Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ക്രിക്കറ്റിനെ രാഷ്ട്രീയവൽക്കരിക്കരുതെന്നു പറഞ്ഞ വസിം അക്രത്തെ കൊല്ലാൻ ശ്രമം; അക്രം സഞ്ചരിച്ച കാറിനു നേർക്കു വെടിവയ്പ്; ആക്രമണം കറാച്ചി ദേശീയ സ്റ്റേഡിയത്തിനു തൊട്ടടുത്ത്; താരം സുരക്ഷിതൻ

ക്രിക്കറ്റിനെ രാഷ്ട്രീയവൽക്കരിക്കരുതെന്നു പറഞ്ഞ വസിം അക്രത്തെ കൊല്ലാൻ ശ്രമം; അക്രം സഞ്ചരിച്ച കാറിനു നേർക്കു വെടിവയ്പ്; ആക്രമണം കറാച്ചി ദേശീയ സ്റ്റേഡിയത്തിനു തൊട്ടടുത്ത്; താരം സുരക്ഷിതൻ

കറാച്ചി: പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും കമന്റേററുമായ വസിം അക്രം സഞ്ചരിച്ച കാറിനു നേർക്കു വെടിവയ്പ്. കറാച്ചി ദേശീയ സ്റ്റേഡിയത്തിനു സമീപമാണു സംഭവം. സംഭവത്തിൽ പരിക്കേൽക്കാതെ അക്രം രക്ഷപ്പെട്ടു.

കറാച്ചി സ്റ്റേഡിയത്തിൽ ഫാസ്റ്റ് ബൗളർമാർക്കുള്ള പരിശീലന ക്യാമ്പിലേക്കു പോകുംവഴിയാണ് ആക്രമണം ഉണ്ടായത്. അക്രം സഞ്ചരിച്ച കാറിൽ മറ്റൊരു വാഹനം വന്നിടിക്കുകയും അതിൽ ഇരുന്ന ഒരാൾ അക്രത്തിനു നേർക്കു വെടിയുതിർക്കുകയും ആയിരുന്നു.

സർക്കാർ ഉദ്യോഗസ്ഥനാണു തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്നു പ്രാദേശിക ചാനലിനോട് അക്രം വെളിപ്പെടുത്തിയതായാണു റിപ്പോർട്ട്. അക്രമി എത്തിയ കാറിന്റെ നമ്പർ പൊലീസിനു കൈമാറിയിട്ടുണ്ടെന്നും അക്രം പറഞ്ഞു. താരത്തെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റിയതായി പൊലീസ് അറിയിച്ചു. അക്രത്തിന്റെ നേതൃത്വത്തിൽ 13 ദിവസം നീളുന്ന ക്യാമ്പാണു കറാച്ചി ദേശീയ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചിരുന്നത്.

ഇന്ത്യ-പാക്കിസ്ഥാൻ ക്രിക്കറ്റ് ബന്ധത്തെ ഒരിക്കലും രാഷ്ട്രീയം ബാധിക്കരുതെന്ന് വസിം അക്രം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കായികത്തെ രാഷ്ട്രീയവുമായി കൂട്ടിക്കുഴയ്ക്കരുത്. മറ്റേതു പരമ്പരകളെക്കാളും ഇന്ത്യ-പാക്കിസ്ഥാൻ ക്രിക്കറ്റ് പരമ്പരയ്ക്ക് പ്രത്യേക സൗന്ദര്യമുണ്ടെന്നുമാണ് വസിം പറഞ്ഞത്. ഈ വർഷം അവസാനത്തോടെ ഇന്ത്യ-പാക്കിസ്ഥാൻ ക്രിക്കറ്റ് ബന്ധം പുനരാരംഭിക്കുന്നതിനുള്ള ചർച്ചകൾ തുടങ്ങുമെന്ന സൂചനകൾ നേരത്തെ ഉണ്ടായിരുന്നു. എന്നാൽ, പഞ്ചാബിലെ ഗുർദാസ്പുർ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ചർച്ചകൾ നടക്കില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ക്രിക്കറ്റ് പരമ്പര വേണമെന്നാവശ്യപ്പെട്ട് അക്രം രംഗത്തെത്തിയത്. പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് ആക്രമണമെന്നാണു സൂചന.

2007 നു ശേഷം ഇതുവരെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഒരു പരമ്പരയും നടന്നിട്ടില്ല. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് പരമ്പരയ്ക്ക് ഈ വർഷം ഡിസംബറിൽ തുടക്കമിടാൻ ഇരുരാജ്യങ്ങളും തമ്മിൽ ചർച്ച നടന്നിരുന്നു. 2023നിടെ അഞ്ചു പരമ്പരകളായിരുന്നു ഇരു രാജ്യങ്ങളും ലക്ഷ്യമിട്ടിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP