Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മലപ്പുറത്ത് പതിവു പോലെ മുസ്ലിംലീഗ് തരംഗം; പൊന്നാനിയിൽ യുഡിഎഫ് മുന്നിൽ നിൽക്കുമ്പോൾ പാലക്കാടും ആലത്തൂരും ഇടതിനൊപ്പം; തൃശൂരിൽ നേരിയ മുൻതൂക്കം നിലനിർത്തുമ്പോൾ സിറ്റിങ് സിറ്റായ ചാലക്കുടി ഇടതിന് നഷ്ടമാകും; പാലക്കാട്ടും തൃശൂരിലും വോട്ട് കൂടുമെങ്കിലും ബിജെപിക്ക് ഒരിടത്തും ജയ സാധ്യതയില്ല; 11 ലോക്‌സഭാ മണ്ഡലങ്ങളിലെ മറുനാടൻ സർവേ പൂർത്തിയാവുമ്പോൾ യുഡിഎഫിന് നാലും എൽഡിഎഫിന് ഏഴും സീറ്റുകൾ

മലപ്പുറത്ത് പതിവു പോലെ മുസ്ലിംലീഗ് തരംഗം; പൊന്നാനിയിൽ യുഡിഎഫ് മുന്നിൽ നിൽക്കുമ്പോൾ പാലക്കാടും ആലത്തൂരും ഇടതിനൊപ്പം; തൃശൂരിൽ നേരിയ മുൻതൂക്കം നിലനിർത്തുമ്പോൾ സിറ്റിങ് സിറ്റായ ചാലക്കുടി ഇടതിന് നഷ്ടമാകും; പാലക്കാട്ടും തൃശൂരിലും വോട്ട് കൂടുമെങ്കിലും ബിജെപിക്ക് ഒരിടത്തും ജയ സാധ്യതയില്ല; 11 ലോക്‌സഭാ മണ്ഡലങ്ങളിലെ മറുനാടൻ സർവേ പൂർത്തിയാവുമ്പോൾ യുഡിഎഫിന് നാലും എൽഡിഎഫിന് ഏഴും സീറ്റുകൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മറുനാടൻ മലയാളിയും പാലാ സെന്റർ ഫോർ കൺസ്യൂമർ എജുക്കേഷനും സംയുക്തമായി നടത്തിയ ലോക്സഭാ ഇലക്ഷൻ - 2019 അഭിപ്രായ സർവേയിൽ മലപ്പുറം മുതൽ ചാലക്കുടി വരെയുള്ള ആറു മണ്ഡലങ്ങളിലെ ഫല സൂചനകൾ കൂടി പുറത്തുവിടുമ്പോൾ വീണ്ടും ഇടതുമുന്നണിക്ക് മുൻതൂക്കം. മലപ്പുറം ലോക്സഭാമണ്ഡലത്തിൽ യുഡിഎഫ് തരംഗം പ്രകടമാണ്. പൊന്നാനിയിലും യുഡിഎഫ് മുന്നേറുന്നുണ്ട്. പാലക്കാട് ആലത്തുർ എന്നീ മണ്ഡലങ്ങൾ ഇടതുമുന്നണി നിലനിർത്താനുള്ള സാധ്യത സർവേയിൽ പ്രകടമാണ്. കടുത്ത പോരാട്ടം നടക്കുന്ന തൃശൂരിൽ എൽഡിഎഫിന് തന്നെയാണ് നേരിയ മുൻതൂക്കം. വെറും രണ്ട് ശതമാനം വോട്ടിനാണ് ഇവിടെ ഇടതുമുന്നണി മുന്നിലുള്ളത്. ചാലക്കുടിയിൽ യുഡിഎഫിനൊപ്പമാണ്. ബിജെപിയെ സംബന്ധിച്ച് പാലക്കാട്, തൃശുർ മണ്ഡലങ്ങളിൽ വോട്ടുവർധന കാണുന്നുണ്ടെങ്കിലും ഒരിടത്തും വിജയ സാധ്യതയിലേക്ക് അത് എത്തിയിട്ടില്ല.

ഇതുവരെയായി പതിനൊന്ന് ലോക്സഭാ മണ്ഡലങ്ങളിലെ സൂചനകൾ പുറത്തുവിട്ടതിൽ 7 എണ്ണം ഇടതുമുന്നണിക്കും നാല് സീറ്റുകൾ ഐക്യമുന്നണിക്കുമാണ്. കാസർഗോഡ്, കണ്ണൂർ, വടകര, കോഴിക്കോട്, പാലക്കാട്, ആലത്തുർ, തൃശൂർ എന്നിവയിൽ എൻഡിഎഫ് മുന്നേറുമ്പോൾ, വയനാട്, മലപ്പുറം, പൊന്നാനി, ചാലക്കുടി എന്നീ മണ്ഡലങ്ങളാണ് യുഡിഎഫിന് ഒപ്പമുള്ളത്. പക്ഷേ ഈ 7 സീറ്റുകളിൽ പാലക്കാട്, ആലത്തുർ എന്നിവങ്ങളിൽ മാത്രമാണ് ഇടതുമുന്നണിക്ക് വിജയം ഉറപ്പിക്കാൻ കഴിയുന്ന വോട്ട് പൊസിഷനുള്ളത്. സാധാരണ അഞ്ചുശതമാനത്തിൽ താഴെയുള്ള മണ്ഡലങ്ങളെ ചാഞ്ചാടുന്ന മണ്ഡലങ്ങളായാണ് സർവേ വിശകലന വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. അങ്ങനെ നോക്കുമ്പോൾ കാസർഗോഡ് അടക്കമുള്ള തങ്ങളുടെ കുത്തക മണ്ഡലത്തിൽ പോലും എൽഡിഎഫിന്റെ നില പരുങ്ങലിലാണ്. സർവേ പ്രകാരം വെറും മൂന്നുശതമാനം വോട്ടാണ് ഇടതുമുന്നണിക്ക് അവിടെ കിട്ടിയത്. എന്നാൽ ഐക്യമുന്നണിയെ സംബന്ധിച്ചിടത്തോളം തങ്ങളുടെ പരമ്പരാഗത മണ്ഡലങ്ങളിൽ വൻ ഭൂരിപക്ഷമാണ് കിട്ടുന്നത്. 12 ശതമാനമാണ് വയനാട്ടിൽ യുഡിഎഫിന് ഉള്ളത്. മലപ്പുറത്താകട്ടെ ഒരുപടികൂടി കടന്ന് 16 ശതമാനത്തിന്റെ വലിയ ലീഡാണ് സർവേ യു.ഡി.എഫിന് നൽകുന്നത്. പൊന്നാനിയിൽ മാത്രമാണ് 5 ശതമാനത്തിന്റെ താരതമ്യേന കുറഞ്ഞ ലീഡ് യുഡിഎഫിന് ലഭിക്കുന്നത്.

അതായത് ഇതുവരെയുള്ള ഫലങ്ങളിൽ ഏതെങ്കിലും ഒരു മുന്നണിക്ക് അനുകൂലമായ തരംഗം ഉണ്ടായിട്ടില്ലെന്ന് വ്യകതം. സ്ഥാനാർത്ഥി നിർണ്ണയം അടക്കമുള്ള കാര്യങ്ങളും ഇനിയുള്ള സംഭവികാസങ്ങളും പോലും ഓരോ മണ്ഡലത്തിന്റെയും രാഷട്രീയ സാഹചര്യം മാറ്റുമെന്നും വ്യക്താമാണ്. വടക്കുന്നിന്ന് തെക്കോട്ട് പോവുന്തോറും യുഡിഎഫിനോടുള്ള രാഷ്ട്രീയ ആഭിമുഖ്യം കൂടിവരുന്നുണ്ട്. മുസ്ലിം ലീഗ് എന്ന ഒരു പാർട്ടിയുള്ളപ്പോൾ രണ്ടാമത്തെ ഓപഷ്നായി മാത്രമേ മറ്റ് ഏത് സംഘടനയെയും മുസ്ലീങ്ങൾ തെരഞ്ഞെടുക്കയുള്ളൂ. എന്നാൽ ഇടതുപക്ഷത്തിന് അവരുടെ രാഷ്ട്രീയ വോട്ടുകളിൽ തന്നെയാണ് പ്രതീക്ഷ.

ഫെബ്രുവരി 6 മുതൽ 9വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 5000ത്തോളം പേരെ നേരിട്ട് കണ്ടാണ് മറുനാടൻ ടീം സർവേ നടത്തിയത്. ജന പങ്കാളിത്തം കൊണ്ട് കേരളത്തിലെ ഏറ്റവും വലിയ സർവേയാവുകയാണ് മറുനാടൻ സർവേ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും, ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിലും ജന വികാരം കൃത്യമായി പ്രവചിച്ച റാൻഡം സാബ്ലിങ്ങിന്റെ അതേ രീതിതന്നെയാണ് ഈ സർവേയിലും അവലംബിച്ചിരിക്കുന്നത്..

മലപ്പുറം: തർക്കം യുഡിഎഫിന്റെ ഭൂരിപക്ഷത്തെ കുറിച്ച്

സർവേ ഫലം ഇങ്ങനെ

യുഡിഎഫ്- 52
എൽഡിഎഫ്- 36
എൻഡിഎ- 6
മറ്റുള്ളവർ- 4
നോട്ട- 2

എക്കാലവും മുസ്ലിം ലീഗിന്റെയും യുഡിഎഫിന്റെയും ഉറച്ച കോട്ടയായ മലപ്പുറം ഇത്തവണയും മാറി ചിന്തിക്കില്ല എന്ന സൂചകങ്ങളാണ് മറുനാടൻ സർവേ ഫലങ്ങളും നൽകുന്നത്. ആകെയുള്ള വോട്ടിന്റെ 52 ശതമാനവും യുഡിഎഫിന് കിട്ടുന്ന അപൂർവ സർവേ ഫലമാണ് ഇവിടെ കിട്ടിയത്. മുന്നണികൾ തമ്മിൽ 16 ശതമാനം വോട്ട്് വ്യത്യാസം വരുന്നത്, ലീഗ്് സ്ഥാനാർത്ഥിയായ മൽസരിക്കുമെന്ന് ഉറപ്പായിട്ടുള്ള സിറ്റിങ്ങ് എം പി പി.കെ കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം ഒരുലക്ഷം കടക്കും എന്നതിന്റെ സൂചകം തന്നെയാണ്. ഇ അഹമ്മദിന്റെ നിര്യാണത്തെ തുടർന്ന് കഴിഞ്ഞവർഷം എപ്രിലിൽ നടന്ന ലോക്്സഭാ ഉപതെരഞ്ഞെടുപ്പിൽ പികെ കുഞ്ഞാലിക്കുട്ടി 1, 71, 038 വോട്ടുകൾൾക്കാണ്് എൽഡിഎഫ് സ്ഥാനാർത്ഥി സിപിഎമ്മിലെ എംബി ഫൈസലിനെ പരാജയപ്പെടുത്തിയത്.

ഈ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫ് വമ്പിച്ച മേധാവിത്വം കരസ്ഥമാക്കി.കൊണ്ടോട്ടി, മഞ്ചേരി, പെരിന്തൽമണ്ണ, മങ്കട, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന് എന്നീ ഏഴ് നിയമസഭാ മണ്ഡലങ്ങളാണ് മലപ്പുറം ലോക്‌സഭാ മണ്ഡലത്തിന്റെ പരിധിയിൽ വരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഏഴ് മണ്ഡലങ്ങളിലും യുഡിഎഫിനായിരുന്നു വിജയം. എങ്കിലും മങ്കട, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ നേരിയ ഭൂരിപക്ഷത്തിനായിരുന്നു യുഡിഎഫിന്റെ വിജയം. മങ്കടയിൽ 1,508 വോട്ടുകൾക്കും പെരിന്തൽമണ്ണയിൽ വെറും 579 വോട്ടുകൾക്കുമായിരുന്നു യുഡിഎഫ് വിജയം. ഈ മണ്ഡലങ്ങളിൽ തന്നെയാണ് എൽഡിഎഫിന് ഇപ്പോഴും പ്രതീക്ഷയുള്ളത്. മാത്രമല്ല 2004ലെ തെരഞ്ഞെടുപ്പിൽ ഒരുലക്ഷത്തി തൊണ്ണൂറായിരത്തിൽ അധികമുണ്ടായിരുന്നു മുസ്ലിം ലീഗിന്റെ ലീഡ് ഉപതെരഞ്ഞെടുപ്പിൽ, ഇരുപതിനായിരത്തോളം വോട്ടുകൾ ഉപതെരഞ്ഞെടുപ്പിൽ കുറക്കാൻ കഴിഞ്ഞതും എൽഡിഎഫ് നേട്ടമായി വിലയിരുത്തുന്നു.

പൊന്നാനി: ലീഗിന്റെ പൊന്നാപുരം കോട്ടയിൽ പൊരിഞ്ഞ മൽസരം

സർവേ ഫലം ഇങ്ങനെ

യുഡിഎഫ്- 46
എൽഡിഎഫ്- 41
എൻഡിഎ- 7
മറ്റുള്ളവർ-4
നോട്ട -2

ഒത്തുപിടിച്ചാൽ പൊന്നാനി പോരുമോ? മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ വലിയ പ്രതീക്ഷകളൊന്നുമില്ലാത്ത എൽഡിഎഫ് പൊന്നാനിയിൽ ഇത്തവണ വലിയ പ്രതീക്ഷയിലാണ്. അതിനെ സാധൂകരിക്കുന്ന രീതിയിൽ വെറും അഞ്ച് ശതമാനം വോട്ടിന്റെ ഭൂരിപക്ഷമാണ് സർവേയിൽ ഇവിടെ യുഡിഎഫിന് കാണുന്നത്. കഴിഞ്ഞ തവണ വെറും 25000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മുസ്ലീലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീർ ഇവിടെ ജയിച്ചുകയറിയത്. ഇത്തവണ മികച്ച സ്ഥാനാർത്ഥി മൽസരിച്ചാൽ മണ്ഡലം പിടിക്കാമെന്ന കണക്കുകൂട്ടലിലാണ് ഇടതുമുന്നണി. എന്നാൽ ബനാത്തവാലയടക്കമുള്ള പ്രമുഖരെ പാർലിമെന്റിൽ എത്തിച്ച പൊന്നാനി, ഒരുകാലത്തും തങ്ങളെ കൈവിടില്ലെന്നുമാണ് മുസ്ലീ ലീഗ് കണക്കുകൂട്ടുന്നത്. 2004ൽ കോൺഗ്രസ് കേരളത്തിൽ നിന്നും ഒറ്റ എം പിയെയും ജയിപ്പിക്കാനാവാതെ പരാജയം ഏറ്റുവാങ്ങിയപ്പോൾ പൊന്നാനി മണ്ഡലത്തിൽ വിജയിച്ച് ലീഗ് മാനം കാക്കുകയായിരുന്നു. ലീഗിന്റെ ഉരുക്കുകോട്ടയായ മഞ്ചേരി തകർന്നപ്പോഴും പൊന്നാനി ലീഗിനൊപ്പം തന്നെ ഉറച്ചു നിൽക്കയായിരുന്നു.

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി, താനൂർ, തിരൂർ, കോട്ടക്കൽ, തവനൂർ, പൊന്നാനി, പാലക്കാട് ജില്ലയിലെ തൃത്താല എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ് പൊന്നാനി ലോകസഭാ നിയോജകമണ്ഡലം. 2004ലെ തിരഞ്ഞെടുപ്പ് വരെ പെരിന്തൽമണ്ണ, മങ്കട എന്നീ നിയമസഭാ മണ്ഡലങ്ങൾ പൊന്നാനിക്കു കീഴിലായിരുന്നു. തുടർന്ന് മണ്ഡല പുനർനിർണയം വന്നപ്പോൾ പെരിന്തൽമണ്ണയും മങ്കടയും മലപ്പുറം ലോക്‌സഭാമണ്ഡലത്തിലേക്ക് പോകുകയും, പുതുതായി രൂപവത്കരിച്ച തവനൂർ,കോട്ടക്കൽ മണ്ഡലങ്ങൾ പൊന്നാനിയോട് കൂട്ടിച്ചേർക്കപ്പെടുകയും ചെയ്തു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തവനുർ, പൊന്നാനി, താനുർ എന്നീ മുന്നു മണ്ഡലങ്ങളിൽ എൽഡിഎഫും ബാക്കിയുള്ളവയിൽ യുഡിഎഫുമാണ് വിജയിച്ചത്. മന്ത്രി കെടി ജലീലിന്റെ മണ്ഡലമായ തവനൂരിൽനിന്നും സ്പീക്കർ ശ്രീരാമകൃഷ്ണന്റെ മണ്ഡലമായ പൊന്നാനിയിൽ നിന്നും കിട്ടുന്ന ലീഡ് തങ്ങളെ തുണക്കുമെന്നാണ ഇടതുപക്ഷം കരുതുന്നത്. അതിനുപുറമെ തൃത്താലയിലും അവർ ലീഡ് പ്രതീക്ഷിക്കുന്നുണ്ട്. നിയമസഭ തെരഞ്ഞെുടുപ്പിൽ തങ്ങളുടെ കോട്ടയായിരുന്ന തിരൂരങ്ങാടിയിലും തിരൂരിലും കോട്ടയ്ക്കലിലും ലീഗ് ജയിച്ചെങ്കിലും ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞതും എൽഡിഎഫിന് പ്രതീക്ഷയേകുന്നു. പക്ഷേ ലോക്സഭയിലും നിയമ സഭയിലും രണ്ട് വോട്ടിങ്ങ് പാറ്റേൺ ആണെന്ന യുഡിഎഫ് വാദം ശരിവെക്കുന്ന രീതയിലാണ് സർവേ ഫലങ്ങൾ പുറത്തുവരുന്നത്.

പാലക്കാട് : ഇളകാതെ ഇടതുകോട്ട

സർവേ ഫലം ഇങ്ങനെ

എൽഡിഫ്- 44
യുഡിഎഫ്- 37
എൻഡിഎ- 15
മറ്റുള്ളവർ - 3
നോട്ട -1

ഇടതുമുന്നണി തങ്ങളുടെ ഉറച്ച സീറ്റുകളിൽ ഒന്നായി കണക്കൂകൂട്ടുന്ന പാലക്കാട് മണ്ഡലത്തിൽ, മറുനാടൻ സർവേയിലും തെളിയുന്നത് എൽഡിഎഫ് ആഭിമുഖ്യത്തിന്റെ സൂചനകളാണ്. മുൻ തെരെഞ്ഞെടുപ്പിലെ ലക്ഷത്തിലേറെ വന്ന വൻഭൂരിപക്ഷം ആവർത്തിക്കാൻ കഴിയില്ലെങ്കിലും ഇവിടെ നിലവിൽ 7 ശതമാനം വോട്ടുകൾക്ക് എൽഡിഎഫ് മുന്നിലാണ്. ബിജെപിക്ക് തിരുവനന്തപുരവും കാസർകോടും കഴിഞ്ഞാൽ ഏറ്റവും വോട്ട് കിട്ടുന്ന മണ്ഡലങ്ങളിൽ ഒന്നാണ് പാലക്കാട്. ഇവിടെ ബിജെപിക്ക് വോട്ട് വർധനയുണ്ടായിട്ടുണ്ടെന്ന് സർവേ ഫലങ്ങൾ വ്യക്തമാക്കുന്നു.

96 മുതൽ തുടർച്ചയായി ജയിച്ചുവരുന്ന മണ്ഡലമായ പാലക്കാട്ട് കഴിഞ്ഞ വർഷമാണ് എൽഡിഎഫ് റെക്കാർഡ് ഭൂരിപക്ഷത്തിലേക്ക് കടന്നത്. യുഡിഎഫ് സ്ഥാനാർത്ഥി എം പി വീരേന്ദ്രകുമാറിനെ ഒരു ലക്ഷത്തിൽ പരം വോട്ടിന് മുട്ടുകുത്തിച്ചാണ് സിപിഎമ്മിലെ എം ബി രാജേഷ് ജയിച്ചത്. കഴിഞ്ഞതവണ വെറും രണ്ടായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചിടത്താണ് ഈ രീതയിൽ ലീഡ് ഉയർത്താൻ എൽഡിഎഫിന് ആയത്. എം പി എന്ന നിലയിലുള്ള എംബി രാജേഷിന്റെ മികച്ച പ്രകടനവും തുണച്ചുവെന്ന നിഗമനത്തിയാണ് എൽഡിഎഫ് എത്തിയത്. ഇത്തവണ ഇവിടെ രാജേഷ് മൽസരിക്കുമെന്ന് ഉറപ്പില്ലാത്തത് എൽഡിഎഫ് ക്യാമ്പിൽ ആശങ്ക ഉയർത്തുന്നുണ്ട്. മറുനാടൻ സർവേ സംഘത്തോടും രാജേഷിന്റെ പേര് എടുത്തുപറഞ്ഞാണ് പലരും പ്രതികരിച്ചത്. കഴിഞ്ഞ തവണ എംബി രാജേഷിന്റെ എതിരാളിയായി മൽസരിച്ച എം പി വീരേന്ദ്രകുമാർ ഇപ്പോൾ എൽഡിഎഫിന് ഒപ്പമാണ്.

പാലക്കാട് ജില്ലയിലെ പട്ടാമ്പി, ഷൊർണൂർ, ഒറ്റപ്പാലം, കോങ്ങാട്, മണ്ണാർക്കാട്, മലമ്പുഴ, പാലക്കാട് എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ് പാലക്കാട് ലോകസഭാ നിയോജകമണ്ഡലം. ഇതിൽ മണ്ണാർക്കാടും, പാലക്കാടും ഒഴികെയുള്ള അഞ്ച് നിയമസഭാമണ്ഡലങ്ങളും നിലവിൽ എൽഡിഎഫിന് ഒപ്പമാണ്. വി എസ് അച്യുതാനന്ദന്റെ മണ്ഡലമായ മലമ്പുഴ, കോങ്ങാട്, ഒറ്റപ്പാലം, ഷൊർണ്ണുർ എന്നിവടങ്ങളിലെ വൻ ലീഡാണ് പൊതുവെ എൽഡിഎഫിനെ തുണക്കുന്നത്. എന്നാൽ യുഡിഎഫിന് തീർത്തും ബാലികേറാ മലയുമല്ല ഈ മണ്ഡലം. കരുത്തരായ സ്ഥാനാർത്ഥിയെ ഇറക്കി അരക്കെ നോക്കാനുള്ള തീരുമാനത്തിലാണ് ഇവിടെ യുഡിഎഫും.

ആലത്തൂർ: ആവേശം വിടാതെ ഇടത് ക്യാമ്പ്

സർവേ ഫലം ഇങ്ങനെ

എൻഡിഎഫ്- 45
യുഡിഎഫ്- 40
എൻഡിഎ- 9
മറ്റുള്ളവർ- 4
നോട്ട-2

തങ്ങളുടെ സിറ്റിങ്ങ് സീറ്റ് സിപിഎം ആലത്തൂരിലും നിലനിർത്തുമെന്ന സൂചകങ്ങളാണ് മറുനാടൻ സർവേ നൽകുന്നത്. യുഡിഎഫിനേക്കാൾ 5 ്ശതമാനം വോട്ട് എൽഡിഎഫിന് കിട്ടുമെന്നാണ് സർവേ പ്രവചനം. എൻഡിഎയും തങ്ങളുടെ വോട്ട് നിലനിർത്തുന്നുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നോട്ട 21,417 വോട്ടുകൾ നേടി എന്ന പ്രത്യേകതയും ഇവിടെ ഉണ്ടായിരുന്നു. സംസ്ഥാനത്ത് ഏറ്റവുമധികം നിഷേധവോട്ടുകൾ ഇവിടെയായിരുന്നു. ഈ 21,417 വോട്ടുകളിൽ അതിൽ 10,606 വോട്ടും ചിറ്റൂർ നിയമസഭാ മണ്ഡലത്തിലായിരുന്നു. കർഷകരോഷമാണെന്നും യുഡിഎഫിലെ ഗ്രൂപ്പിസമാണെന്നൂമൊക്കെയുള്ള വിവിധ കാരണങ്ങൾ നോട്ട വർധനവിന് കാരണമായി പറയുന്നുണ്ടെങ്കിലും വ്യക്തമായ നിഗമനം ഇപ്പോഴും ഉണ്ടായിട്ടില്ല. പക്ഷേ ഇത്തവണ അതുപോലെ ഒരു ട്രൻഡ് നോട്ടയുടെ കാര്യത്തിൽ സർവേയിൽ ഉണ്ടായിട്ടില്ല.

പഴയ ഒറ്റപ്പാലം ലോക്‌സഭ മണ്ഡലം പുനർനിർണയിച്ച് രൂപീകരിച്ച ആലത്തുർ മണ്ഡലം 2009 ൽ ആണ് നിലവിൽ വന്നത്. അന്നുമുതൽ അത് തുണച്ചതും എൽഡിഎഫിനെയാണ്. 2009 ൽ എസ്എഫ്‌ഐ നേതാവായിരിക്കെ ആണ് ബിജു പാർലമെന്റ് തിരഞ്ഞെടുപ്പ് രംഗത്തെത്തുന്നത്. 2009 ൽ ഇടതുവിരുദ്ധ തരംഗത്തെ അതിജീവിച്ചത് 20,960 വോട്ടുകൾക്കായിരുന്നു ബിജുവിന്റെ വിജയം. 2014 ൽ ബിജു ഭൂരിപക്ഷം 37,312 വോട്ടുകളാക്കി ഉയർത്തി.

പാലക്കാട്, തൃശൂർ ജില്ലകളിലായി പരന്നുകിടക്കുന്നതാണ് ഈ മണ്ഡലത്തിൽ തരൂർ, ചിറ്റൂർ, നെന്മാറ, ആലത്തൂർ, ചേലക്കര, കുന്നംകുളം, വടക്കാഞ്ചേരി എന്നീ നിയമസഭ മണ്ഡലങ്ങൾ ആണ് ഉൾപ്പെടുന്നത്. സിപിഎമ്മിന് വ്യക്തമായ സ്വാധീനം ഉള്ള മണ്ഡലങ്ങളിൽ ഒന്നാണിത്. പഴയ ഒറ്റപ്പാലം മണ്ഡലവും ഏറെക്കുറെ അങ്ങനെ തന്നെ ആയിരുന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ഏഴ് മണ്ഡലങ്ങളിൽ ആറും ഇടതുപക്ഷത്തോടൊപ്പം ആയിരുന്നു. ആറിൽ അഞ്ചിലും വിജയിച്ചത് സിപിഎം സ്ഥാനാർത്ഥികളും. വടക്കാഞ്ചേരിയിൽ മാത്രമാണ് കോൺഗ്രസ് സ്ഥാനാർത്ഥി അനിൽ അക്കര വിജയിച്ചത്. പക്ഷേ അദ്ദേഹത്തിന്റെ ഭൂരിപക്ഷം റെും 43 വോട്ടുകളായിരുന്നു. ജനതാദൾ യു കൂടി എൽഡിഎഫിലെത്തിയതോടെ രാഷ്ട്രീയമായി എൽഡിഎഫിന് പ്രതീക്ഷ വർധിക്കുന്നുണ്ട്. ഇത്തവണ പികെ ബിജു മൽസരിക്കുമോ എന്ന കാര്യം വ്യക്തതയില്ല. മുൻ സ്പീക്കർ കെ രാധാകൃഷ്ണന്റെ പേരും സിപിഎം പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ തവണത്തെ നോട്ട തങ്ങളുടെ വോട്ടായിരുന്നെന്നും ഇത്തവണ മണ്ഡലം പിടിക്കുമെന്നുമാണ് യുഡിഎഫ് കേന്ദ്രങ്ങൾ അവകാശപ്പെടുന്നത്. പക്ഷേ സർവേ ഫലം ആലത്തൂരിൽ എൽഡിഎഫിന് ആശ്വാസം പകരുന്നതാണ്.

തൃശൂർ: വടക്കുംനാഥന്റെ നാട്ടിൽ വാശിയേറിയ പോരാട്ടം

സർവേ ഫലം ഇങ്ങനെ

എൽഡിഎഫ്- 42
യുഡിഎഫ്- 40
എൻഡിഎ - 13
മറ്റുള്ളവർ - 3
നോട്ട - 2


തൃശൂരിൽ ഇടതുപക്ഷത്തിന്റെ സിറ്റിങ്ങ് സീറ്റിൽ ഇത്തവണ തീപാറുന്ന പോരാട്ടം. മറുനാടൻ സർവേയിലെ സൂചകങ്ങൾ അനുസരിച്ച് വെറും രണ്ടുശതമാനം വോട്ടിന് മാത്രമാണ് എൽഡിഎഫ് മുന്നിലെത്തിയത്. സിപിഐയിലെ സി എൻ ജയദേവൻ ഒരിക്കൽകൂടി ജനവിധി തേടുന്ന ഈ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ കാര്യം തീരുമാനിച്ചിട്ടില്ല. വി എം സുധീരനെപ്പോലെ കരുത്തനായ ഒരു സ്ഥാനാർത്ഥിയാണ് എത്തുന്നതെങ്കിൽ തൃശൂരിലെ ഫലം പ്രവചനാതീതമാവും. ടി എൻ പ്രതാപന്റെ പേരും പറഞ്ഞുകേൾക്കുന്നുണ്ട്.സ്ഥാനാർത്ഥി ആരാണെന്ന് അറിഞ്ഞിട്ട് വോട്ട് ചെയ്യാമെന്ന് പറഞ്ഞ് സർവേയിൽനിന്ന് മാറി നിന്നവരും ഈ മണ്ഡലത്തിൽ നിരവധിയായിരുന്നു. മണ്ഡലത്തിലുടനീളം വലിയ സാന്നിധ്യവാൻ കഴിയുന്ന ബിജെപി മുതിർന്ന നേതാക്കളിൽ ഒരാളെ കളത്തിലിറക്കുമെന്നും സൂചനയുണ്ട്. എൻഎസ്എസിനും ബിഡിജെഎസിനും മണ്ഡലത്തിൽ നല്ല സ്വാധീനമുണ്ട്. പക്ഷേ ആ രീതിയിലുള്ള വൻ വോട്ട്് വർധന സർവേയിൽ ബിജെപിയുടെ ഭാഗത്തുനിന്ന് കാണുന്നില്ല.

കഴിഞ്ഞതവണ സിഎൻ ജയദേവൻ മുപ്പത്തി എട്ടായിരത്തിൽപ്പരം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. ഇരുമുന്നണികളെയും മാറി മാറി തുണക്കുന്നതാണ് മണ്ഡലത്തിന്റെ രാഷ്ട്രീയ ചിത്രം. 99ൽ യുഡിഎഫിനൊപ്പമായിരുന്നു മണ്ഡലം 2004ൽ എൻഡിഫിനൊപ്പമായി. 2009ൽ വീണ്ടും യുഡിഎഫ് ജയിച്ചപ്പോൾ 2014 മണ്ഡലം വീണ്ടും ഇടതുമുന്നണി തിരിച്ചുപിടിച്ചു. ഈ ചാഞ്ചാടുന്ന സ്വഭാവം തങ്ങൾക്ക് ഗുണം ചെയ്യുമെന്നാണ് യുഡിഎഫ് കരുതുന്നത്.

ഗുരുവായൂർ, മണലൂർ, ഒല്ലൂർ, തൃശ്ശൂർ, നാട്ടിക, ഇരിങ്ങാലക്കുട, പുതുക്കാട് എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് തൃശ്ശൂർ ലോകസഭാമണ്ഡലം. നിയമസഭാ തെരഞ്ഞെടുപ്പിലെ കണക്കുവെച്ച് ഈ മണ്ഡലങ്ങളൊക്കെ എൽഡിഎഫിന് ഒപ്പമാണ്. പക്ഷേ ആ ട്രെൻഡിൽനിന്ന് തീർത്തും വ്യത്യസ്മായ കടുത്ത പോരാട്ടത്തിന്റെ സൂചനയാണ് മറുനാടൻ സർവേ സൂചനകൾ നൽകുന്നത്. ലോക്സഭാ തെരെഞ്ഞടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും കേരളത്തിൽ രണ്ടുതരം വോട്ടിങ്ങ് പാറ്റേൺ വരുന്നതിന്റെ സൂചനകളും ഈ സർവേ ഫലം നൽകുന്നുണ്ട്.

ചാലക്കുടി: പ്രതിഷേധ വോട്ടുകൾ യുഡിഎഫിനെ തുണക്കുന്നു

സർവേ ഫലം ഇങ്ങനെ

യുഡിഎഫ്- 37
എൽഡിഎഫ്- 35
എൻഡിഎ- 13
മറ്റുള്ളവർ-5
നോട്ട- 10

എൽഡിഎഫിന്റെ സിറ്റിങ്ങ് സീറ്റായ ചാലക്കുടിയിൽ യുഡിഎഫ് മുന്നിട്ട് നിൽക്കുന്ന കാഴ്ചയാണ് മറുനാടൻ സർവേ ഫലങ്ങൾ വ്യക്താമാക്കുന്നത്. രണ്ടു ശതമാനം വോട്ടിന്റെ ലീഡ് യുഡിഎഫിന് കിട്ടിയത് കടുത്ത മൽസരത്തിന്റെ സൂചനകളാണ് നൽകുന്നത്. പരമ്പരാഗതമായ യുഡിഎഫ് മണ്ഡലമായ ഇവിടെ കഴിഞ്ഞതവണ നടൻ ഇന്നസെന്റിനെ ഇറക്കിയുള്ള പരീക്ഷണത്തിലാണ് ഇടതുമുന്നണി വിജയിച്ചത്. എൻഡിഎയുടെ വോട്ടിലും ഇവിടെ ഗണ്യമായ വർധയുണ്ട്.

കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ ആലത്തൂരിൽ 21,417 വോട്ടുകൾ നേടി നോട്ട റിക്കോർഡിട്ടിരുന്നു. ഈ 21,417 വോട്ടുകളിൽ അതിൽ 10,606 വോട്ടും ചിറ്റൂർ നിയമസഭാ മണ്ഡലത്തിലായിരുന്നു. എന്നാൽ സമാനമായ ഒരു നോട്ടാ പ്രവാഹത്തിനാണ് ചാലക്കുടിയിലെ മറുനാടൻ സർവേയും സാക്ഷ്യം വഹിച്ചത്. സിറ്റിങ്ങ് എം പിയും സിനിമാ താരവുമായ ഇന്നസെന്റിനെതിരെ മണ്ഡലത്തിൽ വൻ പ്രതിഷേധമുണ്ടെന്നാണ് സർവേ സംഘത്തിന് മനസ്സിലായത്. ചികിൽസയും സിനിമാ തിരക്കുകളുമൊക്കെയായി ദീർഘകാലം മണ്ഡലത്തിൽ ഇന്നസെന്റിന്റെ അസാന്നിധ്യവും ഉണ്ടായിരുന്നു. ഇതിനൊപ്പം കേന്ദ്ര- സംസ്ഥാന സർക്കാറുകൾക്കെതിരായ പ്രതിഷേധവും പ്രതിപക്ഷ പാർട്ടിയെന്ന നിലയിൽ യുഡിഎഫിന് ഗുണം ചെയ്തു. ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ പിന്തുണയും യുഡിഎഫിന് ഗുണം ചെയ്യുന്നുണ്ട്.

(മധ്യകേരളവും തെക്കൻ കേരളവും ഉൾപ്പെടുന്ന ഒൻപത് മണ്ഡലങ്ങളിലെ ഫല സൂചനകൾ അടക്കമുള്ള മറുനാടൻ അഭിപ്രായ സർവേയുടെ അവസാനഭാഗം ഇന്ന് ഉച്ചക്ക് നാലിന്‌ പുറത്തുവിടുന്നതാണ്)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP