Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കോന്നിയിൽ എൽഡിഎഫിന് അപ്രതീക്ഷിത നേട്ടം; അരൂരിൽ ഫോട്ടോഫിനീഷ്; കോന്നിയിലെ യുഡിഎഫിന്റെ സിറ്റിങ്ങ് സീറ്റിൽ 5 ശതമാനം വോട്ടിന് എൽഡിഎഫ് മുന്നിൽ; അരൂരിൽ സിറ്റിങ്ങ് സീറ്റിൽ ഇടതിന് വെറും ഒരു ശതമാനത്തിന്റെ ലീഡ് മാത്രം; ശക്തമായ പ്രചാരണം നടത്തിയിട്ടും കോന്നിയിൽ കെ സുരേന്ദ്രൻ മൂന്നാമത്; ബിജെപി സ്ഥാനാർത്ഥിക്ക് കിട്ടുന്നത് 28 ശതമാനം വോട്ടുകൾ മാത്രം; അഞ്ചുസീറ്റുകളിലെ ഉപതെരഞ്ഞെടുപ്പിന്റെ മറുനാടൻ സർവേയിലെ അവസാനഭാഗം പുറത്തുവിടുമ്പോൾ യുഡിഎഫ്-2, എൽഡിഎഫ്-3

കോന്നിയിൽ എൽഡിഎഫിന് അപ്രതീക്ഷിത നേട്ടം; അരൂരിൽ ഫോട്ടോഫിനീഷ്; കോന്നിയിലെ യുഡിഎഫിന്റെ സിറ്റിങ്ങ് സീറ്റിൽ 5 ശതമാനം വോട്ടിന് എൽഡിഎഫ് മുന്നിൽ; അരൂരിൽ സിറ്റിങ്ങ് സീറ്റിൽ ഇടതിന് വെറും ഒരു ശതമാനത്തിന്റെ ലീഡ് മാത്രം; ശക്തമായ പ്രചാരണം നടത്തിയിട്ടും കോന്നിയിൽ കെ സുരേന്ദ്രൻ മൂന്നാമത്; ബിജെപി സ്ഥാനാർത്ഥിക്ക് കിട്ടുന്നത് 28 ശതമാനം വോട്ടുകൾ മാത്രം; അഞ്ചുസീറ്റുകളിലെ ഉപതെരഞ്ഞെടുപ്പിന്റെ മറുനാടൻ സർവേയിലെ അവസാനഭാഗം പുറത്തുവിടുമ്പോൾ യുഡിഎഫ്-2, എൽഡിഎഫ്-3

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനൽ എന്ന് അറിയപ്പെടുന്ന അഞ്ചു മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി മറുനാടൻ മലയാളിയും, പാലാ സെന്റർ ഫോർ കൺസ്യൂമർ എജുക്കേഷനും സംയുക്തമായി നടത്തിയ അഭിപ്രായ സർവേയുടെ അവസാനഘട്ടം പുറത്തുവിടുമ്പോൾ ഇടതുമുന്നണിക്ക് അപ്രതീക്ഷ നേട്ടം. 23 വർഷം തുടർച്ചതായി യുഡിഎഫിലെ അടുർ പ്രകാശ് കൈയടക്കിവെച്ച കോന്നിയിൽ, അഞ്ചു ശതമാനം വോട്ടിന് എൽഡിഎഫ് മുന്നിലാണ്. എന്നാൽ അരൂരിലെ സിറ്റിങ്ങ് സീറ്റിൽ ഇടതിന്റെ നില പരുങ്ങലിലാണ്.

ഫോട്ടോഫിനീഷിലേക്ക് നീങ്ങുന്ന ഈ മണ്ഡലത്തിൽ വെറും ഒരു ശതമാനം വോട്ടിന്റെ ലീഡ് മാത്രമാണ് എൽഡിഎഫിന് ഉള്ളത്. എട്ടു ശതമാനംപേർ ഇവിടെ മറ്റുള്ളവർക്കും നോട്ടക്കുമായി വോട്ടുചെയ്യുമെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ഒരു ചെറിയ വിഭാഗം എന്ത് തീരുമാനം എടുക്കും എന്നതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും അരൂരിലെ അന്തിമ ഫലം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 38,518 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എ എം ആരിഫ് ജയിച്ച മണ്ഡലത്തിലാണ് ഇടതുമുന്നണി ഈ രീതിയിൽ പിറകോട്ട് അടിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഈ മണ്ഡലത്തിൽ 648 വോട്ടിന്റെ ഭൂരിപക്ഷം യുഡിഎഫിനാണ് ലഭിച്ചത്.

വട്ടിയൂർക്കാവ്, എറണാകുളം, മഞ്ചേശ്വരം മണ്ഡലങ്ങളിലെ സർവേഫലം കഴിഞ്ഞ ദിവസങ്ങളിലായി മറുനാടൻ മലയാളി പുറത്തുവിട്ടിരുന്നു. ഇതിൽ വട്ടിയൂർക്കാവ് ഇടതുമുന്നണി പിടിച്ചെടുക്കുമെന്നും, മഞ്ചേശ്വരവും എറണാകുളവും ഐക്യമുന്നണി നിലനിർത്തുമെന്നുമാണ് സൂചന ലഭിച്ചത്. മഞ്ചേശ്വരത്ത് രണ്ടാമതെത്തുന്നത് ഒഴിച്ചാൽ വിജയിക്കാവുന്ന നിലയിലേക്ക് എവിടെയും എൻഡിഎ എത്തിയിട്ടില്ല. അഞ്ചിടങ്ങിൽ ഒന്നുമാത്രം സിറ്റിങ്ങ് സീറ്റുള്ള എൽഡിഎഫിന് പാലാ മോഡലിൽ രാഷ്ട്രീയ നേട്ടമാണ് ഈ ഉപതെരഞ്ഞെടുപ്പിൽ കാണുന്നത്. എന്നാൽ ഇടതിന്റെ സിറ്റിങ്ങ് സീറ്റയായ അരൂരിൽ കാര്യങ്ങൾ കൈയാലപ്പുറത്താണ്. ഇവിടെ ഈ അവസ്ഥയിൽ ഇടതിന് വളരെ നേരിയ മുൻതൂക്കം മാത്രമാണ് ഉള്ളത്.

സർവേ അന്തിമ ചിത്രം ഇങ്ങനെ

എൽഡിഎഫ്- വട്ടിയൂർക്കാവ്, കോന്നി, അരൂർ
യുഡിഎഫ്- മഞ്ചേശ്വരം, എറണാകുളം.

മികച്ച സ്ഥാനാർത്ഥികളെ ഇറക്കാനായതും, ഉപതെരഞ്ഞെടുപ്പിൽ സാധാരണ കാണാറുള്ള ഭരണകക്ഷി അനുകൂല വികാരവുമാണ് ഇടതുമുന്നിക്ക് തുണയാവുന്നത്. സംസ്ഥാന സർക്കാറിന്റെ ഭരണത്തെ ശരാശരിയെന്ന് ജനം വിലയിരുത്തുമ്പോളും അത് ഒരു ഭരണ വിരുദ്ധ തരംഗത്തിലേക്ക് പോയിട്ടില്ല. യുഡിഎഫിനാവട്ടെ സ്ഥാനാർത്ഥിയെചൊല്ലിയുള്ള പ്രശ്‌നങ്ങൾ വട്ടിയൂർക്കാവിലും കോന്നിയും അസ്വാരസ്യങ്ങൾ ഉണ്ടാക്കുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കണ്ടതുപോലെ ശബരിമല വികാരം കത്തിപ്പിടിക്കാത്തത് എൻഡിഎയും ബാധിച്ചിട്ടുണ്ട്.

കോന്നിയിൽ അട്ടിമറി സാധ്യതയുമായി എൽഡിഎഫ്

യുഡിഎഫിന്റെ സിറ്റിങ്ങ് സീറ്റായ, അതും അടൂർപ്രകാശ് കഴിഞ്ഞ 23 വർഷമായി തുടർച്ചയായി എംഎൽഎ ആയ കോന്നിയിൽ എൽഡിഎഫ് കയറിവരുന്നതിന്റെ വ്യക്തമായ ചിത്രമാണ് സർവേ നൽകുന്നത്. എൽഡിഎഫ് സ്ഥാനാർത്ഥി കെ യു ജനീഷ്‌കുമാറിന് 37 ശതമാനം വോട്ട് ലഭിക്കുമ്പോൾ, യുഡിഎഫിലെ പി മോഹൻരാജിന് ലഭിക്കുന്നത് 32 ശതമാനം വോട്ടുകളാണ്. 28 ശതമാനം വോട്ടുമായി ബിജെപിയിലെ കെ സുരേന്ദ്രൻ മൂന്നാം സ്ഥാനത്താണ്. അടൂർ പ്രകാശ് എന്ന കരുത്തനായ യുഡിഎഫ് നേതാവ് എം പിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നുണ്ടായ ഉപതെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ താൽപ്പര്യത്തിന് വിരുദ്ധമായി സ്ഥാനാർത്ഥിയെ നിർണ്ണയിച്ചത് യുഡിഎഫിനെ ബാധിച്ചെന്ന് വോട്ടർമാരുടെ പ്രതികരണത്തിൽനിന്ന് സർവേ സംഘത്തിന് ബോധ്യപ്പെട്ടതാണ്. അടൂർ പ്രകാശ് ഇപ്പോൾ പ്രചാരണത്തിൽ സജീവമായതും, അവസാനഘട്ടത്തിലെ സാമുദായിക അടിയൊഴുക്കുകളും തങ്ങൾക്ക് ഗുണം ചെയ്യുമെന്നാണ് യുഡിഎഫ് നേതൃത്വം കരുതുന്നത്.

കോന്നിയിലെ സർവേ ചിത്രം ഇങ്ങനെ

എൽഡിഎഫ്- 37
യുഡിഎഫ്- 32
എൻഡിഎ- 28
മറ്റുള്ളവർ-3

എൽഡിഎഫ് സ്ഥാനാർത്ഥിയുടെ വ്യക്തിപരമായ മികവ് മണ്ഡലത്തിലെ വോട്ടർമാർ അംഗീകരിക്കുന്നതിന്റെ സൂചനകളാണ് സർവേയുടെ അനുബന്ധ ചോദ്യങ്ങൾക്ക് വോട്ടർമാർ നൽകിയ മറുപടിയിൽ വ്യക്തമാവുന്നത്. ഡിവൈഎഫ്‌ഐ സംസ്ഥാന ഉപാധ്യക്ഷനും, യുവജന കമ്മിഷൻ അംഗംവുമായ ജനീഷ്‌കുമാറിന്റെ (36) കന്നിയങ്കമാണിത്. കെപിസിസി അംഗവും മുൻ മുൻ ഡിസിസി അധ്യക്ഷൻ. പത്തനംതിട്ട നഗരസഭ മുൻ അധ്യക്ഷനുമായ 63കാരനായ പി. മോഹൻരാജാണ് യുഡിഎഫ് സ്ഥാനാർത്ഥി. '36കാരനും 63കാരനും' തമ്മിലെ മത്സരം എന്ന് സോഷ്യൽ മീഡിയിൽ ട്രോൾ ആയതും ഫലത്തിൽ ഇടത് സ്ഥാനാർത്ഥിക്ക് ഗുണം ചെയ്തിട്ടുണ്ട്.

അടൂർ പ്രകാശ് തുടർച്ചയായി ജയിച്ച 23 വർഷം തന്നെതാണ് യുഡിഎഫിന്റെ പ്രചാരണായുധം. മെഡിക്കൽ കോളജ്, താലൂക്ക്, മിനി സിവിൽ സ്റ്റേഷൻ, സ്റ്റേഡയങ്ങൾ, റോഡുകൾ, പാലങ്ങൾ അങ്ങനെ എണ്ണിപ്പറയാനുണ്ട് യുഡിഎഫിന്. മെഡിക്കൽ കോളജിനു പണം നൽകിയതു തങ്ങളാണെന്നാണ് എൽഡിഎഫിന്റെ ബദൽവാദം.കോന്നിയിൽ കാണുന്നതൊന്നുമല്ല വികസനമെന്നും അതു കേന്ദ്ര സർക്കാരിൽനിന്നു ലഭിക്കാനുള്ളതാണെന്നും എൻഡിഎയും പറയുന്നു.

മുമ്പെങ്ങുമില്ലാത്തവിധം ജാതി രാഷ്ട്രീയം ഇവിടെ പ്രചാരണായുധമാണ്. മത, സാമുദായിക നേതാക്കളുടെ പിന്തുണ ഉറപ്പിക്കാൻ രാഷ്ട്രീയ നേതൃത്വം മൽസരിക്കുന്നു. യുഡിഎഫും എൻഡിഎയും ശബരിമലയാണ് പ്രചാരണ വിഷയമാക്കുന്നത്. ഇതിനെ പ്രതിരോധിക്കേണ്ടതിനാൽ എൽഡിഎഫിനും ശബരിമല പറയാതെ തരമില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തന്ത്രങ്ങൾ തന്നെ തിരിച്ചും മറിച്ചും പ്രയോഗിക്കുകയാണ് മുന്നണികൾ. അതുകൊണ്ടുതന്നെ അടിയൊഴുക്കിൽ എന്ത് സംഭവിക്കുമെന്ന് ഇപ്പോഴും പറയാനാവില്ല.

65ൽ രൂപം കൊണ്ട കോന്നി മണ്ഡലത്തിലെ ആദ്യ എംഎൽഎ കോൺഗ്രസിന്റെ പി.ജെ. തോമസ് ആയിരുന്നു. പിന്നീട് ഇടത്, വലതു മുന്നണികളെ മാറിമാറി തുണച്ചു. 1982 മുതൽ 1996 വരെ ജയിച്ചവരെല്ലാം മുന്നണിഭേദമില്ലാതെ നിയമസഭയിൽ പ്രതിപക്ഷത്തായിരുന്നുവെന്നു മാത്രം അതിനു മാറ്റം വന്നത് 2001ൽ അടൂർ പ്രകാശ് മണ്ഡലം നിലനിർത്തിയതോടെയാണ്. 1996ൽ 806 വോട്ടിനു ജയിച്ച പ്രകാശ്, ഭൂരിപക്ഷത്തിൽ പിശുക്കു കാട്ടുകയെന്ന കോന്നിയുടെ ശീലം തന്നെ പിന്നീട് തിരുത്തിച്ചു. 2016ൽ തുടർച്ചയായ അഞ്ചാം ജയത്തിൽ നേടിയ ഭൂരിപക്ഷം 20,748. എന്നാൽ എൽഡിഎഫ് പ്രതീക്ഷയർപ്പിക്കുന്നത് ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കണക്കുകളിലാണ്. യുഡിഎഫുമായുള്ള വ്യത്യാസം 2,721 വോട്ട് മാത്രം. ആഞ്ഞുപിടിച്ചാൽ ഈ വ്യത്യാസം മറികടക്കാമെന്നാണു പ്രതീക്ഷ.

എൻഡിഎയുടെ മനസ്സിലുള്ളതും ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കണക്കുകൾ തന്നെ. യുഡിഎഫുമായുള്ള അവരുടെ വോട്ട് വ്യത്യാസം കേവലം 3,161. 2016ൽ അടൂർ പ്രകാശ് നേടിയത് 72,800 വോട്ട്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പായപ്പോൾ യുഡിഎഫ് വോട്ട് 49,667 ആയി; 23,133 വോട്ടിന്റെ കുറവ്. 2016ൽ 52,052 വോട്ട് പിടിച്ച എൽഡിഎഫിനു ലോക്‌സഭയിലേക്കു ലഭിച്ചത് 46,946 വോട്ട്; 5,106 വോട്ടിന്റെ കുറവ്. ബിജെപിക്കാകട്ടെ, 2016ലെ 16,713 വോട്ട് 2019ൽ 46,506 ആക്കാനായി; 29,793 വോട്ടിന്റെ വർധന. ഇരുമുന്നണികളുടെയും വോട്ട് ബിജെപി പിടിക്കുന്നുവെന്നാണ് ഇവിടെ നിന്നു വരുന്ന കണക്കുകൾ.പക്ഷേ ഈ ഉപ തെരഞ്ഞെടുപ്പിൽ ആ രീതയിലുള്ള വർധന ബിജെപിക്ക് ഉണ്ടാക്കാൻ കഴിയില്ല ്എന്നാണ് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്.

അരൂരിൽ ഫോട്ടോഫിനീഷ്

വട്ടിയൂർക്കാവും, കോന്നിയും പോലുള്ള യുഡിഎഫ് സിറ്റിങ്ങ് സീറ്റുകൾ തിരിച്ചുപിടിക്കുന്ന ഇടതുമുന്നണി പക്ഷേ തങ്ങളുടെ സിറ്റിങ്ങ് സീറ്റായ അരൂരിൽ കിതക്കുന്ന കാഴ്ചയാണ് മറുനാടൻ സർവേ ഫലങ്ങളിൽ കാണാൻ കഴിയുന്നത്. ഇടതുസ്ഥാനാർത്ഥി മനു സി പുളിക്കന് 39 ശതമാനം വോട്ടുകിട്ടുമ്പോൾ, 38 ശതമാനം വോട്ടുമായി യുഡിഎഫിലെ ഷാനിമോൾ ഉസ്മാൻ തൊട്ടു പിറകെയുണ്ട്. എൻഡിഎ സ്ഥാനാർത്ഥി കെ പി പ്രകാശ് ബാബുവിന് ഇവിടെ 15 ശതമാനം വോട്ടുകൾ മാത്രമാണ് ലഭിക്കുകയെന്ന് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നു.

അരൂരിലെ സർവേ ചിത്രം ഇങ്ങനെ

എൽഡിഎഫ്- 39
യുഡിഎഫ്- 38
എൻഡിഎ- 15
നോട്ട -8

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് എൽഡിഎഫ് ജയിച്ച ഏക മണ്ഡലത്തിലാണ് അരൂർ. പക്ഷേ അരൂർ നിമസഭാ മണ്ഡലത്തിൽ ഇടതു സ്ഥാനാർത്ഥിയും സിറ്റിങ്ങ് എംഎൽഎയുമായ എം എം ആരിഫ് പിന്നിലായി. നിയമസഭാ തിരഞ്ഞെടുപ്പിലെ വമ്പൻ ജയത്തിൽനിന്നാണ് ഈ ഇടിവ്. സംസ്ഥാനത്തു തോറ്റ ഏക ലോക്‌സഭാ മണ്ഡലമെന്ന നിലയിൽ കോൺഗ്രസും ഇവിടെ വിശദ പഠനം നടത്തിയിരുന്നു. ചില പ്രാദേശിക കമ്മിറ്റികൾ പിരിച്ചുവിട്ടു. സിപിമ്മിലും പ്രാദേശിക പ്രശ്‌നങ്ങൾ നിരവധിയായിരുന്നു. എൻഡിഎയിലെ പ്രശ്‌നം ബിഡിജെഎസ് പിണങ്ങി സീറ്റ് ഉപേക്ഷിച്ചതായിരുന്നു. പക്ഷേ, ഇപ്പോൾ പ്രശ്‌നമൊന്നും ബാക്കിയില്ലെന്നു ബിജെപി നേതാക്കൾ ഉറപ്പിച്ചു പറയുന്നു.

തിരഞ്ഞെടുപ്പ് തുടങ്ങിയ അന്നുമുതൽ തുടങ്ങിയ നിരവധി വിവാദങ്ങൾ ആരെ ബാധിക്കുമെന്ന് വ്യക്തമല്ല. ചട്ടംഘിച്ചെന്നു പറഞ്ഞു റോഡുപണി തടയൽ, മന്ത്രി സുധാകരൻെർ പൂതന പ്രയോഗം, വാഗ്ദാനങ്ങളുമായി മന്ത്രിമാരും ഉദ്യോഗസ്ഥരും വീടുകയറുന്നെന്ന ആരോപണം, ഇടതുസ്ഥാനാർത്ഥിയുടെ തറവാടിനെതിരെ വയലാർ വെടിവയ്പുമായി ബന്ധപ്പെട്ട് ആരോപണം, ബിജെപി നേതാവിന്റെ വീട്ടിൽ സിപിഎം നേതാക്കളുടെ സന്ദർശനം, സിപിഎം നേതാവിന്റെ താമസസ്ഥലത്തിനു സമീപം യുഡിഎഫിന്റെ പ്രചാരണം വിലക്കിയെന്ന ആരോപണം എന്നിങ്ങനെ പലതുമുണ്ടായി. യുഡിഎഫ് നേതാക്കൾ തന്നെ വ്യക്തിഹത്യ ചെയ്യുന്നുവെന്നാണ് ഇടത്്സ്ഥാനാർത്ഥി മനു സി പുളിക്കന്റെ ആരോപണം.

പ്രാദേശിക വികസനവും ശബരിമലയുമൊക്കെ പറഞ്ഞാണു പ്രചാരണം തുടങ്ങിയതെങ്കിലും പിന്നീട് വിഷയങ്ങൾ മാറിമാറിവന്നു. അവസാനം കൃത്യമായ ജാതി മത ധ്രുവീകരണവും ഇതോടൊപ്പം ഉണ്ടായിട്ടുണ്ട്. ഈ അടിയൊഴുക്കുകൾ ആരെ തുണക്കുമെന്ന് കണ്ടറിയണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP