Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നോട്ട് പിൻവലിക്കൽ മോദിയുടെ ഇമേജ് കൂട്ടിയെന്ന് വിശ്വസിക്കുന്നത് 53 ശതമാനം പേർ; രാജ്യസ്‌നേഹത്തിന്റെ ഭാഗമായി 2000 ചോദിച്ചാൽ 58 ശതമാനം പേരും നൽകില്ല; സഹകരണ ബാങ്കുകളിൽ കള്ളപ്പണം എന്ന് വിശ്വസിക്കുന്നവരും 50 ശതമാനം; തീരുമാനം റദ്ദ് ചെയ്യണമെന്ന് ആഗ്രഹിക്കുന്നത് വെറും 18 ശതമാനം പേർ

നോട്ട് പിൻവലിക്കൽ മോദിയുടെ ഇമേജ് കൂട്ടിയെന്ന് വിശ്വസിക്കുന്നത് 53 ശതമാനം പേർ; രാജ്യസ്‌നേഹത്തിന്റെ ഭാഗമായി 2000 ചോദിച്ചാൽ 58 ശതമാനം പേരും നൽകില്ല; സഹകരണ ബാങ്കുകളിൽ കള്ളപ്പണം എന്ന് വിശ്വസിക്കുന്നവരും 50 ശതമാനം; തീരുമാനം റദ്ദ് ചെയ്യണമെന്ന് ആഗ്രഹിക്കുന്നത് വെറും 18 ശതമാനം പേർ

തിരുവനന്തപുരം: കള്ളപ്പണത്തിനെതിരെ ധീരമായ നടപടിയെന്ന മുഖവരയോടെയാണ് ആയിരത്തിന്റേയും അഞ്ചൂറിന്റേയും നോട്ടുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി പിൻവലിച്ചത്. ആദ്യ ദിനങ്ങളിൽ ഏവരും പ്രകീർത്തിച്ചു. കള്ളനോട്ട് പൂർണ്ണമായും ഇല്ലാതായെന്ന വിലയിരുത്തലെത്തി. പ്രതിപക്ഷത്തിന് പോലും കാടടച്ച് ആക്ഷേപിക്കാൻ കഴിഞ്ഞില്ല. എന്നാൽ ബാങ്കുകൾ തുറന്ന് ആളുകൾ ക്യൂവിലെത്തിയതോടെ പ്രശ്‌നങ്ങൾ മാറി മാറിഞ്ഞു. ചില്ലറയില്ലാതെ ജനം വലഞ്ഞു. വ്യാപാര സ്ഥാപനങ്ങളിൽ കച്ചവടം ഇല്ലാതായി. വിവാഹങ്ങൾ പ്രതിസന്ധിയിലും. സാധാരണക്കാർ മാത്രമാണ് പണം മാറ്റിയെടുക്കാൻ ക്യൂ നിൽക്കുന്നതെന്ന് തുടങ്ങിയ വിവാദങ്ങൾ ചർച്ചയായി. ഇതോടെ വെളുക്കാൻ തേച്ചത് കേന്ദ്ര സർക്കാരിന് പാടായി തുടങ്ങിയ ട്രോളുകളും നിറഞ്ഞു. എന്നാൽ മറുനാടന്റെ സർവ്വെയിൽ പങ്കെടുത്ത ബഹു ഭൂരിഭാഗവും നോട്ട് അസാധുവാക്കലിൽ മോദിക്ക് ഒപ്പമാണ് നിലയുറപ്പിച്ചിരിക്കുന്നത്.

നോട്ട് പിൻവലിക്കൽ തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയ ഇമേജ് വർദ്ധിപ്പിച്ചോയെന്ന ചോദ്യത്തിന് അമ്പത്തിരണ്ട് ശതമാനത്തിലധികവും അതെയെന്നാണ് മറുപടി നൽകിയത്. പ്രധാനമന്ത്രിയെയും ബിജെപിയെയും സംബന്ധിച്ചിടത്തോളം ഇത് ഒരു രാഷ്ട്രീയ തീരുമാനം കൂടിയായിരുന്നു. അതുകൊണ്ട് ഈ തീരുമാനം മോദിയുടെ ഇമേജ് വർദ്ധിപ്പിച്ചെന്നാണ് സർവേയിലെ വിലയിരുത്തലിന് പ്രാധാന്യം ഏറെയാണ്. 52.7 പേർ നരേന്ദ്ര മോദിയുടെ ഇമേജ് ഈ തീരുമാനത്തിലൂടെ വർദ്ധിച്ചുവെന്നാണ് അഭിപ്രായപ്പെട്ടത്. 38.6 ശതമാനം മോദിയുടെ ഇമേജ് വർദ്ധിപ്പിച്ചില്ലെന്നു പറഞ്ഞപ്പോൾ 8.7 ശതമാനം അഭിപ്രായം പറഞ്ഞില്ല. അതായത് 28500 പേരിൽ 15019 പേർ മോദിക്ക് അനുകൂലമായി വോട്ട് ചെയ്തു. അതായത് വിവാദങ്ങളിലുടെ കരുത്തനായ പ്രധാനമന്ത്രിയായി മോദി മാറുന്നുവെന്ന വിലയിരുത്തൽ. യുപി തെരഞ്ഞെടുപ്പ് തന്നെയാകും ഈ തീരുമാനത്തിന്റെ രാഷ്ട്രീയ മാറ്റുരയ്ക്കലിന്റെ വേദിയാവുക. ഈ ജനവധിയാകും മോദിയുടെ തീരുമാനം ജനങ്ങൾ എങ്ങനെ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുക.

രാജ്യസ്‌നേഹവും പാക് അതിർത്തിയിലെ പ്രശ്‌നങ്ങളും തീവ്രവാദവുമെല്ലാം തീരുമാനത്തോടെ ചർച്ചയായി. അതിർത്തിയിൽ സമാധാനമെത്തിക്കാൻ കള്ളനോട്ടും കള്ളപ്പണവും ഇല്ലായ്മ ചെയ്യണം. അതിർത്തി കാക്കുന്ന ജവാന്മാർക്ക് വേണ്ടി ചെറിയൊരു കഷ്ടപ്പെടൽ എന്നതായിരുന്നു നോട്ട് അസാധുവാക്കിലിന് ഉയർത്തിയ മുദ്രാവാക്യം. ഇത് പ്രധാനമന്ത്രി തുറന്നു പറയുകയും ചെയ്തു. പക്ഷേ പണം നൽകിയുള്ള രാജ്യ സ്‌നേഹത്തെ അനുകൂലിക്കാത്തവരാണെന്നാണ് സർവ്വേ പറയുന്നത്. ഈ ശ്രമം വിജയിക്കാനായി എല്ലാവരും 2000 രൂപ വീതം സർക്കാരിന് നൽകണം എന്നു ആവശ്യപ്പെട്ടാൽ അത് ചെയ്യുമോ എന്ന ചോദ്യത്തിന് ഇല്ല എന്ന ഉത്തരമാണ് ഭൂരിപക്ഷം നൽകുന്നത്. 33. 2 ശതമാനം നൽകുന്നതിനെ അനുകൂലിച്ചപ്പോൾ 9 ശതമാനം അഭിപ്രായം പറഞ്ഞില്ല. അതായത് പണം നൽകിയുള്ള രാഷ്ട്ര സ്‌നേഹത്തിന് സർവ്വേയിൽ പങ്കെടുത്ത ഭൂരിഭാഗവും തയ്യാറല്ല.

നോട്ട് അസാധുവാക്കലിന്റെ ആദ്യ ദിനങ്ങളിൽ ചില്ലറ പ്രശ്‌നമാണ് വിവാദമായതെങ്കിൽ കേരളം ചർച്ച ചെയ്തത് സഹകരണ രംഗത്തെ പ്രശ്‌നങ്ങളാണ്. ആർബിഐയുടെ നിലപാട് മൂലം സഹകരണ സ്ഥാപനങ്ങൾക്ക് നോട്ട് മാറ്റാൻ കഴിയാതെ വന്നു. കള്ളപ്പണം തടയാൻ സഹകരണ സ്ഥാപനങ്ങളേയും നിയന്ത്രിക്കേണ്ടതുണ്ടെന്ന് കേന്ദ്രവും ആർബിഐയും ആവർത്തിച്ചു. കേരളത്തിലെ ബിജെപിക്കാരാണ് ഇതിന് പിന്നിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ആരോപിച്ചു. പിണറായിയും മന്ത്രിമാരും സമരത്തിനും എത്തി. എന്നാൽ സഹകരണ ബാങ്കുകളിൽ കള്ളപ്പണം ആണ് എന്ന് വിശ്വസിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് 57.1 ശതമാനം പേരും അതിനോട് യോജിക്കുന്നു. കള്ളപ്പണം ഇല്ലെന്ന് പറയുന്നത് 30.9 ശതമാനം മാത്രമാണ്. ബാക്കിയുള്ളവർക്ക് വ്യക്തമായ മറുപടിയുമില്ല. അതായത് ഇതുസംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങൾ ചൂടുപിടിക്കുമ്പോഴും സർവ്വേയിൽ പങ്കെടുത്തവരിൽ ഭൂരിഭാഗവും സഹകരണ മേഖലയിൽ കള്ളപ്പണമുണ്ടെന്ന് വിശ്വസിക്കുന്നുവെന്നതാണ് വസ്തുത.

ഇതിന്റെ പ്രതിഫലനമെന്നോണം സഹകരണ ബാങ്കുകളെ ഒഴിവാക്കിയ നടപടി ശരിയാണെന്ന് 51.1 ശതമാനം പേരും അഭിപ്രായപ്പെടുന്നു. ഇക്കാര്യത്തിൽ ശരിയല്ലെന്ന് ഉത്തരം നൽകിയത് 40.9 ശതമാനവും. വെറും 8 ശതമാനത്തിന് മാത്രമാണ് അഭിപ്രായമില്ലാത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP