Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കർഷകരോഷത്തിൽ പുകഞ്ഞ് ഇടുക്കി; അടിമാലിയിലും തൊടുപുഴയിലും കണ്ടത് ആരെ വിശ്വസിക്കണമെന്ന് ഇനിയും അറിയാത്ത നിഷ്‌കളങ്കഷരായ ഗ്രാമീണരുടെ രോഷം; അഴിമതിയും ജനവിരുദ്ധ നയങ്ങളും ശബരിമലയും ചർച്ചചെയ്ത് മധ്യകേരളവും; തൃശൂരിലും ചാലക്കുടിയിലും ആലപ്പുഴയിലും കൊച്ചിയിലും മികച്ച പ്രതികരണം; മറുനാടൻ സർവേ ഫലങ്ങൾ 11ന്

കർഷകരോഷത്തിൽ പുകഞ്ഞ് ഇടുക്കി; അടിമാലിയിലും തൊടുപുഴയിലും കണ്ടത് ആരെ വിശ്വസിക്കണമെന്ന് ഇനിയും അറിയാത്ത നിഷ്‌കളങ്കഷരായ ഗ്രാമീണരുടെ രോഷം; അഴിമതിയും ജനവിരുദ്ധ നയങ്ങളും ശബരിമലയും ചർച്ചചെയ്ത് മധ്യകേരളവും; തൃശൂരിലും ചാലക്കുടിയിലും ആലപ്പുഴയിലും കൊച്ചിയിലും മികച്ച പ്രതികരണം; മറുനാടൻ സർവേ ഫലങ്ങൾ 11ന്

ടീം മറുനാടൻ

ഇടുക്കി: മറുനാടൻ മലയാളിയും പാലാ സെന്റർ ഫോർ കൺസ്യൂമർ എജുക്കേഷനും സംയുക്തമായി നടത്തുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് അഭിപ്രായ സർവേക്ക് മധ്യകേരളത്തിലും വൻ പിന്തുണ. പങ്കാളിത്തംകൊണ്ട് കേരളം കണ്ട ഏറ്റവും വലിയ ഇലക്ഷൻ സർവേയായി ഇത് മാറിക്കഴിഞ്ഞു. സർവേയുടെ ആദ്യഫലങ്ങൾ ഈ മാസം 11 തിങ്കളാഴ്ച മറുനാടൻ മലയാളിയിലും മറുനാടൻ ടിവിയിലുമായി പറുത്തുവിടും.

മറുനാടൻ മലയാളിയുടെ ഇലക്ഷൻ സർവേയ്ക്ക് മലനാട് നൽകിയത് മനം നിറഞ്ഞ വരവേൽപ്പാണ്. രാഷ്ട്രീയത്തിന്റെയോ ജാതി-മത-വർഗ്ഗ വിഭാഗങ്ങളുടെയോ വേർതിരിവുകളില്ലാതെ പൊതു ഇടങ്ങളിലെത്തുന്ന ആളുകളിൽ നിന്നും അഭിപ്രായവും വിലയിരുത്തലുകളും പ്രതികരണങ്ങളുമെല്ലാം സ്വീകരിച്ചാണ് സർവേ പ്രവർത്തനങ്ങൾ പുരോഗമിച്ചത്. ഭരണമാറ്റം അനിവാര്യമെന്നും ഭരണ നേതൃത്വങ്ങൾ ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്തവരെന്നും മറ്റുമായിരുന്നു ഒരു വിഭാഗത്തിന്റെ വിലയിരുത്തൽ.

വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയിട്ടും ഉൽപ്പന്നങ്ങൾക്ക് വിലകുറഞ്ഞ് കർഷകർ കടക്കെണിയിലായിട്ടും തിരിഞ്ഞുനോക്കാൻ ആളില്ലത്ത അവസസ്ഥ നിലനിൽക്കുന്നു എന്നും ഭരണത്തിലെത്തുന്നവർ ഇക്കാര്യം ഗൗരവമായി കാണണമെന്നും അഭിപ്രായപ്പെട്ടവരും കുറവല്ല. ഏത് മുന്നണി അധികാരത്തിലെത്തിയാലും പാവപ്പെട്ടവന് രക്ഷയില്ലെന്ന് പരിതപിച്ചവരുമുണ്ട്. സാധാരണക്കാരെ പരിഗണി്ക്കുന്ന സർക്കാർ അധികാരത്തിലെത്തണമെന്ന് ആശിക്കുന്നവരും ഏറെയാണ്. മടികൂടാതെ പ്രതികരിച്ചതിൽ മുൻപന്തിയിൽ സ്ത്രീസമൂഹം ആണെന്നതാണ് ശ്രദ്ധേയം. ഒന്നും പറയാനില്ലന്ന് പറഞ്ഞ് അൽപം ഭയാശങ്കകളോടെ പുരുഷന്മാരിൽ ചിലരൊക്കെ പിന്മാറിയപ്പോൾ യാത്രക്കാരികളായ സ്ത്രീകൾ മുൻപിൻ നോക്കാതെ മൈക്കിന് മുന്നിൽ മനസ്സുതുറന്നു.

ഇടുക്കിയിലെ പ്രധാന കേന്ദ്രങ്ങളായ അടിമാലിയിലും തൊടുപുഴയിലുമാണ് സർവേ നടന്നത്. രാവിലെ 10 മണിയോടടുത്ത് അടിമാലിയിൽ എത്തുമ്പോൾ ബസ്റ്റാന്റിൽ ഏവിടെയും കാര്യമായ ആൾക്കൂട്ടം കണ്ടില്ല. അൽപസമയം സ്റ്റാന്റിൽ ചുറ്റിക്കറങ്ങി. പിന്നെ ഓരോരുത്തരെയായി കണ്ട് സർവ്വേയുടെ ഭാഗമായുള്ള അഭിപ്രായം രേഖപ്പെടുത്തൽ തുടങ്ങി. സർവേ പ്രവർത്തനങ്ങൾ കാമറയിൽ ആക്കാൻ നീക്കം നടത്തിയപ്പോൾ ചിലർ എടുക്കല്ലേയെന്ന് കൈകൊണ്ട് ആംഗ്യം കാണിച്ചു. പേരും വിലാസവുമൊന്നും ഇല്ലാതെയാണ് സർവ്വേ എടുക്കുന്നതെന്നും നിങ്ങളുടെ അഭിപ്രായം ആർക്കും നൽകുന്നില്ലെന്നും മറ്റും പറഞ്ഞിട്ടും ഇവരുടെ ഭീതിയൊഴിഞ്ഞില്ല. വീഡിയോ ചിത്രീകരിക്കില്ലെന്ന ഉറപ്പിലാണ് ഇവർ അഭിപ്രായം രേഖപ്പെടുത്താൻ തയ്യാറായത്.

ബസ്സുകളിലെ പ്രതികരണം തേടൽ വേറിട്ട അനുഭമായി. ഇലക്ഷനായിരുന്നു വിഷയമെങ്കിലും പലരും പ്രതികരിച്ചത് സ്വന്തം വിഷമതകളെക്കുറിച്ചായിരുന്നു. ചിലർ അടുത്തു വിളിച്ചിരുത്തി തങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ സവിസ്തരം അവതരിപ്പിച്ചു. വീട്ടമ്മമാരുടെ പ്രതികരണങ്ങളാണ് വേറിട്ട് നിന്നത്. ഒരാൾ പ്രതികരി്ക്കുന്നത് കണ്ടപ്പോൾ അടുത്ത സീറ്റിലിരുന്ന യാത്രക്കാരി പിൻതാങ്ങുകയും പിന്നീട് എനിക്കും പറയാനുണ്ടെന്ന് പറഞ്ഞ് ഇവർ വീറോടെ പ്രതികരിച്ചതും ശ്രദ്ധേയമായി. പ്രളയത്തിൽ തകർന്ന വീട് നന്നാക്കിയില്ല, സഞ്ചരിക്കാൻ വഴിയില്ലാ തുടങ്ങി പോരായ്മകളുടെ പട്ടികകൾ നിരത്തിയവരും കുറവല്ല. ഇതെല്ലാം നിങ്ങൾ ബന്ധപ്പെട്ടവരെ അറിയിച്ചില്ലേ എന്ന് ചോദിച്ചപ്പോൾ എന്ത് കാര്യമെന്നായിരുന്നു ഇവരിൽ ഒരാളുടെ ചോദ്യം.

കാർഷിക വിളകൾക്ക് വിലകുറഞ്ഞതാണ് മേഖല നേരിടുന്ന പ്രധാന പ്രശ്‌നമെന്നാണ് യാത്രക്കാരിൽ ഭൂരിപക്ഷത്തിന്റെയും വിലയിരുത്തൽ. തൊടുപുഴയിലും സ്ഥിതി വിഭിന്നമായിരുന്നില്ല. എങ്ങും കാര്യമായ ആൾക്കൂട്ടമില്ല. ടൗണിലൂടെ പലഭാഗത്തും സഞ്ചരിച്ച് തൊഴിലാളികൾ ചെറുകിട വ്യാപാരികൾ ഉന്തുവണ്ടികച്ചവടക്കാർ, ഓട്ടോറിക്ഷ ഡ്രൈവർമാർ എന്നുവേണ്ട സമൂഹത്തിന്റെ വിവിധ തലങ്ങളിൽ നിന്നുള്ളവരുടെ അഭിപ്രായവും വിലയിരുത്തലുകളുമെല്ലാം ശേഖരിച്ചു. ബസ് സ്റ്റാൻഡ്, ഓട്ടോറിക്ഷ സ്റ്റാന്റുകൾ, ഷോപ്പിങ് മാളുകൾ, മാർക്കറ്റുകൾ തുടങ്ങി അളുകൾ കൂടുന്ന പ്രധാന കേന്ദ്രങ്ങളിളിലെല്ലാം പോയാണ് സർവേ പൂർത്തീകരിച്ചത്.

സ്വരാജ് റൗണ്ട് തൊട്ട് ചാലക്കുടിവരെ

മറുനാടൻ മലയാളി ഇലക്ഷൻ സർവേ ജനങ്ങൾ ഇരു കൈയും നീട്ടി സ്വീകരിക്കുന്ന കാഴ്ചയാണ് തൃശ്ശൂർ, ചാലക്കുടി, എറണാകുളം, ആലപ്പുഴ ലോക്‌സഭാ മണ്ഡലങ്ങളിൽ കാണാൻ കഴിഞ്ഞത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭരണത്തിൽ തൃപ്തി പ്രകടിപ്പിച്ചും അതൃപ്തി രേഖപ്പെടുത്തിയുമാണ് ഭൂരിഭാഗം പേരും സർവ്വേയിൽ പങ്കെടുത്തത്. വിതരണം ചെയ്ത സർവേ ഫോമുകൾ ഒരു തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്ന വ്യഗ്രതയോടെയാണ് കയ്യിലെടുത്തതും അഭിപ്രായം രേഖപ്പെടുത്തിയതും. രഹസ്യമായാണ് ഒട്ടുമുക്കാലും ആളുകൾ അഭിപ്രായം രേഖപ്പെടുത്തിയത് എങ്കിലും ചിലർ പരസ്യമായി തന്നെ തങ്ങളുടെ രാഷ്ട്രീയ നിരീക്ഷണം അഭിപ്രായമാക്കി തന്നു. ശബരിമല യുവതീ പ്രവേശന വിഷയമാണ് പലരും ചർച്ച ചെയ്തത്. എന്നാൽ കേന്ദ്ര ഗവൺമെന്റിന്റ അഴിമതിയും കേരളത്തോടുള്ള അവഗണനയും ചിലർ പരസ്യമായി പറഞ്ഞു. ഒരു മാറ്റം വേണമെന്ന് ചിലർ പറയുമ്പോൾ സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെ മറ്റു ചിലർ ഉയർത്തിക്കാട്ടുന്നു. രാഹുൽഗാന്ധിയുടെ നേതൃത്വവും പ്രിയങ്കാ ഗാന്ധിയുടെ കടന്നു വരവും ചിലർക്ക് ആവേശമുണ്ടാക്കുന്നതായും സർവേ നടന്ന ഇടങ്ങളിൽ നിന്നും വ്യക്തമായി.

തൃശ്ശൂരിൽ വടക്കുംനാഥ ക്ഷേത്ര മൈതാനത്തും റൗണ്ടിലുമാണ് പ്രധാനമായും സർവ്വേ നടത്തിയ സ്ഥലം. മൈതാനത്ത് സൊറ പറഞ്ഞിരിക്കുന്നവർക്കിടയിലേക്ക് ചെന്നപ്പോൾ ആദ്യം തങ്ങളുടെ രാഷ്ട്രീയം അറിയാനെത്തിയതാണോ എന്ന സംശയം പ്രകടിപ്പിച്ചു. എന്നാൽ ഇത് തികച്ചും രഹസ്യമായും അഭിപ്രായം രേഖപ്പെടുത്തുന്നയാളുടെ രാഷ്ട്രീയവും പുറത്ത് വിടില്ല എന്ന തരത്തിൽ സംസാരിച്ച് സർവ്വേ എങ്ങനെയാണ് എന്ന് വിശദീകരിച്ചു കൊടുത്തു. കൂടി ഇരുന്നവരിൽ നിന്നും രണ്ട് അഭിപ്രായ സർവേ എടുത്ത് മൈതാനത്തിന്റെ തന്നെ മറ്റൊരു കോണിലേക്ക് പോയി.

അവിടെ ചെറുപ്പക്കാർക്കിടയിലും മുതിർന്നവർക്കിടയിലും സർവേ നടത്തി. ഒന്നിച്ചിരിക്കുന്നവരുടെ രാഷ്ട്രീയം വേഗം മനസ്സിലാകുന്നതിനാൽ അവർക്ക് ഒന്നിലധികം നൽകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. ചിലരൊക്കെ അതിനാൽ തങ്ങൾക്കും അഭിപ്രായം രേഖപ്പെടുത്തണമെന്ന് പറഞ്ഞ് തട്ടിക്കയറുക വരെയുണ്ടായി. പിന്നീട് റൗണ്ടിൽ റോഡരികിലൂടെ നടന്ന് വരുന്നവരുടെയും മാർക്കറ്റിൽ നിന്നും വന്നവരുടെയും അഭിപ്രായമെടുത്തു. കൂടുതലും സ്ത്രീകളാണ് വ്യക്തമായി അഭിപ്രായങ്ങൾ രേഖപ്പെടുത്തിയത്. ചിലർ ഒഴിവാകാൻ ശ്രമിച്ചെങ്കിലും വിഷയത്തിന്റെ ഗൗരവം പറഞ്ഞപ്പോൾ അവർ അഭിപ്രായം രേഖപ്പെടുത്തി നന്ദിയും പറഞ്ഞാണ് മടങ്ങിയത്.

തൃശ്ശൂരിൽ നിന്നും ചാലക്കുടിയിലേക്കായിരുന്നു യാത്ര. മണിച്ചേട്ടന്റെ സ്വന്തം നാട്ടിൽ ശബരിമല വിഷയമാണ് മുന്നിട്ട് നിന്നത്. ചാലക്കുടി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ലോട്ടറി വിറ്റ് ഉപജീവനം നടത്തുന്ന അംഗപരിമിതയായ വനിതയ്ക്ക് പറയാനുണ്ടായിരുന്നത് അവഗണനയുടെ ആൾ രൂപങ്ങളായ പഞ്ചായത്ത് അധികൃതരെപറ്റിയും എംപിയെ പറ്റിയുമായിരുന്നു. നിരവധി തവണ അവർ അനുഭവിക്കുന്ന ദുരിതം ഇവരെയൊക്കെ അറിയിച്ചിട്ടും ഒരു നടപടിയും ഉണ്ടായില്ല എന്ന് അവർ വേദനയോടെയാണ് പ്രതികരിച്ചത്. ഏറെ പ്രതീക്ഷയുള്ള സർക്കാറായിരുന്നു, എന്നാൽ പാവപ്പെട്ടവർക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല എന്ന പരിഭവവും അവർ പറഞ്ഞു. ഇവിടെയും സ്ത്രീ പങ്കാളിത്തം കൂടുതലായിരുന്നു.

സ്വാഗതം ചെയത് എറണാകുളവും ആലപ്പുഴയും

എറണാകുളത്ത് സർവ്വേ എടുക്കുക എന്നത് ഏറെ ക്ലേശകരമായിരുന്നു. കാരണം മറ്റൊന്നുമല്ല, ഇവിടെയുള്ള മിക്കവരും മറ്റ് ജില്ലകളിൽ ഉള്ളവരാണ്. എങ്കിലും അതിന് വേണ്ടി തിരഞ്ഞെടുത്തത് ജനറൽ ഹോസ്പിറ്റലും നഗരസഭയുടെ ഓഫീസുമായിരുന്നു. ഇവിടെയെത്തിയവരെയെല്ലാം സർവ്വേയിൽ പങ്കെടുപ്പിച്ചു. ജനറൽ ആശുപത്രിയിലെത്തിയ നാനാജാതി മതസ്ഥരും മികച്ച പ്രതികരണമാണ് നൽകിയത്. ചിലർക്ക് ഏത് മുന്നണി അധികാരത്തിൽ വന്നാലും കോരന് കുമ്പിളിൽ തന്നെ കഞ്ഞി എന്ന രീതിയിലാണ് പ്രതികരിച്ചത്. യുവജനങ്ങളും മുതിർന്നവരും എല്ലാം സർവ്വേയിൽ അഭിപ്രായം രേഖപ്പെടുത്തി. കൂടാതെ കുടുംബശ്രീ പ്രവർത്തകരും പങ്കെടുത്തു എന്നത് ശ്രദ്ധേയമായി. ഓട്ടോറിക്ഷാ തൊഴിലാളികളും തങ്ങളുടെ പ്രതീക്ഷ സർവ്വേയിൽ രേഖപ്പെടുത്തി. ഒരു സർക്കാർ ജീവനക്കാരൻ പറഞ്ഞത് തങ്ങളുടെ ശമ്പളത്തിൽ നിന്നും നിർബ്ബന്ധിപ്പിച്ച് പ്രളയ ദുരിതാശ്വാസത്തിലേക്ക് പണം എടുത്തതിലുള്ള പ്രതിഷേധം ഈ തെരഞ്ഞടുപ്പിൽ രേഖപ്പടുത്തുമെന്നാണ്.

ആലപ്പുഴയിൽ കെ,സി വേണുഗോപാലിന്റെ വികസന പ്രവർത്തനങ്ങളിൽ ചിലർ തൃപ്തി രേഖപ്പെടുത്തി. തട്ടു കടക്കാരനും ഹോട്ടൽ ഉടമയും വരെ പറയുന്നതും കോൺഗ്രസ്സ് എന്ന വാക്ക് മാത്രമായിരുന്നു. എന്നാൽ ഇടതുപക്ഷം വരണമെന്ന് പരസ്യമായി പറയുന്നവരും ഉണ്ട്. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ സർവ്വേയിൽ പങ്കെടുത്ത ശേഷം പറഞ്ഞത് ഒരു മാറ്റം ഞങ്ങളും ആഗ്രഹിക്കുന്നു എന്നാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP