Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അഞ്ചു മാസത്തിനിടെ നൂറു കണക്കിന് പേർ കൊല്ലപ്പെട്ട രണ്ട് വിമാനാപകടങ്ങൾ! അപകട സാധ്യത മൂലം അമേരിക്കൻ കമ്പനിയായ ബോയിങ്ങിന്റെ 737 മാക്‌സ് 8 വിമാന സർവീസ് നിറുത്തിവെച്ച് 50 രാജ്യങ്ങൾ; 24 മണിക്കൂറിനിടെ കമ്പനി നേരിട്ടത് 1.74 ലക്ഷം കോടി രൂപയുടെ നഷ്ടം; ബോയിങ് സർവീസ് നിറുത്താൻ ട്രംപും ഉത്തരവിട്ടതോടെ ഓഹരിയിലടക്കം തകർന്നടിഞ്ഞ് 'വിമാനഭീമൻ'

അഞ്ചു മാസത്തിനിടെ നൂറു കണക്കിന് പേർ കൊല്ലപ്പെട്ട രണ്ട് വിമാനാപകടങ്ങൾ! അപകട സാധ്യത മൂലം അമേരിക്കൻ കമ്പനിയായ ബോയിങ്ങിന്റെ 737 മാക്‌സ് 8 വിമാന സർവീസ് നിറുത്തിവെച്ച് 50 രാജ്യങ്ങൾ; 24 മണിക്കൂറിനിടെ കമ്പനി നേരിട്ടത് 1.74 ലക്ഷം കോടി രൂപയുടെ നഷ്ടം; ബോയിങ് സർവീസ് നിറുത്താൻ ട്രംപും ഉത്തരവിട്ടതോടെ ഓഹരിയിലടക്കം തകർന്നടിഞ്ഞ് 'വിമാനഭീമൻ'

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: കഴിഞ്ഞ അഞ്ചു മാസത്തിനിടെ ലോകത്തെ ഞെട്ടിച്ച രണ്ട് വലിയ വിമാനാപകടങ്ങൾ ! നൂറുകണക്കിനാളുകളുടെ ജീവൻ പൊലിഞ്ഞ സംഭവങ്ങൾക്ക് പിന്നാലെ ബോയിങ് കമ്പനി ആഗോള തലത്തിൽ നേരിടുന്നത് വൻ പ്രതിസന്ധി. അപകടസാധ്യത കണക്കിലെടുത്ത് 50ൽ അധികം രാജ്യങ്ങൾ ബോയിങ് 737 മാക്‌സ് 8 വിമാനത്തിന്റെ സർവീസ് നിറുത്തി വച്ചതോടെ വൻ നഷ്ടമാണ് 'വിമാനഭീമൻ' കമ്പനി നേരിടുന്നത്. ഇത്രയധികം രാജ്യങ്ങൾ ഒന്നിച്ച് വിമാന സർവീസ് നിറുത്തി വെക്കാൻ തീരുമാനിച്ചതിന് പിന്നാലെ കമ്പനിയുടെ ഓഹരി അടക്കം വൻ ഇടിവാണ് നേരിടുന്നത്. 1.74 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കമ്പനിക്ക് നേരിടേണ്ടി വന്നത്.

എന്നാൽ ഇപ്പോൾ ആഗോള തലത്തിൽ ഏറ്റവുമധികം ഉപയോഗിക്കുന്നത് 355മാക്‌സ് 8 ജെറ്റ് വിമാനങ്ങളാണെന്നും ഈ വർഷം ജനുവരി 31 വരെ 5123 ഓർഡറുകളാണ് ലഭിച്ചതെന്നും കമ്പനി അധികൃതർ പറയുന്നു. 121.6 മില്യൺ ഡോളറാണ് വിമാനത്തിന്റെ ശരാശരി വിലയെന്നും അധികൃതർ വ്യക്തമാക്കി. മുന്നൂറോളം ബോയിങ് 737 മാക്‌സ് 8 വിമാനങ്ങളാണ് നിലവിൽ പല രാജ്യത്തായി സർവീസിലുള്ളത്. ഇത്യോപ്യൻ എയർലൈൻസ് ഉപയോഗിച്ച ബോയിങ് 737 മാക്‌സ് ഏതാനും ദിവസങ്ങൾക്ക് മുൻപ് അഡിസ് അബാബയിൽ തകർന്ന് 157 പേർ മരിച്ചതിന്റെ പശ്ചാത്തലത്തിലാണു സർവീസുകൾ നിർത്തി വയ്ക്കാനുള്ള തീരുമാനം.

ലയൺ എയറിന്റെ ഇതേ വിഭാഗത്തിലുള്ള വിമാനം കഴിഞ്ഞ ഒക്ടോബറിൽ ഇന്തൊനീഷ്യയിൽ തകർന്ന് 180 പേർ മരിച്ചിരുന്നു. അമേരിക്കയും ഇന്ത്യയും ചൈനയും മുതൽ ബോയിങ് വിമാനം അധികമായി ഉപയോഗിക്കുന്ന യൂറോപ്യൻ രാജ്യങ്ങൾ വരെ ബോയിങ് 737 മാക്‌സ് വിമാനം പിൻവലിച്ചിരിക്കുകയാണ്. ബോയിങ് ബ്രാൻഡിനു നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായിരിക്കുകയാണ് 737 മാക്‌സ്8. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും വിമാനം സർവീസ് നിർത്തിവെക്കാൻ ഉത്തരവിട്ടതോടെ ബോയിങ് ഓഹരി വിപണി കുത്തനെ ഇടിഞ്ഞു.

കഴിഞ്ഞ ആറു മാസത്തിനിടെ സാങ്കേതിക പ്രശ്‌നങ്ങളെ തുടർന്ന് വിമാനം തകർന്നുവീണത് വ്യോമയാന മേഖലയിൽ വൻ ചർച്ചയായിട്ടുണ്ട്. അതേസമയം, വിമാനങ്ങളുടെ പ്രശ്‌നം പരിഹരിക്കാൻ ഏപ്രിലിൽ 737 മാക്‌സ്8 ന്റെ സോഫ്റ്റ്‌വെയർ പരിഷ്‌കരിക്കുമെന്ന് ബോയിങ് അറിയിച്ചിട്ടുണ്ട്. വിമാനങ്ങൾക്ക് സുരക്ഷാപ്രശ്‌നമുണ്ടെന്നും പരിശോധിച്ചുവരികയാണെന്നും ബോയിങ് വക്താവ് പറഞ്ഞു. അകതേസമയം, ഇതേ മോഡൽ വിമാനം തന്നെ വിവിധ വിമാന കമ്പനികൾ അയ്യായിരത്തോളം ബുക്കിങ് നടത്തിയിട്ടുണ്ടെന്നാണ് മറ്റൊരു റിപ്പോർട്ട്.

ആദ്യം സർവീസ് നിറുത്തിവെച്ചത് ചൈനയും എത്യോപ്യയും

ഏതാനും ദിവസങ്ങൾക്ക് മുൻപ്  എത്യോപ്യൻ വിമാനം അപടകത്തിൽപെട്ട് 157 ജീവനുകൾ പൊലിഞ്ഞതിന് പിന്നാലെ ബോയിങ് 737 മാകസ് -8 വിമാനങ്ങൾ ഉപയോഗിക്കുന്നത് ചൈനയും എത്യോപ്യയുമാണ് ആദ്യം നിറുത്തിവെച്ചത്. സിവിൽ ഏവിയേഷൻ അഡ്‌മിനിസ്ട്രേഷൻ ഓഫ് ചൈന (സി.എ.എ.സി)യുടെ നിർദ്ദേശത്തിന് പിന്നാലെയാണ് തീരുമാനം. തിങ്കളാഴ്‌ച്ച വൈകിട്ട് ആറോടെ ബോയിങ് 737 മാക്സ്-8 വിമാനങ്ങളുടെ സർവീസ് നിറുത്തണമെന്നാണ് നിർദ്ദേശം നൽകിയത്. നിർദ്ദേശം വന്നതിന് പിന്നാലെ വ്യോമയാന സുരക്ഷയുടെ കാര്യത്തിൽ തങ്ങൾ ഒരു തരത്തിലുമുള്ള വിട്ടു വീഴ്‌ച്ചക്കും തയാറല്ലെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു.

തീരുമാനം ചൈനയിലെ നൂറുകണക്കിന് വിമാന സർവീസുകളെ ബാധിച്ചിരുന്നു. ചൈനയിലെ 13 വിമാന കമ്പനികൾ 90ലേറെ ബോയിങ് 737 മാക്‌സ് -8 വിമാനങ്ങളാണ് സർവീസുകൾ നടത്താൻ ഉപയോഗിക്കുന്നതെന്നാണ് ആദ്യം പുറത്ത് വന്ന റിപ്പോർട്ടുകൾ. 157 പേർ മരിക്കാനിടയായ വിമാന അപകടത്തിന്റെ കാരണം ഇനിയും വ്യക്തമായിട്ടില്ലെന്ന് എത്യോപ്യൻ എയർലൈൻസ് അധികൃതർ അറിയിച്ചു. എന്നാൽ, സുരക്ഷാ മുൻകരുതലെന്ന നിലയിലാണ് ബോയിങ് 737 മാക്‌സ് -8 വിമാനങ്ങൾ ഉപയോഗിക്കുന്നത് നിർത്തിവച്ചിട്ടുള്ളതെന്നും അവർ പറഞ്ഞു.

സിഎഎസിയുടെ തീരുമാനം വന്നിട്ടും വെർജിൻ ഓസ്‌ട്രേലിയ, കൊറിയൻ എയർ, ഫിജി എയർലൈൻസ്, സിംഗപ്പുർ എയർലൈൻസ് എന്നിവ 737 മാക്‌സ് - 8 വിമാനങ്ങൾ ഉപയോഗിച്ച് നടത്തുന്ന സർവീസുകൾ നിർത്തിവെക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ, ബോയിങ് 737 മാക്‌സ് വിമാനങ്ങൾ ഉപയോഗിച്ച് സർവീസ് നടത്തുന്നതിന് അധിക സുരക്ഷാ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുമെന്ന് ഇന്ത്യയിലെ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) വ്യക്തമാക്കി.

ആഡിസ് അബാബയിൽനിന്ന് കെനിയ തലസ്ഥാനമായ നെയ്‌റോബയിലേക്ക് പുറപ്പെട്ട എത്യോപ്യൻ എയർലൈൻസിന്റെ ഇ.ടി 302 വിമാനമാണ് തകർന്നുവീണത്. പറന്നുയർന്ന് ആറ് മിനിട്ടുകൾക്കകമാണ് അപകടം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP