Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സുധാകരന് കണ്ണൂരിൽ അന്തംവിട്ട ജയസാധ്യത; കോഴിക്കോട് പ്രദീപ് കുമാറിന് രക്ഷയാകുക രാഘവന്റെ കോഴവിവാദം; വടകരയിൽ മുമ്പിൽ എത്തിയെങ്കിലും മുരളീധരൻ ഇപ്പോഴും സേഫ് സോണിൽ അല്ല; ഇഞ്ചോടിഞ്ച് പോരാടി പിറകിൽ നിൽക്കുന്ന ഉണ്ണിത്താൻ അവസാന കുതിപ്പിൽ മുന്നേറുമോ എന്ന ആശങ്ക ഇടതിന് ശക്തം; തിരിഞ്ഞു നോക്കിയില്ലെങ്കിലും രണ്ടുലക്ഷം ഭൂരിപക്ഷം ഉറപ്പിച്ച് രാഹുൽ; ഉത്തര മലബാറിലെ അഞ്ച് മണ്ഡലങ്ങളിൽ മറുനാടൻ സംഘം നേരിട്ട് കണ്ട സത്യങ്ങൾ ഇങ്ങനെ

സുധാകരന് കണ്ണൂരിൽ അന്തംവിട്ട ജയസാധ്യത; കോഴിക്കോട് പ്രദീപ് കുമാറിന് രക്ഷയാകുക രാഘവന്റെ കോഴവിവാദം; വടകരയിൽ മുമ്പിൽ എത്തിയെങ്കിലും മുരളീധരൻ ഇപ്പോഴും സേഫ് സോണിൽ അല്ല; ഇഞ്ചോടിഞ്ച് പോരാടി പിറകിൽ നിൽക്കുന്ന ഉണ്ണിത്താൻ അവസാന കുതിപ്പിൽ മുന്നേറുമോ എന്ന ആശങ്ക ഇടതിന് ശക്തം; തിരിഞ്ഞു നോക്കിയില്ലെങ്കിലും രണ്ടുലക്ഷം ഭൂരിപക്ഷം ഉറപ്പിച്ച് രാഹുൽ; ഉത്തര മലബാറിലെ അഞ്ച് മണ്ഡലങ്ങളിൽ മറുനാടൻ സംഘം നേരിട്ട് കണ്ട സത്യങ്ങൾ ഇങ്ങനെ

ടീം മറുനാടൻ

തിരുവനന്തപുരം: ഉത്തരമലബാറിലെ അഞ്ചു മണ്ഡലങ്ങളിൽ മൂന്നിടത്ത് യുഡിഎഫും രണ്ടിടത്ത എൽഡിഎഫും മുന്നേറ്റം തുടരുന്നുവെന്ന് മറുനാടൻ മലയാളി നടത്തിയ ഫീൽഡ് സർവേയിൽ വ്യക്തമായെങ്കിലും ഇതിൽ വയനാട് ഒഴികെ മറ്റ് നാലിടത്തും ശക്തമായ പോരാട്ടമാണ് യുഡിഎഫ്-എൽഡിഎഫ് മുന്നണികൾ തമ്മിൽ നടക്കുന്നത്. അതേസമയം സ്ഥാനാർത്ഥി നിർണയ കാലത്തിന് മുമ്പ് നടത്തിയ കഴിഞ്ഞ സർവേ ഫലത്തിൽ നിന്ന് തികച്ചും വ്യത്യസ്തമായ ചിത്രമാണ് ഈ സർവേയിൽ പുറത്തുവരുന്നത്. കേരളത്തിലെ മാറിയ രാഷ്ട്രീയ സാഹചര്യങ്ങളുടെ നേർക്കാഴ്ചയായി ഈയൊരു മാറ്റം. അതിനാൽ തന്നെ ഇനി രണ്ടാഴ്ചയോളം മാത്രം പ്രചരണം ശേഷിക്കേ അവസാന നാളുകളിൽ ഉണ്ടാവുന്ന സംഭവവികാസങ്ങളും ചർച്ചകളും പോലും ഈ മണ്ഡലങ്ങളിലെ ഫലങ്ങളിൽ മാറ്റംവരുത്തിയേക്കാമെന്നാണ് സൂചനകൾ.

കാസർകോട്, കണ്ണൂർ, വടകര, വയനാട്, കോഴിക്കോട് മണ്ഡലങ്ങളിലെ സർവേഫലമാണ് മറുനാടൻ പുറത്തുവിട്ടത്. ഇതിൽ വയനാട്ടിലും കണ്ണൂരിലും യുഡിഎഫ് വിജയം സുനിശ്ചിതമാക്കിയ സാഹചര്യമാണ് ഇപ്പോഴുള്ളത്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി നേരിട്ട് വയനാട് മത്സരിക്കാൻ എത്തിയതിലൂടെ തന്നെ ഈ അഞ്ച് മണ്ഡലങ്ങളിലും അതിന്റെ പ്രതിഫലനം ദൃശ്യമാണ്. ഇതിന്റെ മുൻതൂക്കമാണ് പ്രധാനമായും കോൺഗ്രസിന് തുണയാകുന്നതെന്നാണ് സർവേയിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ. മറുനാടൻ സർവേയ്‌ക്കൊപ്പം ജനങ്ങളുടെ പ്രതികരണങ്ങളും തേടിയിരുന്നു. ഇതിലും രാഹുൽഫാക്ടർ ഈ മേഖലയിൽ ജനങ്ങളുടെ സമീപനങ്ങളിൽ വ്യത്യാസം വരുത്തിയെന്ന് തന്നെയാണ് വ്യക്തമാകുന്നത്.

കാസർകോട് പിന്നിലെങ്കിലും ഇഞ്ചോടിഞ്ച് പോരാടി ഉണ്ണിത്താൻ

കാസർകോട് അവസാന നിമിഷം കോൺഗ്രസ് പ്രഖ്യാപിച്ച അപ്രതീക്ഷിത സ്ഥാനാർത്ഥിയാണ് രാജ്‌മോഹൻ ഉണ്ണിത്താൻ. കോൺഗ്രസിന്റെ രാഷ്ട്രീയം ലീഗിന്റെ കൂടെ സഹകരണത്തിന്റെ അടിസ്ഥാനത്തിലാണ് വിജയിച്ചുകയറുന്നത് എന്നതിനാൽ പ്രാദേശിക നേതാക്കളുമായി ബന്ധമുള്ള കാസർകോട്ടുകാരെ തന്നെയാണ് കൂടുതലായും യുഡിഎഫ് ഇവിടെ കളത്തിലിറക്കാറ്. ഇക്കുറി അതിന് മാറ്റംവരികയും വാഗ്മിയും നടനും കോൺഗ്രസ് വക്താവും ഒക്കെ ആയിരുന്ന രാജ്‌മോഹൻ ഉണ്ണിത്താന് ഇക്കുറി നറുക്കുവീഴുകയുമായിരുന്നു. അതേസമയം, ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയാണ് കാസർകോട്. ഇവിടെ കെപി സതീഷ് ചന്ദ്രനാണ് സിപിഎം സ്ഥാനാർത്ഥി. പ്രാദേശികമായി ഏറെ ജനകീയനായ നേതാവ് എന്ന പ്രത്യേകത കൂടെ സതീഷ് ചന്ദ്രനുണ്ട്.

ഈ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലത്തിൽ എൽഡിഎഫും യുഡിഎഫും തമ്മിൽ നേരിട്ടുള്ള പോരാട്ടമാണ്. കെ സുരേന്ദ്രൻ മത്സരിച്ച ജില്ലയെന്ന നിലയിലും കർണാടകത്തിനോട് അടുത്തു കിടക്കുന്ന ജില്ലയെന്ന നിലയിലും ബിജെപിയുടെ ശക്തമായ സാന്നിധ്യമുള്ള മണ്ഡലം കൂടെയാണ് കാസർകോട്. ഇവിടെ 39% പേരാണ് സർവേയിൽ എൽഡിഎഫിന് പിന്തുണ അറിയിച്ചിട്ടുള്ളത്. അതേസമയം 37% പേർ ഉണ്ണിത്താന് പിന്തുണ നൽകുന്നു. എൻഡിഎ കുറേ പിന്നിലെങ്കിലും 20% വോട്ടുകൾ നേടുമെന്നാണ് സർവേയിലെ വിലയിരുത്തൽ.

ഇത്തരത്തിൽ വെറും രണ്ടു ശതമാനത്തിന് മാത്രം ഉണ്ണിത്താൻ പിന്നിൽ നിൽക്കുന്ന സാഹചര്യത്തിന് ഒരുപക്ഷേ, രാഹുൽഗാന്ധിയുടെ അടുത്ത സന്ദർശനത്തോടെ മാറ്റം വന്നേക്കാം. പ്രചരണത്തിന്റെ അവസാന ഘട്ടത്തിൽ യുഡിഎഫ് കൂടുതൽ മുന്നേറുന്ന കാഴ്ചയും ഉണ്ടാവാം. എന്നാൽ ഇതെല്ലാം കരുതി തന്നെയാണ് സിപിഎമ്മിന്റെ നീക്കവും. പേരിയ ഇരട്ടക്കൊലയുടെ പേരിലാണ് സിപിഎമ്മിനെ പ്രതിരോധത്തിലാക്കി ഓരോ കേന്ദ്രങ്ങളിലും കോൺഗ്രസ് മുന്നേറുന്നത്. 1989 മുതൽ തുടർച്ചയായി ഇടതുമുന്നണി ജയിക്കുന്ന മണ്ഡലത്തിൽ കഴിഞ്ഞതവണ വെറും 6921 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പി കരുണാകരൻ ജയിച്ചത്. അതിന് തൊട്ടുമുമ്പിലെ തിരഞ്ഞെടുപ്പിൽ 84,000 വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടായിരുന്ന സ്ഥാനത്താണിത്. ഈ ആത്മവിശ്വാസത്തിലാണ് കോൺഗ്രസ് ഇവിടെ ഉണ്ണിത്താനെ ഇറക്കി മണ്ഡലം പിടിക്കാൻ ശ്രമിക്കുന്നത്.

കണ്ണൂരിൽ ബഹുദൂരം മുന്നിലെത്തി കെ സുധാകരൻ

സിറ്റിങ് എംപിയായ എൽഡിഎഫിന്റെ പികെ ശ്രീമതിയേക്കാൾ ബഹുദൂരം മുന്നിലാണ് കണ്ണൂർ മണ്ഡലത്തിൽ യുഡിഎഫ് നേതാവ് കെ സുധാകരൻ. സിപിഎമ്മിനെതിരെ എല്ലാ അടവും പയറ്റിത്തെളിഞ്ഞ സുധാകരന് ഇഷ്ടമണ്ഡലമായ കണ്ണൂരിൽ അടിപതറില്ലെന്ന് തന്നെയാണ് സർവേയിൽ നിന്ന് വ്യക്തമാകുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ 45 ശതമാനം പേരുടെ പിന്തുണയുണ്ട് സുധാകരന് അതേസമയം, 39 ശതമാനം പേരാണ് ശ്രീമതിയെ പിന്തുണയ്ക്കുന്നത്. എൻഡിഎ സ്ഥാനാർത്ഥിയ മുതിർന്ന നേതാവ് സികെ പത്മനാഭന് പക്ഷേ, 11 ശതമാനം പേരുടെ പിന്തുണ മാത്രമേ ലഭിച്ചിട്ടുള്ളൂ.

ഏതായാലും ഈ ഘട്ടത്തിൽ ആറുശതമാനം വോട്ടുകളുടെ ലീഡ് കെ സുധാകരൻ നേടുമ്പോൾ അത് സിപിഎമ്മിന്റെ കോട്ടയെന്ന് പറയാവുന്ന കണ്ണൂർ ജില്ലയിൽ വലിയ നേട്ടം തന്നെയാണ്. എന്നാൽ കണ്ണൂർ ലോക്‌സഭാ മണ്ഡലത്തിൽ യുഡിഎഫിന് മിക്കപ്പോഴും മേൽക്കൈ ലഭിക്കാറുമുണ്ട. ഇതിനൊപ്പം ഇക്കുറി തൊട്ടടുത്ത ജില്ലയിൽ തന്നെ രാഹുൽഗാന്ധി മത്സരിക്കാനെത്തുന്നതും സുധാകരന് പോസിറ്റീവ് ഘടകമായി മാറിയെന്ന് വേണം കരുതാൻ. മുസ്‌ളീം ന്യൂനപക്ഷ കേന്ദ്രങ്ങളിൽ നിന്ന് കോൺഗ്രസിന് അനുകൂലമായ ധ്രുവീകരണം ഉണ്ടെന്നാണ് സർവേയിൽ പങ്കെടുത്ത മറുനാടൻ ടീം അംഗങ്ങളുടെ വിലയിരുത്തൽ. ഈ മേഖലകളിൽ എല്ലാം രാഹുൽ വരുന്നത് പുത്തൻ ഉണർവായിട്ടുമുണ്ട്.

കഴിഞ്ഞതവണ വാശിയേറിയ മത്സരത്തിലാണ് യുഡിഎഫിൽ നിന്ന് എൽഡിഎഫ് ഈ മണ്ഡലം പിടിച്ചെടുത്തത്. ലീഡ് മാറിയും മറിഞ്ഞും ഫോട്ടോഫിനിഷിലേക്ക് കാര്യങ്ങൾ എത്തിയതോടെ കഴിഞ്ഞതവണ നേരിയ ഭൂരിപക്ഷത്തിൽ ശ്രീമതി ടീച്ചർ ജയിച്ചുകയറി. 6566 വോട്ടുകൾക്കായിരുന്നു വിജയം. ഇക്കുറി വിജയം ഉറപ്പെന്നും ഭൂരിപക്ഷം എത്രത്തോളം കൂടുമെന്നും മാത്രമേ അറിയാനുള്ളൂ എന്നാണ് പികെ ശ്രീമതി നേരത്തേ പ്രതികരിച്ചത്. എന്നാൽ രാഹുൽ തരംഗം തിരിച്ചടിയായെന്ന നിലയിലാണ് ജനങ്ങളുടെ പിന്തുണ ഇപ്പോൾ സുധാകരനൊപ്പമാണെന്ന് സർവേയിൽ വ്യക്തമായത്. ഇരിക്കൂർ, അഴീക്കോട് പേരാവൂർ മണ്ഡലങ്ങൾ യുഡിഎഫിനൊപ്പം നൽക്കുമ്പോൾ തളിപ്പറമ്പ്, കണ്ണൂർ, മട്ടന്നൂർ, ധർമ്മടം മണ്ഡലങ്ങൾ എൽഡിഎഫിന് ഒപ്പമാണ്.

വടകരയിൽ മുൻതൂക്കമുണ്ടെങ്കിലും ജയരാജൻ കയറാം

മറുനാടൻ സർവേ പ്രകാരം നേരിയ മുൻതൂക്കമുണ്ട് വടകരയിൽ നിലവിലെ സാഹചര്യത്തിൽ കെ മുരളീധരന്. ലീഡറുടെ മകന് പക്ഷേ, കാര്യങ്ങൾ അത്ര എളുപ്പമാകില്ല വടകരയിൽ. കാരണം സിപിഎം പ്രസ്റ്റീജ് മത്സരമായാണ് ഈ പോരാട്ടത്തെ കാണുന്നത്. ആർഎംപിയുടെ തട്ടകത്തിലെ വിജയം അനിവാര്യമെന്ന നിലയിലാണ് ഇക്കുറി പി ജയരാജനെ തന്നെ കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് ഇറക്കി സിപിഎം വടകരയിൽ മത്സരത്തിന് എത്തിച്ചത്.

അതിനാൽ തന്നെ ജയരാജൻ ഒരു വികാരമെന്ന നിലയിൽ തന്നെ കണക്കാക്കുന്ന കണ്ണൂരിലേയും വടകരയിലേയും പാർട്ടി പ്രവർത്തകർ ശക്തമായി പ്രവർത്തന രംഗത്തുണ്ട്്. എന്നാൽ പ്രചരണ വേളയിൽ തൊട്ടടുത്ത മണ്ഡലത്തിൽ തന്നെ രാഹുൽ മത്സരിക്കുന്നതും ഗ്രാമങ്ങളിലും മറ്റും വൻ ജനക്കൂട്ടം സ്വീകരണത്തിന് എത്തുന്നതും മുരളീധരന് വലിയ ആവേശം പകരുന്നു. ഇതോടൊപ്പം ന്യൂനപക്ഷ വോട്ടുകൾ, ആർഎംപിയുടെ വോട്ടുകൾ എന്നിവകൂടെ സമാഹരിക്കാനായാൽ വിജയിക്കാമെന്ന വിലയിരുത്തലാണ് യുഡിഎഫ് നേതൃത്വം.

മറുനാടൻ സർവേയിലും ഇതേ നിലയാണ് ജനങ്ങളുടെ പ്രതികരണവും വന്നത്. മുരളീധരന്റെ സ്ഥാനാർത്ഥിത്വം അവസാന ഘട്ടത്തിലാണ് പ്രഖ്യാപിക്കപ്പെട്ടത്. കേരളത്തിൽ കോൺഗ്രസ് രാഹുലിനും പിന്നാലെ ഏറ്റവും അവസാനം പ്രഖ്യാപിച്ച സീറ്റ്. പക്ഷേ, നേരത്തേ സൂചനകൾ വന്നതിന്റെ അടിസ്ഥാനത്തിൽ മുരളി ഇവിടെ പ്രവർത്തനം തുടങ്ങിയിരുന്നു. ഇത് ഗുണംചെയ്തു എന്ന നിലയിലാണ് കാര്യങ്ങൾ നീങ്ങുന്നത്. അവസാനഘട്ടത്തിൽ രാഹുൽ വയനാട് മത്സരിക്കാൻ എത്തിയത് ലീഗ് അണികളിലും മറ്റും വൻ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. അതിനാൽ തന്നെ ആ വീറും വാശിയും വടകരയിൽ പ്രതിഫലിക്കുന്നുണ്ട്. നിലവിൽ എൻഡിഎ സ്ഥാനാർത്ഥിക്ക് വലിയ ചലനം മണ്ഡലത്തിൽ ഉണ്ടാക്കാൻ കഴിഞ്ഞിട്ടുമില്ല.

ജയരാജന് 42 ശതമാനം പേരുടെ പിന്തുണയും മുരളിക്ക് 43 ശതമാനംപേരുടെ പിന്തുണയുമാണ് സർവേയിൽ ലഭിച്ചത്. പത്തുശതമാനംപേർ മാത്രമാണ് എൻഡിഎക്ക് പിന്തുണ അറിയിച്ചത്. എന്നാൽ ഈ ഒരു ശതമാനം മുൻതൂക്കം മുരളീധരന് ഒട്ടും ആശ്വാസം പകരുന്നതല്ല. സ്വീകരണ യോഗങ്ങളിലും മറ്റും വൻ പിന്തുണ ലഭിക്കുമ്പോഴും ആ ആവേശം തിരഞ്ഞെടുപ്പുവരെ നിലനിർത്താൻ കഴിഞ്ഞില്ലെങ്കിൽ മുരളിക്ക് അവസാനഘട്ടത്തിൽ അടിതെറ്റിയേക്കാമെന്നാണ് സൂചനകൾ. അടിയൊഴുക്കുകൾ എത്രത്തോളം ഉണ്ടെന്നതും പ്രവചനാതീതമായി തുടരുകയാണ് വടകരയിൽ. വീരേന്ദ്രകുമാറിന്റെ ദൾ ഘടകം ഇക്കുറി ഇടതുപക്ഷത്തിന് ഒപ്പമാണ്. അവർക്ക് അവരുടേതായ വോട്ടുബാങ്കുള്ള മണ്ഡലം കൂടിയാണ് വടകര. ഇത് ജയരാജന് ഗുണംചെയ്‌തേക്കും.

കോഴിക്കോട്ട് രാഘവന് വിനയായത് കോഴവിവാദം

കോഴിക്കോട് സിറ്റിങ് എംപിയായ കോൺഗ്രസ് സ്ഥാനാർത്ഥി എംകെ രാഘവന് അവസാന നിമിഷം വിനയായത് കോഴ വിവാദം തന്നെയാണ്. ഇതിന്റെ നേട്ടം മണ്ഡലം പിടിച്ചെടുക്കാൻ സിപിഎം നിയോഗിച്ച എ പ്രദീപിന് വലിയതോതിൽ ഗുണംചെയ്യുമെന്ന് തീർച്ച. നിലവിലെ സാഹചര്യത്തിൽ 42 ശതമാനം പേരുടെ പിന്തുണയാണ് പ്രദിപിന് ഉള്ളത്. 40 ശതമാനംപേർ അതേസമയം, ഇപ്പോഴും എംകെ രാഘവന് തന്നെയാണ് പിന്തുണ അറിയിക്കുന്നത്.

മറുനാടൻ ഒന്നാംഘട്ട സർവേയിൽ എൽഡിഎഫിന് മൂന്നുശതമാനത്തിന്റെ ലീഡ് ലഭിച്ചിരുന്നുവെങ്കിൽ ഇപ്പോൾ അതിൽ ഒരുശതമാനം കുറവ് കാണിക്കുന്നുണ്ട്. അതേസമയം, മറ്റു മണ്ഡലങ്ങളിൽ രാഹുൽ തരംഗം യുഡിഎഫിന് അനുകൂലമായതിന്റെ സ്വാധീനം കോഴിക്കോട് ദൃശ്യവുമല്ല. ഏതായാലും ഈ മണ്ഡലത്തിൽ വരും ദിനങ്ങളിൽ കോഴവിവാദം എത്രത്തോളം ചർച്ചയാകും എന്നതിനെ അനുസരിച്ചാകും എംകെ രാഘവന്റെ സാധ്യതകൾ. ഇല്ലെങ്കിൽ ഈ മണ്ഡലം ഇടതുപക്ഷം പിടിച്ചെടുക്കും.

2009ലെ മണ്ഡല പുനർനിർണ്ണയത്തിനുശേഷം ഇടതുപക്ഷം എറ്റവും പ്രതീക്ഷ പുലർത്തിയ സീറ്റായിരുന്നു കോഴിക്കോട് പാർലിമെന്റ് മണ്ഡലം. തങ്ങളുടെ ഉറച്ച മണ്ഡലങ്ങളായ ബേപ്പൂരും കുന്ദമംഗലവും മഞ്ചേരി ലോക്‌സഭാ മണ്ഡലത്തിനിന്ന് മാറി കോഴിക്കോട്ടേക്ക് വന്നതോടെ രാഷ്ട്രീയമായി ഈ മണ്ഡലം ഇടതുപക്ഷത്തിന് മേൽക്കെയുള്ളതായി മാറി. കോഴിക്കോട് നോർത്ത്, കോഴിക്കോട് സൗത്ത്, എലത്തുർ, ബാലുശ്ശേരി, കൊടുവള്ളി, ബേപ്പുർ, കുന്ദമംഗലം എന്നീ ഏഴ് അസംബ്ലി മണ്ഡലങ്ങളിൽ എം.കെ മുനീറിന്റെ കോഴിക്കോട് സൗത്ത് മാത്രമാണ് ഇപ്പോൾ യുഡിഎഫിന്റെ കൈയിലുള്ളത്. പക്ഷേ ലോക്‌സഭാ തെരഞ്ഞെടുപ്പ വരുമ്പോൾ മണ്ഡലം വ്യത്യസ്തമായ അഭിപ്രായം പ്രകടിപ്പിക്കാറുണ്ട്. ഇത്തവണയും കടുത്ത രാഷ്ട്രീയ മൽസരത്തിന്റെ സൂചനകളാണ് കോഴിക്കോട് നിന്ന് ലഭിക്കുന്നത്. വെറും രണ്ട് ശതമാനം വോട്ടിന് യുഡിഎഫിന്റെ സിറ്റിങ്ങ് സീറ്റിൽ ഇപ്പോൾ എൽഡിഎഫ് മുന്നിലാണ്.

വയനാട്ടിൽ രണ്ടുലക്ഷം ഭൂരിപക്ഷം ഉറപ്പിച്ച് രാഹുൽ

അതേസമയം, വയനാട്ടിൽ രാഹുലിന്റെ വരവോടെ ഇനി ഭൂരിപക്ഷം എത്രയെന്നേ അറിയാനുള്ളൂ എന്നാണ് കോൺഗ്രസ് നിലപാട്. ഇക്കുറി ചുരുങ്ങിയത് രണ്ടുലക്ഷത്തിലേറെ ഭൂരിപക്ഷത്തിനെങ്കിലും രാഹുൽ ജയിക്കുമെന്നും മണ്ഡലത്തിൽ പ്രചരണത്തിന് നേരിട്ട് കോൺഗ്രസ് അധ്യക്ഷൻ എത്തുന്നതിന് അനുസരിച്ച് ഭൂരിപക്ഷം എത്ര കൂടുമെന്ന് മാത്രമേ ഇനി നോക്കാനുള്ളൂ എന്നുമാണ് യുഡിഎഫ് വിലയിരുത്തുന്നത്. കോൺഗ്രസിനേക്കാളും ആവേശത്തിലാണ് ഇവിടെ ലീഗ് പ്രവർത്തകർ മലപ്പുറത്തെ മണ്ഡലങ്ങളൽ പ്രവർത്തനത്തിൽ സജീവമായിട്ടുള്ളത്.

അതിനാൽ മുൻ കാലങ്ങളിൽ ഷാനവാസ് നേടിയതിനേക്കാൾ വലിയ ഭൂരിപക്ഷം രാഹുലിന് നേടിക്കൊടുക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. മറുനാടൻ സർവേയിൽ 56 ശതമാനത്തിന്റെ പിന്തുണയാണ് നിലവിൽ രാഹുലിന് ലഭിച്ചിട്ടുള്ളത്. നാമനിർദേശ പത്രിക നൽകാൻ കുറച്ച് മണിക്കൂറുകൾ വയനാട്ടിൽ എത്തി എന്നതുമാത്രമാണ് ഈയൊരു നിലയിലേക്ക് കാര്യങ്ങൾ എത്തിച്ചത്. എൽഡിഎഫ് 34 ശതമാനം വോട്ടുനേടിയപ്പോൾ രാഹുലിനെ നേരിടാൻ എൻഡിഎയ്ക്ക് വേണ്ടി എത്തിയ തുഷാറിന് ആറുശതമാനം പേരുടെ പിന്തുണ മാത്രമേയുള്ളൂ.

കഴിഞ്ഞ മറുനാടൻ സർവേയിലും യുഡിഎഫിന് വൻ ഭൂരിപക്ഷ സാധ്യത തെളിഞ്ഞുനിന്ന മണ്ഡലമാണ് വയനാട്. രാഹുലിന്റെ കാര്യം അന്ന് ചർച്ചയിൽപോലും ഉണ്ടായിരുന്നില്ല. അന്നേ 48 ശതമാനം പേർ യുഡിഎഫിന് സാധ്യത കൽപിച്ചിരുന്നു ഇവിടെ. ഇപ്പോൾ രാഹുൽ വന്നതോടെയാണ് അത് 56 ശതമാനമായി ഉയർന്നത്. ഇതോടെ രണ്ടുലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം രാഹുലിന് ഉണ്ടാകുമെന്ന നേതാക്കളുടെ വിലയിരുത്തൽ ശരിയാകുകയും ചെയ്യുന്നു.

വയനാട് ജില്ലയിലെ കൽപ്പറ്റ, മാനന്തവാടി, സുൽത്താൻ ബത്തേരി, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, മലപ്പുറം ജില്ലയിലെ ഏറനാട്, വണ്ടൂർ, നിലമ്പൂർ എന്നീ ഏഴ് നിയമസഭാ മണ്ഡലങ്ങൾ ചേർച്ചന്നതാണ് വയനാട് ലോക്സഭാ മണ്ഡലം. ഇതിൽ വണ്ടൂർ, ഏറനാട്, ബത്തേരി എന്നീ മൂന്നു മണ്ഡലങ്ങൾ മാത്രമാണ് നിലവിൽ യുഡിഎഫിന് ഉള്ളത്. പക്ഷേ കൽപ്പറ്റ, മാനന്തവാടി, തിരുവമ്പാടി,നിലമ്പൂർ എന്നിവയൊക്കെ ചാഞ്ചാടുന്ന മണ്ഡലങ്ങളാണ്. ഏറനാട്, വണ്ടൂർ, ബത്തേരി എന്നിവ യുഡിഎഫിന്റെ ഉറച്ച കോട്ടകളും. കാർഷിക വിലത്തകർച്ചയും സാമ്പത്തിക മാന്ദ്യവും വല്ലാതെ ബാധിച്ച വയനാട്ടിൽ കേന്ദ്ര- സംസ്ഥാന സർക്കാറുകൾക്കെതിരെ ഒരുപോലെ ജനരോഷം ഉണ്ടാകുന്നതായി സർവേ വിലയിരുത്തുന്നുണ്ട്. ഈ ഇരട്ട ഭരണവിരുദ്ധ വികാരത്തിന്റെ ആനുകൂല്യവും രാഹുൽ ഗാന്ധിക്ക് ലഭിക്കുന്നുണ്ട്.

കഴിഞ്ഞ ലോക്‌സഭാ മണ്ഡലത്തിൽ ഇരുപതിനായിരത്തോളം വോട്ടിന്റെ കുറഞ്ഞ ഭൂരിപക്ഷത്തിനാണ് ഇവിടെ കോൺഗ്രസ് നേതാവ് എം ഐ ഷാനവാസ് ജയിച്ചു കയറിയത്. അതിനുമുമ്പത്തെ തെരഞ്ഞെടുപ്പിൽ ഷാനവാസിനുതന്നെ കിട്ടി ഒന്നരലക്ഷം വോട്ടിന്റെ ഭൂരിപക്ഷം ഒറ്റയടിക്ക് ഒലിച്ചുപോയത് കോൺഗ്രസ് കേന്ദ്രങ്ങളെ ഞെട്ടിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP