Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യൂണിയന് സ്ഥലം വാങ്ങിയപ്പോൾ ആധാരം രജിസ്റ്റർ ചെയ്തത് പ്രസിഡന്റിന്റെ പേരിൽ; രജിസ്‌ട്രേഷൻ തീയതി രഹസ്യമാക്കിവെച്ചും കള്ളക്കളി; കള്ളി പൊളിഞ്ഞപ്പോൾ സ്ഥലം യൂണിയന്റെ പേരിലാക്കി കോംപ്രമൈസും; അംഗങ്ങൾക്ക് 30000 രൂപയുടെ ഇൻഷൂറസ് ഉള്ളപ്പോൾ വേണ്ടപ്പെട്ടവർക്ക് നൽകിയത് രണ്ടു ലക്ഷം രൂപയുടെ ഇൻഷൂറൻസ്; കയ്യിട്ടു വാരലും അഴിമതിയും നടത്തുന്നത് അംഗങ്ങൾ ചോര നീരാക്കി നൽകുന്ന ലെവിയിൽ നിന്നും; അഴിമതിയും സ്വജനപക്ഷപാതവും ചൂണ്ടിക്കാട്ടി പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ് യൂണിയനിൽ പൊട്ടിത്തെറി

യൂണിയന് സ്ഥലം വാങ്ങിയപ്പോൾ ആധാരം രജിസ്റ്റർ ചെയ്തത് പ്രസിഡന്റിന്റെ പേരിൽ; രജിസ്‌ട്രേഷൻ തീയതി രഹസ്യമാക്കിവെച്ചും കള്ളക്കളി; കള്ളി പൊളിഞ്ഞപ്പോൾ സ്ഥലം യൂണിയന്റെ പേരിലാക്കി കോംപ്രമൈസും; അംഗങ്ങൾക്ക് 30000 രൂപയുടെ ഇൻഷൂറസ് ഉള്ളപ്പോൾ വേണ്ടപ്പെട്ടവർക്ക് നൽകിയത് രണ്ടു ലക്ഷം രൂപയുടെ ഇൻഷൂറൻസ്; കയ്യിട്ടു വാരലും അഴിമതിയും നടത്തുന്നത് അംഗങ്ങൾ ചോര നീരാക്കി നൽകുന്ന ലെവിയിൽ നിന്നും; അഴിമതിയും സ്വജനപക്ഷപാതവും ചൂണ്ടിക്കാട്ടി പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ് യൂണിയനിൽ പൊട്ടിത്തെറി

എം മനോജ്കുമാർ

തിരുവനന്തപുരം: ഫെഫ്കയിലെ പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ് യൂണിയനിൽ അഴിമതിയും ക്രമക്കേടും നടക്കുന്നുവെന്നാരോപിച്ച് യൂണിയൻ അംഗങ്ങൾ രംഗത്ത്. അംഗങ്ങൾക്കായി യൂണിയൻ നടത്തുന്ന ഇൻഷൂറൻസ് പദ്ധതിയിൽ വൻ തട്ടിപ്പ് നടക്കുന്നുവെന്നും യൂണിയൻ ഫണ്ട് ചില അംഗങ്ങൾ വ്യക്തിപരമായ ആവശ്യങ്ങൾക്ക് ചിലവഴിക്കുന്നു എന്നും ആരോപിച്ചാണ് പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ് യൂണിയനിലെ അംഗങ്ങൾ രംഗത്ത് വന്നത്. അഴിമതിയും ക്രമക്കേടും അന്വേഷിക്കണമെന്നും നിലവിലുള്ള ഭാരവാഹികൾക്ക് വിശ്വാസ്യത നഷ്ടമായതിനാൽ അഡ്‌ഹോക്ക് കമ്മറ്റിയെ വെക്കണമെന്നും ആവശ്യപ്പെട്ട് യൂണിയൻ അംഗങ്ങൾ ഫെഫ്ക്കാ ജനറൽ ജനറൽ സെക്രട്ടറിക്ക് കത്തും നൽകിയിട്ടുണ്ട്.

2013 മുതൽ 2020 വരെ യൂണിയൻ ഫണ്ടിൽ വ്യാപകമായ അഴിമതി നടന്നുവെന്നാണ് അംഗങ്ങൾ ഉയർത്തുന്ന ആരോപണം. യൂണിയൻ സ്വന്തം സ്ഥലം വാങ്ങിയപ്പോൾ അത് യൂണിയൻ പ്രസിഡന്റ് സ്വന്തം പേരിലാണ് എടുത്തത്. ഇത് കണ്ടെത്തി പ്രശ്‌നമുണ്ടാക്കിയപ്പോൾ അത് തിരികെ യൂണിയന്റെ പേരിലാക്കി മാറ്റി തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് അംഗങ്ങൾ ഉയർത്തുന്നത്. ആധാരം രജിസ്റ്റർ ചെയ്യുന്ന തീയതി ആരെയും അറിയിച്ചില്ല. സാക്ഷികൾ ആയി പോലും അംഗങ്ങളെ ഒഴിവാക്കി. കരം അടച്ച രസീതിൽ കാണിച്ചത് പ്രസിഡന്റ് ഗിരീഷ് വൈക്കത്തിന്റെ പേരാണ്. ഭൂമി ഇടപാടിൽ വലിയ ക്രമക്കേടാണ് നടന്നിരിക്കുന്നത്. 2013 നു ശേഷം ഏഴു വർഷമായെങ്കിലും ഇതുവരെ യൂണിയൻ തിരഞ്ഞെടുപ്പ് നടത്തിയിട്ടില്ല. കോടതി വിധി മറച്ച് വച്ചാണ് തിരഞ്ഞെടുപ്പ് ഇല്ലാതെ കമ്മറ്റി മുന്നോട്ടു പോകുന്നത്. കണക്കുകൾ ഓഡിറ്റ് ചെയ്യുന്നത് ഓഫീസിലെ ഒരു അസിസ്റ്റന്റ്‌റ് മാനേജരാണ്. ഈ ഓഡിറ്റ് നടത്തിയതിന്റെ പേരിൽ അസിസ്റ്റന്റ്‌റ് മാനേജർക്ക് പണം നൽകിയതായും രേഖയിലുണ്ട്. യൂണിയൻ കണക്കുകൾ യൂണിയൻ അംഗത്തെക്കൊണ്ട് ഓഡിറ്റ് ചെയ്യിക്കാൻ പാടുള്ളതല്ല. അഴിമതിയും ക്രമക്കെടുകളുമാണ് യൂണിയനിൽ നടന്നിരിക്കുന്നത്-ജനറൽ സെക്രട്ടറിക്ക് ഉള്ള കത്തിൽ യൂണിയൻ അംഗങ്ങൾ ചൂണ്ടിക്കാട്ടുന്നു.

യൂണിയൻ തലപ്പത്തിരുന്നു ചിലർ അഴിമതി നടത്തുന്നുവെന്ന ആരോപണം പ്രൊഡക്ഷൻ യൂണിയൻ അംഗങ്ങൾ മുൻപ് തന്നെ ഉയർത്തുന്നുണ്ട്. ഇൻഷൂറൻസ് പദ്ധതിയിൽ ചില ക്രമക്കേടുകൾ നടക്കുന്നുവെന്നും യൂണിയൻ അംഗങ്ങൾക്കിടയിൽ സംസാരമുണ്ടായിരുന്നു. ഇതോടെ സംശയം തോന്നി അംഗങ്ങൾ തന്നെ കണക്കുകൾ പരിശോധിച്ചപ്പോഴാണ് യൂണിയൻ ഭാരവാഹികൾ തന്നിഷ്ടം പോലെ കാര്യങ്ങൾ നടത്തുന്നു എന്നും അഴിമതി നടക്കുന്നുവെന്നും അംഗങ്ങൾക്ക് മനസിലായത്. ഇതോടെയാണ് അംഗങ്ങൾ ഫെഫ്ക ജനറൽ സെക്രട്ടറിക്ക് കത്ത് നൽകിയത്. പ്രൊഡക്ഷൻ യൂണിയനിലെ അംഗങ്ങൾക്ക് ഓരോ സിനിമ ലഭിക്കുമ്പോഴും അംഗങ്ങൾ നൽകുന്ന ലെവിയാണ് യൂണിയന്റെ വരുമാനം. ഈ വരുമാനത്തിൽ നിന്നാണ് അംഗങ്ങളുടെ ക്ഷേമപ്രവർത്തനങ്ങൾ യൂണിയൻ നടത്തുന്നത്. ചോര നീരാക്കി ലഭിക്കുന്ന വരുമാനത്തിൽ നിന്നും നൽകുന്ന പങ്ക് ചിലർ അന്യാധീനപ്പെടുത്തുന്നതിൽ വന്ന അമർഷമാണ് കണക്കുകൾ പരിശോധിക്കാൻ ഭാരവാഹികളെ പ്രേരിപ്പിച്ചത്. കണക്കുകൾ പരിശോധിച്ചപ്പോഴാണ് വിചിത്രമായ രീതിയിലാണ് പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് യൂണിയനിൽ കാര്യങ്ങൾ നടക്കുന്നതെന്നു അംഗങ്ങൾക്ക് ബോധ്യമായത്. ഇതോടെയാണ് ഇവർ പരാതിയുമായി മുന്നോട്ടു വന്നത്.

രണ്ടു തരം ഫാമിലി ഇൻഷൂറൻസാണ് യൂണിയനിൽ നിലനിൽക്കുന്നത് എന്നാണ് അംഗങ്ങൾ കണ്ടെത്തിയത്. അംഗങ്ങൾക്ക് 30000 രൂപയുടെ ഫാമിലി ഇൻഷൂറൻസാണ് യൂണിയൻ ഏർപ്പെടുത്തിയിരിക്കുന്നത്. പക്ഷെ സ്‌കീം പരിശോധിച്ചപ്പോൾ വ്യക്തമായത് രണ്ടു തരത്തിലുള്ള ഇൻഷൂറൻസ് നിലവിലുണ്ട് എന്നാണ്. അംഗങ്ങൾക്ക് 30000 രൂപയുടെ ഇൻഷൂറൻസ് ഏർപ്പെടുത്തുമ്പോൾ ചിലർക്ക് ലഭിക്കുന്ന ഇൻഷൂറൻസ് രണ്ടു ലക്ഷം രൂപയുടെതാണ്. സാധാരണ അംഗങ്ങൾക്ക് 700 രൂപയുടെ വാർഷിക പ്രീമിയം അടയ്ക്കുമ്പോൾ ഭാരവാഹികൾക്ക് വേണ്ടപ്പെട്ടവർക്ക് പ്രീമിയമായി അടയ്ക്കുന്നത് 16000 രൂപയാണ്. അംഗങ്ങൾ നൽകുന്ന ഫണ്ടിൽ നിന്നാണ് ഈ രണ്ടു രീതിയിലുള്ള പ്രീമിയവും അടയ്ക്കുന്നത്. 2013-14 മുതൽ ഈ രീതിയിലാണ് ഇൻഷൂറൻസ് അടയ്ക്കുന്നത് എന്ന് കണക്ക് പരിശോധിച്ചപ്പോൾ അംഗങ്ങൾക്ക് മനസിലായി. ഇൻഷൂറൻസ് എന്ന വകയിലാണ് മുഴുവൻ തുകയും രേഖപ്പെടുത്തുക.

അതുകൊണ്ട് തന്നെ രണ്ടു തരത്തിലുള്ള ഇൻഷൂറൻസ് അടയ്ക്കുന്നതായി മനസിലാക്കാൻ അംഗങ്ങൾക്ക് കഴിഞ്ഞില്ല. വാർഷിക പ്രീമിയം രണ്ടു രീതിയിലാണ് അടയ്ക്കാറ്. യൂണിയനിലെ ആറു പേർക്ക് രണ്ടു ലക്ഷം രൂപയുള്ള ഇൻഷൂറൻസ് പോളിസി അടയ്ക്കാനായി യുണൈറ്റഡ് ഇന്ത്യാ ഇൻഷൂറൻസിൽ അടച്ചത് 91,265 രൂപയാണ്. യൂണിയൻ അക്കൗണ്ടിൽ നിന്നാണ് ഇത്രയും തുക ഈ വർഷം അടിച്ചത്. മുഴുവൻ അംഗങ്ങൾക്കും കൂടി 1,27,400 അടച്ചപ്പോഴാണ് ആറുപേർക്ക് മാത്രമായി 91,265 അടച്ചത്. ഓഡിറ്റ് റിപ്പോർട്ട് പ്രകാരം ഓഫീസിൽ 30,000 രൂപയാണ് കാണേണ്ടത്. എന്നാൽ ഓഫീസിൽ ഉണ്ടായിരുന്നത് പതിനായിരത്തിൽ താഴെ രൂപയാണ്. ബാക്കി തുക ജനറൽ സെക്രട്ടറി എടുത്ത ശേഷം ഇതുവരെ തിരിച്ചേൽപ്പിച്ചിട്ടില്ലാ എന്നാണ് യൂണിയൻ ഓഫീസിൽ നിന്നും അറിയിച്ചത്. യൂണിയൻ തുക പല ഭാരവാഹികളും എടുത്തുകൊണ്ടു പോവുകയാണ് ചെയ്യുന്നത്.

കൊറോണ കാലത്ത് മീറ്റിങ് വിളിച്ച് ഭാരവാഹികൾ 1500 രൂപ വീതം എഴുതിയെടുത്തു. കൊറോണ കാലത്ത് പട്ടിണിയിലായ അംഗങ്ങളെ സഹായിക്കാതെയാണ് ഭാരവാഹികൾ ഈ തുക എഴുതിയെടുത്തത്. ഫോണിൽ വീട്ടിൽ ഇരുന്നാണ് മീറ്റിങ് കൂടി 25000 യോളം മൊത്തത്തിൽ ഭാരവാഹികൾ എഴുതിയെടുത്തത്. അംഗങ്ങളുടെ വിയർപ്പിന്റെ വില ആണ് നേതാക്കളുടെ പോക്കറ്റിലേക്ക് പോകുന്നത്. യൂണിയൻ മാനദണ്ഡങ്ങൾ പാലിക്കാതെ പലർക്കും തോന്നിയ രീതിയിൽ മെമ്പർഷിപ്പ് എഴുതി നൽകി. ഭാരവാഹികൾ ഈ രീതിയിൽ മെമ്പർഷിപ്പ് നൽകിയപ്പോൾ അതിനു പണം വാങ്ങിയതായി സംശയമുണ്ട്. അടിയന്തിര ഘട്ടങ്ങളിൽ സഹായം ആവശ്യമാകുമ്പോൾ യൂണിയൻ ഫണ്ടിലുള്ള തുകയുടെ നാലിൽ ഒരു ഭാഗം ഇങ്ങനെ വിതരണം ചെയ്യാം എന്ന് നിയമമുണ്ട്. ഇത് മറച്ചുവെച്ച് കൊറോണകാലത്ത് അർഹതപ്പെട്ടവർക്ക്‌സഹായം നൽകാതെ സെക്രട്ടറി പറ്റിച്ചു. 2019-20 കാലത്ത് സിനിമാ ജോലികൾ ചെയ്തവർക്ക് സഹായം നൽകേണ്ടെന്ന് തീരുമാനിച്ചപ്പോൾ അത് കാറ്റിൽപ്പറത്തി ഭാരവാഹികൾ ഇഷ്ടപ്രകാരം പലർക്കും തുകകൾ നൽകി-കത്തിൽ പറയുന്നു.

യൂണിയനിൽ പത്ത് ലക്ഷത്തോളം രൂപയുടെ വെട്ടിപ്പ് നടന്നുവെന്നാണ് സംശയിക്കുന്നത്-ഫെഫ്ക ജനറൽ സെക്രട്ടറിക്ക് കത്ത് നൽകിയ പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ് യൂണിയന്റെ ഷിബു .ജി.സുശീലൻ മറുനാടനോട് പറഞ്ഞു. 2008 ലാണ് ഫെഫ്കയിലേക്ക് സംഘടന മാറുന്നത്. അന്ന് മുതൽ വെട്ടിപ്പ് നടക്കുന്നുണ്ട്. 2013 മുതലുള്ള രേഖകളാണ് ലഭിച്ചത്. ഇൻഷൂറൻസ് രണ്ടു രീതിയിലാണ് അടയ്ക്കുന്നത്. ഗ്രൂപ്പ് ഇൻഷൂറൻസ് അടച്ചു എന്ന് മാത്രമാണ് ഞങ്ങൾ കരുതിയത്. കണക്കു പരിശോധിച്ചപ്പോഴാണ് രണ്ടു രീതിയിൽ ഇൻഷൂറൻസ് ഉള്ളതായി ഞങ്ങൾക്ക് മനസിലായത്. ഭാരവാഹികൾ തന്നെയാണ് തട്ടിപ്പ് നടത്തുന്നത്. ഏഴു വർഷമായി നിലവിലെ നേതൃത്വമാണ് ഭാരവാഹികളായി തുടരുന്നത്. ഇലക്ഷൻ നടത്താനുള്ള കോടതി വിധി പോലും മറച്ചുവെച്ചു.

പന്തിയിൽ പക്ഷഭേദമാണ് ഭാരവാഹികൾ നടത്തിയത്. ഞങ്ങൾ നൽകുന്ന പണത്തിൽ നിന്നുള്ള പ്രീമിയമാണ് ഈ രീതിയിൽ അടയ്ക്കുന്നത്. ഞങ്ങൾ നൽകുന്ന പണത്തിൽ നിന്നും ഭാരവാഹികൾ കയ്യിട്ടു വാരുകയാണ് ചെയ്യുന്നത്. കണക്കുകൾ വിശദമായ ഓഡിറ്റിൽ വ്യക്തമാകേണ്ടതുണ്ട്. ഫെഫ്കയിൽ നിന്നുള്ള തീരുമാനത്തിനായി കാക്കുകയാണ്. ഇന്നു ഫെഫ്ക മീറ്റിങ് വിളിച്ചിട്ടുണ്ട്-ഷിബു പറയുന്നു. പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ് യൂണിയന്റെ പരാതി ഗൗരവകരമായാണ് ഫെഫ്ക വൃത്തങ്ങൾ കാണുന്നത്. പരാതി ഫെഫ്ക വിശദമായി പരിശോധിച്ചുവെന്നാണ് ഫെഫ്കയിൽ നിന്നും അറിയാൻ സാധിച്ചത്. അതുകൊണ്ട് തന്നെ ഇന്നു നടക്കുന്ന ഹിയറിംഗിൽ പ്രശ്‌നത്തിനു ഫെഫ്ക പരിഹാരം കണ്ടേക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP