Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബോട്‌സ്വാനയിൽ ആനകൾക്ക് കൂട്ടമരണം; രണ്ട് മാസത്തിനുള്ളിൽ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത് 350ലേറെ കാട്ടാനകളെ; നിന്ന നിൽപ്പിൽ ആനകൾ ഉരുണ്ട് വീണ് ചത്തിട്ടും അന്വേഷണം പ്രഖ്യാപിക്കാതെ സർക്കാർ: മനുഷ്യ കുലത്തിന് ഭീഷണിയാകുമോ എന്നും ആശങ്ക

ബോട്‌സ്വാനയിൽ ആനകൾക്ക് കൂട്ടമരണം; രണ്ട് മാസത്തിനുള്ളിൽ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത് 350ലേറെ കാട്ടാനകളെ; നിന്ന നിൽപ്പിൽ ആനകൾ ഉരുണ്ട് വീണ് ചത്തിട്ടും അന്വേഷണം പ്രഖ്യാപിക്കാതെ സർക്കാർ: മനുഷ്യ കുലത്തിന് ഭീഷണിയാകുമോ എന്നും ആശങ്ക

സ്വന്തം ലേഖകൻ

ബോട്സ്വാനയിൽ 350 ലേറെ ആനകളെ ചരിഞ്ഞനിലയിൽ കണ്ടെത്തി. രണ്ട് മാസത്തിനുള്ളിലാണ് ഇത്രയധികം ആനകളെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. മെയ്‌ ആദ്യമാണ് ഇത്തരത്തിൽ ആനകളുടെ കൂട്ടമരണം ശ്രദ്ധയിൽപ്പെട്ടത്. മേയിൽ മാത്രം 169 ആനകളെയാണ് ചരിഞ്ഞ നിലയിൽ കണ്ടെത്തിയതെങ്കിൽ ജൂൺ മധ്യത്തോടെ ഈ സംഖ്യ ഏകദേശം ഇരട്ടിയോടടുത്ത് 350 കടക്കുക ആയിരുന്നു. എന്നാൽ എന്താണ് ആനകളുടെ കൂട്ടമരണത്തിന് ഇടയാക്കുന്ന കാരണം എന്ന് വ്യക്തമല്ല. മനുഷ്യ കുലത്തിന് ഭീഷണിയാകുമോ എന്ന ആശങ്കയും ശക്തമാണ്.

നിന്ന നിൽപ്പിൽ വട്ടം കറങ്ങി മുഖമടിച്ച് നിലത്തേക്ക് വീണാണ് പല ആനകളും മരിക്കുന്നത്. 70 ശതമാനത്തോളം ആനകളെയും വെള്ളക്കെട്ടുകൾക്കു സമീപമാണ് ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. വരൾച്ചാമേഖലയല്ലാത്ത ഒകവാംങ്കോ ഡെൽറ്റയിൽ ഇത്തരത്തിൽ നൂറുകണക്കിന് ആനകളെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയതിന്റെ കാരണം വ്യക്തമല്ല. അതേസമയം ഇത്രയധികം ആനകൾ ചെരിഞ്ഞിട്ടും സർക്കാർ നോക്കു കുത്തിയാകുകയാണ്. ആനകളുടെ ശരീരാവശിഷ്ടങ്ങളുടെ സാംപിളെടുത്ത് പരിശോധനയ്ക്കു വിധേയമാക്കാൻ ബോട്സ്വാന സർക്കാർ ഇനിയും തയാറായിട്ടില്ല.

വിഷബാധയേറ്റോ ഏതെങ്കിലും അജ്ഞാതമായ അണുബാധയേറ്റോ ആകാം ഈ കൂട്ടമരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. മരണത്തിനു മുൻപ് ചില ആനകൾ നിന്ന നിൽപ്പിൽ വട്ടംകറങ്ങുന്നതായി ശ്രദ്ധയിൽപ്പെട്ടതിനാൽ തന്നെ തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കുന്ന എന്തെങ്കിലും രോഗമാകാം മരണകാരണമായി സംശയിക്കുന്നതും. ചരിഞ്ഞ ചില ആനകളാകട്ടെ മുഖമടിച്ചു വീണ നിലയിലാണ്. പൊടുന്നനെ വീണുള്ള മരണമാണ് ഇത് സൂചിപ്പിക്കുന്നതെന്നും വിലയിരുത്തലുണ്ട്.

കൊമ്പനാന, പിടിയാന ഭേദമില്ലാതെ എല്ലാ പ്രായത്തിലുമുള്ള ആനകളും ചരിഞ്ഞതിലുണ്ട്. ആനകളുടെ ശരീരം പലതും ചെളിയിലും മറ്റും പൂണ്ടുപോയിരിക്കാൻ ഇടയുള്ളതിനാൽ മരണസംഖ്യ ഇതിലും ഏറെയാകാൻ സാധ്യതയുണ്ടെന്നും പരിസ്ഥിതി സംരക്ഷകർ പറയുന്നു. സിംബാബ്വെയിലും മറ്റും വേട്ടക്കാർ ആനകളെ കൊല്ലാൻ ഉപയോഗിക്കുംവിധം സയനൈഡ് പ്രയോഗവും സംശയിച്ചെങ്കിലും ആനകളുടെ ശരീരം കൊത്തിവലിക്കുന്ന കഴുകന്മാർക്കു കുഴപ്പമൊന്നും കണ്ടിട്ടില്ലാത്തതിനാൽ ആ സംശയം വിദൂരത്താണ്.

ഒകവാംങ്കോ ഡെൽറ്റയിൽ ഏകദേശം 15,000 ആനകളുണ്ടെന്നാണ് കണക്കുകൾ. ഇത് രാജ്യത്തെ ആനകളുടെ പത്തു ശതമാനത്തോളം വരും. വന്യമേഖലകളിലും മറ്റും ഇക്കോ ടൂറിസം പ്രോത്സാഹിപ്പിക്കുന്ന ബോട്സ്വാനയുടെ ജിഡിപിയിൽ 10 മുതൽ 12 ശതമാനം വരെ ഇതിൽ നിന്നുള്ള വരുമാനമാണ്. വജ്രവ്യാപാരം കഴിഞ്ഞാൽ രാജ്യത്തെ രണ്ടാമത്തെ വരുമാനമാർഗമാണിത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP