Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202026Monday

പാലക്കാട്ടെയും ആലത്തൂരിലെയും സിപിഎം കോട്ടകൾ ഇളകുമോ; രമ്യാ ഹരിദാസ് ഹൈപ്പ് സത്യമോ; മുസ്ലിം ലീഗിന്റെ തട്ടകമായ മലപ്പുറത്ത് ഭൂരിപക്ഷം ഇടിയുമോ; പൊന്നാനിയിൽ അൻവർ ചലനം സൃഷ്ടിക്കുമോ; സുരേഷ് ഗോപി ഗോപിയാവുമോ; മറുനാടൻ രണ്ടാംഘട്ട ഫീൽഡ് സർവേ ഫലം നാളെ രാവിലെ 11 മണിമുതൽ

പാലക്കാട്ടെയും ആലത്തൂരിലെയും സിപിഎം കോട്ടകൾ ഇളകുമോ; രമ്യാ ഹരിദാസ് ഹൈപ്പ് സത്യമോ; മുസ്ലിം ലീഗിന്റെ തട്ടകമായ മലപ്പുറത്ത് ഭൂരിപക്ഷം ഇടിയുമോ; പൊന്നാനിയിൽ അൻവർ ചലനം സൃഷ്ടിക്കുമോ; സുരേഷ് ഗോപി ഗോപിയാവുമോ; മറുനാടൻ രണ്ടാംഘട്ട ഫീൽഡ് സർവേ ഫലം നാളെ രാവിലെ 11 മണിമുതൽ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന ആലത്തൂർ ഇത്തവണ ആർക്കൊപ്പം? സോഷ്യൽ മീഡിയ താരമാക്കിയ രമ്യക്കുമുന്നിൽ പി കെ ബിജു അടിയറവ് പറയുമോ? പാലക്കാടൻ കോട്ട എം ബി രാജേഷ് കാക്കുമോ? തൃശൂരിൽ ത്രികോണ മൽസരം സൃഷ്ടിക്കാൻ സുരേഷ് ഗോപിക്കായോ? വാശിയേറിയ പോരാട്ടം നടക്കുന്ന മലപ്പുറം, പൊന്നാനി, പാലക്കാട്, ആലത്തൂർ, തൃശൂർ എന്നീ അഞ്ചുമണ്ഡലങ്ങളിലെ സർവേ ഫലം നാളെ അറിയാം. മറുനാടൻ മലയാളിയും പാല സെന്റർഫോർ കൺസ്യൂമർ എജുക്കേഷനും സംയുക്തമായി നടത്തുന്ന രണ്ടാംഘട്ട ലോകസഭാ തെരഞ്ഞെടുപ്പ് അഭിപ്രായ സർവേയുടെ രണ്ടാംഭാഗം നാളെ രാവിലെ 11 മണിയോടെ മറുനാടൻ മലയാളിയിലും മറുനാടൻ ടിവിയിലുമായി സംപ്രേഷണം ചെയ്യും.

ഒരു മാസം മുമ്പ് മറുനാടൻ മലയാളി നടത്തിയ ഒന്നാംഘട്ട സർവേയിൽ ഈ അഞ്ചുമണ്ഡലങ്ങളിൽ മൂന്നെണ്ണം ഇടതുമുന്നണിക്കൊപ്പവും, രണ്ടെണ്ണം ഐക്യമുന്നണിക്കൊപ്പവുമായിരുന്നു. പാലക്കാട്, ആലത്തൂർ, തൃശൂർ എന്നീ മണ്ഡലങ്ങൾ എൽഡിഎഫിന് ഒപ്പം നിന്നപ്പോൾ, മലപ്പുറം പൊന്നാനി എന്നീ രണ്ടു മണ്ഡലങ്ങൾ മാത്രമാണ് യുഡിഎഫിന് ഉണ്ടായിരുന്നത്. അന്ന് രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം അടക്കമുള്ള കാര്യങ്ങൾ തീരുമാനമായിരുന്നില്ല.സ്ഥാനാർത്ഥികൾ ആരെന്നും പോലും വ്യക്തമായിരുന്നില്ല. പുതിയ സാഹചര്യത്തിൽ വോട്ടർമാർ എങ്ങനെ ചിന്തിക്കുന്നുവെന്നാണ് മറുനാടൻ മലയാളി അന്വേഷിക്കുന്നത്.

ഈ മാസം 1 മുതൽ 5 വരെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി മറുനാടൻ-സെന്റർ ഫോർ കൺസ്യൂമർ എജുക്കേഷൻ പ്രതിനിധികൾ നേരിട്ട് സഞ്ചരിച്ചാണ് സർവേ നടത്തിയത്. നിങ്ങളുടെ വോട്ട് ആർക്ക് എന്ന സുപ്രധാന ചോദ്യത്തിനൊപ്പം, ആ ഉത്തരത്തിലേക്ക് ജനങ്ങളെ നയിച്ച ഘടകങ്ങൾ എന്തൊക്കെയാണെന്നും സർവേ വിശദമായി പരിശോധിക്കുന്നുണ്ട്. രാഹുൽ തരംഗം വീശിയടിക്കുന്നുണ്ടോ, മോദി ഫാക്ടർ അസ്തമിച്ചോ, ശബരിമല സമരം കേരളത്തിൽ ആർക്ക് ഗുണം ചെയ്യും, ന്യൂനപക്ഷ വോട്ടുകൾ ഇത്തവണ എങ്ങോട്ട് ചായും, പിണറായി വിജയന്റെ വ്യക്തിപ്രഭാവം ഇടതുമുന്നണിയെ തുണക്കുമോ, കേന്ദ്ര സർക്കാറിനെപ്പോലെ സംസ്ഥാന സർക്കാറിനെതിരെയും ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നുണ്ടോ, അഴിമതി,വർഗീയത, നോട്ട് നിരോധനം, ജിഎസ്ടി തുടങ്ങിയവ സാധാരണക്കാരന്റെ വോട്ടിനെ സ്വാധീനിക്കുന്നുണ്ടോ, തുടങ്ങിയ ജനവികാരം രൂപപ്പെടുന്ന വിവിധ വിഷയങ്ങൾ ഏതെന്നും സർവേ പരിശോധിക്കുന്നുണ്ട്.

വിദേശരാജ്യങ്ങളിലും ഇന്ത്യയിലെ പ്രമുഖ ദേശീയ മാധ്യമങ്ങളും അവലംബിക്കുന്ന അതേ റാൻഡം സർവേയുടെ സ്റ്റാറ്റിക്കൽ മെത്തേഡു തന്നെയാണ് മറുനാടൻ മലയാളിയുടെ ടീമും അവലംബിച്ചത്. പ്രമുഖരായ തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധരും ടീമിന്റെ ഭാഗമാവുന്നുണ്ട്. നഗരങ്ങളിലും ഗ്രാമങ്ങളിലും ബസ്സ്റ്റാൻഡുകളിലും റെയിൽവേ സ്റ്റേഷനുകളിലും ചന്തകളിലും ഷോപ്പിങ്ങ് മാളുകളിലുമൊക്കെയായി വിവിധ വിഭാഗത്തിൽപെടുന്ന ജനങ്ങളെ നേരിട്ട് കണ്ടാണ് സർവേ പൂർത്തീകരിക്കുന്നത്.

ഇതിനുപുറമെ മറുനാടൻ ടീം വീടുകളിലെത്തിയും നേരിട്ട് സാമ്പിൾ എടുത്തിട്ടുണ്ട്. സാധാരണ ദേശീയ മാധ്യമങ്ങളും പ്രമുഖരായ തെരഞ്ഞെടുപ്പ് സർവേ ടീമുകളുമൊക്കെ വെറും അഞ്ഞൂറും, എഴുനൂറും സാമ്പിളുകൾ വെച്ച് മാത്രമാണ് കേരളത്തെ അളക്കുന്നത്. ആ രീതിയിൽ നോക്കുമ്പോൾ കേരളത്തിലെ ഏറ്റവും വലിയ സർവേയാണ്, പതിനായിരത്തിൽ അധികം പേർ നേരിട്ട് പങ്കെടുത്ത മറുനാടൻ സർവേ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP