Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202004Friday

ആലത്തൂരിൽ ചങ്കിടിച്ച് ഇടതുപക്ഷം; തൃശൂരിൽ അവസാന ഘട്ടത്തിൽ എന്തും സംഭവിക്കാം; മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം ലക്ഷം കടക്കും; പാലക്കാട്ട് തുണയാവുന്നത് എം ബി രാജേഷിന്റെ വ്യക്തിപ്രഭാവം; രാഹുൽ ഗാന്ധി വന്നതിന്റെ ഉണർവ് കോൺഗ്രസിനേക്കാൾ കൂടുതൽ മുസ്ലിം ലീഗിന്; മുത്തലാക്ക് ചീറ്റിയപ്പോൾ 'ഐസ്‌ക്രീം' പൊടിതട്ടിയെടുത്ത് സിപിഎം; രാഹുലിന് വോട്ട് തേടി പിവി അൻവർ പടിച്ചത് പുലിവാൽ; മറുനാടൻ ഫീൽഡ് സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ

ആലത്തൂരിൽ ചങ്കിടിച്ച് ഇടതുപക്ഷം; തൃശൂരിൽ അവസാന ഘട്ടത്തിൽ എന്തും സംഭവിക്കാം; മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം ലക്ഷം കടക്കും; പാലക്കാട്ട് തുണയാവുന്നത് എം ബി രാജേഷിന്റെ വ്യക്തിപ്രഭാവം; രാഹുൽ ഗാന്ധി വന്നതിന്റെ ഉണർവ് കോൺഗ്രസിനേക്കാൾ കൂടുതൽ മുസ്ലിം ലീഗിന്; മുത്തലാക്ക് ചീറ്റിയപ്പോൾ 'ഐസ്‌ക്രീം' പൊടിതട്ടിയെടുത്ത് സിപിഎം; രാഹുലിന് വോട്ട് തേടി പിവി അൻവർ പടിച്ചത് പുലിവാൽ; മറുനാടൻ ഫീൽഡ് സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ

 ടീം മറുനാടൻ

തിരുവനന്തപുരം: മറുനാടൻ മലയാളി നടത്തിയ ഒന്നാംഘട്ട തെരഞ്ഞെുടുപ്പ് സർവേയിൽ പാലക്കാടും ആലത്തൂരും തൃശൂരും എൽഡിഎഫിനൊപ്പവും പൊന്നാനിയും മലപ്പുറവും യുഡിഎഫിന് ഒപ്പവുമായിരുന്നു. എന്നാൽ രണ്ടാംഘട്ട സർവേയിൽ എത്തിയപ്പോൾ അത് നേരെ തിരിയുകയാണ്. യുഡിഎഫ് -4, എൽഡിഎഫ്- 1 എന്ന നിലയിലേക്കാണ് കാര്യങ്ങൾ ഈ മണ്ഡലങ്ങളിൽ മാറുന്നത്. മറുനാടൻ ഫീൽഡ്് സർവേയിൽനിന്നെടുത്ത കാര്യങ്ങളുടെ അടിസ്ഥാനത്തിൽ പൊതുരാഷ്ട്രീയ പ്രശ്നങ്ങൾക്കൊപ്പം, മറ്റു ചില പ്രശ്നങ്ങളും വോട്ടർമാരെ സ്വാധീനിച്ചതായി ജനങ്ങളുടെ പ്രതികരണത്തിൽനിന്ന് വ്യക്തമായിട്ടുണ്ട്. മലപ്പുറം, പൊന്നാനി, പാലക്കാട്, ആലത്തൂർ,തൃശൂർ എന്നിവിടങ്ങളിലെ മറുനാടൻ ഫീൽഡ് സർവേയിലെ കണ്ടത്തലുകൾ ഇങ്ങനെയാണ്.

മുത്തലാക്ക് വിവാദം ചീറ്റി; 'ഐസ്‌ക്രീം' പൊടിതട്ടിയെടുത്ത് സിപിഎം

എക്കാലവും തങ്ങളുടെ ഉറച്ച കോട്ടയായ മലപ്പുറം ജില്ല, നേതാക്കൾക്ക് എതിരെ ഗുരുതരമായ ആരോപണങ്ങൾ ഉണ്ടായിരുന്ന കാലത്തൊഴികെ ഒരിക്കലും മുസ്ലീ ലീഗിനെ കൈവിട്ടിരുന്നില്ല. ശക്തമായ ഒരു വൈകാരിക പ്രശ്നം ഇല്ലാത്തിടത്തോളം കാലം മലപ്പുറത്ത് ഇടതുപക്ഷം പച്ച തൊടാറില്ല. ഇത്തവണ അതിനായി ഇടതുപക്ഷം തെരഞ്ഞെടുത്തത് മോദിയുടെ വർഗീയതയും, മുത്തലാക്ക് തുടങ്ങിയ വിഷയങ്ങളുമായിരുന്നു. ഉത്തരേന്ത്യയിലെ പശുക്കൊലകൾ വരെ മലപ്പുറത്ത് വലിയ പ്രചാരണായുധമായിരുന്നു. മുത്തലാക്ക് വിഷയത്തിൽ കുഞ്ഞാലിക്കുട്ടി ഒളിച്ചോടിയെന്നും മറ്റുമുള്ള ആരോപണങ്ങൾ ഉയർത്തി വിഷയം കത്തിക്കാനായിരുന്നു ഇടതുമുന്നണിയുടെ ആദ്യ ശ്രമം. എന്നാൽ അപ്രതീക്ഷിതമായി രാഹുൽ ഗാന്ധി വയനാട്ടിൽ സ്ഥാനാർത്ഥിയായയോടെ ഈ മോദി വിരുദ്ധതയുടെ ഗുണം മൊത്തമായി യുഡിഎഫിനും പി കെ കുഞ്ഞാലിക്കുട്ടിക്കും കിട്ടിയിരിക്കയാണ്. രാഹുൽ ഗാന്ധി വന്നതിന്റെ ഉണർവ് കോൺഗ്രസിനേക്കാൾ കൂടുതൽ ഉണ്ടായത് മുസ്ലിംലീഗിനാണ്.

ഇതോടെ ഐസ്‌ക്രീം കേസ് അടക്കമുള്ള പഴയ വിഷയങ്ങൾ കുത്തിപ്പൊക്കിയെടുക്കുകയാണ് സിപിഎം ചെയ്യുന്നതെന്ന് മറുനാടൻ ലേഖകർ ഫീൽഡ് സർവേയിൽ വ്യക്തമായി. എൽഡിഎഫ്് കൺവീനർ എ വിജയരാഘവൻ രമ്യാ ഹരിദാസിനെതിരെ നടത്തിയ പരാമർശത്തുടർന്നുണ്ടായ വിവാദം അവർ കുഞ്ഞാലിക്കുട്ടിക്ക് എതിരെ തിരിച്ചുവിടുകയാണ്. മലപ്പുറത്തെ പല കുടുംബയോഗങ്ങളിലും ഇപ്പോൾ കത്തിക്കയറുന്നത് ഐസ്‌ക്രീം കേസാണ്. പക്ഷേ ഇതെല്ലാം അടഞ്ഞ അധ്യായമാണെന്നും കുഞ്ഞാലിക്കുട്ടിക്ക് ഇത്തവണ റെക്കോർഡ് ഭൂരിപക്ഷം ലഭിക്കുമെന്നാണ് മുസ്ലിം ലീഗ് പ്രവർത്തകർ പറയുന്നത്.

രാഹുൽ ഗാന്ധിക്ക് വോട്ട് തേടി കുടുങ്ങി പി വി അൻവർ

്പൊന്നാനിയിൽ പി വി അൻവർ കാടിളക്കി പ്രചാരണം നടത്തുന്നുണ്ടെങ്കിലും ഒരു പാട് കേസുകളും മറ്റുമായി വിവാദ പുരുഷനായ ഇദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം ഫലത്തിൽ ഇടതുമുന്നണിക്ക് തിരിച്ചടിയാണ് ഉണ്ടാക്കിയത്. സ്ഥാനാർത്ഥിയെ പ്രഖ്യപിക്കുന്നതിന് മുമ്പ് നടന്ന ഒന്നാംഘട്ട സർവേയിൽ കിട്ടിയതിനേക്കാളും ഗണ്യമായ രീതിയിൽ ഇടതുമുന്നണിയുടെ വോട്ടു വിഹിതം ഇടിയുന്ന കാഴ്ചയാണ് രണ്ടാംഘട്ട സർവേയിൽ കണ്ടത്. കോൺഗ്രസും-ലീഗും തമ്മിലുള്ള അസ്വാരസ്യങ്ങൾ മുതലെടുത്ത് കോൺഗ്രസുകാരുടെ വോട്ട് തട്ടിയെടുക്കുക എന്ന തന്ത്രമായിരുന്നു പിവി അൻവർ സ്വീകരിച്ചത്. മുൻ ഡിസിസി അംഗം എന്ന നിലയിൽ തന്റെ വ്യക്തിബന്ധങ്ങളും വോട്ടാക്കാനാണ് അദ്ദേഹം ശ്രമിച്ചത്. രാഹുൽഗാന്ധിയുടെ കരങ്ങൾക്ക് ശക്തി പകരാൻ തന്നെ ജയിപ്പിക്കണം എന്നായിരുന്നു, അൻവർ പലയടിത്തും പ്രസംഗിച്ചത്. എന്നാൽ അപ്രതീക്ഷിതമായ രാഹുൽ ഗാന്ധിതന്നെ വയനാട്ടിൽ നേരിട്ട് സ്ഥാനാർത്ഥിയായയോടെ അൻവറിന്റെയും ഇടതുമുന്നണിയുടെയും പ്രചാരണത്തിന്റെ മുന ഒടിയുകയായിരുന്നു. ഇപ്പോൾ പറഞ്ഞതല്ലാം വിഴുങ്ങേണ്ടി വന്ന അവസ്ഥയാണ് അദ്ദേഹത്തിന് വന്നുചേർന്നത്.

ആദ്യം അത്രയൊന്നും ആളില്ലാതിരുന്ന ഇ ടിയുടെ യോഗങ്ങൾക്ക് ഇപ്പോൾ വൻ ജനാവലിയാണ്. മോദിയെ പ്രതിരോധിക്കാനുള്ള ഏറ്റവും വലിയ മരുന്ന് രാഹുൽ ഗാന്ധിയാണെന്നും അദ്ദേഹത്തിന്റെ കരങ്ങൾക്ക് ശക്തി പകരണമെന്നുമാണ് ലീഗ് പൊതുയോഗങ്ങളിൽ പറയുന്നത്. അതിനായി ഇ ടിയെപ്പോലൊരു വ്യക്തി പാർലമെന്റിൽ ഉണ്ടായിരിക്കണമെന്നും അവർ പറയുന്നു. കഴിഞ്ഞ തവണ കാൽലക്ഷം വോട്ടിലേക്ക് ഇ ടിയുടെ ഭൂരിപക്ഷം താഴ്ന്നത് യുഡിഎഫ് കേന്ദ്രങ്ങളിൽ ആശങ്കയുണ്ടാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ലീഗ്-എസ്ഡിപിഐയുമായി ചർച്ച നടത്തിയത് വൻ വിവാദമായിരുന്നു. എന്നാൽ ഇപ്പോൾ കാന്തപുരം ഒഴികയെുള്ള മുഴവൻ മുസ്ലിം സംഘടനകളും മോദിപ്പേടിയിൽ ലീഗിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതും വലിയ പ്രതീക്ഷയാണ് യുഡിഎഫ് കേന്ദ്രങ്ങളിൽ ഉയർത്തുന്നത്.

സംഘടനാ ശക്തിയും എം ബി രാജേഷിന്റെ വ്യക്തിപ്രഭാവവും

'രാജേഷല്ലാതെ മറ്റാര്'.... പാലക്കാട് സർവേ സംഘം അഭിപ്രായം എടുക്കുമ്പോൾ പലരും ചോദിച്ചത് അങ്ങനെയാണ്. കക്ഷി രാഷ്ട്രീയ ബന്ധങ്ങൾക്ക് അപ്പുറത്ത് എംബി രാജേഷ് എന്ന വ്യക്തി ഉണ്ടാക്കിയെടുത്ത ബന്ധങ്ങളും സൗഹൃദങ്ങളും ജനകീയ ഇടപെടലുകളും തന്നെയാണ് രാഷ്ട്രീയ പ്രതികൂല കാലാവസ്ഥക്കിടയിലും ഇടതുമുന്നണിക്ക് പാലക്കാട്ട് മേൽക്കെയുണ്ടാക്കുന്നത്. ഇത് മുന്നിൽ കണ്ടുകൊണ്ടുതന്നെയാണ് സിപിഎം വീണ്ടും രാജേഷിന് ഒരു അവസരം കൂടി നൽകിയത്.

മണ്ഡലത്തിൽ നിറഞ്ഞുനിൽക്കുന്ന എം ബി രാജേഷിന്റെ സാന്നിധ്യമാണ്, യുഡിഎഫ് സ്ഥാനാർത്ഥി വി കെ ശ്രീകണ്ഠന് ഏറ്റവും വലിയ ഭീഷണിയായിട്ടുള്ളത്. സിപിഎമ്മിന്റെ പരമ്പരാഗത വോട്ടുകൾ ഏറ്റവും കൂടുതൽ ഉള്ള മണ്ഡലമാണ് പാലക്കാട്. ട്രേഡ് യൂണിയനുകൾക്കും കർഷക സംഘടനകൾക്കുമൊക്കെ വലിയ സ്വാധീനമുള്ള മണ്ഡലത്തിൽ, രാഹുൽ പ്രഭാവം തങ്ങളുടെ വോട്ടർമാരിലേക്ക് വീശില്ല എന്നാണ് ഇടതുപക്ഷം പ്രചരിപ്പിക്കുന്നത്.

കുടുുംബയോഗങ്ങളിലാണ് ഇവിടെ സിപിഎം തങ്ങളുടെ പ്രവർത്തനം കേന്ദ്രീകരിച്ചിരിക്കുന്നത്. ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്തുനിന്ന് ഭിന്നമായി ക്ഷേമപെൻഷനുകൾ കൃത്യമായി കിട്ടുന്നതും, തുക കൂട്ടിയതുമാണ് ഇവിടെ പ്രചാരണ വിഷയം. പ്രമുഖ നേതാക്കളെല്ലാം കേന്ദ്രീകരിച്ചിരിക്കുന്നത് ഇത്തരം ചെറുയോഗങ്ങളിലാണ്. പാലക്കാട് കാടിളക്കിയുള്ള പ്രചാരണമാണ് ബിജെപി നടത്തുന്നത്. ഇത്തവണ പാലക്കാട്ട് രണ്ടാമത് എത്തുമെന്നാണ് ബിജെപിയുടെ അവകാശവാദം. വരും ദിനങ്ങളിൽ കേന്ദ്ര നേതാക്കൾ അടക്കമുള്ള പ്രമുഖർ പാലക്കാട്ട് എത്തുന്നുണ്ട്.

'നിങ്ങൾ രമ്യയെ ഹീറോയാക്കി!'

'നിങ്ങളെന്ന കമ്യൂണിസ്റ്റാക്കി എന്നുപറഞ്ഞതുപോലെ നിങ്ങളാണ് രമ്യയെ ഹീറോയാക്കിയത്'- കോൺഗ്രസ് നേതാവ് വി ടി ബൽറാം ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞതു പോലായിരുന്നു ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യാ ഹരിദാസിന്റെ വളർച്ച. ദീപാ നിശാന്ത് തൊട്ട് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ വരെയുള്ളവർ ചൊരിഞ്ഞ അധിക്ഷേപ പദങ്ങൾ, ഈ പെൺകുട്ടിക്ക് ഉണ്ടാക്കിക്കൊടുത്ത രാഷ്ട്രീയ മൈലേജ് ചില്ലറയല്ല. ചുരുക്കിപ്പറഞ്ഞാൽ സ്വയം കുഴിതോണ്ടുകയാണ് ഇവിടെ സിപിഎം ചെയ്തത്.

ഇടതുപക്ഷത്തിന്റെ പരമ്പരാഗത ശക്തികേന്ദ്രമായ ആലത്തൂരിൽ അപ്രതീക്ഷിതമായിട്ടായിരുന്നു കോൺഗ്രസ് യുവ നേതാവ് രമ്യാ ഹരിദാസിന്റെ രംഗപ്രവേശം. തീർത്തും ശോചനീയമായ സാഹചര്യങ്ങളിൽ ജനിച്ചുവളർന്ന ഈ യുവതി, കഷ്ടതകളോട് പടപൊരുതിയാണ് വളർന്നുവന്നത്. അതുകൊണ്ടുതന്നെ ജെഎസ് അടൂരിനെപ്പോലുള്ള സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റുകൾ രമ്യക്കായി തുടങ്ങിയ സോഷ്യൽ മീഡിയാ കാമ്പയിൽ വളരെ പെട്ടന്നാണ് വൈറലായത്.

നീണ്ട പ്രസംഗങ്ങൾ നടത്തുന്ന രാഷ്ട്രീയക്കാരുടെ പതിവ് ശൈലിവിട്ട് പാട്ടുപാടി വോട്ടുപിടിക്കുന്ന രമ്യ വളരെ പെട്ടന്ന് ശ്രദ്ധനേടി. ഇതിനൊപ്പം സിപിഎം നേതാക്കളുടെ വാവിട്ട വാക്കുകൾ കൂടിയായതോടെ രമ്യ ആലത്തൂരിൽ ശരിക്കും തരംഗമായി. ഇപ്പോൾ രാഹുൽഗാന്ധി കൂടി കളത്തിലിറങ്ങിയതോടെ, രാഹുൽ ബ്രിഗേഡിൽപെട്ട രമ്യക്ക് വലിയ സാധ്യതയുണ്ടെന്നാണ് യുഡിഎഫ് വിലയിരുത്തൽ. മറുനാടൻ സർവേയിൽ നിലവിൽ ഒരു ശതമാനത്തിന്റെ ഭൂരിപക്ഷമാണ് രമ്യക്ക് കാണുന്നത്.

ഡോ. പികെ ബിജുവും ഇവിടെ നല്ല പ്രചാരണത്തിലാണ്. കർഷകരും തൊഴിലാളികളും അടങ്ങുന്ന മണ്ഡലം തങ്ങളെ കൈവിടില്ലെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നോട്ട 21,417 വോട്ടുകൾ നേടി എന്ന പ്രത്യേകതയും ഇവിടെ ഉണ്ടായിരുന്നു. സംസ്ഥാനത്ത് ഏറ്റവുമധികം നിഷേധവോട്ടുകൾ ഇവിടെയായിരുന്നു. ഈ 21,417 വോട്ടുകളിൽ അതിൽ 10,606 വോട്ടും ചിറ്റൂർ നിയമസഭാ മണ്ഡലത്തിലായിരുന്നു. കുടിവെള്ളക്ഷാമത്തെ തുടർന്നുണ്ടായ കർഷകരോഷമാണ് ഇതിനു പിറകിലെന്ന് പറയുന്നുണ്ട്. ഇപ്പോൾ ഈ പ്രശ്‌നം പരിഹരിച്ചതിനാൽ ആ വോട്ടുകൾ തങ്ങൾക്ക് കിട്ടുമെന്നാണ് എൽഡിഎഫ് പറയുന്നത്. പഴയ ഒറ്റപ്പാലം ലോക്‌സഭ മണ്ഡലം പുനർനിർണയിച്ച് രൂപീകരിച്ച ആലത്തുർ മണ്ഡലം 2009 ൽ ആണ് നിലവിൽ വന്നത്. കെആർ നാരായണൻ ഉൾപ്പെടെ കോൺഗ്രസ് സീറ്റിൽ മത്സരിച്ച് ജയിച്ച മണ്ഡലം പക്ഷേ, അന്നുമുതൽ അത് തുണച്ചത് എൽഡിഎഫിനെയാണ്.

തൃശൂരിൽ എന്തും സംഭവിക്കാം?

എൻഡിഎ സ്ഥാനാർത്ഥിയായി സുരേഷ് ഗോപിയുടെ വരവോടെ ത്രികോണ മൽസര പ്രതീതി ഉയർന്ന തൃശൂരിൽ അവസാന ഘട്ടത്തിൽ എന്തും സംഭവിക്കാവുന്നന്ന അവസ്ഥയാണെന്ന് സർവേ ഫലം ചൂണ്ടിക്കാട്ടുന്നു. നിലവിൽ ഇവിടെ യുഡിഎഫ് സ്ഥാനാർത്ഥി ടി എൻ പ്രതാപൻ വെറും ഒരു ശതമാനം വോട്ടിനാണ് മുന്നിൽ നിൽക്കുന്നത്.

ശബരിമലയെ ബോധപൂർവം പ്രചാരണ വിഷയമാക്കാനുള്ള നീക്കങ്ങൾ ബിജെപിയുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നുണ്ട്. ബിജെപി പിടിക്കുന്ന വോട്ടുകൾ ആരെ കൂടുതൽ ബാധിക്കുമെന്നും, ക്രിസ്ത്യൻ ന്യൂനപക്ഷവോട്ടുകൾ എങ്ങോട്ടു തിരിയുമെന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും തൃശൂരിലെ അന്തിമ ഫലം.

ഇടതുസ്ഥാനാർത്ഥി രാജാജി മാത്യൂ തോമസിന്റെ വ്യക്തിപ്രഭാവത്തിലും ജനകീയതയിലുമാണ് എൽഡിഎഫിന്റെ പ്രതീക്ഷ. രാഹുൽ പ്രഭാവത്തിലുള്ള ന്യൂനപക്ഷ വോട്ടുകളുടെ ഏകോപനം തടഞ്ഞുനിർത്തുന്നത് രാജാജിയുടെ സാന്നിധ്യമാണെന്നാണ് ഇടതു വിലയിരുത്തൽ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP