Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ജേക്കബ് സുമയുടെ ദുർ ഭരണത്തിനെതിരായ ജനവികാരത്തെ അതീജീവിച്ച് സിറിൽ റമഫോസ; ദക്ഷിണാഫ്രിക്കയിൽ അധികാരം നിലനിർത്തി 'അച്ചടക്കമുള്ള ഇടതു ശക്തി' ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്; നേട്ടമുണ്ടാക്കാനാകാതെ പ്രതിപക്ഷം

ജേക്കബ് സുമയുടെ ദുർ ഭരണത്തിനെതിരായ ജനവികാരത്തെ അതീജീവിച്ച് സിറിൽ റമഫോസ; ദക്ഷിണാഫ്രിക്കയിൽ അധികാരം നിലനിർത്തി 'അച്ചടക്കമുള്ള ഇടതു ശക്തി' ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്; നേട്ടമുണ്ടാക്കാനാകാതെ പ്രതിപക്ഷം

മറുനാടൻ ഡെസ്‌ക്‌

പ്രിട്ടോറിയ: കാൽനൂറ്റാണ്ടായി ദക്ഷിണാഫ്രിക്കയെ നയിക്കുന്ന ആഫ്രിക്കൻ നാഷനൽ കോൺഗ്രസ് വീണ്ടും അധികാരത്തിലേക്ക്. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിലാണെങ്കിലും പാർലമെന്റ് തിരഞ്ഞെടുപ്പിൽ എഎൻസി വ്യക്തമായ ലീഡ് നേടി. 90 ശതമാനം വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോൾ എഎൻസി 57.38ശതമാനം വോട്ട് നേടി. പ്രതിപക്ഷ സഖ്യമായ ഡമോക്രാറ്റിക് അലയൻസ് (ഡിഎ) 21.01ശതമാനം നേടി. ഇടതുകക്ഷിയായ ഇക്കണോമിക് ഫ്രീഡം ഫൈറ്റേഴ്‌സിന് (ഇഎഫ്എഫ്) 10.3ശതമാനം വോട്ട് ലഭിച്ചു. 2014 ൽ എഎൻസി 62, ഡിഎ 22, ഇഎഫ്എഫ് 6 ശതമാനം എന്നിങ്ങനെയായിരുന്നു വോട്ട് നില.

പ്രവിശ്യാ ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഒമ്പതിൽ എട്ടിലും എഎൻസിക്ക് അധികാരം നിലനിർത്താനായി. കേപ് ടൗൺ ഉൾപ്പെടുന്ന പശ്ചിമ കേപ്പിൽ 2009 മുതൽ ഡിഎ സഖ്യമാണ് ഭരണത്തിൽ. 9 വർഷത്തിലേറെ പ്രസിഡന്റായിരുന്ന ജേക്കബ് സുമയെ നീക്കി കഴിഞ്ഞ വർഷം അധികാരം ഏറ്റെടുത്ത സിറിൽ റമഫോസയുടെ നേതൃത്വത്തിലാണ് എഎൻസി മത്സരിച്ചത്.

അഴിമതി, സാമ്പത്തിക മുരടിപ്പ്, തൊഴിലില്ലായ്മ എന്നിവ സൃഷ്ടിച്ച കടുത്ത പ്രതിസന്ധിയിലും ഭരണം നിലനിർത്താൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് പാർട്ടി. അഴിമതിയെ തുടർന്നു പുറത്തായ ജേക്കബ് സുമയുടെ ഭരണകാലത്തെ വീഴ്ചകൾ വോട്ടെടുപ്പിനെ കാര്യമായി സ്വാധീനിച്ചില്ലെന്നു ഫലം വ്യക്തമാക്കുന്നു.

ആഫ്രിക്കയിലെ ഏറ്റവും പഴക്കം ചെന്ന രാഷ്ട്രീയകക്ഷിയാണ് ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്. രാജ്യത്തെ ജനസംഖ്യയുടെ 77 ശതമാനം കറുത്തവർഗക്കാരാണ്. 11 ശതമാനം വെള്ളക്കാരും 9 ശതമാനം സങ്കര ജനവിഭാഗങ്ങളും 3 ശതമാനത്തോളം ഏഷ്യൻ വംശജരുമാണ്. ഏഷ്യൻവംശജരിൽ ഏതാണ്ട് മുഴുവൻ പേരുടെയും പൂർവികന്മാർ 1860-1911 കാലഘട്ടത്തിൽ ദക്ഷിണാഫ്രിക്കയിലെ കരിമ്പുതോട്ടങ്ങളിലേക്ക് ഇന്ത്യയിൽ നിന്ന് കൊണ്ടുപോയവരാണ്

'അച്ചടക്കമുള്ള ഇടത് ശക്തി' എന്ന് സ്വയം വിശേഷിപ്പിക്കുന്നു. അധിനിവേശ ശക്തികൾക്കെതിരേയുള്ള ചെറുത്തുനിൽപ്പായാരംഭിച്ച്, വെള്ളക്കാരന്റെ വർണ്ണവിവേചനത്തിനെതിരെ സമരരംഗത്തിറങ്ങി വിവേചനരഹിത ദക്ഷിണാഫ്രിക്ക പടുത്തുയർത്തുയർത്തുന്നതിന്റെ മുൻപന്തിയിൽ നിന്ന പാർട്ടിയാണ് കഴിഞ്ഞ കാൽ നൂറ്റാണ്ടായി രാജ്യം ഭരിക്കുന്നത്.

ദക്ഷിണാഫ്രിക്കയുടെ ചരിത്രത്തിൽ ആദ്യമായി 1910-ലാണ് വോട്ടെടുപ്പ് നടക്കുന്നത്. അതിലാകട്ടെ കറുത്ത വർഗ്ഗക്കാർക്ക് വോട്ടവകാശം ഉണ്ടായിരുന്നില്ല. സൗത്താഫ്രിക്കൻ പാർട്ടി (ടഅജ) അധികാരത്തിലെത്തുകയും ലൂയിസ് ബോധ പ്രധാനമന്ത്രിയാവുകയും ചെയ്തു. പുതിയ സർക്കാർ കറുത്ത വർഗ്ഗക്കാർക്കെതിരെ കുപ്രസിദ്ധിയാർജ്ജിച്ച കരിനിയമങ്ങൾ പാസ്സാക്കി. കറുത്തവരുടെ സർവ്വസ്വാതന്ത്ര്യവും കാറ്റിൽ പറത്തി. അവരുടെ സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങൾക്ക് വിലക്കേർപ്പെടുത്തി. ഇതിനെതിരെ 1912-ൽ വിവിധ ഗോത്രക്കാരും സമുദായക്കാരും 'ബ്ലൂം ഹൊൻടെൻ' എന്ന പട്ടണത്തിൽ ഒത്തുകൂടി പിക്‌സെലി കാ ഇസാക സെമിന്റെ നേതൃത്വത്തിൽ ദക്ഷിണാഫ്രിക്കൻ നേറ്റീവ് നാഷണൽ കോൺഗ്രസ്സ് രൂപീകരിച്ചു.

1948-ൽ അധികാരത്തിൽ വന്ന നാഷണൽ പാർട്ടി ലോകചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധമായ വർണവിവേചത്തിന് തുടക്കമിട്ടു. എൻ.പിയുടെ നേതൃത്വത്തിൽ വെള്ളക്കാരുടെ സർക്കാർ 1994 വരെ ദക്ഷിണാഫ്രിക്ക ഭരിച്ചു. കന്നുകാലികളേക്കാൾ മോശമായ രീതിയിലായിരുന്നു കറുത്തവരോടുള്ള വെള്ളക്കാരുടെ സമീപനം. ഓരോ മനുഷ്യനും വെളുത്തവനെന്നും കറുത്തവനെന്നും വേർതിരിക്കപ്പെട്ടു. ബീച്ചുകളിലും ബസ്സുകളിലും കറുത്തവർക്കും വെള്ളക്കാർക്കും പ്രത്യേകം പ്രത്യേകം ഇരിപ്പിടങ്ങൾ. കറുത്തവർക്ക് തിരിച്ചറിയൽ കാർഡ് ഏർപ്പെടുത്തി. തിരിച്ചറിയൽ കാർഡ് ധരിച്ചു വേണം കറുത്തവർ യാത്ര ചെയ്യാൻ പോലും എന്ന അവസ്ഥയായിരുന്നു.

1949-ൽ എ.എൻ.സി.യുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധമാരംഭിച്ചു. സർക്കാരാകട്ടെ കരിനിയമങ്ങൾ കൂടുതൽ കടുത്തതാക്കി. 1961-ൽ ബ്രിട്ടീഷ് ആധിപത്യം അവസാനിച്ചു. റിപ്പബ്ലിക്ക് ഓഫ് സൗത്താഫ്രിക്ക രൂപീകൃതമായി. എങ്കിലും വർണവിവേചനം ശക്തിയായി തുടർന്നു. എ.എൻ.സി. നിരോധിക്കപ്പെട്ടു. നെൽസൺ മണ്ഡേല ഒളിവിലിരുന്ന് എ.എൻ.സി.യെ നയിച്ചു.

പോരാട്ടങ്ങൾക്കൊടുവിൽ1990 ഫെബ്രുവരി 9-ന് എ.എൻ.സി.യേയും പി.എ.സി.യേയും കമ്യൂണിസ്റ്റ് പാർട്ടിയേയും അംഗീകരിച്ച്  പാർലമെന്റിൽ പ്രഖ്യാപനം നടത്തി. മണ്ഡേല ജയിൽ മോചിതനായി. വർണവിവേചന നിയമങ്ങൾ ഇല്ലാതായി. 1994-ലെ ദേശീയ തെരഞ്ഞെടുപ്പിൽ എ.എൻ.സി. ഭൂരിപക്ഷം നേടി. 1994 മെയ് 10-ന് ആഫ്രിക്കക്കാർ സ്‌നേഹത്തോടെ 'മാഡിബ' എന്നു വിളിക്കുന്ന പ്രിയനേതാവ് മണ്ഡേല പ്രസിഡന്റായി സ്ഥാനമേറ്റു. അന്നുമുതൽ ഇങ്ങോട്ട് ആഫ്രിക്കൻ അധികാരത്തിന്റെ കേന്ദ്ര സ്ഥാനമായി ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് മാറുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP