Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പ്രതികൂല രാഷ്ട്രീയ സാഹചര്യത്തിലും എ എം ആരിഫിന്റെ ജനകീയതയുടെ ലേബലിൽ ആലപ്പുഴയിൽ മുമ്പിൽ നിൽക്കുന്നത് സിപിഎം; ഇടുക്കിയിൽ ജോയ്സ് ജോർജും എറണാകുളത്ത് പി രാജീവും വൻ മാർജിനിൽ തോൽക്കും; കോട്ടയത്തും യുഡിഎഫ് കോട്ട ഇളകില്ല; ചാലക്കുടിയിൽ ഇന്നസെന്റ് പിടിച്ചുനിൽക്കുന്നെങ്കിലും മുൻതൂക്കം ബെന്നിക്കു തന്നെ; വോട്ടു വർധിക്കുമെങ്കിലും എൻഡിഎക്ക് എവിടെയും വിജയസാധ്യതയില്ല; 15 സീറ്റുകളിലെ മറുനാടൻ സർവേ ഫലങ്ങൾ പുറത്തുവരുമ്പോൾ യുഡിഎഫ്-11, എൽഡിഎഫ്- 4

പ്രതികൂല രാഷ്ട്രീയ സാഹചര്യത്തിലും എ എം ആരിഫിന്റെ ജനകീയതയുടെ ലേബലിൽ ആലപ്പുഴയിൽ മുമ്പിൽ നിൽക്കുന്നത് സിപിഎം;   ഇടുക്കിയിൽ ജോയ്സ് ജോർജും എറണാകുളത്ത് പി രാജീവും വൻ മാർജിനിൽ തോൽക്കും; കോട്ടയത്തും യുഡിഎഫ് കോട്ട ഇളകില്ല; ചാലക്കുടിയിൽ ഇന്നസെന്റ് പിടിച്ചുനിൽക്കുന്നെങ്കിലും മുൻതൂക്കം ബെന്നിക്കു തന്നെ; വോട്ടു വർധിക്കുമെങ്കിലും എൻഡിഎക്ക് എവിടെയും വിജയസാധ്യതയില്ല; 15 സീറ്റുകളിലെ മറുനാടൻ സർവേ ഫലങ്ങൾ പുറത്തുവരുമ്പോൾ യുഡിഎഫ്-11, എൽഡിഎഫ്- 4

ടീം മറുനാടൻ

തിരുവനന്തപുരം: മറുനാടൻ മലയാളിയും പാല സെന്റർ ഫോർ കൺസ്യൂമർ എജ്യുക്കേഷനും സംയുക്തമായി നടത്തുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് രണ്ടാംഘട്ട അഭിപ്രായ സർവേയുടെ മൂന്നാംഘട്ട ഫലങ്ങൾ പുറത്തുവരുമ്പോൾ വ്യക്തമാവുന്നത് യുഡിഎഫ് തരംഗത്തിന്റെ സൂചനകൾ തന്നെ. മധ്യകേരളത്തിലെ അഞ്ചു മണ്ഡലങ്ങളിൽ, ചാലക്കുടി, എറണാകുളം, ഇടുക്കി, കോട്ടയം എന്നിവ യുഡിഎഫിന് ഒപ്പം നിൽക്കുമ്പോൾ, എൽഡിഎഫിന് ആലപ്പുഴ മാത്രമാണ് ഉള്ളത്. എന്നാൽ മറുനാടൻ മലയാളി നടത്തിയ ആദ്യഘട്ട സർവേയിൽ ഈ അഞ്ചു മണ്ഡലങ്ങളിലും യുഡിഎഫിനായിരുന്നു മുൻതൂക്കം. അതിൽ നിന്ന് ഒരു സീറ്റ് തിരിച്ചു പിടിച്ചുവെന്ന് എൽഡിഎഫിനും ആശ്വസിക്കാം.

പൊതുവെയുള്ള ട്രെൻഡിൽ നിന്ന് ഭിന്നമായി ആലപ്പുഴയിൽ മാത്രം ഇടതുമുന്നണിക്ക് മൂൻതൂക്കം കിട്ടുന്നത്, സ്ഥാനാർത്ഥിയും അരൂർ എംഎൽഎയുമായ എ എം ആരിഫിന്റെ ജനകീയത കൊണ്ടാണെന്ന് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നു. ഇടുക്കിയിലും എറണാകുളത്തും യുഡിഎഫ് തരംഗത്തിന്റെ സൂചനകൾ തന്നെയാണ് സർവേ നൽകുന്നത്. ഇവിടെ വലിയ ലീഡാണ് യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് കിട്ടുന്നത്. ചാലക്കുടിയിലും കടുത്ത പോരാട്ടം നടക്കുന്നുണ്ടെങ്കിലും വെറും രണ്ട് ശതമാനം വോട്ടിന് യുഡിഎഫ് സ്ഥാനാർത്ഥി ബെന്നി ബഹനാൻ മുന്നിട്ട് നിൽക്കുകയാണ് കോട്ടയത്തും സുരക്ഷിതമായ ലീഡാണ് യുഡിഎഫ് ഉയർത്തുന്നതെന്ന് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നു. കോട്ടയത്ത് എൻഡിഎയുടെ വോട്ടിലും വലിയ വർധനയുണ്ട്. എല്ലായിടത്തും വോട്ട് വർധിപ്പിക്കുന്നു എന്നല്ലാതെ എൻഡിഎ രണ്ടാംസ്ഥാനത്ത് എത്തുന്ന രീതിയിലേക്കു പോലും വളർന്നിട്ടില്ല.

ഇപ്പോൾ പതിനഞ്ച് മണ്ഡലങ്ങളിലെ മറുനാടൻ സർവേ ഫലങ്ങൾ പൂർത്തിയാവുമ്പോഴുള്ള ചിത്രം ഇങ്ങനെയാണ്.

യുഡിഎഫ്- വയനാട്, കണ്ണൂർ, വടകര, മലപ്പുറം, പൊന്നാനി, തൃശൂർ, ആലത്തുർ, ചാലക്കുടി, എറണാകുളം, ഇടുക്കി, കോട്ടയം.

എൻഡിഎഫ്- കാസർകോട്, കോഴിക്കോട്, പാലക്കാട്, ആലപ്പുഴ

ചാലക്കുടി: ബെന്നിക്ക് ഈസി വാക്കോവറില്ല

യുഡിഎഫ്- 42

എൽഡിഎഫ്- 40

എൻഡിഎ- 14

മറ്റുള്ളവർ, നോട്ട- 4

ചാലക്കുടിയിൽ തുടക്കത്തിൽ യുഡിഎഫിനുണ്ടായ മുന്നേറ്റം മറികടന്ന് എൽഡിഎഫ് സ്ഥാനാർത്ഥിയും സിറ്റിങ്ങ് എംപിയുമായ ഇന്നസെന്റും ഇഞ്ചോടിഞ്ച് പൊരുതുന്നതിന്റെ സൂചകങ്ങളാണ് മറുനാടൻ സർവേയിലും ലഭിക്കുന്നത്. യുഡിഎഫ്‌ സ്ഥാനാർത്ഥി ബെന്നി ബെഹനാന് 42 ശതമാനം വോട്ടുകൾ ലഭിക്കുമ്പോൾ, എൽഡിഎഫ്‌ സ്ഥാനാർത്ഥി ഇന്നസെന്റിന് 40 ശതമാനം വോട്ടുകളും ബിജെപി സ്ഥാനാർത്ഥി എ എൻ രാധാകൃഷ്ണന് 14 ശതമാനം വോട്ടുകളുമാണ് സർവേയിൽ കണ്ടത്. വെറും രണ്ടുശതമാനത്തിന്റെ വോട്ടുവ്യത്യാസം കനത്ത മൽസരത്തിന്റെ സൂചനയാണ് നൽകുന്നത്. മറുനാടൻ മലയാളി നടത്തിയ ഒന്നാംഘട്ട സർവേയിൽ, മറ്റുള്ളവർ, നോട്ട എന്ന വിഭാഗത്തിന് കിട്ടിയ 15 ശതമാനത്തിന്റെ വൻ വോട്ടുവിഹിതം ഇത്തവണ നാലു ശതമാനമായി കുറഞ്ഞതാണ് രണ്ടാംഘട്ടത്തിന്റെ ഗണ്യമായ മാറ്റം. ഇതിന്റെ ഭാഗമായി മൂന്ന് മുന്നണികൾക്കും വോട്ട് കൂടിയിട്ടുണ്ട്. ഒന്നാംഘട്ട സർവേയിൽ യുഡിഎഫിന് 37 ശതമാനം വോട്ടുകളും എൽഡിഎഫിന് 35 ശതമാനവുംവോട്ടുകളാണ് ലഭിച്ചിരുന്നത്.

സിറ്റിങ്ങ് എംപിയും നടനുമായ ഇന്നസെന്റിനോടുള്ള വിരോധമായിരുന്നു തുടക്കത്തിൽ ഇത്രയേറെ നോട്ട വരാനുള്ള കാരണമായി പറഞ്ഞിരുന്നത്. പക്ഷേ പ്രചാരണം ശക്തമായതോടെ തങ്ങൾക്ക് ഈ എതിർപ്പ് മറികടക്കാൻ കഴിഞ്ഞുവെന്നാണ് എൽഡിഎഫ് വിലയിരുത്തൽ. എം പി ഫണ്ട് വിനിയോഗിക്കുന്നത് അടക്കമുള്ള ഇന്നസെന്റ് ചെയ്ത വികസന പ്രവർത്തനങ്ങൾ, സജീവമായി ചർച്ചയാക്കുന്നുണ്ട് ഇടതുമുന്നണി. അതേസമയം യാക്കോബായ സഭയുടേതടക്കമുള്ള സാമുദായിക പിന്തുണയും ഇന്നസെന്റിനുണ്ടെന്നാണ് പറയുന്നത്.

എന്നും യുഡിഎഫ് ചായ്വ് പ്രകടിപ്പിച്ച മണ്ഡലമാണ് ചാലക്കുടി്. കഴിഞ്ഞതവണ നടൻ ഇന്നസെന്റിനെ ഇറക്കിയുള്ള പരീക്ഷണത്തിലാണ് ഇടതുമുന്നണി വിജയിച്ചത്. തൃശ്ശൂർ ജില്ലയിലെ കയ്‌പ്പമംഗലം, കൊടുങ്ങല്ലൂർ, ചാലക്കുടി എന്നീ മൂന്ന് നിയമസഭാ മണ്ഡലങ്ങളും എറണാകുളം ജില്ലയിലെ ആലുവ, അങ്കമാലി, പെരുമ്പാവൂർ, കുന്നത്തുനാട് എന്നീ നാല് നിയമസഭാ മണ്ഡലങ്ങളും ഉൾപ്പെടുന്നതാണ് ചാലക്കുടി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വെച്ച് നോക്കുമ്പോൾ നാലു മണ്ഡലങ്ങൾ എൽഡിഎഫിനൊപ്പവും മൂന്നു മണ്ഡലങ്ങൾ യുഡിഎഫിനുമൊപ്പമാണ്.

 

2009ൽ കോൺഗ്രസ്സിലെ കെ.പി. ധനപാലൻ വൻ ഭൂരിപക്ഷത്തോടെ വിജയിച്ചതോടെയാണ്. തങ്ങൾ ബാലികേറാമലയായ ഈ മണ്ഡലം പിടിക്കാൻ സിപിഎം ഇന്നസെന്റിനെ ഇറക്കിയത്. കഴിഞ്ഞ തവണ കോൺഗ്രസിലെ ആഭ്യന്തര പ്രശനങ്ങളും എൽഡിഎഫിന് ഗുണം ചെയ്തിരുന്നു. തൃശൂർ എംപിയായ പി സി ചാക്കോയെ ചാലക്കുടിക്കും, ചാലക്കുടിയിലെ എംപിയായ ധനപാലനെ തൃശൂർക്കും മൽസരിപ്പിച്ചത് യുഡിഎഫിന് വൻ തിരിച്ചടിയാവുകയാണ് ഉണ്ടായത്. ഈ രണ്ടു മണ്ഡലങ്ങളിലും കോൺഗ്രസ് തോൽക്കുകയും ചെയ്തു. ഇന്നസെന്റിന് ഗുണം ചെയ്ത ഈ ഘടങ്ങളൊന്നും ഇത്തവണ ഇല്ല. അതുകൊണ്ടുതന്നെ ഈസി വാക്കോവർ ഇല്ലെങ്കിലും യുഡിഎഫ് സ്ഥാനാർത്ഥി ബെന്നി ബഹനാൻ ജയിക്കുമെന്നാണ് പൊതു വിലയിരുത്തൽ. ഇതിന് ചേർന്ന് നിൽക്കുന്ന രീതിയിലാണ് സർവേ ഫലങ്ങളും..

എറണാകുളത്ത് ഹൈബി തന്നെ

യുഡിഎഫ്- 46

എൽഡിഎഫ്-38

എൻഡിഎ- 13

മറ്റുള്ളവർ/നോട്ട- 3

യുഡിഎഫിന്റെ പരമ്പരാഗത മണ്ഡലം എന്നു വിശേഷിപ്പിക്കാവുന്ന സീറ്റാണ് എറണാകുളം. ഇവിടെ കോൺഗ്രസും യുഡിഎഫും അതീവ ദുർബലമാവുന്ന പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ മാത്രമാണ് എൽഡിഎഫ് മണ്ഡലം പിടിക്കാറുള്ളത്. ഇത്തവണ അത്തരം സാഹചര്യങ്ങൾ ഇല്ലാത്തതിനാൽ യുഡിഎഫിന് മേൽക്കൈ ഉണ്ടാകുമെന്ന പൊതുനിരീക്ഷണം സാധൂകരിക്കുന്ന രീതിയിലാണ് മറുനാടൻ സർവേ ഫലങ്ങളും പുറത്തുവരുന്നത്. രണ്ടാംഘട്ട സർവേ ഫലങ്ങൾ അനുസരിച്ച് യുഡിഎഫ്് സ്ഥാനാർത്ഥി ഹൈബി ഈഡന് 8 ശതമാനം വോട്ടിന്റെ സുരക്ഷിതമായ ലീഡ് ഉണ്ട്. പക്ഷേ മറുനാടൻ മലയാളിയുടെ ഒന്നാംഘട്ട സർവേ ഫലങ്ങൾ വെച്ചുനോക്കുമ്പോൾ എൽഡിഎഫിന് ആശ്വസിക്കാവുന്നതാണ്. മികച്ച പ്രതിച്ഛായയുള്ള പി രാജീവിനെ രംഗത്തിറക്കിയത് ഇടതുവോട്ടുകളിലും വർധനയുണ്ടാക്കിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ 50 ശതമാനം ഉണ്ടായിരുന്ന യുഡിഎഫിന്റെ വോട്ടു വിഹിതം രണ്ടാംഘട്ടത്തിൽ 46 ശതമാനമായി കുറഞ്ഞപ്പോൾ, എൽഡിഎഫിന്റെ വോട്ട് 35ൽനിന്ന് 38ലേക്ക് ഉയരുകയാണ് ചെയ്തത്. ആദ്യഘട്ടത്തിൽ 9 ശതമാനം ഉണ്ടായിരുന്ന ബിജെപിയുടെ വോട്ട് വിഹിതം അൽഫോൻസ് കണ്ണന്താനം സ്ഥാനാർത്ഥിയായശേഷം 13ലേക്ക് ഉയർന്നിരിക്കയാണ്.

രാഹുൽ ഗാന്ധിയുടെ വരവോടെ പുതിയ വോട്ടർമാരും സ്ത്രീകളും കേന്ദ്രത്തിൽ യുഡിഎഫ് വരണമെന്ന് ആഗ്രഹിക്കുന്നതായി സർവേയുടെ അനുബന്ധ ചോദ്യങ്ങളിൽ പ്രകടമാണ്. യുഡിഎഫിന് അനുകൂലമായി ക്രിസ്ത്യൻ- മുസ്ലിം വോട്ടർമാരുടെ ഏകീകരണവും ഈ മണ്ഡലത്തിൽ പ്രകടമാണ്. സരിതാ നായർ രംഗത്തിറങ്ങിയതോടെ സോളാർ വിഷയം കത്തിച്ച് ഇടതുമുന്നണി ഇവിടെ പ്രചാരണം ശക്തമാക്കിയെങ്കിലും പത്രിക തള്ളിയതോടെ കാര്യങ്ങൾ വീണ്ടും ഹൈബിക്ക് അനുകൂലമായി മാറി.

കഴിഞ്ഞ തവണ കോൺഗ്രസ് നേതാവ് കെ വി തോമസ് എൺപത്തിഏഴായിരത്തിൽ പരം വോട്ടിനാണ്, എൽഡിഎഫ് സ്വതന്ത്രനായ ക്രിസ്റ്റി ഫെർണാണ്ടസിനെയാണ് തോൽപ്പിച്ചത്. എറണാകുളം ജില്ലയിലെ കളമശ്ശേരി, പറവൂർ, വൈപ്പിൻ, കൊച്ചി, തൃപ്പൂണിത്തുറ, എറണാകുളം, തൃക്കാക്കര എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ ലോക്‌സഭാ നിയോജക മണ്ഡലം.

ഇടുക്കിയിൽ ഇത്തവണ ജോയ്സ് വീഴും

യുഡിഎഫ്- 48

എൽഡിഎഫ്- 37

എൻ.ഡി.എ- 10

മറ്റുള്ളവർ/നോട്ട-5

യുഡിഎഫിന്റെ മറ്റൊരു പരമ്പരാഗത മണ്ഡലമായ ഇടുക്കിയിലും ഇത്തവണ കാര്യങ്ങൾ അവർക്ക് അനുകൂലമാണ്. സർവേ പ്രകാരം യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിന് 48 ശതമാനം വോട്ടു കിട്ടുമ്പോൾ, എൽഡിഎഫ് സ്ഥാനാർത്ഥിയും സിറ്റിങ്ങ് എം പിയുമായ ജോയ്സ് ജോർജിന് വെറും 37 ശതമാനം വോട്ടുകളാണ് ലഭിക്കുന്നത്. 11 ശതമാനത്തിന്റെ വോട്ടു വ്യത്യാസം സൂചിപ്പിക്കുന്നത് വ്യക്തമായ യുഡിഎഫ് തരംഗമാണ്. ഇടുക്കിയിലെ എൻഡിഎ സ്ഥാനാർത്ഥി ബിജു കൃഷ്ണൻ വോട്ടുവിഹിതം പത്തു ശതമാനമാക്കി ഉയർത്തുന്നുണ്ട്. മറുനാടൻ ഒന്നാംഘട്ട സർവേയിലും ഇടുക്കിയിൽ വ്യക്തമായ യുഡിഎഫ് തരംഗമാണ് പ്രകടമായത്.

കഴിഞ്ഞവർഷം കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ മറപിടിച്ചുണ്ടായ കർഷകരുടെയും മതമേലധ്യക്ഷന്മാരുടെയും രോഷം വോട്ടാക്കി വിജയിച്ച എൽഡിഎഫിന് ഇപ്പോൾ അതേനാണയത്തിൽ തിരിച്ചടി കിട്ടുകയാണെന്ന് ഇടുക്കിയിലെ സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്. കാർഷിക-മലയോര പ്രദേശങ്ങൾ ഏറെയുള്ള ഇടുക്കിയിൽ ശക്തമായ ഭരണവിരുദ്ധ വികാരമാണ് ആഞ്ഞടിക്കുന്നത്. കേന്ദ്രത്തിനും സംസ്ഥാനത്തിനും ഒരുപോലെ എതിരായ ഈ വികാരത്തിൽ നിന്ന് നേട്ടം കൊള്ളുന്നത് യുഡിഎഫ് തന്നെയാണ്. കാർഷിക വിലത്തകർച്ചയും സാമ്പത്തിക പ്രതിസന്ധിയും അടക്കമുള്ള വിഷയങ്ങളിൽപെട്ട് ഉഴലുന്ന കർഷകന്റെയും കച്ചവടക്കാരന്റെയുമൊക്കെ വികാരം സർവേയിൽ പ്രതിഫലിച്ചിട്ടുണ്ട്.

യുഡിഎഫിലെ ആഭ്യന്തര പ്രശ്നങ്ങളുമാണ് ഇടുക്കി പാർലമെന്റ് മണ്ഡലത്തിൽ 2014 ൽ ജോയ്സിലൂടെ ഇടതിന് അട്ടിമറി ജയം സമ്മാനിച്ചത്. 50,542 വോട്ടുകൾക്കാണ് എൽ.ഡി.എഫ് സ്വതന്ത്രനായി രംഗത്തിറക്കിയ ഹൈറേഞ്ച് സംരക്ഷണ സമിതി നിയമോപദേശകൻ ജോയ്സ് ജോർജ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കൂടിയായ ഡീൻ കുര്യാക്കോസിനെ തറ പറ്റിച്ചത്. 2009ൽ കേരള കോൺഗ്രസ് ഇടതു മുന്നണിയിൽ ആയിരുന്നിട്ടും കോൺഗ്രസിലെ പി.ടി. തോമസ് 74,796 വോട്ടുകൾക്ക് വിജയിച്ച ഇടുക്കിയാണ് ഉരുൾപൊട്ടൽ പോലെ യുഡിഎഫിൽ നിന്നും 2014 ൽ ഒലിച്ചുപോയത്. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് 37,371 വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടായിരുന്ന സ്ഥാനത്തായിരുന്നു ഈ തിരിച്ചടി.

എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കോതമംഗലം, ഇടുക്കി ജില്ലയിലെ ദേവീകുളം, ഉടുമ്പൻചോല, തൊടുപുഴ, ഇടുക്കി, പീരുമേട് എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ് ഇടുക്കി ലോക്‌സഭാ നിയോജക മണ്ഡലം. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏഴിൽ അഞ്ച് മണ്ഡലങ്ങളും എൽഡിഎഫിന് ഒപ്പമായിരുന്നു.

കോട്ടയത്തും യുഡിഎഫിന് മുന്നേറ്റം

യുഡിഎഫ്- 44

എൽഡിഎഫ്- 37

എൻഡിഎ- 15

മറ്റുള്ളവർ/നോട്ട-4

തങ്ങളുടെ പരമ്പരാഗത മണ്ഡലമായ കോട്ടയത്തും വൻ മുന്നേറ്റമാണ് യുഡിഎഫ് നടത്തുന്നത്. സർവേ പ്രകാരം യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴിക്കാടന് 44 ശതമാനം വോട്ടുകൾ കിട്ടുമ്പോൾ, എൽഡിഎഫ് സ്ഥാനാർത്ഥി വി എൻ വാസവന് ലഭിക്കുന്നത് 37 ശതമാനം വോട്ടാണ്. 15 ശതമാനം വോട്ടുകൾ നേടി കോട്ടയത്തെ എൻഡിഎ സ്ഥാനാർത്ഥിയും വൻ മുന്നേറ്റം നടത്തുന്നുണ്ട്. എന്നാൽ മറുനാടൻ മലയാളി നടത്തിയ ഒന്നാംഘട്ട സർവേ വെച്ചുനോക്കുമ്പോൾ ഇവിടെ യുഡിഎഫ് വോട്ടുകൾ കുറയുകയാണ്. നേരത്തെ 51 ശതമാനം ഉണ്ടായിരുന്ന യുഡിഎഫ് ഇപ്പോൾ 44 ശതമാനത്തിലേക്ക് താഴ്ന്നിരിക്കയാണ്. എൽഡിഎഫ് അവരുടെ 37 ശതമാനം വോട്ടുകൾ നിലനിർത്തുമ്പോൾ, ഏഴിൽ നിന്ന് 15 ലേക്ക് വോട്ടുവിഹിതം ഉയർത്തി എൻഡിഎ വൻ കുതിച്ചുചാട്ടമാണ് നടത്തിയത്. എൻഡിഎ പിടിക്കുന്ന വോട്ടുകൾ ഇവിടെ ബാധിക്കുന്നത് യുഡിഎഫിനെയാണ്.

2009ൽ എംപിയായ ജോസ് കെ മാണി മണ്ഡലം അനാഥമാക്കി രാജ്യസഭാംഗമായി എന്ന വിമർശനം എൽഡിഎഫ് ശക്തമായി ഉന്നയിക്കുന്നുണ്ട്. സീറ്റുനുവേണ്ടി കേരളാ കോൺഗ്രസിൽ രൂപപ്പെട്ട വലിയ തർക്കവും യുഡിഎഫിന് വിനയായിരുന്നു. എന്നാൽ ഇത് പരിഹരിച്ച് തങ്ങൾ ഒറ്റക്കെട്ടായി പ്രചാരണത്തിന് ഇറങ്ങിയിട്ടുണ്ടെന്നാണ് യുഡിഎഫ് അവകാശപ്പെടുന്നത്. കർഷകരും വ്യാപാരികളും അടങ്ങുന്ന മധ്യവർഗവും പുതിയ വോട്ടർമാരും യുഡിഎഫിനെയാണ് പിന്തുണക്കുന്നതെന്ന് സർവേയുടെ അനുബന്ധ ചോദ്യങ്ങൾ വ്യക്തമാക്കുന്നുണ്ട്. റബ്ബർ വിലയിടവ് അടക്കമുള്ള പലകാര്യങ്ങളിലും കേന്ദ്രത്തിനെതിരെയാണ് സാധാരണക്കാരന്റെ പ്രതികരണം.

കോട്ടയം ജില്ലയിലെ പിറവം, പാല, കടുത്തുരുത്തി, വൈക്കം, ഏറ്റുമാനൂർ, കോട്ടയം, പുതുപ്പള്ളി എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ് കോട്ടയം ലോകസഭാ നിയോജകമണ്ഡലം. ഇതിൽ അഞ്ച് മണ്ഡലങ്ങളും കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ യുഡിഎഫിനൊപ്പം ആയിരുന്നു. ഏറ്റുമാനൂർ, വൈക്കം മണ്ഡലങ്ങളിൽ മാത്രമാണ് ഇടത് സ്ഥാനാർത്ഥികൾക്ക് വിജയിക്കാനായത്.2009 ൽ 71,570 വോട്ടുകളുടെ ഭൂരിപക്ഷം ഉണ്ടായിരുന്ന ജോസ് കെ മാണി, 2014 ൽ അത് 120,599 ആക്കി ഉയർത്തിയിരുന്നു. ഇത്തവണയും അത്ര ഭൂരിപക്ഷം ഇല്ലെങ്കിലും വിജയ സാധ്യത യുഡിഎഫിനൊപ്പമാണെന്ന് സർവേ ഫലങ്ങളും സൂചിപ്പിക്കുന്നു.

ആലപ്പുഴ: അജയ്യനായി ആരിഫ്

എൽഡിഎഫ്- 46

യുഡിഎഫ്- 40

എൻഡിഎ- 11

മറ്റുള്ളവർ/നോട്ട- 3

ഏത് തെരഞ്ഞെടുപ്പിലും സ്ഥാനാർത്ഥികളുടെ പങ്ക് നിർണ്ണായകമാണെന്ന് ഒരിക്കൽ കൂടി വെളിപ്പെടുകയാണ്. ആലപ്പുഴയിൽ നിന്നുള്ള മറുനാടൻ സർവേ ഫലങ്ങൾ നൽകുന്ന സൂചന. മറുനാടൻ ഒന്നാംഘട്ട സർവേക്കിടയിൽ ആളുകൾ എടുത്തുപറഞ്ഞ പേര് സിറ്റിങ്ങ് എംപിയായ കോൺഗ്രസ് നേതാവ് കെ സി വേണുഗോപാലിന്റെത് ആയിരുന്നു. അതുകൊണ്ടു തന്നെ 'കെസിയില്ലെങ്കിൽ കൈയാലപ്പുറത്ത്' എന്ന തലക്കെട്ടിലായിരുന്നു ആലപ്പുഴ മണ്ഡലത്തിന്റെ അവലോകനം മറുനാടൻ പ്രസിദ്ധീകരിച്ചത്. എന്നാൽ സ്ഥാനാർത്ഥി നിർണ്ണയം കഴിഞ്ഞപ്പോൾ, കെസി വേണുഗോപാൽ മാറി നിൽക്കുകയും, അപ്പുറത്ത് എൽഡിഎഫ് ജനകീയനായ എ എം ആരിഫിനെ രംഗത്തിറക്കുകയും ചെയ്തയോടെ ഇവിടുത്തെ ഫലവും മാറിമറിയുകയാണ്.

മറുനാടന്റെ ഒന്നാംഘട്ട സർവേയിൽ ഇവിടെ യുഡിഎഫിനായിരുന്നു മുൻതൂക്കം. അന്ന് യുഡിഎഫിന്റെ വോട്ട് 43 ശതമാനം ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ അത് 40 ആയി കുറഞ്ഞിരിക്കയാണ്. 40 ശതമാനം മാത്രമുണ്ടായിരുന്നു എൽഡിഎഫിന്റെ വോട്ടുവിഹിതം രണ്ടാംഘട്ട സർവേയിൽ 46ലേക്ക് ഉയർന്നിരിക്കയാണ്. എൻഡിഎയുടെ വോട്ട് വിഹിതവും 10ൽ നിന്ന് 11 ആയിട്ടുണ്ട്. അതായത് നിലവിലെ സ്ഥിതിവെച്ച് എൽഡിഎഫ് സ്ഥാനാർത്ഥി എ എം ആരിഫ് 6 ശതമാനം വോട്ടിന് യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനേക്കാൾ മുന്നിലാണ്.

എൽഡിഎഫിന് ശക്തമായ വേരോട്ടമുള്ള മണ്ഡലത്തിൽ കെസി വേണുഗോപാലിന്റെ വ്യക്തി പ്രഭാവമായിരുന്നു പലപ്പോഴും യുഡിഎഫിനെ തുണച്ചിരുന്നത്. കഴിഞ്ഞ തവണ കടുത്ത മൽസരത്തിനൊടുവിൽ വെറും പത്തൊമ്പതിനായിരം വോട്ടുകൾക്കാണ് ഇവിടെ യുഡിഎഫ് ജയിച്ചുകയറിയത്. അരൂർ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം, കരുനാഗപ്പള്ളി എന്നീ മണ്ഡലങ്ങൾ ചേർന്നതാണ് ആലപ്പുഴ ലോക്സഭാ മണ്ഡലം. ഇതിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹരിപ്പാട് മണ്ഡലം ഒഴികെ ബാക്കിയെല്ലാം ഇടതുമുന്നണിയുടെ കൈയിലാണ്.

അരൂരിലെ സിറ്റിങ്ങ് എംഎൽഎ ആയ ആരിഫ് മുപ്പത്തിഎട്ടായിരത്തോളം വോട്ടിന്റെ വൻ ഭൂരിപക്ഷത്തിയാണ് ജയിക്കച്ചു കയറിയത്. മന്ത്രി തോമസ് ഐസക്കിന്റെ മണ്ഡലമായ ആലപ്പുഴ, മന്ത്രി ജി സുധാകരന്റെ മണ്ഡലമായ അമ്പലപ്പുഴ എന്നിവടങ്ങളിലും വൻ ലീഡാണ് എൽഡിഎഫ് പ്രതീക്ഷിക്കുന്നത്. രാഹുൽ ഗാന്ധിയുടെ വരവോടെ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് യുഡിഎഫിന് നേരെയുണ്ടായ ചായ്വിന് തടയിടാൻ ആരിഫിന് കഴിയുമെന്നാണ് സിപിഎം കണക്കുകൂട്ടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP