Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202028Wednesday

ആലപ്പുഴയിൽ യുഡിഎഫിന് തിരിച്ചടിയാകുന്നത് കെസിയുടെ അഭാവം; ചാലക്കുടിയിൽ നിഷേധ വോട്ടുകൾ പരിഹരിച്ച് ഇന്നസെന്റ് കയറി വരുന്നു; പി രാജീവിനേക്കാൾ യുവാക്കളുടെയും സ്ത്രീകളുടെയും പിന്തുണ ഹൈബിക്ക്; സോളാർ വിവാദം ഇറക്കിയിട്ടും രക്ഷയില്ല; ഇടുക്കിയിൽ കർഷകരോഷം ജോയ്സിനു നേരെ; കോട്ടയത്ത് സീറ്റ് തർക്കം യുഡിഎഫിന്റെ പിന്തുണ കുറക്കുന്നു; മറുനാടൻ ഇലക്ഷൻ സർവേയുടെ മൂന്നാംഘട്ടത്തിൽ തെളിയുന്ന സൂചകങ്ങൾ ഇങ്ങനെയാണ്

ആലപ്പുഴയിൽ യുഡിഎഫിന് തിരിച്ചടിയാകുന്നത് കെസിയുടെ അഭാവം; ചാലക്കുടിയിൽ നിഷേധ വോട്ടുകൾ പരിഹരിച്ച് ഇന്നസെന്റ് കയറി വരുന്നു; പി രാജീവിനേക്കാൾ യുവാക്കളുടെയും സ്ത്രീകളുടെയും പിന്തുണ ഹൈബിക്ക്; സോളാർ വിവാദം ഇറക്കിയിട്ടും രക്ഷയില്ല; ഇടുക്കിയിൽ കർഷകരോഷം ജോയ്സിനു നേരെ; കോട്ടയത്ത് സീറ്റ് തർക്കം യുഡിഎഫിന്റെ പിന്തുണ കുറക്കുന്നു; മറുനാടൻ ഇലക്ഷൻ സർവേയുടെ മൂന്നാംഘട്ടത്തിൽ തെളിയുന്ന സൂചകങ്ങൾ ഇങ്ങനെയാണ്

ടീം മറുനാടൻ

തിരുവനന്തപുരം: രാഷ്ട്രീയ സാഹചര്യങ്ങൾ എത്രതന്നെ അനുകൂലമായാലും സ്ഥാനാർത്ഥികൾ തെരഞ്ഞെടുപ്പിൽ നിർണ്ണായകമാണെന്ന് ഒരിക്കൽ കൂടി അടിവരയിടുന്ന സൂചകങ്ങളാണ് മറുനാടൻ മലയാളി ലോക്സഭാ ഇലക്ഷൻ സർവേയുടെ മൂന്നാംഘട്ടത്തിൽ ലഭിക്കുന്നത്. പാർട്ടിയേക്കാളും മുന്നണിയേക്കാളും ഉപരിയായ വ്യക്തികളെ നോക്കി വോട്ടുചെയ്യുന്ന ഒരു പ്രവണത കേരളത്തിലും ശക്തമാവുകയാണ്. സർവേക്കിടെ പലരും തങ്ങളുടെ വോട്ട് ഇന്ന സ്ഥാനാർത്ഥിയായതു കൊണ്ട് മാത്രമാണെന്ന് തുറന്നു പറഞ്ഞിരുന്നു. പാർട്ടിയുടെ അനുഭാവിയാണെങ്കിലും സ്ഥാനാർത്ഥി ആരാണെന്ന് നോക്കിയിട്ടേ വോട്ട് വീഴുന്നുള്ളൂ എന്നതിന്റെ സൂചനകൾ സർവേയിൽ പ്രകടമാണ്.

ആലപ്പുഴയിൽ ആരിഫിന് കൈയടി

ആലപ്പുഴ പോലുള്ള ഒരു മണ്ഡലങ്ങളിൽ സ്ഥാനാർത്ഥി പ്രശ്നം പ്രകടമാണ്. സമീപ മണ്ഡലങ്ങളെല്ലാം യുഡിഎഫിന് വൻ ഭൂരിപക്ഷം കിട്ടുമെന്ന് സർവേ വിലയിരുത്തുമ്പോൾ ആലപ്പുഴയിൽ ഇടതുസ്ഥാനാർത്ഥിയും അരൂർ എംഎൽഎയുമായ എ എം ആരിഫ് ഏറെ മുന്നിലാണ്. ഇവിടെ ആറുശതമാനം വോട്ടുകളുടെ സുരക്ഷിതമായ ഭൂരിപക്ഷമാണ് ആരിഫ്, യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാന് എതിരെ നേടുന്നത്. മറുനാടൻ മലയാളി സർവേസംഘം ആലപ്പുഴ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നേരിട്ടെത്തിയപ്പോൾ, ആരിഫിന്റെ പേര് എടുത്തു പറഞ്ഞുകൊണ്ടാണ് പലരും വോട്ട് ചെയ്ത്. സിറ്റിങ്ങ് എംഎൽഎയെ എംപി സ്ഥാനത്തേക്ക് മൽസരിപ്പിക്കുക എന്ന ഇടതുമുന്നണിയുടെ രാഷ്ട്രീയ തന്ത്രം ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയെങ്കിലും, അവസാനം അത് ഗുണം ചെയ്യുകയാണ് ചെയ്തത്.

എന്നാൽ മറുനാടൻ മലയാളിയുടെ ഒന്നാംഘട്ട ഫീൽഡ് സർവേയിൽ നേരെ തിരിച്ചായിരുന്നു കാര്യങ്ങൾ. ഒരുമാസം മുമ്പ്് സർവേക്കായി ആപ്പുഴയിൽ എത്തിയ മറുനാടൻ സർവേ ടീമിനോട് ജനങ്ങൾക്ക് ചോദിച്ചത് ഇത്തവണ കെസി വേണുഗോപാൽ മൽസരിക്കുമോ എന്നതായിരുന്നു. എൽഡിഎഫിന് ശക്തമായ വേരോട്ടമുള്ള മണ്ഡലത്തിൽ കെസി വേണുഗോപാലിന്റെ വ്യക്തി പ്രഭാവമായിരുന്നു പലപ്പോഴും യുഡിഎഫിനെ തുണച്ചിരുന്നത്്. അതുകൊണ്ടുതന്നെ കെസി ഇല്ലെങ്കിൽ മണ്ഡലം കൈയാലപ്പുറത്താണെന്ന് വ്യക്തം. കഴിഞ്ഞ തവണ കടുത്ത മൽസരത്തിനൊടുവിൽ വെറും പത്തൊമ്പതിനായിരം വോട്ടുകൾക്കാണ് ഇവിടെ യുഡിഎഫ് ജയിച്ചുകയറിയത്.

നിയമസഭാ തെരഞ്ഞെടുപ്പുകളിൽ എൽഡിഎഫിന് ഒപ്പം നിൽക്കുകയും എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ കൈവിടുകയും ചെയ്യുന്ന പതിവ് രീതി മാറ്റിയെടുക്കാനാണ് സിപിഎം ഇത്തവണ ആരിഫിനെ പരീക്ഷിച്ചത്. ഒപ്പം രാഹുൽ പ്രഭാവത്തിന്റെയൊക്കെ ഭാഗമായി യുഡിഎഫിലേക്ക് തിരിയുന്ന ന്യൂനപക്ഷ വോട്ടുകൾക്ക് തടയിടുക എന്നതും സിപിഎം ആരിഫിലൂടെ ലക്ഷ്യമിടുന്നുണ്ട്. എന്നാൽ യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനും പ്രതീക്ഷ കൈവിട്ടിട്ടില്ല. ഇനിയുള്ള ദിവസങ്ങളിലെ ശക്്തമായ പ്രചാരണം വഴി ഇത് മറികടക്കാൻ കഴിയുമെന്നാണ് യുഡിഎഫ് ക്യാമ്പിലുള്ളവർ കരുതുന്നത്.

നിഷേധവോട്ടുകൾ പരിഹരിച്ച് ഇന്നസെന്റ്

അതുപോലെ തന്നെ സ്ഥാനാർത്ഥി പ്രശ്നം നിലനിൽക്കുന്ന മണ്ഡലമാണ് ചാലക്കുടിയും. തുടക്കത്തിൽ ഇവിടെ നടനും സിറ്റിങ്ങ് എംപിയുമായ എൽഡിഎഫ് സ്ഥാനാർത്ഥി ഇന്നസെന്റിനെതിരെ ശക്തമായ വികാരം മറികടക്കാൻ ഇപ്പോൾ ഇടതുമുന്നണിക്ക് ആയിട്ടുണ്ട്. ഒരുമാസം മുമ്പ് മറുനാടൻ സംഘം ചാലക്കുടിയിൽ എത്തിയപ്പോൾ ഇന്നസെന്റിന്റെ പ്രവർത്തനങ്ങൾക്കെതിരായ ശക്തമായ വികാരം നിലനിന്നിരുന്നു. തൃശൂരിൽ നിന്നും ചാലക്കുടിയിലേക്കുള്ള മറുനാടൻ സർവേ സംഘത്തിന്റെ യാത്രക്കിടെ ചാലക്കുടി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ലോട്ടറി വിറ്റ് ഉപജീവനം നടത്തുന്ന വികലാംഗ തന്റെ ജീവിതാനുഭവം പറഞ്ഞത് മറക്കാനാവില്ലായിരുന്നു. അവഗണനയുടെ ആൾരൂപങ്ങളായ പഞ്ചായത്ത് അധികൃതരെപറ്റിയും ഇന്നസെന്റ് എംപിയെ പറ്റിയുമായിരുന്നു അത്. നിരവധി തവണ അവർ അനുഭവിക്കുന്ന ദുരിതം ഇവരെയൊക്കെ അറിയിച്ചിട്ടും ഒരു നടപടിയും ഉണ്ടായില്ല എന്ന് അവർ വേദനയോടെയാണ് പ്രതികരിച്ചത്. ഏറെ പ്രതീക്ഷയുള്ള സർക്കാറായിരുന്നു, എന്നാൽ പാവപ്പെട്ടവർക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല എന്ന പരിഭവവും അവർ പറഞ്ഞു.

ഇത് ഒരു ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. ഇന്നസെന്റ എംപിക്കെതിരെ ചാലക്കുടിയിൽ ജനവികാരം അക്കാലത്ത് ശക്തമായരുന്നു. സിനിമയും മറ്റു തിരക്കുമായി അവശേഷിക്കുന്ന സമയത്തും മണ്ഡലത്തിൽ ഒരു എം പിയുടെ സാന്നിധ്യം ഇല്ലായിരുന്നെന്നാണ് പാർട്ടി അണികളുടെയും പരാതി. ഇന്നസെന്റിനെതിരെ മണ്ഡലത്തിലുള്ള പ്രതിഷേധം 'നോട്ട'യായാണ് മറുനാടൻ സർവേയിൽ പ്രതിഫലിച്ചത്. പത്തുശതമാനത്തോളം നോട്ട വോട്ടുകളാണ് ഇവിടെയുണ്ടായത്. പത്തു ശതമാനത്തിലേറെയായിരുന്നു അന്ന് നോട്ട. പക്ഷേ പിന്നീടുള്ള കാമ്പയിനിൽ ഈ പ്രചാരണം തടയാൻ ഇടതുമുന്നണിക്ക് കഴിഞ്ഞിട്ടുണ്ട്. ഇന്നസെന്റിന്റെ അസുഖവും മറ്റുമായി അദ്ദേഹം നാട്ടിൽനിന്ന് വിട്ടുനിന്നതാണ് ഈ പ്രചാരണം ഉണ്ടാക്കിയതെന്ന് ഇടതുമുന്നണിയുടെ വാദത്തിന് പൊതുവെ അംഗീകാരം കിട്ടിയിട്ടുണ്ട്. രണ്ടാം ഘട്ട സർവേയിൽ ഇന്നസെന്റ് തന്റെ വികസന നേട്ടങ്ങൾ പറഞ്ഞ് കയറിവരുന്നതായാണ് കണ്ടത്. യുഡിഎഫും എൽഡിഎഫും തമ്മിലുള്ള വ്യത്യാസം വെറും രണ്ട് ശതമാനം ആയതിനാൽ നേരിയ വോട്ടിന്് മണ്ഡലം നിലനിർത്താമെന്ന പ്രതീക്ഷ ഇടതുമുന്നണി കൈവിട്ടിട്ടില്ല.

സോളാറിലും വീഴാതെ ഹൈബി

നേരത്തെ തന്നെ സ്ഥാനാർത്ഥിയെ നിശ്ചയിച്ച് ഇടതുമുന്നണി മുന്നിലെത്തിയ മണ്ഡലമാണ് എറണാകുളം. പി രാജീവിനെപ്പോലെ ജനകീയനായ ഒരു നേതാവിനെ ഇടതുമുന്നണി രംഗത്തിറക്കി പ്രചാരണം തുടങ്ങിയപ്പോളും യുഡിഎഫ് തർക്കങ്ങളിൽപെട്ട് കിടക്കയായിരുന്നു. നീണ്ട തർക്കങ്ങൾക്കൊടുവിൽ സിറ്റിങ്ങ് എംപി, കെ വി തോമസിനെ മാറ്റി, എംഎൽഎയും യുവ നേതാവുമായ ഹൈബി ഈഡന് കോൺഗ്രസ് സീറ്റുകൊടുത്ത് ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. പക്ഷേ ആ മാറ്റം ഇപ്പോൾ യുഡിഎഫിന് ഗുണം ചെയ്തതായാണ് സർവേയുടെ സൂചകങ്ങൾ വ്യക്താമാക്കുന്നത്. പുതിയ വോട്ടർമാരുടെയും യുവാക്കളുടെയും സ്ത്രീകളുടെയും വൻ പിന്തുണയാണ് ഹൈബി ഈഡനു ലഭിക്കുന്നത്. പലരും ഹൈബിയുടെ പേര്് നേരിട്ടു പറഞ്ഞാണ് സർവേയിൽ പങ്കെടുക്കുന്നത്. തുടക്കത്തിൽ കെവി തോമസ് ഫാക്ടർ ഹൈബിക്ക് ദോഷം ചെയ്യുമെന്നാണ് കരുതിയിരുന്നെങ്കിലും വലിയ പൊട്ടിത്തെറിയിലേക്ക് പോകാതെ തോമസ് മാഷെ അനുനയിപ്പിക്കാൻ കഴിഞ്ഞതും യുഡിഎഫിന് നേട്ടമായി.

എന്നാൽ അവസാന ആയുധമായി സോളാർകേസും സിപിഎം പൊടിതട്ടിയിട്ടുണ്ട്. ഹൈബിക്കെതിരെ സ്ഥാനാർത്ഥിയാവുമെന്ന് സരിതാ എസ് നായർ പ്രഖ്യാപിച്ചതോടെയാണ് ഈ വിഷയം വീണ്ടും സജീവമായത്. സരിതയുടെ പത്രിക തള്ളിപ്പോയെങ്കിലും ഹൈബിക്കെതിരായ പ്രധാന പ്രചാരണയായുധം ഇപ്പോഴും ഇതുതന്നെയാണ്. പക്ഷേ ജനം ഈ വിഷയത്തെ തള്ളിക്കളഞ്ഞുവെന്ന് തന്നെയാണ് സർവേയുടെ ഫല സൂചനകൾ വ്യക്തമാക്കുന്നത്. ഫീൽഡ് സർവേയിൽ ജനം നേരിട്ട് മറുനാടനോട് ഈ വിഷയത്തിൽ പ്രതികരിച്ചതും ഇങ്ങനെ തന്നെയായിരുന്നു.

ജോയ്സിനെതിരെ കർഷകരോഷം

ഏത് തെരഞ്ഞെടുപ്പ് സർവേകളിലെയും അഭിഭാജ്യഘടകമായ ഭരണവിരുദ്ധ വികാരത്തിന്റെ യഥാർഥ പ്രതിഫലനം കാണുന്നത് ഇടുക്കിയിലാണ്. കസ്തൂരി രംഗൻ അടക്കമുള്ള വിവിധ വിഷയങ്ങളുടെ ചുവടു പിടിച്ച് ഇടുക്കിയിൽനിന്ന് ജയിച്ചുകയറിയ ഇടതുസ്ഥാനാർത്ഥി ജോയ്സ് ജോർജിനെതിരെ ഇപ്പോൾ കർഷകരോഷം ശക്തമാണ്. ഈ വിഷയങ്ങൾ ഒന്നും തന്നെ പരിഹരിക്കപ്പെട്ടില്ല എന്നു മാത്രമല്ല, കാർഷിക വിലത്തകർച്ചയും കർഷക ആത്മഹത്യകളും ഇടുക്കിയിൽ നടന്നത് ജോയ്സിനെ പ്രതിക്കൂട്ടിൽ ആവുകയാണ്.

ഈയടുത്തകാലത്തുപോലും ഇടുക്കിയിൽ നിന്ന് കർഷക ആത്്മഹത്യകളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുന്നുണ്ട്. ഇതിന്റെ ചുവടുപിടിച്ചുകൊണ്ടുതന്നെയാണ് യുഡിഎഫിന്റെ പ്രചാരണം നടക്കുന്നത്. സംസ്ഥാനത്തിലും കേന്ദ്രത്തിലും ഒരുപോലെ പ്രതിപക്ഷത്തായ യുഡിഎഫിന് ഈ ഇരട്ട ഭരണവിരുദ്ധ വികാരത്തിന്റെ ആനുകൂല്യം നന്നായി കിട്ടുന്നുണ്ട്. കഴിഞ്ഞതവണ സഭയുടെ സ്ഥാനാർത്ഥിയായി രംഗപ്രവേശം ചെയ്ത ജോയ്സിന് ഇത്തവണ സഭയുടെ പിന്തുണയുമില്ല. മാത്രമല്ല ജോയ്്സിനെതിരെ വ്യക്തിപരമായി വിവാദ ഭൂമി ഇടപാടുകൾ അടക്കം നിരവധി ആരോപണങ്ങൾ ഉയർന്നുവന്നു കഴിഞ്ഞു. കൊട്ടക്കാമ്പൂർ ഭൂമി ഇടപാടുതൊട്ടുള്ള വിവിധ വിഷയങ്ങൾ യുഡിഎഫ് ഉയർത്തുമ്പോൾ തീർത്തും പ്രതിരോധത്തിലാവുകയാണ് ഇടതുമുന്നണി.

കോട്ടയത്ത് യുഡിഎഫിന്റെ മാറ്റ് കുറച്ച് തർക്കങ്ങൾ

യുഡിഎഫിന്റെ ഉറച്ചകോട്ടയെന്ന് അറിയപ്പെടുന്ന കോട്ടയം മണ്ഡലത്തിൽ ഒന്നാംഘട്ട സർവേയിൽനിന്ന് വ്യത്യസ്തമായി യുഡിഎഫിന്റെ വോട്ട് കുറയുകയാണ്. മാണി- ജോസ്ഫ് സീറ്റ് തർക്കവും, കോൺഗ്രസ്- കേരളാകോൺഗ്രസ് അസ്വാരസ്യങ്ങളും ഒരു ചെറിയ വിഭാഗം വോട്ടർമാരെയെങ്കിലും മടുപ്പിച്ചതായി വ്യക്തമാണ്. അപ്പോഴും മറുനാടൻ രണ്ടാംഘട്ട സർവേയിലെ സൂചകങ്ങൾ പ്രകാരം യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴിക്കാടന് സുരക്ഷിതമായ ഭൂരിപക്ഷമുണ്ട്. യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴിക്കാടന് 44 ശതമാനം വോട്ടുകൾ കിട്ടുമ്പോൾ, എൽഡിഎഫ് സ്ഥാനാർത്ഥി വിഎൻ വാസവന് ലഭിക്കുന്നത് 37 ശതമാനം വോട്ടാണ്. 15 ശതമാനം വോട്ടുകൾ നേടി കോട്ടയത്തെ എൻഡിഎ സ്ഥാനാർത്ഥിയും വൻ മുന്നേറ്റം നടത്തുന്നുണ്ട്. എന്നാൽ മറുനാടൻ മലയാളി നടത്തിയ ഒന്നാംഘട്ട സർവേ വെച്ചുനോക്കുമ്പോൾ ഇവിടെ യുഡിഎഫ് വോട്ടുകൾ കുറയുകയാണ്. നേരത്തെ 51 ശതമാനം ഉണ്ടായിരുന്ന യുഡിഎഫ് ഇപ്പോൾ 44 ശതമാനത്തിലേക്ക് താഴ്ന്നിരിക്കയാണ്.

എൽഡിഎഫ് അവരുടെ 37 ശതമാനം വോട്ടുകൾ നിലനിർത്തുമ്പോൾ, 7ൽ നിന്ന് 15 ലേക്ക് വോട്ടുവിഹിതം ഉയർത്തി എൻഡിഎ സ്ഥാനാർത്ഥി പിസി തോമസ് വൻ കുതിച്ചുചാട്ടമാണ് നടത്തിയത്. എൻഡിഎ പിടിക്കുന്ന വോട്ടുകൾ ഇവിടെ ബാധിക്കുന്നത് യുഡിഎഫിനെയാണ്. അതുലക്ഷ്യമിട്ടുകൊണ്ടുതന്നെയാണ് കേരളാ കോൺഗ്രസ് രാഷ്ട്രീയം പയറ്റിത്തെളിഞ്ഞ പിസി തോമസ് ഇവിടെ സ്ഥാനാർത്ഥിയായതും. ജയിക്കാനോ രണ്ടാം സ്ഥാനത്ത് എത്താനോ കഴിയില്ലെങ്കിലും ശക്തമായ സാധിധ്യമാകാനാണ് ഇവിടെ പിസി തോമസ് ശ്രമിക്കുന്നത്.

ജോസ് കെ മാണി മണ്ഡലം അനാഥമാക്കി രാജ്യസഭാംഗമായി എന്ന വിമർശനം എൽഡിഎഫ് ശക്തമായി ഉന്നയിക്കുന്നുണ്ട്. മണ്ഡലത്തിലെ എൽഡിഎഫിന്റെ ഈ ആരോപണത്തിന്റെ മുനയൊടിക്കാൻ യുഡിഎഫും നന്നായി വിയർക്കുന്നുണ്ട്. പക്ഷേ ദേശീയതലത്തിൽ കോൺഗ്രസിന് അനുകൂലമായി വന്ന മാറ്റവും, ന്യുനപക്ഷവോട്ടുകളുടെ ഏകീകരണവും തങ്ങൾക്ക് ഗുണം ചെയ്യുമെന്നാണ് യുഡിഎഫ് കരുതുന്നത്. സർവേ സൂചകങ്ങൾ നൽകുന്ന ട്രെൻഡും അങ്ങനെ തന്നെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP