Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202425Saturday

അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം

അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം

ടീം മറുനാടൻ

തിരുവനന്തപുരം: മറുനാടൻ മലയാളി, യങ് ഇന്ത്യ കാലിക്കറ്റ് പി ആർ ഏജൻസിയുമായി ചേർന്ന് നടത്തുന്ന, ലോക്സഭാ തെരഞ്ഞെടുപ്പ് 2024-പ്രീ പോൾ ഇലക്ഷൻ സർവേയുടെ നാലാമത്തെതും അവസാനത്തെതുമായ ഘട്ടത്തിന്റെ ഫലം പുറത്തു വിടുകയാണ്. പത്തനംതിട്ട, മാവേലിക്കര, കൊല്ലം, ആറ്റിങ്ങൽ, തിരുവനന്തപുരം എന്നീ അഞ്ച് മണ്ഡലങ്ങളുടെ ഫലമാണ് ഇപ്പോൾ പുറത്തുവിടുന്നത്. കാസർകോട് മുതൽ കോട്ടയംവരെയുള്ള പതിനഞ്ച് മണ്ഡലങ്ങളിലെ സർവേഫലം കഴിഞ്ഞ ദിവസങ്ങളിലായി പ്രസിദ്ധീകരിച്ചിരുന്നു.

ഇക്കഴിഞ്ഞ ഏപ്രിൽ 8,9,10,11,12 തീയതികളിലായി, മറുനാടൻ ടീം കേരളത്തിലെ മുഴുവൻ മണ്ഡലങ്ങളിലുമെത്തി, നേരിട്ട് വോട്ടർമാരെ കണ്ടാണ് സർവേ നടത്തിയത്. മലയാളത്തിലെ മറ്റൊരു മാധ്യമത്തിനുമില്ലാത്ത കൃത്യതയാണ് മറുനാടൻ സർവേയെ വേറിട്ട് നിർത്തുന്നത്. കഴിഞ്ഞ ഏഴു തിരഞ്ഞെടുപ്പിലും മറുനാടന്റെ പ്രവചനം ശരിയായിരുന്നു. വിദേശ മാധ്യമങ്ങളും, ഇന്ത്യയിലെ പ്രമുഖ ദേശീയ മാധ്യമങ്ങളും അവലംബിക്കുന്ന അതേ രീതിയായ, ഡബിൾ ബ്ലൈൻഡ് റാൻഡം സ്റ്റാറ്റിസ്റ്റിക്കൽ മെത്തേഡാണ്്, മറുനാടൻ ടീമും അവലംബിക്കുന്നത്. പ്രമുഖരായ തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധരും ടീമിന്റെ ഭാഗമാവുന്നുണ്ട്.

ഏറ്റവും പ്രധാനം, ഇത് ഒരു സ്വതന്ത്രമായ അഭിപ്രായ സർവേയാണെന്നതാണ്. മറുനാടൻ മലയാളിയുടെ രാഷ്ട്രീയ നിലപാടുമായി ഈ സർവേക്ക് യാതൊരു ബന്ധവുമില്ല. മാത്രമല്ല ഏത് സർവേകളും പ്രതിഫലിപ്പിക്കുന്നത്, ആ സമയത്ത് തെരഞ്ഞെടുപ്പ് നടന്നാലുള്ള രാഷ്ട്രീയ കാലാവസ്ഥയാണ്. ഇത് വളരെ പെട്ടന്ന് മാറി മറിയാം. അഭിപ്രായ സർവേകളിൽ പത്തു ശതമാനം വരെ മനുഷ്യസഹജമായ തെറ്റുകളും (ഹ്യൂമൻ എറർ) വരാം. ഇന്ത്യയിലും, കേരളത്തിലും, വിദേശ രാഷ്ട്രങ്ങളിലുമൊക്കെ എക്‌സിറ്റ്പോളുകൾ പോലും പല തവണ മാറിമറഞ്ഞ സംഭവങ്ങൾ നേരത്തെ ഉണ്ടായിട്ടുണ്ട്. അതായത് ഏത് സർവേയിലെയും പോലെ മറുനാടനും അടിസ്ഥാനപരമായ ചില രാഷ്ട്രീയ സൂചകങ്ങളാണ് മുന്നോട്ട് വെക്കുന്നത്. ഇത് ഒരു അന്തിമ വിധിയല്ലെന്നും വായനക്കാരെ അറിയിക്കുകയാണ്.

പത്തനംതിട്ട യുഡിഎഫിന് തന്നെ

എന്നും യുഡിഎഫിന് കൃത്യമായ മേൽക്കെയുള്ള മണ്ഡലമാണ് പത്തനംതിട്ട. 2008-ലെ മണ്ഡലം പുനഃക്രമീകരണത്തിൽ രൂപീകൃതമായ മണ്ഡലമാണിത്. അന്ന് തൊട്ട് കോൺഗ്രസ് നേതാവ് ആന്റോ ആന്റണിയാണ് ഇവിടുത്തെ എം പി. 2009-ൽ സിപിഎം ജില്ല സെക്രട്ടറിയായിരുന്ന കെ. അനന്തഗോപനെ 1,11,206 വോട്ടിന്റെ തകർപ്പൻ ഭൂരിപക്ഷത്തിനാണ് ആന്റോ തോൽപ്പിച്ചത്. 2014-ൽ ആയപ്പോൾ ആന്റോ ആന്റണിയുടെ ഭൂരിപക്ഷം കുറഞ്ഞു. സിപിഎം സ്വതന്ത്രനായി മത്സരിച്ച മുൻ കോൺഗ്രസ് നേതാവ് ഫീലിപ്പോസ് തോമസിനെ 56,191 വോട്ടുകൾക്കാണ് ആന്റോ പരാജയപ്പെടുത്തിയത്. 2019-ൽ സിപിഎമ്മിലെ വീണാജോർജിനെ 44,243 വോട്ടിന്റെ ഭൂരിപക്ഷത്തിൽ മറികടന്നാണ് ആന്റോ ഹാട്രിക്ക് തികച്ചത്.

പക്ഷേ കഴിഞ്ഞ തവണ ത്രികോണ മത്സരത്തിന് സമാനമായ കടുത്ത പോരാട്ടത്തിനാണ് മണ്ഡലം സാക്ഷിയായത്. ശബരിമല പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ, ആ വികാരം വെച്ചുകൊണ്ടായിരുന്നു ശബരിമല ഉൾപ്പെടുന്ന മണ്ഡലത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പോരിനിറങ്ങിയത്. അദ്ദേഹം 2.98 ലക്ഷം വോട്ട് പിടിച്ചത് ഏവരെയും ഞെട്ടിച്ചിരുന്നു. 2014-ൽ 41.3 ശതമാനം വോട്ട് നേടിയ ആന്റോ ആന്റണിക്ക് 2019-ൽ കിട്ടിയത് 37.1 ശതമാനം വോട്ടായിരുന്നു. അതയാത് കോൺഗ്രസിന്റെ കുറേ വോട്ടുകൾ ബിജെപിക്ക് പോയെന്ന് വ്യക്തം.

ഇത്തവണ നാലാമൂഴത്തിന് ഇറങ്ങുന്ന ആന്റോയെ തളക്കാനായി, മുൻ മന്ത്രിയും സിപിഎം കേന്ദ്രകമ്മറ്റി അംഗവുമായ ഡോ തോമസ് ഐസക്കിനെയാണ് ഇടതുമുന്നണി രംഗത്തിറക്കിയത്. ബിജെപിയാവട്ടെ, ഈയിടെ പാർട്ടിയിൽ എത്തിയ, അനിൽ ആന്റണിയെയും. എ കെ ആന്റണിയുടെ മകന്റെ കൂടുമാറ്റവും മറ്റും മണ്ഡലത്തിൽ ഏറെ ചർച്ചയായതാണ്. മറുനാടൻ സർവേ പ്രകാരം, ഇവിടെ യുഡിഎഫിന് അഞ്ചു ശതമാനം വോട്ടിന്റെ വ്യക്തമായ മേൽക്കെയുണ്ട്.

ഫലം ഒറ്റനോട്ടത്തിൽ- (വോട്ട് ശതമാനക്കണക്കിൽ)

യുഡിഎഫ്- 38

എൽഡിഎഫ്- 33

എൻഡിഎ- 22

മറ്റുള്ളവർ- 3

നോട്ട- 4

2019-ലെ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് 37.11 ശതമാനവും, എൽഡിഎഫിന് 32.8 ശതമാനവും, എൻഡിഎയ്ക്ക് 28.97 ശതമാനവും വോട്ടാണ് ലഭിച്ചത്. അതുവെച്ച് നോക്കുമ്പോൾ യുഡിഎഫിന്റെയും എൽഡിഎഫിന്റെയും വോട്ടിൽ നേരിയ കുറവ് വരുന്നുണ്ട്. എന്നാൽ ബിജെപിയുട വോട്ടിൽ ആറുശതമാനത്തിന്റെ വലിയ ഇടിവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ തവണ ശക്തമായ ശബരിമല വികാരം ബിജെപിക്ക് തുണയായിരുന്നു. എന്നാൽ ഇപ്പോൾ അതുപോലെ ഒരു ഘടകമില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിനെ വെച്ചുനോക്കുമ്പോൾ, സംസ്ഥാനത്ത് എൻഡിഎക്ക് വോട്ടുകൾ കുറയുന്ന അപൂർവം മണ്ഡലങ്ങളിലൊന്നായി മാറുകയാണ് പത്തനംതിട്ട.

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, പത്തനംതിട്ട ജില്ലയിലെ തിരുവല്ല, റാന്നി, ആറന്മുള, കോന്നി, അടൂർ എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ് പത്തനംതിട്ട ലോകസഭാ നിയോജകമണ്ഡലം. 2019-ലെ രാഷ്ട്രീയ കാലവസ്ഥ, 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആകെ മാറി. നിയസഭയിലേക്ക് മുഴുവൻ സീറ്റിലും ജയിച്ചത് ഇടതുമുന്നിയാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കും വോട്ട് കുറയുകയാണ് ഉണ്ടായത്.

മാവേലിക്കരയിൽ കൊടിയിറക്കം!

ആലപ്പുഴ, കൊല്ലം, കോട്ടയം ജില്ലകളിലായി പരന്ന് കിടക്കുന്ന മാവേലിക്കര ലോക്സഭാ മണ്ഡലത്തിന്റെ ചരിത്രം, യുഡിഎഫിനൊപ്പമാണ്്. 1962-ൽ മണ്ഡലം രൂപീകൃതമായ ആദ്യ തിരഞ്ഞെടുപ്പിൽ വിജയം കോൺഗ്രസിനായിരുന്നു. 1984-ൽ ജനതാപാർട്ടിയുടെ തമ്പാൻ തോമസും, 2004-ൽ സിപിഎമ്മിലെ സി എസ് സുജാതയുംൗ ജയിച്ചതൊഴിച്ചാൽ കോൺഗ്രസ് കോട്ടതന്നെയായിരുന്നു ഇവിടം.

2009ലെ മണ്ഡല പുനർ നിർണയത്തിൽ മാവേലിക്കര സംവരണ മണ്ഡലമായി. അന്ന് തുടങ്ങിയതാണ് ഇവിടുത്തെ കൊടിക്കുന്നിൽ യുഗം. അടൂരിലെ സിറ്റിങ് എംപിയായിരുന്ന കൊടിക്കുന്നിൽ സുരേഷ് ആ തെരഞ്ഞെടുപ്പിലാണ് മാവേലിക്കരയിൽ എത്തുന്നത്. അന്ന് കൂറ്റൻ വിജയം മണ്ഡലത്തിൽ സ്വന്തമാക്കാൻ കൊടിക്കുന്നിലിന് കഴിഞ്ഞു. 2014-ലും 2019-ലും അദ്ദേഹം വിജയം ആവർത്തിച്ചു. 2019-ൽ എൽഡിഎഫിലെ ചിറ്റയം ഗോപകുമാറിനെതിരെ 61,138 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു കൊടിക്കുന്നിലിന്റെ വിജയം. ഇക്കുറി നാലാം അങ്കത്തിനിറങ്ങുകയാണ് കൊടിക്കുന്നിൽ. മറുവശത്ത് എൽഡിഎഫ് മത്സരിപ്പിക്കുന്നത് യുവ നേതാവ് സി എ അരുൺ കുമാറിനെയാണ്.എൻഡിഎയ്ക്കുവേണ്ടി ബിഡിജെഎസ് നേതാവ് ബൈജു കലാശാലയും രംഗത്തുണ്ട്.

മറുനാടൻ സർവേ പ്രകാരം ഇവിടെ അട്ടിമറിയുടെ സൂചനയുണ്ട്. മൂന്ന് ശതമാനം വോട്ടിന് ഇവിടെ എൽഡിഎഫാണ് മുന്നിൽ.

ഫലം ഒറ്റനോട്ടത്തിൽ- (വോട്ട് ശതമാനക്കണക്കിൽ)

എൽഡിഎഫ്- 44

യുഡിഎഫ്- 41

എൻഡിഎ- 9

മറ്റുള്ളവർ-1

നോട്ട- 5

എൽഡിഎഫിന് കഴിഞ്ഞ തവണ ഇവിടെ 39 ശതമാനം വോട്ടാണ് ലഭിച്ചത്. അതിൽനിന്ന് 5 ശതമാനത്തിന്റെ ഗണ്യമായ വർധന സർവേയിൽ കാണുന്നുണ്ട്. അതേസമയം കഴിഞ്ഞ തവണ കൊടിക്കുന്നിൽ സുരേഷിന് ലഭിച്ച 45.36 ശതമാനം വോട്ട് 41 ശതമാനമായി കുറയുമെന്നാണ് സർവേ പ്രവചനം. മിക്ക മണ്ഡലങ്ങളിലും കണ്ട ട്രെൻഡിന് വിരുദ്ധമായി, മാവേലിക്കയിൽ എൻഡിഎ വോട്ട് കുറയുകയാണ്. 2019-ൽ 13.75 ശതമാനമായിരുന്ന, എൻഡിഎ വോട്ടുകൾ, മറുനാടൻ സർവേ പ്രകാരം 9 ശതമാനത്തിലേക്ക് ഇടിയുകയാണ്. മറ്റ് മണ്ഡലങ്ങളിൽനിന്ന് വ്യത്യസ്തമായി നോട്ടക്ക് 5 ശതമാനത്തോളം വോട്ടുകൾ കിട്ടുന്നുവെന്നതും മാവേലിക്കരുടെ പ്രത്യേകതയാണ്. ഈ നിഷേധവോട്ടർമാർ പലരും ബൂത്തിലെത്തുമ്പോൾ നിലപാട് മാറ്റാനുമിടയുണ്ട്. അതിനാൽ മാവേലിക്കര ഇപ്പോഴും കൈയലാപ്പുറത്താണെന്നേ പറയാൻ കഴിയൂ.

ആലപ്പുഴ ജില്ലയിലെ മാവേലിക്കര, കുട്ടനാട്, ചെങ്ങന്നൂർ നിയമസഭാ മണ്ഡലങ്ങളും, കൊല്ലം ജില്ലയിലെ കുന്നത്തൂർ, കൊട്ടാരക്കര, പത്തനാപുരം നിയമസഭാ മണ്ഡലങ്ങളും, കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി നിയമസഭാ മണ്ഡലവും ചേർന്നതാണ് മാവേലിക്കര ലോക്സഭ മണ്ഡലം. നിയമസഭാമണ്ഡലങ്ങളിൽ ഭൂരിഭാഗവും ഇടതിന് ഒപ്പമാണ്.

കൊല്ലത്ത് പ്രേമലു!

സിപിഎമ്മിനും ആർഎസ്‌പിക്കും നല്ല അടിത്തറയുള്ള കൊല്ലത്ത്, മണ്ഡല ചരിത്രം നോക്കിയാൽ ചായ്വ് ഇടതിനോടാണ്. മണ്ഡലം രൂപീകൃതമായ ശേഷം നടന്ന 17 തിരഞ്ഞെടുപ്പുകളിൽ 10 തവണയും കൊല്ലം ഇടതുപക്ഷത്തിനൊപ്പമാണ് നിന്നത്. സിപിഎമ്മിന്റെ ശക്തികേന്ദ്രമാണെങ്കിലും മുന്നണി ധാരണപ്രകാരം ആർഎസ്‌പിയാണ് കൊല്ലത്ത് സ്ഥിരമായി മത്സരിച്ചുപോന്നത്. എന്നാൽ 1999 മുതൽ 10 വർഷം പി രാജേന്ദ്രനിലൂടെ സിപിഎമ്മിന്റെ കൈയിലായി മണ്ഡലം. 2009-ൽ പീതാംബരക്കുറിപ്പിലൂടെ കോൺഗ്രസ് തിരിച്ചുപിടിച്ചു. 2014ലിൽ ആർഎസ്‌പിയുടെ ആവശ്യം തള്ളി സിപിഎം സീറ്റ് നിഷേധിച്ചതിനെ തുടർന്ന് അവർ ഇടതുബന്ധം ഉപേക്ഷിച്ച് യുഡിഎഫിൽ എത്തി. അതോടെ, കൊല്ലവും ഐക്യമുന്നണിക്ക് ഒപ്പമായി.

2014-ൽ മുമ്പ് കൊല്ലത്തുനിന്ന് രണ്ടുതവണ ഇടത് ബാനറിൽ എംപിയായ എൻ കെ പ്രേമചന്ദ്രനെയാണ് ആർഎസ്‌പി, യുഡിഎഫിനുവേണ്ടി രംഗത്തിറക്കിയത്. മുതിർന്ന സിപിഎം നേതാവ് എം.എ.ബേബിയായിരുന്നു എതിരാളി. പിണറായിയുടെ പരനാറി പ്രയോം വരെ ചർച്ചയായ തിരഞ്ഞെടുപ്പിൽ, പ്രേമചന്ദ്രൻ 37,649 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ചു. 2019-ൽ 1,48,856 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിനാണ്, ഇപ്പോഴത്തെ സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാലിനെ പ്രേമചന്ദ്രൻ പരാജയപ്പെടുത്തിയത്.

ഇപ്പോൾ ഹാട്രിക്ക് വിജയം തേടി പ്രേമചന്ദ്രൻ വീണ്ടും മത്സരിക്കയാണ്.
ജനകീയാനയാ പ്രേമചന്ദ്രനെ നേരിടാൻ, നടനും കൊല്ലം എംഎൽഎയുമായ എം മുകേഷിനെയാണ് സിപിഎം രംഗത്തിറക്കിയിരിക്കുന്നത്. നടൻ ജി കൃഷ്ണകുമാറിനെയാണ് ഇവിടെ ബിജെപി രംഗത്തിറക്കിയിരിക്കുന്നത്. മറുനാടൻ സർവേ പ്രകാരം 7 ശതമാനം വോട്ടിന്റെ മാർജിന് ഇവിടെ യുഡിഎഫ് മുന്നിലാണ്.

ഫലം ഒറ്റനോട്ടത്തിൽ- (വോട്ട് ശതമാനക്കണക്കിൽ)

യുഡിഎഫ്-42

എൽഡിഎഫ്- 35

എൻഡിഎ-21

മറ്റുള്ളവർ-1

നോട്ട-1

അതേസമയം യുഡിഎഫിന് 2019-ൽ കിട്ടിയ വോട്ടിൽ വലിയ ഇടിവ് സർവേ കാണിക്കുന്നുണ്ട്. അന്ന് 51 ശതമാനമുണ്ടായിരുന്ന യുഡിഎഫ് വോട്ട് സർവേയിൽ 42ലേക്ക് കുറയുകയാണ്. 36 ശതമാനം ഉണ്ടായിരുന്ന എൽഡിഎഫ് വോട്ടിലും നേരിയ കുറവാണുള്ളത്. എന്നാൽ ഇവിടെ എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറാണ് കുത്തനെ വോട്ടുയുർത്തുന്നത്. കഴിഞ്ഞ തവണ 12 ശതമാനമുണ്ടായിരുന്നു ബിജെപി വോട്ട് ഇവിടെ 9 ശതമാനം ഉയർന്ന് 21ൽ എത്തുകയാണ്. യുഡിഎഫിനും എൽഡിഎഫിനും ഉണ്ടാവുന്ന വോട്ട് നഷ്ടത്തിന്റെ കാരണവും, ബിജെപിയുടെ വളർച്ചയാണ്. എന്നാലും 7 ശതമാനം വോട്ടിന്റെ വ്യത്യാസമുള്ളതുകൊണ്ട്, കാൽലക്ഷത്തിൽ കുറയാത്ത വോട്ടിന്റെ ഭൂരിപക്ഷത്തിന് പ്രേമചന്ദ്രൻ ജയിക്കാൻ സാധ്യതയുണ്ടെന്നാണ് മറുനാടൻ സർവേ വിലയിരുത്തുന്നത്.

ചവറ, പുനലൂർ, ചടയമംഗലം, കുണ്ടറ, കൊല്ലം, ഇരവിപുരം, ചാത്തന്നൂർ എന്നീ നിയമസഭാ മണ്ഡലങ്ങളാണ് കൊല്ലത്തുള്ളത്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കുണ്ടറ ഒഴികെ ആറ് മണ്ഡലത്തിലും എൽഡിഎഫ് സ്ഥാനാർത്ഥികളാണ് വിജയിച്ചത്.

ആറ്റിങ്ങലിൽ അട്ടിമറി!

തെക്കൻ കേരളത്തിലെ ഇടതിന്റെ ഉറച്ച കോട്ടയായാണ്് ആറ്റിങ്ങൽ മുമ്പ് അറിയപ്പെട്ടിരുന്നത്. മണ്ഡല ചരിത്രവും ഇടതിന് ഒപ്പമാണ്. 2008-ലെ മണ്ഡല പുനർനിർണയത്തിനു ശേഷമാണ് ചിറയൻകീഴായിരുന്ന ലോക്‌സഭാ സീറ്റ്, ആറ്റിങ്ങലായി മാറുന്നത്. അതിന് മുമ്പും ഇവിടെ കൂടുതൽ വിജയിച്ചിട്ടുള്ളത് ഇടത് സ്ഥാനാർത്ഥികളാണ്. 1957-ൽ തിരുവനന്തപുരം ജില്ലയിലെ എട്ട് നിയമസഭാ മണ്ഡലങ്ങൾ കൂട്ടിച്ചേർത്താണ് ചിറയിൻകീഴ് ലോക്സഭാ മണ്ഡലം രൂപവത്കരിച്ചത്. 1957 മുതൽ 67 വരെയുള്ള മൂന്നു തിരഞ്ഞെടുപ്പുകളിൽ വിജയിച്ചത് സിപിഎമ്മാണ്. പക്ഷേ 1971 മുതൽ 89 വരെ യു.ഡി.എഫിനൊപ്പമായിരുന്നു ആറ്റിങ്ങൽ. 1991- ൽ സുശീലാ ഗോപാലനിലൂടെയാണ് മണ്ഡലം സിപിഎം. തിരിച്ചുപിടിച്ചത്. ശേഷമുള്ള തിരഞ്ഞെടുപ്പുകളിൽ മണ്ഡലം ഇടതിനൊപ്പമായിരുന്നു,

മണ്ഡല പുനർ നിർണയത്തിന് ശേഷമുള്ള രണ്ട് തിരഞ്ഞെടുപ്പുകളിലും ഇടത് സ്ഥാനാർത്ഥിയായ എ. സമ്പത്താണ് ഇവിടെ വിജയിച്ചത്. 2019-ലാണ് ഇതിന് മാറ്റമുണ്ടാകുന്നതും അടൂർ പ്രകാശിലൂടെ മണ്ഡലം യു.ഡി.എഫ്. പിടിച്ചെടുക്കുന്നതും. ശക്തമായ ത്രികോണ മൽസരത്തിൽ സമ്പത്തിനെ 38,247 വോട്ടിന് അടൂർ പ്രകാശ് തറപറ്റിച്ചു. ബിജെപി. സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ രണ്ടരലക്ഷത്തോളം വോട്ട് പിടിച്ച് മുന്നണികളെ ഞെട്ടിച്ചു. മണ്ഡലത്തിന്റെ ചരിത്രത്തിൽത്തന്നെ ആദ്യമായിട്ടായിരുന്നു ബിജെപിയുടെ ഈ മുന്നേറ്റം.

അടൂർ പ്രകാശ് തന്നെയാണ് ഇക്കുറിയും യുഡിഎഫ്. സ്ഥാനാർത്ഥി. കൈവിട്ട മണ്ഡലം തിരിച്ചുപിടിക്കാൻ വി. ജോയ് എംഎൽഎയെ കളത്തിലിറക്കിയാണ് എൽഡിഎഫ്. നീക്കം. എൻഡിഎ. സ്ഥാനാർത്ഥിയായി കേന്ദ്രമന്ത്രി വി. മുരളീധരൻ എത്തിയതോടെ ആറ്റിങ്ങൽ ദേശീയ ശ്രദ്ധയും ആകർഷിച്ചിട്ടുണ്ട്. മറുനാടൻ സർവേ പ്രകാരം ആറ്റിങ്ങലിൽ മൂന്ന് ശതമാനം വോട്ടിന് എൽഡിഎഫ് മുന്നിലാണ്.

ഫലം ഒറ്റനോട്ടത്തിൽ- (വോട്ട് ശതമാനക്കണക്കിൽ)

എൽഡിഎഫ്-37

യുഡിഎഫ്- 34

എൻഡിഎ-26

മറ്റുള്ളവർ-1

നോട്ട-2

കേന്ദ്രമന്ത്രി വി.മുരളീധരന്റെ സാന്നിധ്യമാണ് ഫലത്തിൽ അടൂർ പ്രകാശിന് വിനയായതെന്ന് മറുനാടൻ സർവേയിൽ സൂചിപ്പിക്കുന്നു. കഴിഞ്ഞ തവണ ശോഭാസുരേന്ദ്രൻ നേടിയ 24.69 ശതമാനത്തിന്റെ വോട്ടുവിഹിതം, 26 ശതമാനമാക്കി വി മുരളീധരൻ വർധിപ്പിക്കുന്നു. അതായത് മൂന്നുലക്ഷം വോട്ടിനടുത്തേക്ക് ബിജെപി വോട്ടുകൾ എത്താനിടയുണ്ട്. ഇതാണ് യുഡിഎഫിന്റെ വോട്ട് വിഹിതത്തിൽ ഇടിവുണ്ടാക്കുന്നത്. എൽഡിഎഫിന്റെ വോട്ടുകളും രണ്ടുശതമാനം കൂടുന്നുണ്ട്.

തിരുവനന്തപുരം ജില്ലയിലെ വർക്കല, ആറ്റിങ്ങൽ, ചിറയിൻകീഴ്, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, കാട്ടാക്കട തുടങ്ങിയ തീരദേശ, ഗ്രാമീണ നിയമസഭാ മണ്ഡലങ്ങൾ ചേരുന്ന ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ എല്ലായിടത്തും ഇടത് എംഎൽഎമാരാണ് ഉള്ളത്.

അനന്തപുരിയിൽ തരൂർ മൂന്നിൽ

തിരുവനന്തപുരത്തിന്റെ മണ്ഡല ചരിത്രം നോക്കിയാൽ അത് കൂടുതലും കോൺഗ്രസിന് ഒപ്പമാണ്. എന്നാൽ അത് ഇടതുപക്ഷത്തിന് ബാലികേറാമലയല്ല. 71-ലെ ഉപതെരഞ്ഞെടുപ്പിൽ വി കെ കൃഷ്ണമേനോനെ സ്വതന്ത്രനായി ജയിപ്പിച്ചത് അടക്കമുള്ള വലിയ ചരിത്രം ഇടതുപക്ഷത്തിനും പറയാനുണ്ട്. 96-ൽ കെ വി സുരേന്ദ്രനാഥും, 2004-ൽ പി കെ വാസുദേവൻ നായരും, സിപിഐ ടിക്കറ്റിൽ ഇവിടെനിന്ന് ജയിച്ചിട്ടുണ്ട്. 2005-ലെ ഉപതിരഞ്ഞെടുപ്പിൽ പന്ന്യൻ രവീന്ദ്രനും. പക്ഷേ 2009 മുതൽ ഇവിടെ ശശി തരൂർ യുഗമാണ്.

2009-ലെ കന്നിയങ്കത്തിൽ 99,998 വോട്ടിന് ജയിച്ച തരൂർ, 2014-ലെ കടുത്ത ത്രികോണമൽസരത്തിൽ ഉലഞ്ഞെങ്കിലും, 15,470 വോട്ടിന് മണ്ഡലം നിലനിർത്തി. 2019-ൽ വീണ്ടും വൻ ഭൂരിപക്ഷത്തിന് തിരുവനന്തപുരത്തുകാർ തരൂരിനെ ലോക്‌സഭയിലേക്കയച്ചു. 99,989 വോട്ടിന് ബിജെപിയിലെ കുമ്മനം രാജശേഖരനെയാണ് തരൂർ തോൽപിച്ചത്. സിപിഐയിലെ സി ദിവാകരൻ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2014 മുതൽ തിരുവനന്തപുരത്ത് ബിജെപിയാണ് രണ്ടാംസ്ഥാനത്ത്.

2014-ൽ ഒ. രാജഗോപാലിലൂടെയാണ് മണ്ഡലത്തിൽ ബിജെപി. കരുത്ത് വർധിപ്പിച്ചത്. 2019-ലെ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 31 ശതമാനത്തിലധികം വോട്ട് കിട്ടിയിരുന്നു. ഇത്തവണയും കോൺഗ്രസ് തരൂരിനെ രംഗത്തിറക്കുമ്പോൾ, ബിജെപി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെയാണ് കളത്തിലിറക്കിയിരുക്കുന്നത്. ഇടതുപക്ഷമാട്ടെ മുതിർന്ന സിപിഐ നേതാവും, മൂൻ എംപിയുമായ പന്ന്യൻ രവീന്ദ്രനെയും. മറുനാടൻ സർവേ പ്രകാരം ഇവിടെ നാലുശതമാനം വോട്ടിന് യുഡിഎഫ് മുന്നിലാണ്.

ഫലം ഒറ്റനോട്ടത്തിൽ- (വോട്ട് ശതമാനക്കണക്കിൽ)


യുഡിഎഫ്- 36

എൻഡിഎ -32

എൽഡിഎഫ്- 29

മറ്റുള്ളവർ-1

നോട്ട-2

എൻഡിഎക്കും എൽഡിഎഫിനും വോട്ട് കൂടുമ്പോൾ, യുഡിഎഫിന് വോട്ട് കുറയുകയാണെന്ന് മറുനാടൻ സർവേ സൂചിപ്പിക്കുന്നു. കഴിഞ്ഞ തവണ 41 ശതമാനമുള്ള യുഡിഎഫ് വോട്ട് നാലുശതമാനം കുറയുന്നുണ്ട്. കഴിഞ്ഞ തവണ 31 ശതമാനം വോട്ടുനേടിയ ബിജെപിക്ക് സർവേ പ്രകാരം ഒരു ശതമാനത്തിന്റെ വർധയുണ്ട്. കഴിഞ്ഞ തവണ 26 ശതമാനം വോട്ട് ഉണ്ടായിരുന്നു എൽഡിഎഫിന്റെ വിഹിതം 29ലേക്ക് ഉയരുന്നുണ്ട്. അതായത് തരൂർ ഇത്തവണയും കടുത്ത മത്സരം നേരിടുകയാണെന്ന് വ്യക്തമാണ്. അഞ്ചുശതമാനത്തിന്റെ ലീഡ് ഉണ്ടെങ്കിൽ മാത്രമെ അത് ഒരു വ്യക്തമായ ഭൂരിപക്ഷമായി പറയാൻ കഴിയുക. എന്തായാലും കഴിഞ്ഞ തവണത്തെ കഴിഞ്ഞ തവണത്തെ ഒരുലക്ഷത്തിനടുത്തെ വോട്ടിന്റെ ഭൂരിപക്ഷം തരൂരിന് ഉണ്ടാവില്ലെന്ന് ഉറപ്പാണ്.

അന്തിമ ഫലത്തിൽ യുഡിഎഫിന് 14

ഇതോടെ കാസർകോട് മുതൽ തിരുവനന്തപുരംവരെയുള്ള 20 മണ്ഡലങ്ങളുടെ മറുനാടൻ സർവേ ഫലം പുറത്തുവന്നിരിക്കയാണ്. 14 മണ്ഡലങ്ങളിൽ യുഡിഎഫും, 5 മണ്ഡലങ്ങളിൽ എൽഡിഎഫും, ഒരിടത്ത് എൻഡിഎയും മുന്നിട്ട് നിൽക്കുന്നു എന്നതാണ് സർവേയുടെ അന്തിമഫലം.

യുഡിഎഫ്- കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പൊന്നാനി, ആലത്തുർ, ചാലക്കുടി, എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം.

എൽഡിഎഫ്- കാസർകോട്, വടകര, പാലക്കാട്, മാവേലിക്കര, ആറ്റിങ്ങൽ

എൻഡിഎ- തൃശൂർ.

ഇതിൽ വടകരയിലും, തൃശൂരിലും ഫോട്ടോ ഫിനീഷാണെന്നാണ് സർവേയിൽ കാണുന്നത്. തൃശൂരിൽ സുരേഷ് ഗോപി കെ മുരളീധരനേക്കാൾ വെറും ഒരു ശതമാനം വോട്ടിന് മാത്രമാണ് മുന്നിൽ. സമാനമാണ് വടകരയിലെയും അവസ്ഥ. ഇവിടെയും വെറും ഒരു ശതമാനം വോട്ടാണ് ശൈലജ ടീച്ചറുടെ ലീഡ്. അതുകൊണ്ടുതന്നെ ഈ മണ്ഡലങ്ങളിലൊക്കെ അവസാന നിമിഷം ഫലം മാറിമറിയാൻ സാധ്യതയുണ്ട്.

വയനാട്, മലപ്പുറം, പൊന്നാനി, എറണാകുളം, ഇടുക്കി, കോട്ടയം, കൊല്ലം, പത്തനംതിട്ട, എന്നീ 8 മണ്ഡലങ്ങളിൽ ഒഴികെ ഒരിടത്തും, 5 ശതമാനം വോട്ടിന്റെ ലീഡ് മുന്നണികൾക്ക് നേടാൻ കഴിഞ്ഞിട്ടില്ല. കേരളത്തിലെ 20-ൽ 12 മണ്ഡലങ്ങളിലും കടുത്ത മത്സരം തന്നെയാണെന്ന് ചുരുക്കം. ഇതിൽ ഇടതുപക്ഷത്തിന് ഒരു സീറ്റിലും അഞ്ചുശതമാനം വോട്ട് നേടി സുരക്ഷിതമായ ഭൂരിപക്ഷത്തിലെത്താൻ കഴിഞ്ഞിട്ടില്ല. എന്നാൽ യുഡിഎഫിന് 8 മണ്ഡലങ്ങൾ ഏതാണ്ട് ഉറപ്പാണ്. വിശാല അർത്ഥത്തിൽ യുഡിഎഫ് 8-20 സീറ്റുവരെ നേടുമെന്ന് പറയാം. കടുത്ത മത്സരം നടക്കുന്ന പന്ത്രണ്ട് സീറ്റുകളിൽ രണ്ടിടത്ത് എൽഡിഎഫ് മൂന്നാം സ്ഥാനത്താണ്. അതിനാൽ എൽഡിഎഫ് പൂജ്യം മുതൽ 10 സീറ്റുകൾ നേടുമെന്ന് പറയാം. എൻഡിഎ പൂജ്യം മുതൽ 2 സീറ്റുകൾ നേടുമെന്നും സർവേയുടെ പൊതുരൂപമായി പറയാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP