Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202024Thursday

പാലായുടെ മനസ്സ് ആർക്കൊപ്പം? കെ എം മാണിയുടെ നിര്യാണത്തെ തുടർന്ന് മണ്ഡലത്തിൽ സഹതാപ തരംഗമുണ്ടോ? കേരളാ കോൺഗ്രസിലെ വിഭാഗീയത യുഡിഎഫിനെ ബാധിക്കുമോ? പിണറായി സർക്കാരിന്റെ വിലയിരുത്തൽ ആവുമോ ഈ തെരഞ്ഞെടുപ്പ്; ശബരിമല ഇത്തവണയും ചർച്ചയാവുമോ? പി സി ജോർജ് തെരഞ്ഞെടുപ്പിൽ സ്വാധീനിക്കുമോ? വികസനം മുഖ്യ വിഷയമാവുമോ? പാലാ എങ്ങനെ ചിന്തിക്കുന്നുവെന്ന് അറിയാൻ മറുനാടൻ ടീം എത്തിയപ്പോൾ കണ്ടത്

പാലായുടെ മനസ്സ് ആർക്കൊപ്പം? കെ എം മാണിയുടെ നിര്യാണത്തെ തുടർന്ന് മണ്ഡലത്തിൽ സഹതാപ തരംഗമുണ്ടോ? കേരളാ കോൺഗ്രസിലെ വിഭാഗീയത യുഡിഎഫിനെ ബാധിക്കുമോ? പിണറായി  സർക്കാരിന്റെ വിലയിരുത്തൽ ആവുമോ ഈ തെരഞ്ഞെടുപ്പ്; ശബരിമല ഇത്തവണയും ചർച്ചയാവുമോ? പി സി ജോർജ് തെരഞ്ഞെടുപ്പിൽ സ്വാധീനിക്കുമോ? വികസനം മുഖ്യ വിഷയമാവുമോ? പാലാ എങ്ങനെ ചിന്തിക്കുന്നുവെന്ന് അറിയാൻ മറുനാടൻ ടീം എത്തിയപ്പോൾ കണ്ടത്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പാലാ ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കേ മണ്ഡലത്തിന്റെ മനസ്സറിയാനുള്ള അഭിപ്രായ സർവേയുമായി മറുനാടൻ മലയാളി രംഗത്ത്. പാലാ സെന്റർ ഫോർ കൺസ്യൂമർ എജുക്കേഷനുമായി സഹകരിച്ച്, നിയോജക മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ മറുനാടൻ പ്രതിനിധികൾ നേരിട്ടെത്തി നടത്തുന്ന ഫീൽഡ് സർവേ തുടങ്ങിയിരിക്കയാണ്. ഇതിന്റെ ഫലം ഈ മാസം 20ന് വെള്ളിയാഴ്ച മറുനാടൻ മലയാളിയിലും മറുനാടൻ ടിവിയിലുമായി സംപ്രേഷണം ചെയ്യും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പും, ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പും, ലോക്സഭാ തെരഞ്ഞെടുപ്പിലുമൊക്കെ സർവേ നടത്തി എതാണ്ട് കൃത്യമായി ജനവികാരം അളക്കാൻ കഴിഞ്ഞ മറുനാടൻ മലയാളി ടീം, ഇത്തവണയും വിപുലമായ രീതിയിലാണ് സർവേ നടത്തുന്നത്.

നിങ്ങളുടെ വോട്ട് ആർക്ക് എന്ന സുപ്രധാന ചോദ്യത്തിനൊപ്പം, ആ ഉത്തരത്തിലേക്ക് നയിച്ച ഘടകങ്ങൾ എന്തൊക്കെയാണെന്നും സർവേ വിശദമായി പരിശോധിക്കുന്നുണ്ട്. കെ എം മാണിയുടെ നിര്യാണത്തെ തുടർന്ന് മണ്ഡലത്തിൽ സഹതാപ തരംഗമുണ്ടോ, കേരളാ കോൺഗ്രസിലെ വിഭാഗീയത യുഡിഎഫിനെ ബാധിക്കുമോ, പിണറായി സർക്കാരിന്റെ വിലയിരുത്തൽ ആവുമോ ഈ തെരഞ്ഞെടുപ്പ്, ശബരിമല ഇത്തവണയും ചർച്ചയാവുമോ, പി സി ജോർജ് തെരഞ്ഞെടുപ്പിൽ സ്വാധീനിക്കമോ, വികസനം മുഖ്യ വിഷയമാവുമോ, നിഷാ ജോസ് കെ മാണിയായോണോ സ്ഥാനാർത്ഥിയാവേണ്ടിയിരുന്നത് തുടങ്ങിയ വിവിധ വിഷയങ്ങളും സർവേ പരിശോധിക്കുന്നുണ്ട്.

വിദേശരാജ്യങ്ങളിലും ഇന്ത്യയിലെ പ്രമുഖ ദേശീയ മാധ്യമങ്ങളും അവലംബിക്കുന്ന അതേ റാൻഡം സർവേയുടെ സ്റ്റാറ്റിക്കൽ മെത്തേഡു തന്നെയാണ് മറുനാടൻ ടീമും അവലംബിക്കുന്നത്. പ്രമുഖരായ തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധരും ടീമിന്റെ ഭാഗമാവുന്നുണ്ട്. നഗരങ്ങളിലും ഗ്രാമങ്ങളിലും ബസ്സ്റ്റാൻഡുകളിലും ചന്തകളിലും ഷോപ്പിങ്ങ് മാളുകളിലുമൊക്കെയായി വിവിധ വിഭാഗത്തിൽപെടുന്ന ജനങ്ങളെ നേരിട്ട് കണ്ടാണ് സർവേ പൂർത്തീകരിക്കുന്നത്. വീടുകളിൽ നേരിട്ട് ചെന്ന് ജനവികാരം അറിയാനും സർവേ സംഘം ശ്രമിക്കുന്നുണ്ട്.

ഏറ്റവും പ്രധാനം ഇത് ഒരു സ്വതന്ത്രമായ അഭിപ്രായ സർവേയാണെന്നാണ്. മറുനാടൻ മലയാളിയുടെ രാഷ്ട്രീയ നിലപാടുമായി ഈ സർവേക്ക് യാതൊരു ബന്ധവുമില്ല. സർവേഫലത്തിന് അനുസരിച്ചുള്ള യാതൊരു കാമ്പയിനിങ്ങും മറുനാടന്റെ ഭാഗത്തുനിന്ന് ഉണ്ടാവുകയുമില്ല. മാത്രമല്ല എത് സർവേകളും പ്രതിഫലിപ്പിക്കുന്നത് ആ സമയത്ത് തെരഞ്ഞെടുപ്പ് നടന്നാലുള്ള രാഷ്ട്രീയ കാലാവസ്ഥയാണ്. ഇത് വളരെ പെട്ടെന്ന് മാറി മറിയാം. അഭിപ്രായ സർവേകളിൽ പത്തു ശതമാനം വരെ ഹ്യൂമൻ എററുകളും വരാം. ഇന്ത്യയിലും കേരളത്തിലും എക്സിറ്റ്‌പോളുകൾപോലും പല തവണ മാറിമറിഞ്ഞ സംഭവങ്ങളും നേരത്തെ ഉണ്ടായിട്ടുണ്ട്. അതായത് ഏത് സർവേയിലെയും പോലെ മറുനാടനും അടിസ്ഥാനപരമായ ചില രാഷ്ട്രീയ സൂചകങ്ങളാണ് മുന്നോട്ട് വെക്കുന്നത്. ഇത് ഒരു അന്തിമ വിധിയല്ലെന്നും മാന്യ വായനക്കാരെ അറിയിക്കയാണ്.

മാറ്റുരയ്ക്കുന്നത് പ്രമുഖർ

ഈ മാസം 23ന് നടക്കുന്ന പാലാ ഉപതെരഞ്ഞെടുപ്പിൽ പ്രഗത്ഭരായ സ്ഥാനാർത്ഥികളെയാണ് മുന്നണികൾ രംഗത്തിറക്കിയത്. കേരളാ കോൺഗ്രസ് എം നേതാവ് കെഎം മാണിയുടെ നിര്യാണത്തെ തുടർന്നുവരുന്ന ഉപതെരഞ്ഞെടുപ്പിൽ, സീറ്റ് നിലനിർത്തുകയെന്നത് യുഡിഎഫിനെ സംബന്ധിച്ച് അഭിമാന പോരാട്ടമാണ്. നിഷാ ജോസ് കെ മാണി അടക്കമുള്ള പ്രമുഖർ സ്ഥാനാർത്ഥിയാവുമെന്ന അഭ്യൂഹങ്ങൾക്ക് ഒടുവിലാണ് യുഡിഎഫ് മുതിർന്ന നേതാവ് ജോസ് ടോമിനെ രംഗത്തിറക്കുന്നത്. നിലവിലെ കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും മീനച്ചിൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമാണ് ജോസ് ടോം.

മറുഭാഗത്ത് മുതിർന്ന എൻസിപി നേതാവും, ചലച്ചിത്ര നിർമ്മാതാവ്, സംവിധായകൻ, അഭിനേതാവ്, മുൻ രാജ്യാന്തര വോളിബോൾ താരം തുടങ്ങിയ വിവിധ നിലകളിൽ പ്രശസ്തനായ മാണി സി കാപ്പനെയാണ് എൽഡിഎഫ് രംഗത്തിറക്കിയത്. നിലവിൽ എൻസിപിയുടെ ദേശീയ വർക്കിങ്ങ് കമ്മറ്റി മെമ്പർ കൂടിയാണ് ഇദ്ദേഹം. കഴിഞ്ഞ തവണ കെ എം മാണിക്കെതിരെ ഇഞ്ചോടിഞ്ച് പോരാട്ടമാണ് മാണി സി കാപ്പൻ നടത്തിയത്. ഇദ്ദേഹത്തിന് മണ്ഡലത്തിലുള്ള വ്യക്തിബന്ധങ്ങളും വോട്ടാകുമെന്ന പ്രതീക്ഷയിലാണ് ഇടതു മുന്നണി.

എൻഡിഎ രംഗത്തിറക്കിയിരിക്കുന്നത് ബിജെപി ജില്ലാ പ്രസിഡന്റ് കൂടിയായ എൻ ഹരിയെയാണ്. കഴിഞ്ഞ തവണ കെ എം മാണിക്കെതിരെ മുപ്പതിനായിരത്തിലേറെ വോട്ടുകൾ പിടിച്ച് മികച്ച മൽസരമാണ് ഹരി ഇവിടെ കാഴ്ച വെച്ചിരുന്നത്. ഈ തെരഞ്ഞെടുപ്പിലും ശബരിമല മുഖ്യ വിഷയമാക്കിയാണ് ബിജെപിയുടെ പ്രചാരണം പുരോഗമിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP