Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202024Thursday

ബ്രിട്ടനിലെ മുസ്ലിം പെൺകുട്ടികളെ ഇന്റർനെറ്റിലൂടെ കെട്ടിച്ചു വിടുന്നു; ഇന്ത്യയിൽ നിന്നും യുകെയിൽ എത്തി വിപ്ലവം സൃഷ്ടിക്കുന്ന അനിത പ്രേമിന്റെ റിപ്പോർട്ട് വൻ വിവാദത്തിലേക്ക്

ബ്രിട്ടനിലെ മുസ്ലിം പെൺകുട്ടികളെ ഇന്റർനെറ്റിലൂടെ കെട്ടിച്ചു വിടുന്നു; ഇന്ത്യയിൽ നിന്നും യുകെയിൽ എത്തി വിപ്ലവം സൃഷ്ടിക്കുന്ന അനിത പ്രേമിന്റെ റിപ്പോർട്ട് വൻ വിവാദത്തിലേക്ക്

ബ്രിട്ടനിലെ പല രംഗങ്ങളിലും വിപ്ലവം തീർത്ത ഇന്ത്യൻ വംശജർ അനേകം പേരുണ്ട്. അക്കൂട്ടത്തിൽ ഏറ്റവും പുതുതായി ചേർത്തു വയ്ക്കാവുന്ന പേരായിത്തീർന്നിരി ക്കുകയാണ് ഇന്ത്യൻ വംശജയായ അനിത പ്രേമിന്റെ പേരെന്നു പറയാം. ബ്രിട്ടനിലെ മുസ്ലിം പെൺകുട്ടികളെ പ്രായപൂർത്തിയാകുന്നതിനു മുമ്പു നിർബന്ധിതമായി ഇന്റർനെറ്റിലൂടെ കെട്ടിച്ചു വിടുന്ന ദുരവസ്ഥയെക്കുറിച്ച് അനിത പ്രേം സൺഡേ ടൈംസിലെഴുതിയ റിപ്പോർട്ടാണ് ഇപ്പോൾ ഇവിടെ വിവാദം സൃഷ്ടിക്കുകയും ഈ പ്രശ്നം അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തുകയും ചെയ്തിരിക്കുന്നത്. ഇതോടെ എഴുത്തുകാരിയും മനുഷ്യാവകാശ പ്രവർത്തകയും മജിസ്ട്രേറ്റുമായ അനിത പ്രേമിന്റെ പ്രസക്തിയും പ്രശസ്തിയും ഒന്നു കൂടി വർധിച്ചിരിക്കുകയാണ്. വെറും 11 വയസ് ആകുന്നതിനു മുമ്പു തന്നെ ബ്രിട്ടനിലെ മുസ്ലിം പെൺകുട്ടികളെ വിദേശത്തുള്ള പുരുഷന്മാരുമായി ഇന്റർനെറ്റിലൂടെ വിവാഹം കഴിപ്പിക്കുന്നുവെന്ന നഗ്‌നയാഥാർത്ഥ്യമാണ് അനിത തന്റെ വിവാദമായ റിപ്പോർട്ടിലൂടെ വെളിച്ചത്തു കൊണ്ടുവന്നിരിക്കുന്നത്. നിർബന്ധിത വിവാഹത്തിന് കടുത്ത നിരോധനമുള്ള ഒരു രാജ്യത്താണ് ഈ പ്രവൃത്തി നടക്കുന്നതെന്നത് അതിശയകരമാണ്.

യുകെയിലെയും വിദേശത്തുമുള്ള ഇമാമുമാരുടെ നേതൃത്വത്തിൽ നടക്കുന്ന ഇത്തരം ഓൺലൈൻ വിവാഹങ്ങൾ സ്‌കൈപ്പിലൂടെയാണ് യാഥാർത്ഥ്യമാക്കുന്നത്. ഇതിലൂടെ പെൺകുട്ടികളുടെ വിവാഹം സാധ്യമായതിലും വേഗത്തിൽ നടത്താനാണ് മുസ്ലിം സമുദായ പുരോഹിതന്മാർ ശ്രമിക്കുന്നതെന്നു ഫ്രീഡം ചാരിറ്റിയുടെ സ്ഥാപക കൂടിയായ അനിത പ്രേം വെളിപ്പെടുത്തുന്നു. പുതിയ ഭർത്താവിന് യുകെയിലേക്കുള്ള വിസ തരപ്പെടുത്തി കൊടുക്കാമെന്ന വാഗ്ദാനം ഇത്തരം വിവാഹങ്ങളുടെ ഭാഗമായി നൽകുന്ന പതിവുണ്ടെന്നും അവർ പറയുന്നു. മുസ്ലിം പെൺകുട്ടികൾ പാശ്ചാത്യവൽക്കരിക്കുന്നതിന് മുമ്പ് അവരെ സാധ്യമായ വേഗത്തിൽ കെട്ടിച്ച് വിടുന്നതിനാണ് ഇത്തരം വിവാഹങ്ങൾ മതപണ്ഡിതന്മാർ ആസൂത്രണം ചെയ്യുന്നെന്നും സൺഡേ ടൈംസിലെഴുതിയ റിപ്പോർട്ടിലൂടെ അനിത വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തിൽ ഒരു പ്രാവശ്യം വിവാഹിതിരാവുന്നതോടെ ഒരു സ്പൗസ് വിസ ലഭിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമം നടക്കുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ഇതിലൂടെ പെൺകുട്ടി ഭർത്താവിന്റെ രാജ്യം സന്ദർശിക്കാനും ഗർഭം ധരിക്കാനും ഇടയാവുകയും ചെയ്യുന്നു. ഇതിലൂടെ പ്രസ്തുത പുരുഷനെ യുകെയയിലേക്ക് കൊണ്ടു വരുന്നതിനുള്ള നീക്കത്തിന് കൂടുതൽ നിയമപിന്തുണ നേടിയെടുക്കുകയാണ് ലക്ഷ്യം.

Stories you may Like

ഇത്തരത്തിലുള്ള ഒരു കേസിൽ ലണ്ടനിലെ വീട്ടിലിരുന്നു വിദ്യാഭ്യാസം ചെയ്യുന്ന 11 കാരിയായ പെൺകുട്ടിയെ ബംഗ്ലാദേശിലുള്ള 25കാരനുമായിട്ടായിരുന്നു സ്‌കൈപ്പിലൂടെ വിവാഹം നടത്തിയിരുന്നത്. അതു കഴിഞ്ഞാണ് നിർബന്ധിച്ചുള്ള വിവാഹത്തെക്കുറിച്ച് പരാമർശിക്കുന്ന ഒരു പുസ്തകം അവൾ തന്റെ മൂത്തസഹോദരന്റെ അടുത്തു നിന്ന് കണ്ടെടുത്ത് വായിക്കാനിടയായത്. തുടർന്നു പെൺകുട്ടി അനിതാ പ്രേമിന്റെ ഫ്രീഡം ചാരിറ്റിയുമായി ബന്ധപ്പെടുകയായിരുന്നു. സ്‌കൈപ്പിലൂടെ നടന്ന ഫോൺ വിളി തന്റെ വിവാഹ ചടങ്ങായിരുന്നുവെന്നത് പിന്നീടു മാത്രമാണ് ഈ പെൺകുട്ടി തിരിച്ചറിഞ്ഞിരുന്നത്. എത്രയും പെട്ടെന്ന് പ്രസ്തുത പെൺകുട്ടിയെ ഭർത്താവുമായി കൂടിക്കാഴ്ച നടത്താനുള്ള അവസരമൊരുക്കുകയും ഗർഭിണിയാക്കുകയുമായിരുന്നു ഇതിനു പിന്നിൽ പ്രവർത്തിച്ചവരുടെ ലക്ഷ്യമെന്നും പിന്നീട് തെളിഞ്ഞിരുന്നു. ഇത്തരത്തിൽ ഈ പെൺകുട്ടിയുടെ വിവാഹം നടത്തുമ്പോൾ അവൾ വീട്ടിൽ ക്ലീൻ ചെയ്യാനും പാചകം ചെയ്യാനും പഠിക്കുന്ന തിരക്കിലായിരുന്നുവെന്നും അനിത വെളിപ്പെടുത്തുന്നു.

ഹിന്ദു, സിഖ്, യഹൂദ പശ്ചാത്തലത്തിലുള്ള ചില പെൺകുട്ടികളെയും നിർബന്ധിത വിവാഹത്തിന് വിധേയരാക്കുന്നുണ്ടെന്ന് തങ്ങൾക്ക് കണ്ടെത്താൻ സാധിച്ചിട്ടുണ്ടെന്നും അനിത പറയുന്നു. ഒരൊറ്റ മതവും നിർബന്ധിത വിവാഹത്തിന് സ്വീകാര്യത നൽകുന്നില്ലെങ്കിലും ചില മാതാപിതാക്കന്മാർ പെൺകുട്ടികളെ നിയന്ത്രിക്കുന്നതിനുള്ള ഒരു വഴിയായി ഇതിനെ ഉപയോഗപ്പെടുത്തുകയാണ് ചെയ്യുന്നതെന്നാണ് അനിത ചൂണ്ടിക്കാട്ടുന്നത്. ഇംഗ്ലണ്ട്, വെയിൽസ്, സ്‌കോട്ട്ലൻഡ് എന്നിവിടങ്ങളിൽ നിർബന്ധിത വിവാഹം 2014ൽ നിയമവിരുദ്ധമാക്കിയതാണ്.നിർബന്ധിത വിവാഹങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്താനായി കർമ നിർവാണ എന്ന ചാരിറ്റി സൗജന്യ വർക്ക്ഷോപ്പുകൾ സംഘടിപ്പിക്കുന്നുണ്ട്. കഴിഞ്ഞ വർഷത്തെ അവസാനത്തെ രണ്ട് മാസങ്ങളിൽ മാത്രം 14 സ്‌കൂളുകളിൽ നിന്ന് തങ്ങൾക്ക് 38 റഫറലുകൾ ലഭിച്ചിട്ടുണ്ടെന്ന് അവർ വ്യക്തമാക്കുന്നു.

സാമൂഹിക സേവന രംഗത്ത് ചുരുങ്ങിയ കാലം കൊണ്ട് തന്റേതായ വ്യക്തിത്വം സ്ഥാപിച്ച ചരിത്രമാണ് അനിത പ്രേമിനുള്ളത്. കുട്ടികളെയും യുവജനങ്ങളെയും സംരക്ഷിക്കുന്നതിന് വേണ്ടിയും നിർബന്ധിത വിവാഹങ്ങളെക്കുറിച്ച് അവബോധമുണ്ടാക്കുന്നതിനും വേണ്ടി യുകെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചാരിറ്റിയാണ് അനിത പ്രേം സ്ഥാപിച്ച ഫ്രീഡം ചാരിറ്റി. 2010 അവസാനമാണ് അവരിത് സ്ഥാപിച്ചത്. ലണ്ടനിൽ ജനിച്ച അനിത പ്രേമിന്റെ അച്ഛൻ എഴുത്തുകാരനും കവിയും കോളജ് പ്രിൻസിപ്പലുമായ ചന്ദ്രശേഖർ പ്രേമാണ്. ഹിമാൽ പ്രദേശിലാണ് അനിതയുടെ കുടുംബത്തിന്റെവേരുകൾ നിലകൊള്ളുന്നത്. തന്റെ അച്ഛൻ ജീവിച്ചിരുന്ന കോട്ട് ഗ്രാമവുമായി അനിതയ്ക്ക് അഭേദ്യമായ ബന്ധമാണുള്ളത്. ഗ്രാമീണ പെൺകുട്ടികളുടെ വിദ്യാഭ്യാസം തുടരുകയെന്ന തന്റെ അച്ഛന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ വേണ്ടി അനിത പ്രവർത്തിച്ചിട്ടുണ്ട്. 16 വയസിന് ശേഷവും ഇന്ത്യയിലെ പെൺകുട്ടികൾക്ക് പഠിക്കാൻ വേണ്ടിയുള്ള കോളജായ റിപ്പബ്ലിക്ക് കോളജ് സ്ഥാപിക്കാൻ അവർ അച്ഛനെ 2000ത്തിൽ സഹായിച്ചിരുന്നു. ഇതിനെല്ലാം പുറമെ ഒരു മജിസ്ട്രേറ്റായി തിളങ്ങാനും അനിതയ്ക്ക് സാധിച്ചിട്ടുണ്ട്. മുതിർന്നവർക്കും, യുവാക്കൾക്കുമുള്ള കോടതികളിലും കുടുംബ കോടതിയിലും ജഡ്ജിയായി അവർ പ്രവർത്തിച്ചിരുന്നു. ഇതിന് പുറമെ ലണ്ടനിലെ ചില ബിസിനസ്‌കോടതികളിലും അവർ സേവനമനുഷ്ഠിച്ചിരുന്നു. പുതിയ മജിസ്ട്രേറ്റുകളെ റിക്രൂട്ട് ചെയ്യുന്നതിലും പരിശീലിപ്പിക്കുന്നതിലും അവർ തന്റേതായ സംഭാവനകൾ നൽകിയിട്ടുണ്ട്.
കുട്ടികളെയും യുവജനങ്ങളെയും ലക്ഷ്യം വച്ച് അനിത ബട്ട് ഇറ്റ്സ് നോട്ട് ഫെയർ എന്ന പേരിൽ ഒരു നോവൽ എഴുതിയിട്ടുണ്ട്. നിർബന്ധിത വിവാഹത്തിന് വിധേയരാകുന്ന ഇരകളായ കുട്ടികളെക്കുറിച്ചാണിതിൽ പരാമർശിച്ചിരിക്കുന്നത്. യുവതിയായ ഒരു ബ്രിട്ടീഷുകാരിയുടെ കാഴ്ചപ്പാടിലുള്ള നോവലാണിത്. വിന്നിയെന്ന ആ പെൺകുട്ടിയുടെ സുഹൃത്തുക്കളെല്ലാം നിർബന്ധിത വിവാഹത്തിന്റെ ഇരകളാണ്. തന്റെ സാമൂഹിക പ്രവർത്തനത്തിന് നിരവധി പുരസ്‌കാരങ്ങൾ അനിതയെ തേടിയെത്തിയിട്ടുണ്ട്. 2015 ഒക്ടോബറിൽ വിൻചെസ്റ്റർ യൂണിവേഴ്സിറ്റി ഇവരെ ഹോണററി ഡോക്ടർ ഓഫ് ലെറ്റേഴ്സ് നൽകി ആദരിച്ചിട്ടുണ്ട്. ലണ്ടൻ ഈവനിങ് സ്റ്റാൻഡേർഡ് പ്രോഗ്രസ് 1000 അവാർഡ്, ജിജി2 ലീഡർഷിപ്പ് സ്പിരിറ്റ് ഇൻദി കമ്മ്യൂണിറ്റി അവാർഡ്, തുടങ്ങിയവ അവയിൽ ചിലത് മാത്രമാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP