവിഷേഷതകളുണ്ട്. മാർഗരറ്റ് താച്ചറിനുപോലും സാധിക്കാതിരുന്ന പലതും സ്വന്തമാക്കിയാണ് പ്രധാനമന്ത്രി പദം ബോറിസ് നിലനിർത്തിയത്. ലേബർ പാർട്ടി ചെങ്കോട്ടയെന്ന് കരുതിയിരുന്ന പലയിടത്തും കൺസർവേറ്റീവുകൾ വിജയം കരസ്ഥമാക്കിയത് ജേതാക്കളെപ്പോലും അതിശയിപ്പിച്ചിട്ടുണ്ടാവുമെന്നുറപ്പ്. ബോറിസ് ജോൺസണിനെപ്പോലൊരാൾക്ക് ജനങ്ങൾ വോട്ടുചെയ്യില്ലെന്നുകരുതിയ ലേബർ പാർട്ടി നേതാവ് ജെറമി കോർബിന്റെ പിഴവ് ടോറികൾക്ക് വലിയ വിജയമൊരുക്കുകയായിരുന്നുവെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

ചരിത്രത്തിലിന്നേവരെ ഒരു കൺസർവേറ്റീവ് സ്ഥാനാർത്ഥി ജയിച്ചിട്ടില്ലാത്ത സ്ഥലമാണ് നോർത്ത് ഈസ്റ്റിലെ ബ്ലിത്ത് വാലി. ഖനിപ്രദേശമായ ഇവിടെ ഇക്കുറി ആദ്യമായി ടോറികൾ വിജയക്കൊടി നാട്ടി. ബോറിസ് ജോൺസണെന്ന സുനാമിയുടെ കുത്തൊഴുക്കിൽ കടപുഴകിവീണ ലേബർ കോട്ടകൾ ബ്ലിത്ത് വാലിയിൽ മാത്രമൊതുങ്ങുന്നില്ല. ഡാർലിങ്ടണിലും സെഡ്ജ്ഫീൽഡിലും ഗ്രേറ്റ് ഗ്രിംസ്ബിയിലും സ്റ്റോക്ക് സെൻട്രലിലും വെസ്റ്റ് ബ്രോംവിച്ചിലുമൊക്കെ ടോറികൾ പുതിയ ചരിത്രമെഴുതി. ഡെന്നിസ് സ്‌കിന്നറുടെ ബോൾസോവർ സീറ്റുപോലും ഇക്കുറി നീലച്ചായമണിഞ്ഞു.

Stories you may Like

ബ്രി്ട്ടൻ ഇങ്ങനെയൊരു നീലക്കടലാകുമെന്ന് ആരും കരുതിയിരുന്നില്ല. തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനഞ്ഞ ടോറി ബുദ്ധികേന്ദ്രങ്ങൾ പോലും. 1987-ൽ മാർഗരറ്റ് താച്ചർ മൂന്നാം വട്ടം തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ നേടിയതിനുശേഷമുള്ള ഏറ്റവും വലിയ ഭൂരിപക്ഷമാണ് ടോറികൾക്ക് ഇത്തവണ നേടാനായത്. 1979-നുശേഷമുള്ള ഏറ്റവും കൂടുതൽ വോട്ടുവിഹിതവും അവർക്ക് സ്വ്ന്തമാക്കാനായി. മറുഭാഗത്ത് ലേബർ പാർട്ടി ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയിലേക്കും കൂപ്പുകുത്തി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കൺസർവേറ്റീവുകൾക്കെതിരേ ശക്തമായ വെല്ലുവിളി ഉയർത്തിയ കോർബിന് ഇക്കുറി പാർട്ടിയെ അതേ നിലയിൽ മുന്നോട്ടുകൊണ്ടുപോകാനായില്ല. 1935-നുശേഷമുള്ള ഏറ്റവും വലിയ തോൽവിയിലേക്ക് ലേബർ കൂപ്പുകുത്തി.

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ബ്രിട്ടന്റെ ചരിത്രത്തിൽ നാഴികക്കല്ലായി മാറിയ രണ്ട് തിരഞ്ഞെടുപ്പ് ഫലങ്ങളുണ്ട്. 1945-ൽ ലേബർ പാർട്ടി ക്ലെമന്റ് അറ്റ്‌ലിയുടെ നേതൃത്വത്തിൽ നേടിയ പടുകൂറ്റൻ ജയമാണ് ആദ്യത്തേത്. എൻഎച്ച്എസിന്റെയും ക്ഷേമരാഷ്ട്രത്തിന്റെയും വരവിന് കളമൊരുക്കിയത് ആ തിരഞ്ഞെടുപ്പാണ്. രണ്ടാമത്തേത് 1979-ലെ മാർഗരറ്റ് താച്ചറുടെ വിജയമാണ്. വർഷങ്ങൾ നീണ്ട സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിൽനിന്ന് ബ്രിട്ടനെ കരകയറ്റിയത് ആ തിരഞ്ഞെടുപ്പാണ്. തുറന്ന വിപണിയിലേക്ക് ബ്രിട്ടൻ കാലൂന്നിയതും താച്ചറുടെ കാലത്താണ്. അത്തരമൊരു വിജയമാണ് ബോറിസ് ഇക്കുറി നേടിയതെന്നാണ് വിലയിരുത്തപ്പെടുന്നത്. ബ്രെക്‌സിറ്റ് ഉൾപ്പെടെയുള്ള നിർണായക വിഷങ്ങൾക്ക് കരുത്തുപകരുന്ന വിജയമാണ് ടോറികൾക്കിത്.

ഇത്തവണ വോട്ടുചെയ്യുമ്പോൾ ജനങ്ങളുടെ മുഖത്ത് ഒരു നിശ്ചയദാർഢ്യം പ്രകടമായിരുന്നു. കനത്തമഴയെ കൂസാതെ അവർ വോട്ടിങ് കേന്ദ്രങ്ങളിൽ ക്യൂനിന്നത് അതുകൊണ്ടാണ് മൂന്നരവർഷത്തോളമെത്തിയ ഒരു അനിശ്ചിതത്വത്തിന് വിരാമമിടുകയെന്ന ലക്ഷ്യം അവർക്ക് ഓരോരുത്തർക്കുമുണ്ടായിരുന്നു. 2016 ജൂൺ 23-ന് നടന്ന ഹിതപരിശോധനയിലാണ് യൂറോപ്യൻ യൂണിയൻ വിടാൻ ബ്രിട്ടൻ തീരുമാനിച്ചത്. ജനങ്ങൾ തീരുമാനിച്ചെങ്കിലും അക്കാര്യത്തിലൊരു രാഷ്ട്രീയ തീരുമാനമുണ്ടാകാൻ നാളിതുവരെ സാധിച്ചിട്ടില്ല. തെരേസ മെയ്‌ സർക്കാരിനും ബോറിസ് ജോൺസൺ സർക്കാരിനും പാർലമെന്റിൽ തിരിച്ചടി നേരിട്ടത് അവർക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്തതുകൊണ്ടാണെന്ന് ബ്രെക്‌സിറ്റ് ആഗ്രഹിക്കുന്ന, ബ്രെക്‌സിറ്റിന്റെ അനിശ്ചിതത്വമൊഴിയണമെന്ന് ആഗ്രഹിക്കുന്ന ഓരോരുത്തരും കരുതി.

ബോറിസ് ജോൺസണിനുപകരം ജെറമി കോർബിനാണ് വിജയിക്കുന്നതെങ്കിൽ, അനിശ്ചിതത്വത്തിന് പകരം ആശങ്കയുടെ നാളുകളാവും ഇനിയുണ്ടാവുകയെന്ന് വോട്ടർമാർ മനസ്സിൽ കരുതി. ബ്രെക്‌സിറ്റിനുപകരം ദേശസാൽക്കരണത്തിന്റെയും രണ്ടാം ഹിതപരിശോധനയുടെയും നാളുകളായിരിക്കും വരാനിക്കുന്നതെന്ന് അവർ ഉറപ്പിച്ചു. നാറ്റോയുടെ അന്ത്യത്തിനും അത് കാരണമാകുമെന്ന് വോട്ടർമാർ കരുതി. കോർബിന്റെ കടുത്ത ഇടതുപക്ഷ ആശയങ്ങൾക്ക് ഇ്‌പ്പോൾ ഇടംകൊടുത്താൽ, ബ്രെക്‌സിറ്റ് അനിശ്ചിതത്വം കൂടുതൽ വഷളാകുമെന്ന ആശങ്കയും ബോറിസ് ജോൺസണിന് അനുകൂലമായ വോട്ടായി മാറുകയായിരുന്നുവെന്ന് നിരീക്ഷകർ കരുതുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP