Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ചൈനയെ വിഭജിക്കാൻ ശ്രമിക്കുന്നവരുടെ വിധി ദാരുണം; അവരുടെ ശരീരം ഛിന്നഭിന്നമാകുകയും എല്ലുകൾ നുറുങ്ങുകയും ചെയ്യും; നേപ്പാൾ സന്ദർശനത്തിനിടെ ഷീ ജിൻപിങ് വ്യക്തമാക്കുന്നത് പ്രതിഷേധങ്ങളെ ഉരുക്കുമുഷ്ടി കൊണ്ട് നേരിടുമെന്ന് തന്നെ

ചൈനയെ വിഭജിക്കാൻ ശ്രമിക്കുന്നവരുടെ വിധി ദാരുണം; അവരുടെ ശരീരം ഛിന്നഭിന്നമാകുകയും എല്ലുകൾ നുറുങ്ങുകയും ചെയ്യും; നേപ്പാൾ സന്ദർശനത്തിനിടെ ഷീ ജിൻപിങ് വ്യക്തമാക്കുന്നത് പ്രതിഷേധങ്ങളെ ഉരുക്കുമുഷ്ടി കൊണ്ട് നേരിടുമെന്ന് തന്നെ

മറുനാടൻ മലയാളി ബ്യൂറോ

ബെയ്ജിങ്: ഹോങ്കോങ് പ്രക്ഷോഭകാരികൾക്ക് ശക്തമായ മുന്നറിയിപ്പുമായി ചൈനീസ് പ്രസിഡന്റ്. തന്റെ നേപ്പാൾ സന്ദർശനത്തിനിടെ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് പ്രതിഷേധങ്ങളെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് നേരിടും എന്ന് ഷി ജിൻപിങ് വ്യക്തമാക്കിയിരിക്കുന്നത്. ഒരു പ്രദേശത്തെയും പേരെടുത്തു പരാമർശിച്ചിട്ടില്ലെങ്കിലും ഹോങ്കോങ്ങിൽ പ്രക്ഷോഭം വീണ്ടും ശക്തിയാർജിച്ചിരിക്കെയാണു പ്രസിഡന്റിന്റെ പ്രസ്താവന.

ചൈനയെ വിഭജിക്കാനും ആളുകൾക്കിടയിൽ ഭിന്നത സൃഷ്ടിക്കാനും ശ്രമിക്കുന്നവരുടെ വിധി ദാരുണമായിരിക്കുമെന്ന് പ്രസ്താവനയിൽ പറയുന്നു. അവരുടെ ശരീരം ഛിന്നഭിന്നമാകുകയും എല്ലുകൾ നുറുങ്ങുകയും ചെയ്യും. ചൈനയുടെ വിഭജനത്തെ പിന്തുണയ്ക്കുന്ന ഏതൊരു ബാഹ്യശക്തിയെയും ചൈനീസ് ജനത വഞ്ചകരായി മാത്രമേ കണക്കാക്കൂ എന്നും വാർത്താ കുറിപ്പിൽ വ്യക്തമാക്കുന്നു.

ചൈനയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പ്രത്യേക അധികാര മേഖലയായ ഹോങ്കോങ്ങിനെ സ്വതന്ത്രരാജ്യമാക്കണം എന്ന ആവശ്യവുമായാണു പ്രതിഷേധം. ഹോങ്കോങ്ങിൽ കുറ്റകൃത്യങ്ങളിൽ പ്രതിയാകുന്നവരെ ചൈനയിൽ കൊണ്ടുപോയി അവിടുത്തെ നിയമമനുസരിച്ച് വിചാരണ ചെയ്യാനുള്ള ബില്ലാണ് മൂന്നു മാസത്തിനു മുൻപു പ്രക്ഷോഭത്തിനു തിരികൊളുത്തിയത്. കഴിഞ്ഞ ഏപ്രിലിലാണ് എതിർപ്പുകൾ മറികടന്ന് കുറ്റവാളി കൈമാറ്റ ബിൽ ഹോങ്കോങ് സർക്കാർ കൊണ്ടുവരുന്നത്.

ബ്രിട്ടീഷ് മാതൃകയിൽ പ്രവർത്തിക്കുന്ന ഹോങ്കോങ്ങിലെ കോടതികൾക്ക് പകരം കമ്യൂണിസ്റ്റ് പാർട്ടിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന കോടതികളിൽ നടക്കുന്ന വിചാരണ നീതിനിഷേധമാകുമോ എന്ന് ഹോങ്കോങ് ജനത ഭയപ്പെട്ടു. തുടർന്ന് ബില്ലിനെതിരെ പ്രക്ഷോഭവുമായി വിദ്യാർത്ഥികളടക്കം ആയിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങി. മൂന്നു മാസത്തോളം ഹോങ്കോങ് തെരുവുകളെ പിടിച്ചുകുലുക്കി ജനകീയ പ്രക്ഷോഭത്തിന് മുന്നിൽ സർക്കാർ ഒടുവിൽ മുട്ടുമടക്കുകയായിരുന്നു.

ഹോങ്കോങ് പൗരന്മാരെ വിചാരണയ്ക്കായി ചൈനയിലേക്കു വിട്ടുകൊടുക്കാൻ വ്യവസ്ഥ ചെയ്യുന്ന നിർദിഷ്ട കുറ്റവാളി കൈമാറ്റ ബിൽ ഹോങ്കോങ് ചീഫ് അഡ്‌മിനിസ്‌ട്രേറ്റർ കാരി ലാം പിൻവലിച്ചു. ടെലിവിഷനിൽ ജനങ്ങളെ അഭിസംബോധന ചെയ്താണ് ബിൽ പിൻവലിക്കുന്നതായി കാരി ലാം അറിയിച്ചത്. എന്നാൽ, തങ്ങളുടെ അഞ്ച് പ്രധാന ആവശ്യങ്ങളിൽ ഒന്നു മാത്രമായിരുന്നു ബില്ല് പിൻവലിക്കുകയെന്നതെന്നും ജനാധിപത്യ അവകാശങ്ങൾക്കായുള്ള പോരാട്ടം തുടരുമെന്നാണ് സമരക്കാർ അറിയിച്ചിരുന്നു. ഇതിന് തുടർച്ചയായാണ് തങ്ങളുടെ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനായി സമരക്കാർ വീണ്ടും തെരുവിലിറങ്ങിയത്.

പ്രക്ഷോഭം അടിച്ചമർത്താൻ ചൈന സൈന്യത്തെ അയക്കുമെന്ന ആശങ്ക ഉയർന്നിരുന്നെങ്കിലും പ്രതിഷേധം കൈകാര്യം ചെയ്യാൻ ഹോങ്കോങ് പൊലീസിനു കഴിയുമെന്നു ബെയ്ജിങ് അറിയിച്ചു. ഞായറാഴ്ച പ്രക്ഷോഭകരെ പൊലീസ് നേരിട്ടതോടെ ഹോങ്കോങ് കലാപഭൂമിയായി. ഷോപ്പിങ് മാളുകളും മെട്രോകളും കേന്ദ്രീകരിച്ചു സമാധാനപരമായി തുടങ്ങിയ ചെറു പ്രകടനങ്ങൾ ഉച്ചകഴിഞ്ഞ് അക്രമാസക്തമായപ്പോഴാണ് പൊലീസ് ബലം പ്രയോഗിച്ചത്. ജനത്തിരക്കിനിടയിൽ സമരക്കാരെ പൊലീസ് തിരഞ്ഞുപിടിച്ചു കണ്ണീർവാതകം പ്രയോഗിച്ചും ലാത്തിച്ചാർജ് ചെയ്തും തുരത്തിയോടിച്ചു. നഗരത്തിലെങ്ങും ഗതാഗതം സ്തംഭിച്ചു. ഒട്ടേറെ പേർ അറസ്റ്റിലായി. തായ്വാനുമായി നിലനിൽക്കുന്ന സംഘർഷങ്ങളും ഷി ജിൻപിങ്ങിന്റെ പ്രസ്താവനയ്ക്ക് കാരണമായെന്നാണ് വിലയിരുത്തൽ.

2016ൽ പ്രസിഡന്റ് സായ് ഇങ്-വെൻ അധികാരമേറ്റതു മുതൽ തായ്വൻ ചൈനയുടെ ഭാഗമാണെന്ന് അംഗീകരിക്കാൻ വിസമ്മതിച്ചിരുന്നു. 1949ലെ ആഭ്യന്തര യുദ്ധത്തിനുശേഷം തായ്വാൻ സ്വതന്ത്രരാജ്യമാണെങ്കിലും ചൈന അംഗീകരിക്കുന്നില്ല. ചൈനീസ് തായ്പേയ് എന്നാണ് അവർ തായ്വാനെ വിശേഷിപ്പിക്കുന്നത്. തായ്വാൻ ചൈനയുടെ ഭാഗം തന്നെയാണ് എന്നാണ് ചൈനീസ് അധികൃതരുടെ നിലപാട്. ഇക്കാര്യം അന്താരാഷട്ര സമൂഹം അംഗീകരിക്കുന്നതുമാണ്. അതിനാൽ തായ്വാന് ഒരിക്കല്ലും സ്വതന്ത്രരാഷ്ട്രമാവാൻ കഴിയില്ലെന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിലപാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP