Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒടുവിൽ യൂറോപ്യൻ യൂണിയൻ ഉണർന്നു; ബ്രിട്ടനിലേക്ക് പോകാൻ കാത്ത് കെട്ടി അഭയാർത്ഥി ക്യാമ്പുകളിൽ കിടക്കുന്നവരെ നാട് കടത്തും; പ്രശ്‌ന രഹിത രാജ്യങ്ങളിൽ നിന്നുള്ളവർക്കും ഇനി അഭയമില്ല

ഒടുവിൽ യൂറോപ്യൻ യൂണിയൻ ഉണർന്നു; ബ്രിട്ടനിലേക്ക് പോകാൻ കാത്ത് കെട്ടി അഭയാർത്ഥി ക്യാമ്പുകളിൽ കിടക്കുന്നവരെ നാട് കടത്തും; പ്രശ്‌ന രഹിത രാജ്യങ്ങളിൽ നിന്നുള്ളവർക്കും ഇനി അഭയമില്ല

സിറിയയിൽ നിന്നും മറ്റ് ചില മധ്യപൂർവേഷ്യൻ രാജ്യങ്ങളിൽ നിന്നും ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും ലക്ഷക്കണക്കിന് അഭയാർത്ഥികളാണ് കഴിഞ്ഞ ഒന്നര വർഷത്തിനിടെ യൂറോപ്പിലേക്ക് നിയന്ത്രണമില്ലാതെ ഒഴുകിയെത്തിയിരുന്നത്. ആദ്യമൊക്കെ അഭയാർത്ഥികളോട് മിക്ക യൂറോപ്യൻ രാജ്യങ്ങളും തികച്ചും ഉദാരമായ നടപടിയായിരുന്നു അനുവർത്തിച്ചിരുന്നത്. എന്നാൽ കാര്യങ്ങൾ പിടിവിട്ട് പോയി തങ്ങളുടെ നിലനിൽപ്പ് തന്നെ അവതാളത്തിലാകുമെന്നുറപ്പായപ്പോൾ അഭയാർത്ഥികൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കാൻ ചില രാജ്യങ്ങൾ നേരത്തെ തന്നെ തുടങ്ങിയിരുന്നു. അതിന്റെ ഭാഗമായി അതിർത്തികളിൽ കർശന നിയന്ത്രണങ്ങൾ അവർ അനുവർത്തിക്കാനാരംഭിച്ചിരുന്നു. ഇപ്പോഴിതാ സാക്ഷാൽ യൂറോപ്യൻ യൂണിയൻ തന്നെ അഭയാർത്ഥികളെ തുരത്താൻ അരയും തലയും മുറുക്കി മുമ്പില്ലാത്ത വിധം രംഗത്തിറങ്ങിയിരിക്കുകയാണെന്ന് പ ുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ബ്രിട്ടനിലേക്ക് പോകാൻ കാത്ത് കെട്ടി അഭയാർത്ഥി ക്യാമ്പുകളിൽ കിടക്കുന്നവരെ ഇതു പ്രകാരം നാടുകടത്താനാണ് യൂണിയൻ തീരുമാനിച്ചിരിക്കുന്നത്. പ്രശ്‌നരഹിത രാജ്യങ്ങളിൽ നിന്നുള്ളവർക്കും ഈ നടപടിയെ തുടർന്ന് ഇനി അഭയം നൽകേണ്ടെന്നാണ് യൂറോപ്യൻ യൂണിയൻ തീരുമാനിച്ചിരിക്കുന്നത്.

നിയമവിരുദ്ധമായി യുറോപ്പിലെത്തിയ 308 അഭയാർത്ഥികളെ തുർക്കിയിലേക്ക് കപ്പൽ കയറ്റി മടക്കി അയക്കാനാണ് ഇന്നലെ യൂറോപ്യൻ യൂണിയൻ പ്ര്യാപിച്ചിരിക്കുന്നത്. തുർക്കിയുമായുണ്ടാക്കിയ നിർണായകമായ ഒരു കരാറിന്റെ ഭാഗമായാണീ കൃത്യം നിർവഹിക്കുന്നത്. ഉദാരമായ ബെനഫിറ്റുകളുള്ള രാജ്യങ്ങളായ ബ്രിട്ടൻ, ജർമനി, സ്‌കാൻഡിനേവിയ തുടങ്ങിയ ഇടങ്ങളിലേക്ക് അഭയം നേടാൻ പോവുകയാണെന്ന് പറഞ്ഞ് തങ്ങളുടെ രാജ്യങ്ങളിലൂടെ കടന്ന് പോകുന്ന അഭയാർത്ഥികളെ ഓട്ടോമാറ്റിക്കായി നാടു കടത്താൻ യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങൾക്ക് കടുത്ത നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. വെറും വാചകമടിയെന്നതിലുപരിയായി ഇത്തരത്തിലുള്ള കുടിയേറ്റത്തെ നിയന്ത്രണവിധേയമാക്കാൻ യൂറോപ്യൻ യൂണിയന് കടുത്ത പ്രയത്‌നം തന്നെ നടത്തേണ്ടി വരുമെന്നുറപ്പാണ്. ഇപ്പോൾ ഗ്രീസിൽ മാത്രമായി 20,000 അഭയാർത്ഥികൾ യൂറോപ്പിലേക്ക് നുഴഞ്ഞ് കയറാൻ വേണ്ടി കാത്ത് കെട്ടിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.വിവിധ രാജ്യങ്ങളിൽ ഇത്തരത്തിൽ അഭയാർത്ഥികൾ തമ്പടിച്ചിട്ടുണ്ട്. പുതിയ നയം ഫലപ്രദമായി പ്രാവർത്തികമാക്കണമെങ്കിൽ ഇവരെയെല്ലാം എത്രയും പെട്ടെന്ന് നാടുകടത്തിയേ മതിയാകൂ.

കഴിഞ്ഞ വർഷം ഇതേ സമയത്തുള്ളതിനേക്കാൾ കുടിയേറ്റത്തിൽ 30 ഇരട്ടി വർധനവാണ് ഇപ്പോഴുണ്ടായിരിക്കുന്നതെന്നാണ് യൂറോപ്യൻ യൂണിയൻ ബോർഡർ ഏജൻസിയായ ഫ്രന്റക്‌സിന്റെ തലവൻ ഇന്നലെ വെളിപ്പെടുത്തിയിരുന്നു. അസൈലം അപേക്ഷകളിൽ ആറിരട്ടി വർധനവ് പ്രകടമായെന്നാണ് ഫിൻലാന്റ് വെളിപ്പെടുത്തിയിരിക്കുന്നത്. നോർത്ത് ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലെ പ്രശ്‌നരഹിത രാജ്യങ്ങളിൽ നിന്ന് പോലും നിരവധി അഭയാർത്ഥികൾ യൂറോപ്പിന്റെ തീരങ്ങളിൽ എത്തിച്ചേർന്നിട്ടുണ്ടെന്ന യാഥാർത്ഥ്യം വെളിപ്പെട്ടതിനെ തുടർന്നാണ് അത്തരക്കാരെയും നാട് കടത്തിയാൽ മാത്രമേ ലക്ഷ്യം ഫലപ്രദമായി നിറവേറ്റാൻ സാധിക്കുകയുള്ളൂവെന്ന് യൂറോപ്യൻ യൂണിയന് ഇപ്പോൾ ബോധ്യപ്പെട്ടിരിക്കുന്നത്. അനധികൃത അഭയാർത്ഥികളെ നാട് കടത്താൻ അംഗരാജ്യങ്ങൾക്ക് കൂടുതൽ സഹായങ്ങൾ നൽകാമെന്ന് യുറോപ്യൻ കൗൺസിൽ പ്രസിഡന്റ് ഡൊണാൾഡ് ടസ്‌ക് വാഗ്ദാനം നൽകിയിട്ടുമുണ്ട്. ഡബ്ലിൻ കരാർ പുനഃസ്ഥാപിക്കുകയാണ് ഷെൻഗൻ മേഖലയെ സംരക്ഷിക്കുന്നതിനുള്ള ഏക മാർഗമെന്ന് അദ്ദേഹം അഭിപ്രായപ്പെടുകയുമുണ്ടായി. ഈ കരാർ പ്രകാരം അഭയാർത്ഥി ആദ്യമെത്തുന്ന യൂറോപ്യൻ യൂണിയൻ രാജ്യത്ത് അസൈലം ക്ലെയിം ചെയ്യേണ്ടതാണ്.

അനധികൃത അഭയാർത്ഥികളോട് യൂറോപ്പ് കടുത്ത നടപടി സ്വീകരിക്കേണ്ട സമയമാണിതെന്നാണ് ക്രൊയേഷ്യ സന്ദർശിക്കവെ ടസ്‌ക് അവിടുത്തെ പ്രധാനമന്ത്രി തിഹോമിർ ഒരെസ്‌കോവിയോട് നിർദേശിച്ചിരിക്കുന്നത്. അഭയാർത്ഥി പ്രശ്‌നം മൂലം കടുത്ത പ്രതിസന്ധികൾ അനുഭവിക്കുന്ന രാജ്യമാണ് ക്രൊയേഷ്യ. അഭയാർത്ഥികളുടെ ഒഴുക്ക് നിയന്ത്രിക്കുന്നതിനാണ് ആദ്യം മുൻഗണന നൽകേണ്ടതെന്നും എന്നാൽ അതിനിടയിൽ ഷെൻഗൻ മേഖലയുടെ ഐക്യം കാത്ത് സൂക്ഷിക്കേണ്ടതുണ്ടെന്നുമാണ് ടസ്‌ക് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിനായി അടിസ്ഥാനരേഖകളില്ലാത്ത അഭയാർത്ഥികളെ പ്രവേശിപ്പിക്കാതിരിക്കാൻ ഓരോ അംഗരാജ്യവും ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം നിർദേശിക്കുന്നു.നിയന്ത്രണമില്ലാത്ത അഭയാർത്ഥി പ്രവാഹത്തെ നിർത്തലാക്കുകയെന്ന ലക്ഷ്യത്തോടെ ക്രൊയേഷ്യ തങ്ങളുടെ സെർബിയൻ അതിർത്തിയിലേക്ക് സൈന്യത്തെ അയക്കാനുള്ള തയ്യാറെടുപ്പിലാണ്. പുതിയ കരാറിന്റെ ഭാഗമായി യൂറോപ്യൻ യൂണിയൻ നേതാക്കന്മാർ തുർക്കിക്ക് മൂന്ന് ബില്യൺ യൂറോ സഹായമായി നൽകാനും അവിടുത്തെ പൗരന്മാർക്ക് വിസ രഹിത യാത്രാസൗകര്യവും വാഗ്ദാനം ചെയ്തിട്ടുണ്ട്. അതിന് പകരം തുർക്കി അഭയാർത്ഥികൾ മെഡിറ്ററേനിയൻ കടക്കുന്നത് തടയുകയാണ് ചെയ്യേണ്ടത്.

അഭയാർത്ഥികൾ മൊറോക്കോ, അൽജീരിയ, ടുണീഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണെങ്കിൽ പോലും അവർക്ക് അഭയം നൽകേണ്ടതില്ലെന്നാണ് യൂറോപ്യൻ യൂണിയൻ ഇപ്പോൾ കടുത്ത നിലപാടെടുത്തിരിക്കുന്നത്.നോർത്ത് ആഫ്രിക്ക, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള സാമ്പത്തിക കുടിയേറ്റക്കാരുടെ എണ്ണത്തിൽ അടുത്തിടെ വർധനവുണ്ടായിരിക്കുന്നുവെന്നാണ് പുതിയ കണക്കുകൾ വെളിപ്പെടുത്തുന്നത്. സിറിയയിലെ അഭ്യന്തരയുദ്ധത്തിന്റെ സാഹചര്യം മുതലെടുത്ത് യൂറോപ്പിൽ പുതിയൊരു ജീവിതം കെട്ടിപ്പടുക്കാൻ വേണ്ടി നിരവധി പേർ ശ്രമിക്കുന്നുണ്ടെന്നാണ് ഇതിൽ നിന്നും വ്യക്തമായിരിക്കുന്നത്. ആ പ്രവണത തിരിച്ചറിഞ്ഞ യൂണിയൻ അതിനും തടയിടാൻ കർക്കശമായി രംഗത്തിറങ്ങിയിരിക്കുകയാണ്.അഭയാർത്ഥി പ്രശ്‌നം ഇത്രയധികം രൂക്ഷമായതിന് യൂണിയനിലെ വിവിധ അംഗരാജ്യങ്ങൾ അടുത്തിടെ പരസ്പരം കുറ്റപ്പെടുത്തുന്ന പ്രവണത ശക്തമായതിനെ തുടർന്നാണ് അഭയാർത്ഥി പ്രശ്‌നം നേരിടാൻ ഇക്കാണുന്ന നടപടികളൊക്കെ പെട്ടെന്ന് യൂണിയൻ കൈക്കൊണ്ടിരിക്കുന്നത്. എല്ലാ സിറിയൻ അഭയാർത്ഥികൾക്ക് നേരെയും ജർമനിയും അവിടുത്തെ ചാൻസലറായ എയ്ജല മെർകലും ഉദാരമായ നയം സ്വീകരിച്ചതിനെ തുടർന്നാണ് യൂറോപ്പിലെ അഭയാർത്ഥി പ്രശ്‌നം ഇത്രയധികം രൂക്ഷമായതെന്ന് വിവിധ രാജ്യങ്ങൾ കുറ്റപ്പെടുത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP