Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സുരക്ഷിതമായ രാജ്യം ഇസ്രയേൽ മാത്രം; പാശ്ചാത്യ നാടുകളിലെ യഹൂദന്മാർ നാടു വിടുന്നു; ഫ്രാൻസിൽ നിന്നും ഇക്കുറി ഇസ്രയേലിലേക്കു കൂടുമാറുന്നത് 15,000 യഹൂദർ

സുരക്ഷിതമായ രാജ്യം ഇസ്രയേൽ മാത്രം; പാശ്ചാത്യ നാടുകളിലെ യഹൂദന്മാർ നാടു വിടുന്നു; ഫ്രാൻസിൽ നിന്നും ഇക്കുറി ഇസ്രയേലിലേക്കു കൂടുമാറുന്നത് 15,000 യഹൂദർ

പാരീസ് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷ തേടി ഫ്രാൻസിൽ നിന്നും ഇസ്രയേലിലേക്കു കുടിയേറുന്ന യഹൂദരുടെ എണ്ണം ഗണ്യമായി കൂടുമെന്ന് റിപ്പോർട്ട്. 2015-ൽ 15,000 യഹൂദർ ഇവിടെ നിന്നും ഇസ്രയേലിലേക്കു കൂടുമാറുമെന്ന് കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന ജ്യൂയിഷ് ഏജൻസി പറയുന്നു. ഫ്രാൻസ് വിടുന്ന യഹൂദരുടെ എണ്ണം കഴിഞ്ഞ വർഷത്തെ റെക്കോർഡായ 7000-ൽ നിന്നും ഈ വർഷം വർധിക്കുമെന്ന് നേരത്തെ പ്രതീക്ഷിച്ചിരുന്നെങ്കിലും പാരീസിലെ കോഷർ സൂപ്പർ മാർക്കറ്റിൽ യഹൂദരെ ലക്ഷ്യമിട്ട് നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇത് ഗണ്യമായി വർധിക്കുമെന്നാണ് വിലയിരുത്തൽ. 'ഈ വർഷം 10000 കുടിയേറ്റക്കാരുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. പക്ഷേ ഇപ്പോൾ എണ്ണം ഇതിലേറെയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു,' ഏജൻസി മേധാവി നതാൻ ശറൻസ്‌കി പറഞ്ഞു. കുടിയേറാൻ തയ്യാറായ ഫ്രഞ്ച് യഹൂദരുടെ യോഗത്തിൽ ഒരു ദിവസം 700 പേർ പങ്കെടുത്തതായി ഇസ്രയേൽ വിദേശകാര്യ മന്ത്രി അവിഗ്‌ദോർ ലീബർമാൻ പറഞ്ഞു. ഭീകരാക്രമണത്തെ അപലപിച്ച് പാരീസിൽ നടന്ന ലോക നേതാക്കൾ പങ്കെടുത്ത കൂറ്റൻ റാലിയിൽ പങ്കെടുക്കാനായി ഫ്രാൻസിൽ എത്തിയതായിരുന്നു ഇരുവരും.

ഫ്രാൻസിൽ നിന്നും ഇസ്രയേലിലേക്കുള്ള കുടിയേറ്റം റെക്കോർഡിലെത്തിയത് കഴിഞ്ഞ വർഷമാണ്. 2013-നു ശേഷമാണ് ഇവരുടെ എണ്ണത്തിൽ ഗണ്യമായ വർധന ഉണ്ടായത്. 2012-ൽ കുടിയേറിയവരുടെ എണ്ണം 1,917 ആയിരുന്നു. 2013-ൽ ഇത് 3,293 ആയും 2014-ൽ 7,086 ആയും ഇരട്ടിയായി വർധിച്ചു. ഫ്രാൻസ് കൂടാതെ യുക്രൈൻ, മോൽഡോവ, റഷ്യ, ബെലാറസ്, ബാൾട്ടിക് സ്റ്റേറ്റ്‌സ് എന്നിവിടങ്ങളിൽ നിന്നും ഇസ്രയേലിലേക്ക് കുടിയേറുന്നവരുടെ എണ്ണം ഏറി വരികയാണ്. ഫ്രാൻസിൽ നിന്നും മറ്റു യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുമുള്ള യഹൂദ കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വഴികൾ ആരായാൻ അടുത്ത ആഴ്ചകളിലായി സർക്കാർ സമിതി യോഗം ചേരുമെന്ന് ദിവസങ്ങൾക്കു മുമ്പ് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞിരുന്നു.

ഇസ്രയേലിലേക്കു വരുന്ന എല്ലാ യഹുദരേയും ഹൃദ്യമായി സ്വീകരിക്കുമെന്നും നെതന്യാഹു പറഞ്ഞിരുന്നു. ഫ്രാൻസിലേയും മറ്റു യൂറോപ്യൻ രാജ്യങ്ങളിലേയും യഹൂദരുടെ വീടാണ് ഇസ്രയേലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാരീസ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഫ്രാൻസിലെ യഹൂദ സ്ഥാപനങ്ങൽക്കും പ്രസിഡന്റ് ഫ്രാങ്കോ ഹൊലാന്ദെയുടെ പ്രത്യേക നിർദേശ പ്രകാരം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സ്‌കൂളുകളും സിനഗോഗുകളും സേനയുടെ സഹായത്തോടെ സംരക്ഷിക്കും. യഹൂദർക്കെതിരേയുള്ള ഭീഷണി മുൻ വർഷത്തേക്കാൾ ഇരട്ടിയായിട്ടുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക്. യൂറോപ്പിലെ ഏറ്റവും വലിയ യഹൂദ സമുഹമാണ് ഫ്രാൻസിലേത്. രണ്ടാം ലോക യുദ്ധത്തിനു ശേഷമാണ് ഇവരുടെ ജനസംഖ്യ ഇരട്ടിയായി വർധിച്ച് അഞ്ചര ലക്ഷത്തോളമായതെന്ന് ഫ്രഞ്ച് ജ്യൂയിഷ് സംഘടനയായ സിആർഐഎഫ് പറയുന്നു.

അതിനിടെ ബ്രിട്ടനിലും യഹൂദ വിരുദ്ധത ഉയരുന്നതായി പുതിയ സർവേ സൂചിപ്പിക്കുന്നു. ഹോളാകോസ്റ്റിനെ കുറിച്ച് പറഞ്ഞ് യഹൂദർ അനുകമ്പ നേടുന്നെന്ന് ബ്രിട്ടനിൽ എട്ടിലൊന്ന് ആളുകളും വിശ്വസിക്കുന്നതായി പുതിയ സർവേ വ്യക്തമാക്കുന്നു. ക്യാമ്പയിൽ അഗെയ്ൻസ്റ്റ് ആന്റി സെമിറ്റിസം നടത്തിയ സർവേയിലാണ് ഇക്കാര്യം പറയുന്നത്. നാലിലൊന്ന് ബ്രിട്ടീഷുകാരും യഹൂദർ മറ്റുള്ളവരെ അപേക്ഷിച്ച് പണത്തിനു പിന്നാലെ പായുന്നവരായാണ് കണക്കാക്കുന്നത്. മാദ്ധ്യമങ്ങളിൽ യഹൂദർക്ക് വലിയ സ്വാധീനമുണ്ടെന്ന് ആറിലൊന്ന് പേരും വിശ്വസിക്കുന്നു. സർവേയിൽ പങ്കെടുത്ത 60 ശതമാനം യഹൂദരും പ്രതികരിച്ചത് തങ്ങൾക്ക് യുറോപ്പിൽ ഭാവിയില്ലെന്നാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP