Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിറിയയിൽ വീണ്ടും രാസായുധ പ്രയോഗം; ശിശുക്കളടക്കം 58 പേർ കൊല്ലപ്പെട്ടു; നിരവധിപ്പേർ ഗുരുതരാവസ്ഥയിൽ; വിമതമേഖലയിലെ ആക്രമണത്തിനു പിന്നിൽ സർക്കാർ സേനയും റഷ്യയുമെന്ന് ആരോപണം; പരിക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രിക്കു നേർക്കും റോക്കറ്റാക്രമണം

സിറിയയിൽ വീണ്ടും രാസായുധ പ്രയോഗം; ശിശുക്കളടക്കം 58 പേർ കൊല്ലപ്പെട്ടു; നിരവധിപ്പേർ ഗുരുതരാവസ്ഥയിൽ; വിമതമേഖലയിലെ ആക്രമണത്തിനു പിന്നിൽ സർക്കാർ സേനയും റഷ്യയുമെന്ന് ആരോപണം; പരിക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രിക്കു നേർക്കും റോക്കറ്റാക്രമണം

ഡമാസ്‌കസ്: ആഭ്യന്തരയുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സിറിയയിൽ രാസായുധ പ്രയോഗം. 58 പേർ കൊല്ലപ്പെടുകയും നിരവധിപ്പേർ ഗുരുതരാവസ്ഥയിൽ ആകുകയും ചെയ്തു. മരിച്ചവരിൽ 11 പേർ കുട്ടികളാണ്. ഇഡ്‌ലിബ് പ്രവിശ്യയിലെ ഖാൻഷെയ്ഖൗൻ നഗരത്തിലാണ് ആക്രമണം ഉണ്ടായത്. വിമതരുടെ നിയന്ത്രണത്തിലുള്ള മേഖലയാണിത്. സർക്കാർ സേനയാണ് രാസായുധ പ്രയോഗം നടത്തിയതെന്നു റിപ്പോർട്ട് ചെയ്യപ്പെടുന്നു.

സിറിയൻ സർക്കാരോ റഷ്യൻ ജെറ്റുകളോ ആണു രാസായുധ ആക്രമണം നടത്തിയതെന്നാണു സിറിയയിലെ മനുഷ്യാവകാശ സംഘടനയായ സിറിയൻ ഒബ്‌സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്‌സ് റിപ്പോർട്ട് ചെയ്തത്. പരുക്കേറ്റവരെ ചികിൽസിച്ച പ്രാദേശിക ക്ലിനിക്കുകൾക്കുനേരെയും യുദ്ധവിമാനങ്ങൾ റോക്കറ്റുകൾ അയച്ചെന്നും സംഘടന അറിയിച്ചു.

പ്രാദേശിക സമയം പുലർച്ചെ 6.45നായിരുന്നു വ്യോമാക്രമണമെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. 20 മിനിറ്റിനുള്ളിൽ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയപ്പോൾ തെരുവുകളിൽ ആളുകൾ ശ്വാസം കിട്ടാൻ ബുദ്ധിമുട്ടുകയായിരുന്നു. കുട്ടികളെയാണു രാസായുധപ്രയോഗം ഏറെയും ബാധിച്ചത്. അതേസമയം, നൂറിലധികം പേർ കൊല്ലപ്പെട്ടെന്നാണു വിമതരെ അനുകൂലിക്കുന്ന വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

വ്യോമാക്രമണം വഴി പ്രയോഗിച്ച രാസായുധം എന്താണെന്നു ഇതുവരെ വ്യക്തമായിട്ടില്ലെന്നു മനുഷ്യാവകാശ സംഘടന അറിയിച്ചു. സരിൻ എന്ന രാസായുധമാണെന്നും റിപ്പോർട്ടുണ്ട്. രാസായുധ പ്രയോഗം നടത്തിയിട്ടില്ലെന്നാണു കാലങ്ങളായി സിറിയയുടെ നിലപാട്. രാസായുധ പ്രയോഗം സ്ഥിരീകരിച്ചാൽ ആറു വർഷമായി തുടരുന്ന ആഭ്യന്തര യുദ്ധത്തിലെ ഏറ്റവും നാശകരമായ ആക്രമണമായിരിക്കും ഇത്.

പ്രസിഡന്റ് അസാദിനെ താഴെയിറക്കാൻ വിമത പോരാട്ടം ആരംഭിച്ച് വർഷങ്ങളായി. മുമ്പും രാസായുധ ആക്രമണം നടന്നിരുന്നു. അസാദിന്റെ പട്ടാളമാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്. ഇതിനെത്തുടർന്ന് അമേരിക്കയും പാശ്ചാത്യ ശക്തികളും സിറിയയ്‌ക്കെതിരേ യുദ്ധത്തിന് ഒരുങ്ങിയെങ്കിലും റഷ്യൻ പ്രസിഡന്റ് പുടിന്റെ ഇടപെടലാണ് സംഘർഷം ഒഴിവാക്കിയത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP