Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202028Wednesday

സംഘടനാ ദൗർബല്യം പരിഹരിച്ചില്ലെങ്കിൽ രമ്യയുടെ നേരിയ മുൻതൂക്കം അട്ടിമറിക്കപ്പെടാം; രാജേഷിന്റെ വിജയ സാധ്യതയെ തൊടാൻ ബിജെപിയുടെ ഉയർന്ന വോട്ടുവിഹിതത്തിനും സാധിക്കില്ല; തൃശൂരിൽ ഏത് നിമിഷവും മാറി മറിയാവുന്ന നേരിയ മുൻതൂക്കം മാത്രം; പൊന്നാനിയിൽ അൻവറിന്റെ സ്ഥാനാർത്ഥിത്വം ഇ ടിക്ക് വിജയം ഉറപ്പാക്കി; ഭൂരിപക്ഷത്തിൽ രാഹുലിനെ കടത്തിവെട്ടുമോ എന്നുനോക്കി കുഞ്ഞാലിക്കുട്ടി

സംഘടനാ ദൗർബല്യം പരിഹരിച്ചില്ലെങ്കിൽ രമ്യയുടെ നേരിയ മുൻതൂക്കം അട്ടിമറിക്കപ്പെടാം; രാജേഷിന്റെ വിജയ സാധ്യതയെ തൊടാൻ ബിജെപിയുടെ ഉയർന്ന വോട്ടുവിഹിതത്തിനും സാധിക്കില്ല; തൃശൂരിൽ ഏത് നിമിഷവും മാറി മറിയാവുന്ന നേരിയ മുൻതൂക്കം മാത്രം; പൊന്നാനിയിൽ അൻവറിന്റെ സ്ഥാനാർത്ഥിത്വം ഇ ടിക്ക് വിജയം ഉറപ്പാക്കി; ഭൂരിപക്ഷത്തിൽ രാഹുലിനെ കടത്തിവെട്ടുമോ എന്നുനോക്കി കുഞ്ഞാലിക്കുട്ടി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഉത്തരമലബാറിലെ അഞ്ച് മണ്ഡലങ്ങളിലെ ട്രെൻഡ് മറുനാടൻ സർവേയിൽ ഇന്നലെ പുറത്തവന്നപ്പോൾ തെളിഞ്ഞത് രാഹുൽ ഇഫക്ട് തന്നെ ആയിരുന്നു. സമാന രീതിയിലാണ് മലപ്പുറം, പൊന്നാനി, പാലക്കാട്, ആലത്തൂർ, തൃശൂർ മണ്ഡലങ്ങളിലും സ്ഥിതി മുന്നേറുന്നതെന്ന് മറുനാടൻ ടീം നടത്തിയ സർവേയിൽ വ്യക്തമാകുന്നു.

മലപ്പുറത്തും പൊന്നാനിയിലും ലീഗിന് വലിയ മേൽക്കൈ നേടാനാവുമെന്നാണ് വോട്ടർമാരുടെ പക്ഷം. അതേസമയം, സിപിഎമ്മിന്റെ ഉറച്ചകോട്ടകളായ പാലക്കാടും ആലത്തൂരും ഇടതു ട്രെൻഡ് തന്നെയാണെങ്കിലും ആലത്തൂരിൽ നേരിയ മുൻതൂക്കം കോൺഗ്രസ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനുണ്ട്. സമാന സ്ഥിതിയിൽ കട്ടയ്ക്കു കട്ടയ്ക്കാണ് തൃശൂരിലും പോരാട്ടം കൊഴുക്കുന്നത്. സുരേഷ് ഗോപികൂടെ മത്സരത്തിന് എത്തിയതോടെ മൂന്നു മുന്നണികളും തീപാറുന്ന പ്രചരണങ്ങളിലാണ്.

ആലത്തൂരിൽ രമ്യയുടെ മുൻതൂക്കം അട്ടിമറിക്കപ്പെടാം

ഇക്കുറി കേരളത്തിൽ എല്ലാവരും ഉറ്റുനോക്കുന്നൊരു മണ്ഡലമാണ് ആലത്തൂർ. ഇവിടെ രാഹുൽ ബ്രിഗേഡ് അംഗമായ രമ്യ ഹരിദാസിനെ കോഴിക്കോടു നിന്ന് എത്തിച്ച് സീറ്റു നൽകുകയായിരുന്നു കോൺഗ്രസ്. മികച്ച കലാകാരിയും തദ്ദേശ സ്ഥാപനത്തിലെ രാഷ്ട്രീയ പരിചയവും ഉള്ള രമ്യ വളരെ പെട്ടെന്നുതന്നെ ഇടതുകോട്ടയായ ആലത്തൂരിൽ പികെ ബിജുവിന് ശക്തയായ എതിരാളി ആയി മാറുകയായിരുന്നു. ഇവിടെ ബിജെപിക്ക് ശക്തമായ സാന്നിധ്യം അറിയിക്കാൻ കഴിയാത്തതിനാൽ എൽഡിഎഫ്-യുഡിഎഫ് പോര് നേർക്കുനേരെയാണ്. മണ്ഡലം രൂപീകരിച്ചതിന് പിന്നാലെ എല്ലാ തിരഞ്ഞെടുപ്പിലും ഇടതിനൊപ്പം നിൽക്കുകയാണ് ആലത്തൂർ. അത് ഇക്കുറി അട്ടിമറിക്കപ്പെടുമോ എന്ന ചോദ്യമാണ് ഉയർന്നത്.

രമ്യ ബിജുവിന് കാര്യമായ ഭീഷണിയല്ലെന്നായിരുന്നു തുടക്കത്തിൽ സിപിഎം വിശ്വസിച്ചിരുന്നത്. എന്നാൽ രമ്യ മണ്ഡലത്തിൽ ഓടിനടന്ന് പ്രചരണം നടത്തുകയും പാട്ടുപാടിയും മറ്റും ജനങ്ങളെ കയ്യിലെടുക്കുകയും ചെയ്തതോടെ സ്ഥിതി മാറി. ഇതോടെ രമ്യയെ താഴ്‌ത്തിക്കെട്ടാൻ ചില ഇടതുകോണുകളിൽ നിന്ന് ശ്രമങ്ങൾ വന്നു. പക്ഷേ, ഉർവശീശാപം ഉപകാരമായതുപോലെ ഇവയെല്ലാം രമ്യയെ ജനമനസ്സുകളിലേക്ക് കൂടുതൽ അടുപ്പിക്കുകയാണ് ചെയ്തതെന്ന് മറുനാടൻ ടീം വിലയിരുത്തുന്നു. ജനഹിതമറിയുമ്പോൾ പലരും ഒരു വനിതാ സ്ഥാനാർത്ഥി എന്ന പരിഗണന കൂടെ നൽകുന്നുണ്ട് എന്നതാണ് ബിജുവിനെതിരെ ശക്തമായി പോരാടിനോക്കാൻ രമ്യയ്ക്ക് ഇടം നൽകുന്നത്. അതോടൊപ്പം ഇക്കുറി മണ്ഡലത്തിൽ സീറ്റിനെ ചൊല്ലി കോൺഗ്രസിൽ തർക്കങ്ങളൊന്നും ഉയരാത്തതും രമ്യക്ക് ഗുണം ചെയ്തു. ചിറ്റൂരിലെ മുൻ എംഎൽഎ കെ അച്യുതന്റെ നേതൃത്വത്തിലുൾപ്പെടെ വലിയ സംഘം രമ്യയ്ക്ക് വേണ്ടി രംഗത്തുണ്ട്. മറുവശത്ത് സിപിഎം കോട്ടകളായ അസംബ്‌ളി മണ്ഡലങ്ങളിൽ അനിൽ അക്കര എംഎൽഎയുടെ നേതൃത്വത്തിലാണ് കോൺഗ്രസ് ഇറങ്ങുന്നത്. എന്നാൽ പ്രചരണം കൂടുതൽ ശക്തമാക്കിയില്ലെങ്കിൽ ബിജുവിന് വേണ്ടി ശക്തമായ കേഡൽ പ്രചരണം നടക്കുന്ന മണ്ഡലത്തിൽ കാര്യങ്ങൾ മാറിമറിയാം. ഇപ്പോഴത്തെ നേരിയ മുൻതൂക്കം നഷ്ടമാകുകയും ചെയ്യും.

മറുനാടൻ മലയാളി നടത്തിയ ഒന്നാംഘട്ട സർവേയിൽ സിപിഎം ആലത്തൂർ നിലനിർത്തുമെന്ന സൂചകങ്ങളാണ് പറുത്തുവന്നത്. യുഡിഎഫിനേക്കാൾ അഞ്ച് ശതമാനം വോട്ട് എൽഡിഎഫിന് കിട്ടുമെന്നായിരുന്നു ഒന്നാംഘട്ട സർവേയുടെ പ്രവചനം. എന്നാൽ ഇപ്പോൾ എൽഡിഎഫിന്റെ 45 ശതമാനം വോട്ട്, മൂന്നു ശതമാനം കുറഞ്ഞ് 42 ശതമാനത്തിൽ എത്തിയിരിക്കയാണ്. എൻഡിഎയും തങ്ങളുടെ വോട്ട് നിലനിർത്തുന്നുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നോട്ട 21,417 വോട്ടുകൾ നേടി എന്ന പ്രത്യേകതയും ഇവിടെ ഉണ്ടായിരുന്നു. സംസ്ഥാനത്ത് ഏറ്റവുമധികം നിഷേധ വോട്ടുകൾ ഇവിടെയായിരുന്നു. ഈ 21,417 വോട്ടുകളിൽ അതിൽ 10,606 വോട്ടും ചിറ്റൂർ നിയമസഭാ മണ്ഡലത്തിലായിരുന്നു. കുടിവെള്ളക്ഷാമത്തെ തുടർന്നുണ്ടായ കർഷകരോഷമാണ് ഇതിനു പിറകിലെന്ന് പറയുന്നുണ്ട്. ഇപ്പോൾ ഈ പ്രശ്‌നം പരിഹരിച്ചതിനാൽ ആ വോട്ടുകൾ തങ്ങൾക്ക് കിട്ടുമെന്നാണ് എൽഡിഎഫ് പറയുന്നത്.

പഴയ ഒറ്റപ്പാലം ലോക്‌സഭ മണ്ഡലം പുനർനിർണയിച്ച് രൂപീകരിച്ച ആലത്തുർ മണ്ഡലം 2009 ൽ ആണ് നിലവിൽ വന്നത്. അന്നുമുതൽ അത് തുണച്ചതും എൽഡിഎഫിനെയാണ്. 2009 ൽ എസ്എഫ്‌ഐ നേതാവായിരിക്കെ ആണ് ബിജു പാർലമെന്റ് തിരഞ്ഞെടുപ്പ് രംഗത്തെത്തുന്നത്. 2009 ൽ ഇടതുവിരുദ്ധ തരംഗത്തെ അതിജീവിച്ചത് 20,960 വോട്ടുകൾക്കായിരുന്നു ബിജുവിന്റെ വിജയം. 2014 ൽ ബിജു ഭൂരിപക്ഷം 37,312 വോട്ടുകളാക്കി ഉയർത്തിയിരുന്ന മണ്ഡലമാണ്. എന്നാൽ മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളിൽ കാര്യമായ ഇടപെടൽ ബിജു നടത്തിയില്ലെന്നതാണ് കോൺഗ്രസ് ഉയർത്തിക്കാട്ടുന്ന പ്രധാന ആരോപണം.

ഉറച്ച കോട്ടയായ പാലക്കാട് രാജേഷിന് ഗുണം വ്യക്തിബന്ധങ്ങൾ

പാലക്കാട് തുടർച്ചയായി മൂന്നാം ജയംതേടി ഇറങ്ങുന്ന രാജേഷിന് ഒപ്പമാണ് ജനമെന്ന് സർവേയിൽ വ്യക്തമാകുന്നു. വലിയ മാർജിനിലാണ് കോൺഗ്രസിന്റെ വികെ ശ്രീകണ്ഠന് എതിരെ രാജേഷ് നിലവിലെ സാഹചര്യത്തിൽ മുന്നിട്ടുനിൽക്കുന്നത്. കഴിഞ്ഞതവണ ഒരുലക്ഷത്തോളമാക്കി ഭൂരിപക്ഷം ഉയർത്തിയ രാജേഷ് ഇക്കുറിയും സമാന രീതിയിൽ തന്നെ വിജയിക്കുമോ എന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. അതേസമയം, ബിജെപി സ്ഥാനാർത്ഥി സി കൃഷണകുമാറാണ്. പ്രാദേശികമായി വലിയ സ്വാധീനമുള്ള നേതാവ് എന്ന നിലയിലാണ് കൃഷ്ണകുമാറിനെ പാർട്ടി ഇവിടെ നിയോഗിച്ചത്. ബിജെപി സ്ഥാനാർത്ഥിക്കും കാര്യമായ പിന്തുണ ചില മേഖലകളിൽ നിന്ന് ലഭിച്ചേക്കുമെന്ന സൂചനകളാണ് സർവേ ടീം നൽകുന്നത്. രാജേഷിന് തുണയാകുന്നത് തുടർച്ചയായി എംപിയായതിലൂടെ മണ്ഡലത്തിൽ ഉറപ്പാക്കാനായ വ്യക്തിബന്ധങ്ങളും സ്വീകാര്യതയും തന്നെയാണ്.

പ്രാദേശികമായി എതിർപ്പുകൾ കാര്യമായി ഇല്ലെങ്കിലും വികെ ശ്രീകണ്ഠന് പാലക്കാട് മണ്ഡലത്തിൽ കാര്യമായ ചലനം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. അതേസമയം, മുൻതിരഞ്ഞെടുപ്പിൽ നേടിയ വൻ ഭൂരിപക്ഷം നേടുന്നതിൽ നിന്ന് രാജേഷിനെ തടയാൻ ശ്രീകണ്ഠന് കഴിഞ്ഞേക്കുമെന്നാണ് സൂചനകൾ. 96 മുതൽ തുടർച്ചയായി സിപിഎം ജയിച്ചുവരുന്ന മണ്ഡലമാണ് പാലക്കാട്. എൻഎൻ കൃഷ്ണദാസിനായിരുന്ന മണ്ഡലം പിന്നീട് അദ്ദേഹം വി എസ് പക്ഷക്കാരനായതോടെ അനഭിമതനാകുകയും രാജേഷിലേക്ക് എത്തുകയുമായിരുന്നു.

കഴിഞ്ഞതവണ എംപി വീരേന്ദ്രകുമാറിനെ നേരിട്ട രാജേഷ് ഭൂരിപക്ഷം ഒരുലക്ഷത്തിന് മുകളിലേക്ക് ഉയർത്തി. കഴിഞ്ഞ തവണ എം ബി രാജേഷിന്റെ എതിരാളിയായി മൽസരിച്ച എം പി വീരേന്ദ്രകുമാർ ഇപ്പോൾ എൽഡിഎഫിന് ഒപ്പമാണ്. ഇതും മുന്നണിക്ക് കരുത്തായിട്ടുണ്ട്. പാലക്കാട് ജില്ലയിലെ പട്ടാമ്പി, ഷൊർണൂർ, ഒറ്റപ്പാലം, കോങ്ങാട്, മണ്ണാർക്കാട്, മലമ്പുഴ, പാലക്കാട് എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ് പാലക്കാട് ലോകസഭാ നിയോജകമണ്ഡലം.

ഇതിൽ മണ്ണാർക്കാടും, പാലക്കാടും ഒഴികെയുള്ള അഞ്ച് നിയമസഭാമണ്ഡലങ്ങളും നിലവിൽ എൽഡിഎഫിന് ഒപ്പമാണ്. വി എസ് അച്യുതാനന്ദന്റെ മണ്ഡലമായ മലമ്പുഴ, കോങ്ങാട്, ഒറ്റപ്പാലം, ഷൊർണ്ണുർ എന്നിവടങ്ങളിലെ വൻ ലീഡാണ് പൊതുവെ എൽഡിഎഫിനെ തുണക്കാറുള്ളത്. അതേസമയം, പാലക്കാട് നഗരത്തിൽ ബിജെപി സ്ഥാനാർത്ഥി കൂടുതൽ വോട്ടുനേടുകയും ചെയ്യും. എന്നാൽ പട്ടാമ്പി, പാലക്കാട് മേഖലകളിലാണ് ശ്രീകണ്ഠന് കൂടുതൽ വോട്ടുകൾ വീഴാൻ സാധ്യത.

മുൻ തെരഞ്ഞെടുപ്പിലെ ലക്ഷത്തിലേറെ വന്ന വൻ ഭൂരിപക്ഷം ആവർത്തിക്കാൻ കഴിയില്ലെങ്കിലും ഇവിടെ നിലവിൽ 7 ശതമാനം വോട്ടുകൾക്ക് എൽഡിഎഫ് സ്ഥാനാർത്ഥിയും സിറ്റിങ്ങ് എംപിയുമായ എംബി രാജേഷ് മുന്നിലാണ്. ഇടതുമുന്നണിക്ക് 43 ശതമാനം വോട്ടും ഐക്യമുന്നണിക്ക് 36 ശതമാനം വോട്ടും കിട്ടുമ്പോൾ എൻഡിഎക്ക് 18 ശതമാനം വോട്ട് ലഭിക്കുന്നു സർവേയിൽ. മറുനാടൻ മലയാളി നടത്തിയ ഒന്നാംഘട്ട സർവേയിലും ഇവിടെ എൽഡിഎഫിനായിരുന്നു ഭൂരിപക്ഷം. അന്ന് 44 ശതമാനം വോട്ട് കിട്ടിയ എൽഡിഎഫിന് ഇപ്പോൾ ഒരു ശതമാനം കുറഞ്ഞ് 43ൽ എത്തിയെന്ന് മാത്രം. നേരത്തെ 37 ശതമാനം ഉണ്ടായിരുന്നു യുഡിഎഫ് വോട്ട് 35ആയി താഴ്്ന്നപ്പോൾ, 15ൽനിന്ന് 18 ശതമാനമായി എൻഡിഎ വോട്ടുകൾ ഉയരുകയാണ്. ഇതാണ് ശ്രീകണ്ഠന് വിനയാകുന്നതും.

തൃശൂരും ഫോട്ടോഫിനിഷിലേക്കെങ്കിലും സുരേഷ് ഗോപി ഫാക്ടർ നിർണായകം

തൃശൂർ മണ്ഡലത്തിൽ നിലവിൽ ഒരു ശതമാനം മാത്രം വോട്ടിന് യുഡിഎഫ് ്ഥാനാർത്ഥി ടി എൻ പ്രതാപൻ മുന്നിട്ടുനിൽക്കുന്ന സാഹചര്യമാണ് ഉള്ളത്. എന്നാൽ അവസാന നിമിഷം ഇവിടെ സ്ഥാനാർത്ഥിയായി എത്തിയ സുരേഷ് ഗോപിയുടെ സ്റ്റാർ വാല്യു എത്രത്തോളം ബിജെപിക്ക് ഗുണംചെയ്യുമെന്നത് വിലയിരുത്താനായിട്ടില്ല. നിലവിൽ 18 ശതമാനം പേരുടെ പിന്തുണയാണ് എൻഡിഎയ്ക്ക് ഉള്ളതെങ്കിലും വരും ദിനങ്ങളിൽ പ്രചരണം കൊഴുക്കുന്നതോടെ സുരേഷ് ഗോപിക്ക് കൂടുതൽ വോട്ടു ലഭിച്ചേക്കാം. അങ്ങനെയെങ്കിൽ അത് ബാധിക്കുക കൂടുതലായും കോൺഗ്രസിനെ ആയിരിക്കും.

എന്നാൽ തൃശൂരുകാരനായ സ്ഥാനാർത്ഥിയെ കിട്ടിയ ആവേശത്തിലാണ് ജില്ലയിലെ കോൺഗ്രസ് പ്രവർത്തകർ. മുമ്പെല്ലാം പിസി ചാക്കോയും ധനപാലനുമെല്ലാം ഇറക്കുമതി സ്ഥാനാർത്ഥികളായി എത്തിയ മണ്ഡലത്തിൽ ഇക്കുറി ഉന്നയിച്ച പ്രധാന ആവശ്യമായിരുന്നു ജില്ലയിലെ നേതാക്കൾക്ക് തന്നെ അവസരം നൽകണമെന്നത്. ഇതോടെ തീരദേശമേഖലയിൽ നല്ല സ്വാധീനമുള്ള ടിഎൻ പ്രതാപന് തന്നെ സീറ്റ് നൽകി. അതേസമയം, സിപിഐയുടെ സിറ്റിങ് സീറ്റിൽ നിലവിലെ എംപി സിഎൻ ജയദേവനെ മാറ്റി കുറച്ചുകൂടെ ജനകീയനായ രാജാജി മാത്യു തോമസിന് സീറ്റ് നൽകുകയാണ് സിപിഐ ചെയ്തത്. കൂടുതൽ ജനകീയൻ എന്നതിലുപരി നിരവധി ക്രിസ്ത്യൻ വോട്ടുകളുമുള്ള മണ്ഡലത്തിൽ രാജാജിയെ തന്നെ നിർത്തുന്നത് ആ ലക്ഷ്യത്തിൽ കൂടിയാണ്. ഇതാണ് ഇടതിന് ഗുണമാകുന്നതും. ഈ ഫാക്ടർ എത്രത്തോളം ഗുണകരമാകുമെന്നതും മറുവശത്ത് സുരേഷ് ഗോപി എത്രത്തോളം വോട്ടു പിടിക്കുമെന്നതും ആയിരിക്കും ഇക്കുറി മണ്ഡലത്തിൽ നിർണായകമാകുക.

യുഡിഎഫിന് 41 ശതമാനം വോട്ടുകൾ കിട്ടുമ്പോൾ, 40 ശതമാനം വോട്ടുമായി ഇടതുമുന്നണിയിലെ രാജാജി മാത്യൂ തോമസ് തൊട്ടുപിറകിലുണ്ട്. എൻഡിഎ സ്ഥാനാഥിയായി വന്ന സുരേഷ് ഗോപിയും 18 ശതമാനം വോട്ടുകൾ നേടി ശക്തമായ മൽസരം കാഴ്ചവയ്ക്കുന്നു്. മറുനാടൻ മലയാളിയുടെ ഒന്നാംഘട്ട സർവേയിൽ തൃശൂരിൽ എൽഡിഎഫ് ആയിരുന്നു മുന്നിലെത്തിയിരുന്നത്. എൽഡിഎഫ് 42, യുഡിഎഫ് 40, എൻഡിഎ 13 എന്നിങ്ങനെയായിരുന്നു അന്ന് വോട്ടുവിഹിതം. സുരേഷ് ഗോപിയെ സ്ഥാനാർത്ഥി ആക്കിയതോടെ എൽഡിഎയുടെ വോട്ടുവിഹിതം ഉയരുകയും ചെയ്തു. എന്നാൽ രാഹുൽ ഗാന്ധി സ്ഥാനാർത്ഥിയായതോടെ ക്രിസ്ത്യൻ വോട്ടുകൾ യുഡിഎഫിന് അനുകൂലമാകുമെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ.

കഴിഞ്ഞതവണ സിഎൻ ജയദേവൻ ഇവിടെ മുപ്പത്തി എട്ടായിരത്തിൽപ്പരം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. പക്ഷേ അന്ന് കെ പി ധനപാലനും പി സി ചാക്കോയും പരസ്പരം സീറ്റ് വെച്ചുമാറിയതടക്കമുള്ള ഒരു പാട് പ്രശ്‌നങ്ങൾ യുഡിഎഫിൽ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ മുന്നണിയിൽ പടലപ്പിണക്കങ്ങൾ ഇല്ലാത്തത് ഗുണംചെയ്യുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. ഇരുമുന്നണികളെയും മാറി മാറി തുണക്കുന്നതാണ് മണ്ഡലത്തിന്റെ രാഷ്ട്രീയ ചിത്രം. 99ൽ യുഡിഎഫിനൊപ്പമായിരുന്നു മണ്ഡലം 2004ൽ എൽഡിഫിനൊപ്പമായി. 2009ൽ വീണ്ടും യുഡിഎഫ് ജയിച്ചപ്പോൾ 2014 മണ്ഡലം വീണ്ടും ഇടതുമുന്നണി തിരിച്ചുപിടിച്ചു. ഈ ചാഞ്ചാടുന്ന സ്വഭാവം തങ്ങൾക്ക് ഗുണം ചെയ്യുമെന്നാണ് യുഡിഎഫ് കരുതുന്നത്.

പൊന്നാനിയിലും മലപ്പുറത്തും ലീഗ് നോക്കുന്നത് ഭൂരിപക്ഷം കൂട്ടാൻ മാത്രം

ഉറച്ച ലീഗ് കോട്ടകളായ മലപ്പുറവും പൊന്നാനിയും ലീഗിനൊപ്പംതന്നെയെന്നും ഒരിളക്കവും സൃഷ്ടിക്കാൻ ഇടതുപക്ഷത്തിന് ഇക്കുറിയും കഴിയില്ലെന്നും വ്യക്തമാകുകയാണ് സർവേയിൽ. പൊന്നാനിയിൽ അൻവറിനെ സ്ഥാനാർത്ഥിയാക്കിയത് സിപിഎം ചെയത വലിയൊരു അബദ്ധമായാണ് ഇപ്പോൾ വിലയിരുത്തപ്പെടുന്നത്. മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിക്ക് ഇളക്കമുണ്ടാക്കാൻ കഴിയില്ലെങ്കിലും പൊന്നാനിയിൽ ശക്തമായ മത്സരം കാഴ്ചവയ്ക്കാൻ സിപിഎമ്മിന് വലിയ സാധ്യതയുണ്ടായിരുന്നു.

എന്നാൽ അൻവറിനെ സ്ഥാനാർത്ഥി ആക്കിയതോടെ ഈ അവസരം കളഞ്ഞുകുളിച്ചു പാർട്ടിയെന്നാണ് പ്രവർത്തകർക്കിടയിൽ തന്നെയുള്ള അഭിപ്രായം. ഇതോടെ ഇപ്പോൾ ലീഗ് സ്ഥാനാർത്ഥികളുടെ മത്സരം ഭൂരിപക്ഷം എത്രത്തോളം ഉയർത്താം എന്നതിലേക്കായി. വയനാട് രാഹുൽ നേടുമെന്ന് പറയുന്ന ലക്ഷങ്ങളുടെ ഭൂരിപക്ഷത്തിനും മേലെ മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിക്ക് ഭൂരിപക്ഷം ഉണ്ടാകുമെന്ന് ലീഗ് പ്രവർത്തകരും വിലയിരുത്തുന്നു.

മുന്നണികൾ തമ്മിലുള്ള വോട്ടുവ്യത്യാസം 15 ശതമാനമാണെന്നത് ഇവിടെ യുഡിഎഫ് സ്ഥാനാർത്ഥി കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം കൂടുമെന്നതിന്റെ സൂചനയാണ് നൽകുന്നത്. യുഡിഎഫ് 49 ശതമാനം വോട്ടുകൾ നേടുമ്പോൾ എൽഡിഎഫ് 34 ശതമാനത്തിൽ ഒതുങ്ങുകയാണ്. മറുനാടൻ മലയാളിയുടെ ഒന്നാംഘട്ട സർവേയിൽ യുഡിഎഫിന് 52 ശതമാനം വോട്ടാണ് കിട്ടിയത്. രണ്ടാംഘട്ടത്തിൽ അത് മൂന്നു ശതമാനം കുറയുകയാണ് ഉണ്ടായത്.

പക്ഷേ എൽഡിഎഫ് വോട്ടുകളും 35ൽ നിന്ന് ഒരു ശതമാനം കുറഞ്ഞിരിക്കുകയാണ്. എൻഡിഎയും എസ്ഡിപിഐയും ഇവിടെ വോട്ടുയർത്തുന്ന കാഴ്ചയും മറുനാടന്റെ ഒന്നും രണ്ടും സർവേകൾ താരതമ്യപ്പെടുത്തുമ്പോൾ കാണാം. എൻഡിഎ ആറിൽ നിന്ന് ഒമ്പത് ശതമാനത്തിൽ എത്തുമ്പോൾ, എസ്ഡിഐപി അടക്കമുള്ള മറ്റുള്ളവർ ആറിൽ നിന്ന് എട്ടിലേക്ക് എത്തുകയാണ്. ഇ അഹമ്മദിന്റെ നിര്യാണത്തോടെ മണ്ഡലം ഏറ്റെടുത്ത കുഞ്ഞാലിക്കുട്ടിക്കെതിരെ സിപിഎം മുത്തലാക്ക് വിഷയവും മറ്റും ഉന്നയിച്ച് പ്രചാരണം നടത്തുന്നുണ്ടെങ്കിലും അതൊന്നും ഏശുന്നില്ലെന്ന് വ്യക്തം. രാഹുൽ ഫാക്ടർ കൂടെ പ്രവർത്തിച്ചാൽ കൂടുതൽ വോട്ടുകൾ യുഡിഎഫിന് ലഭിച്ചേക്കും.

നിയമസഭാ തെരഞ്ഞെടുപ്പിൽ ഏഴ് മണ്ഡലങ്ങളിലും യുഡിഎഫിനായിരുന്നു വിജയം. മങ്കട, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ നേരിയ ഭൂരിപക്ഷത്തിനായിരുന്നു യുഡിഎഫിന്റെ വിജയം. മങ്കടയിൽ 1,508 വോട്ടുകൾക്കും പെരിന്തൽമണ്ണയിൽ വെറും 579 വോട്ടുകൾക്കുമായിരുന്നു വലതുപക്ഷം വിജയിച്ചത്. ഈ മണ്ഡലങ്ങളിൽ തന്നെയാണ് എൽഡിഎഫിന് ഇപ്പോഴും പ്രതീക്ഷയുള്ളത്. മാത്രമല്ല 2004ലെ തിരഞ്ഞെടുപ്പിൽ ഒരുലക്ഷത്തി തൊണ്ണൂറായിരത്തിൽ അധികമുണ്ടായിരുന്നു മുസ്ലിം ലീഗിന്റെ ലീഡ്. ഉപതെരഞ്ഞെടുപ്പിൽ, ഇരുപതിനായിരത്തോളം വോട്ടുകൾ കുറഞ്ഞതും എൽഡിഎഫ് നേട്ടമായി വിലയിരുത്തുന്നു. സ്ഥാനാർത്ഥി എസ്എഫ്‌ഐ നേതാവ് സാനുവിന്റെ ശക്തമായ പ്രചാരണം യുവാക്കളെ സ്വാധീനിക്കുമെന്നാണ് എൽഡിഎഫ് നേതാക്കൾ പറയുന്നത്. പക്ഷേ രാഷ്ട്രീയ സാഹചര്യങ്ങൾ അനുകൂലമായതുകൊണ്ട് കുഞ്ഞാലിക്കുട്ടി റെക്കോർഡ് ഭൂരിപക്ഷം നേടുമെന്നാണ് യുഡിഎഫ് നേതാക്കൾ കരുതുന്നത്.

മറുവശത്ത് പൊന്നാനിയിലും സ്ഥിതി വ്യത്യസ്തമല്ല. പക്ഷേ, കുഞ്ഞാലിക്കുട്ടിക്ക് ഉള്ളതു പോലെ പിന്തുണ ഇ ടിക്ക് ഇവിടെ ലഭിക്കുന്നില്ല. ഇത്തവണ പൊന്നാനി കൂടെപ്പോരുമെന്ന് നേരത്തെ ഇവിടെ സിപിഎം ആണയിട്ടിരുന്നു. എന്നാൽ മറുനാടൻ സർവേയിൽ തെളിയുന്നത് മറ്റൊരു ചിത്രമാണ് 9 ശതമാനം വോട്ടിന്റെ മുൻതൂക്കമുണ്ട് ഇ ടിക്ക്. മറുനാടൻ മലയാളി നടത്തിയ ഒന്നാംഘട്ട സർവേയിൽ 41 ശതമാനം വോട്ടുകളാണ് എൽഡിഎഫിന് ഉണ്ടായിരുന്നെങ്കിൽ രണ്ടാംഘട്ട സർവേയിൽ അത് കുത്തനെ കുറഞ്ഞ് 35 ശതമാനത്തിൽ എത്തി നിൽക്കുകയാണ്.

നിരവധി വിവാദങ്ങൾ വേട്ടയാടുന്ന പിവി അൻവറിന്റെ സ്ഥാനാർത്ഥിത്വം ഇടതുമുന്നണിക്ക് ദോഷം ചെയ്തുവെന്ന് തന്നെയാണ് ഈ വോട്ടുനില വ്യക്തമാക്കുന്നത്. 46 ശതമാനമുള്ള ഐക്യമുന്നണിയുടെ വോട്ട് 44 ആയി കുറയമ്പോൾ, എൻഡിഎ ഏഴിൽ ൽനിന്ന് 12 ശതമാനമായും, എസ്ഡിപിഐ അടക്കമുള്ള മറ്റുള്ളവരുടെ വോട്ട് വിഹിതം ആറിൽ നിന്ന് ഒമ്പത് ആയും ഉയരുന്നുണ്ട്. കഴിഞ്ഞ തവണ വെറും 25000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മുസ്ലീലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീർ ഇവിടെ ജയിച്ചുകയറിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇവിടെ ഇടതുമുന്നണി വലിയ പ്രതീക്ഷയിൽ ആയിരുന്നു. കാന്തപുരം അടക്കമുള്ള മറ്റ് മുസ്ലിം സാമുദായിക സംഘടനകളുടെയും മറ്റും പിന്തുണയോടെ മണ്ഡലം പിടിക്കാമെന്നായിരുന്നു എൽഡിഎഫിന്റെ കണക്കുകൂട്ടൽ.

ബനാത്ത്വാല അടക്കമുള്ള പ്രമുഖരെ പാർലിമെന്റിൽ എത്തിച്ച പൊന്നാനി, ഒരുകാലത്തും മുസ്ലീ ലീഗിനെ കൈവിടാത്ത മണ്ഡലമാണ്. 2004ൽ കോൺഗ്രസ് കേരളത്തിൽ നിന്നും ഒറ്റ എം പിയെയും ജയിപ്പിക്കാനാവാതെ പരാജയം ഏറ്റുവാങ്ങിയപ്പോൾ പൊന്നാനി മണ്ഡലത്തിൽ വിജയിച്ച് ലീഗ് മാനം കാക്കുകയായിരുന്നു. ലീഗിന്റെ ഉരുക്കുകോട്ടയായ മഞ്ചേരി തകർന്നപ്പോഴും പൊന്നാനി ലീഗിനൊപ്പം തന്നെ ഉറച്ചു നിന്നു. മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി, താനൂർ, തിരൂർ, കോട്ടക്കൽ, തവനൂർ, പൊന്നാനി, പാലക്കാട് ജില്ലയിലെ തൃത്താല എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ് പൊന്നാനി മണ്ഡലം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP