Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202203Saturday

പി ടി തോമസിന്റെ മണ്ഡലം ഉമയിലൂടെ കോൺഗ്രസ് നിലനിർത്തുമോ? സർപ്രൈസ് സ്ഥാനാർത്ഥിയായ ഡോക്ടർ ജോ ജോസഫ് മണ്ഡലത്തിന്റെ ഹൃദയം കവരുമോ? ബിജെപി നില മെച്ചപ്പെടുത്തുമോ? കെ റെയിലും പി ടി വികാരവും ചർച്ചയാകുന്ന തെരഞ്ഞെടുപ്പിലെ വിജയി ആരാകും? തൃക്കാക്കരയിലെ മറുനാടൻ സർവേ ഫലം പുറത്തുവിടുന്നു

പി ടി തോമസിന്റെ മണ്ഡലം ഉമയിലൂടെ കോൺഗ്രസ് നിലനിർത്തുമോ? സർപ്രൈസ് സ്ഥാനാർത്ഥിയായ ഡോക്ടർ ജോ ജോസഫ് മണ്ഡലത്തിന്റെ ഹൃദയം കവരുമോ? ബിജെപി നില മെച്ചപ്പെടുത്തുമോ? കെ റെയിലും പി ടി വികാരവും ചർച്ചയാകുന്ന തെരഞ്ഞെടുപ്പിലെ വിജയി ആരാകും? തൃക്കാക്കരയിലെ മറുനാടൻ സർവേ ഫലം പുറത്തുവിടുന്നു

ടീ മറുനാടൻ

കൊച്ചി: കേരള രാഷ്ട്രീയത്തിൽ നിർണ്ണായക ചലനങ്ങൾ ഉണ്ടാക്കുമെന്ന് കരുതുന്ന തൃക്കാക്കര നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് വൻ മുന്നേറ്റമെന്ന് മറുനാടൻ മലയാളി അഭിപ്രായ സർവേ. പാല സെന്റർ ഫോർ കൺസ്യൂമർ എജുക്കേഷനുമായി യോജിച്ച്, മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലെ മൂവായിത്തോളം വോട്ടർമാരെ നേരിട്ട് കണ്ടാണ്, തൃക്കാക്കരുടെ രാഷ്ട്രീയ മനസ്സ് അറിയാനുള്ള ശ്രമം മറുനാടൻ മലയാളി നടത്തിയത്.

യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ്, എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫ്, ബിജെപി സ്ഥാനാർത്ഥി എ എൻ രാധാകൃഷ്ണൻ എന്നിവർക്ക് പുറമെ അനിൽ നായർ, ജോമോൻ ജോസഫ്, സി പി ദിലീപ് കുമാർ, ബോസ്‌കോ കളമശ്ശേരി, മന്മഥൻ എന്നീ അഞ്ച് സ്വതന്ത്രരുമാണ് ഇവിടെ മത്സരിക്കുന്നത്. ഇവിടെ ട്വന്റി ട്വന്റി- ആം ആദ്മി സഖ്യം ഏത് മുന്നണിക്കാണ് തങ്ങളുടെ പിന്തുണ എന്ന് വ്യക്തമാക്കിയിട്ടില്ല. യുഡിഎഫിന്റെ സിറ്റിങ്ങ് സീറ്റായായ തൃക്കാക്കരയിൽ പി.ടി തോമസ് എംഎൽഎയുടെ നിര്യാണത്തെ തുടർന്നാണ് ഉപതെരെഞ്ഞെടുപ്പ് വേണ്ടി വന്നത്. പി.ടി തോമസിന്റെ പത്നി ഉമാ തോമസ് ആണ് യുഡിഎഫ് സ്ഥാനാർത്ഥി. ഇടതുമുന്നണിയാവട്ടെ അറിയപ്പെടുന്ന ഭിഷഗ്വരനും സാമൂഹിക പ്രവർത്തകനുമായ ഡോ. ജോ ജോസഫിനെയാണ് കളത്തിൽ ഇറക്കിയിരിക്കുന്നത്.

മണ്ഡല ചരിത്രം യുഡിഎഫിന് ഒപ്പം

2008ലെ മണ്ഡല പുനർനിർണയത്തോടെ നിലവിൽ വന്ന തൃക്കാക്കരയിൽ ആദ്യം തെരഞ്ഞെടുപ്പ് നടന്നത് 2011ലാണ്. അന്നുമുതൽ കോൺഗ്രസ് മാത്രം വിജയിച്ച് വന്ന മണ്ഡലമാണിത്. എറണാകുളം നിയോജക മണ്ഡലത്തിന്റെയും തൃപ്പൂണിത്തറ മണ്ഡലത്തിന്റെയും ഭാഗമായിരുന്ന പ്രദേശങ്ങൾ കൂട്ടിച്ചേർത്താണ് തൃക്കാക്കര മണ്ഡലം രൂപീകരിക്കുന്നത്. 2011ലെ ആദ്യ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് ബെന്നി ബഹനാന് കണ്ണഞ്ചിക്കുന്ന ഭൂരിപക്ഷം നൽകി തൃക്കാക്കര ഇടത് ക്യാമ്പിനെ ഞെട്ടിച്ചു. സിപിഎമ്മിലെ എം.ഇ.ഹസൈനാരെ അദ്ദേഹം വീഴ്‌ത്തിയതു 22,406 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു. പിന്നീടു 2014ൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിലും മണ്ഡലം യുഡിഎഫിനൊപ്പം നിന്നു. കെ.വി.തോമസിനു മണ്ഡലം നൽകിയ ഭൂരിപക്ഷം 17,314 വോട്ടുകളാണ്.

2016ൽ സിറ്റിങ് എംഎൽഎ ബെന്നി ബഹനാനു പകരം പി.ടി.തോമസിനെയാണു മണ്ഡലം നിലനിർത്താൻ കോൺഗ്രസ് നിയോഗിച്ചത്. അവസാന നിമിഷം വരെ നീണ്ട രാഷ്ട്രീയ സമ്മർദങ്ങൾക്കൊടുവിലായിരുന്നു ബെന്നിയുടെ പിന്മാറ്റം. പലവട്ടം എംപിയും എംഎൽഎയുമൊക്കെ ആയ ഡോ.സെബാസ്റ്റ്യൻ പോളിന്റെ കരുത്തിൽ വിജയിക്കാമെന്നായിരുന്നു എൽഡിഎഫ് മോഹം പക്ഷേ, പി.ടി. തോമസിനു മുന്നിൽ അതു പൊലിയുകയായിരുന്നു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും മണ്ഡലം യുഡിഎഫിനൊപ്പം ഉറച്ചു നിന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ തൃക്കാക്കര നഗരസഭാ ഭരണവും യുഡിഎഫ് നേടി. 2021ൽ എൽഡിഎഫ് നിയോഗിച്ച സ്വതന്ത്ര സ്ഥാനാർത്ഥി ഡോ. ജെ. ജേക്കബിനെ 14,329 വോട്ടുകൾക്കു പരാജയപ്പെടുത്തിയാണ് പി.ടി. തോമസ് സീറ്റ് നിലനിർത്തിയത്. കഴിഞ്ഞ തവണ ട്വന്റി ട്വന്റിയുടെ സ്ഥാനാർത്ഥി ഡോ ടെറി തോമസ് 13,897 വോട്ടുകൾ നേടിയതതും പി.ടി തോമസിന് വലിയ വെല്ലുവിളി ആയിരുന്നു.

എന്നാൽ ഇത്തവണ ചിത്രം മാറുമെന്നാണ് എൽഡിഎഫ് അവകാശവാദം. ഉപതെരഞ്ഞെടുപ്പിൽ എക്കാലവും ഭരണമുന്നണിക്ക് അനുകൂലമായി ഒരു മേൽക്കെ ഉണ്ടാവാറുണ്ട്. മണ്ഡലത്തിൽ വേരുകളുള്ള കോൺഗ്രസ് നേതാവ് കെ വി തോമസ് തങ്ങൾക്ക് ഒപ്പം എത്തിയതും, ഡോ ജോ ജോസഫിന്റെ സാമൂഹിക പ്രവർത്തന പാരമ്പര്യവും, ഗുണം ചെയ്യുമെന്നാണ് ഇടത് കേന്ദ്രങ്ങൾ കരുതുന്നത്. സാമുദായികമായ അടിയൊഴുക്കിലും സിപിഎം പ്രതീക്ഷ അർപ്പിക്കുന്നുണ്ട്.

പക്ഷേ കഴിഞ്ഞ തവണ, സംസ്ഥാനമൊട്ടാകെ വീശീയ പിണറായി തരംഗത്തിലും കുലുങ്ങാതെ നിന്ന തൃക്കാക്കര ഇത്തവണയും ആ പാരമ്പര്യം നിലനിർത്തുമെന്നാണ് മറുനാടൻ മലയാളി സർവേയിൽ ലഭിക്കുന്ന സുചകങ്ങൾ.

ഐക്യമുന്നണിക്ക് വ്യക്തമായ മേൽക്കെ

മറുനാടൻ മലയാളി സർവേയിൽ 11 ശതമാനം വോട്ടിന്റെ നല്ല മാർജിനിൽ യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ് ജയിക്കുമെന്നാണ് സൂചനകൾ ലഭിക്കുന്നത്. ഉമാ തോമസിന് 46 ശതമാനം വോട്ടുകൾ ലഭിക്കുമ്പോൾ, ഇടതുസ്ഥാനാർത്ഥി ഡോ ജോ ജോസഫിന് 35 ശതമാനം വോട്ടുകൾ ലഭിക്കാനാണ് സാധ്യത. എൻഡിഎ സ്ഥാനാർത്ഥി എ എൻ രാധാകൃഷ്ണന് 10 ശതമാനവും. കഴിഞ്ഞ തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ കിട്ടിയ 11 ശതമാനം വോട്ടുകളിൽനിന്ന് ബിജെപി അൽപ്പം പിന്നോക്കം പോവുകയാണെന്ന് സർവേ സൂചിപ്പിക്കുന്നു.

കഴിഞ്ഞ തവണ പത്തുശതമാനത്തിലേറെ വോട്ടുനേടി തൃക്കാക്കര മണ്ഡലത്തിൽ ഞെട്ടിച്ച ട്വന്റി ട്വന്റി ഇത്തവണ മത്സര രംഗത്തില്ല. എന്നാൽ മറ്റുള്ളവർ എന്ന ഓപ്ഷന് അനുകൂലമായി 7 ശതമാനം പേർ ഈ സർവേയിലും അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. ട്വന്റി ട്വന്റിയുടെ പിന്തുണ ഈ തെരഞ്ഞെടുപ്പിലും നിർണ്ണായകമാവാൻ ഇടയെുണ്ടെന്ന് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നു.

സർവേ ഒറ്റനോട്ടത്തിൽ ( വോട്ട് ശതമാനക്കണക്കിൽ)

ഉമാ തോമസ്- യു.ഡി.എഫ് - 46

ഡോ. ജോ ജോസഫ്- എൽ.ഡി.എഫ്- 35

എ എൻ രാധാകൃഷ്ണൻ- എൻ.ഡി.എ- 10

മറ്റുള്ളവർ- 7

നോട്ട- 2

സഹതാപമല്ല; കൃത്യമായ രാഷ്ട്രീയം

സഹാതാപ തരംഗമൊന്നുമല്ല, കൃത്യമായ രാഷ്ട്രീയമാണ് തൃക്കാക്കര മണ്ഡലത്തിൽ പ്രതിഫലിക്കുന്നതെന്ന്, സർവേയിൽ വ്യക്തമാവുന്നു. ഭരണവിരുദ്ധ വികാരം തൃക്കാക്കരയിൽ പ്രതിഫലിക്കുന്നുണ്ടെന്ന് സർവേക്ക് അനുബന്ധമായി കൊടുത്ത ചോദ്യങ്ങൾക്ക് വോട്ടർമാർ നൽകിയ മറുപടിയിൽ വ്യക്തമാണ്. ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാനപ്പെട്ട വിഷയം ഏതെന്ന ചോദ്യത്തിന്, കൂടുതൽപേരും മറുപടി നൽകിയത്, സർക്കാറിനോടുള്ള എതിർപ്പ് എന്ന കാര്യമാണ്. രണ്ടാം പിണറായി സർക്കാറിന്റെ ഭരണം ശരാശരിയിൽ ഒതുങ്ങുന്നുവെന്നാണ് ഭൂരിപക്ഷം പേരുടെയും വിലയിരുത്തൽ. മികച്ച സ്ഥാനാർത്ഥി ആരെന്ന ചോദ്യത്തിനും യുഡിഎഫിന്റെ ഉമാ തോമസിന് ഒപ്പമാണ് സർവേയിൽ പങ്കെടുത്തവരിൽ ഭൂരിപക്ഷവും. മുൻ എംഎൽഎ പി ടി തോമസിന്റെ പ്രകടനം മികച്ചതായിരുന്നുവെന്നാണ് കൂടുതൽ പേരും അഭിപ്രായപ്പെട്ടത്. കത്തിനിൽക്കുന്ന കെ റെയിൽ വിവാദം ഇടതുമുന്നണിക്ക് തിരിച്ചടിയാവുമെന്നും സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നു.

അതുപോലെ തന്നെ ട്വന്റി ട്വന്റിയുടെയും ആം ആദ്മിയുടെയും പിന്മാറ്റം യുഡിഎഫിന് ഗുണം ചെയ്യുമെന്നാണ് സർവേ വ്യക്തമാക്കുന്നത്. മറ്റുള്ളവർ എന്ന ഓപ്ഷനിൽ ഈ സർവേയിൽ 7 ശതമാനം വോട്ടുകളാണ് കിട്ടിയിട്ടുള്ളത്. അതുകൂടി യുഡിഎഫിന് പോവുകയാണെങ്കിൽ, കൃത്യമായ യുഡിഎഫ് തരംഗം തന്നെയാണ് മണ്ഡലത്തിൽ ഉണ്ടാവുക.

സർവേ നടത്തിയത് എങ്ങനെ?

കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പും, ലോക്‌സഭാ തെരഞ്ഞെടുപ്പും, ചെങ്ങന്നൂർ പാലാ തുടങ്ങിയ ഉപതെരഞ്ഞെടുപ്പിലുമൊക്കെ സർവേ നടത്തി എതാണ്ട് കൃത്യമായി ജനവികാരം അളക്കാൻ കഴിഞ്ഞ മറുനാടൻ മലയാളി ടീം, ഇത്തവണയും വിപുലമായ രീതിയിലാണ് സർവേ നടത്തിയത്. നിങ്ങളുടെ വോട്ട് ആർക്ക് എന്ന സുപ്രധാന ചോദ്യത്തിനൊപ്പം, ആ ഉത്തരത്തിലേക്ക് നയിച്ച ഘടകങ്ങൾ എന്തൊക്കെയാണെന്നും സർവേ വിശദമായി പരിശോധിക്കുന്നുണ്ട്. സഹാതാപ തരംഗം, മത-സാമുദായിക ഘടകങ്ങൾ, സ്ഥാനാർത്ഥിയുടെ മികവ്, സർക്കാറിന്റെ പ്രകടനം, കെ റെയിൽ, മണ്ഡല വികസനം, ട്വന്റി ട്വന്റി- ആം ആദ്മി സഖ്യത്തിന്റെ സാധ്യത തുടങ്ങിയ വിവിധ വിഷയങ്ങളിൽ പ്രത്യേക ചോദ്യാവലി തയ്യാറാക്കിയാണ് സർവേ ടീം വോട്ടർമാരുടെ മനസ്് അറിഞ്ഞത്.

വിദേശ മാധ്യമങ്ങളും, ഇന്ത്യയിലെ പ്രമുഖ ദേശീയ മാധ്യമങ്ങളും അവലംബിക്കുന്ന റാൻഡം സർവേയുടെ അതേ സ്റ്റാറ്റിക്കൽ മെത്തേഡു തന്നെയാണ് മറുനാടൻ ടീമും അവലംബിക്കുന്നത്. പ്രമുഖരായ തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധരും ടീമിന്റെ ഭാഗമാവുന്നുണ്ട്. നഗരങ്ങളിലും, ഗ്രാമങ്ങളിലും, ബസ്സ്റ്റാൻഡുകളിലും, ചന്തകളിലും ഷോപ്പിങ്ങ് മാളുകളിലും, കോളജുകളിലും, മെട്രോ റെയിൽവെ സ്റ്റേഷനുകളിലുമൊക്കെയായി, ഒരു സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളും ഉൾപ്പെടുന്ന പരിഛേദം കിട്ടത്തക്ക രീതിയിൽ ജനങ്ങളെ നേരിട്ട് കണ്ടാണ് സർവേ പൂർത്തീകരിച്ചത്. വീടുകളിൽ നേരിട്ട് ചെന്ന് സ്ത്രീകളും വയോധികരും ഉൾപ്പെടയുള്ളവരുടെ പങ്കാളിത്തവും സർവേയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഏറ്റവും പ്രധാനം ഇത് ഒരു സ്വതന്ത്രമായ അഭിപ്രായ സർവേയാണെന്നാണ്. മറുനാടൻ മലയാളിയുടെ രാഷ്ട്രീയ നിലപാടുമായി ഈ സർവേക്ക് യാതൊരു ബന്ധവുമില്ല. സർവേഫലത്തിന് അനുസരിച്ചുള്ള യാതൊരു കാമ്പയിനിങ്ങും മറുനാടന്റെ ഭാഗത്തുനിന്ന് ഉണ്ടാവുകയുമില്ല. മാത്രമല്ല എത് സർവേകളും പ്രതിഫലിപ്പിക്കുന്നത് ആ സമയത്ത് തെരഞ്ഞെടുപ്പ് നടന്നാലുള്ള രാഷ്ട്രീയ കാലാവസ്ഥയാണ്. മെയ് 12 മുതൽ 16വരെ നാലുദിവസങ്ങളിലായാണ് മറുനാടൻ സർവേ നടന്നത്. അഭിപ്രായ സർവേകളിൽ പത്തു ശതമാനം വരെ ഹ്യൂമൻ എററുകളും വരാം. ഇന്ത്യയിലും കേരളത്തിലും എക്‌സിറ്റ്പോളുകൾപോലും പല തവണ മാറിമാറഞ്ഞ സംഭവങ്ങളും നേരത്തെ ഉണ്ടായിട്ടുണ്ട്.അതായത് ഏത് സർവേയിലെയും പോലെ മറുനാടനും അടിസ്ഥാനപരമായ ചില രാഷ്ട്രീയ സൂചകങ്ങളാണ് മുന്നോട്ട് വെക്കുന്നത്. ഇത് ഒരു അന്തിമ വിധിയല്ലെന്നും മാന്യ വായനക്കാരെ അറിയിക്കയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP