Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202103Tuesday

കളിച്ചു കൊണ്ടിരുന്ന കുട്ടികൾക്ക് ഇടയിലേക്ക് കാർ പാഞ്ഞു കയറിയ അപകടം; അബുദാബിയിലെ കോടതി മലയാളിക്ക് വിധിച്ചത് വധശിക്ഷ; സുഡാനി കുടുംബം ദയാധനമായി ചോദിച്ചത് ഒരു കോടി; സർവ്വപ്രതീക്ഷയും നഷ്ടമായപ്പോൾ ബെക്സ് കൃഷ്ണന് മുന്നിൽ ദൈവമായി അവതരിച്ച് എംഎ യൂസഫലി; ലുലു ചെയർമാൻ പുത്തൻച്ചിറക്കാരന് രണ്ടാംജന്മം നൽകിയ കഥ

കളിച്ചു കൊണ്ടിരുന്ന കുട്ടികൾക്ക് ഇടയിലേക്ക് കാർ പാഞ്ഞു കയറിയ അപകടം; അബുദാബിയിലെ കോടതി മലയാളിക്ക് വിധിച്ചത് വധശിക്ഷ; സുഡാനി കുടുംബം ദയാധനമായി ചോദിച്ചത് ഒരു കോടി; സർവ്വപ്രതീക്ഷയും നഷ്ടമായപ്പോൾ ബെക്സ് കൃഷ്ണന് മുന്നിൽ ദൈവമായി അവതരിച്ച് എംഎ യൂസഫലി; ലുലു ചെയർമാൻ പുത്തൻച്ചിറക്കാരന് രണ്ടാംജന്മം നൽകിയ കഥ

ന്യൂസ് ഡെസ്‌ക്‌

അബുദാബി: നാട്ടിലേക്ക് പോകാനായുള്ള ഔട്ട് പാസുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി അൽ വത്ബ ജയിലിൽ തന്നെ കാണാൻ എത്തിയ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരെ കണ്ട് ബെക്സ് വിങ്ങിപ്പൊട്ടി. ഇനിയൊരിക്കലും വീട്ടുകാരെ കാണുവാൻ സാധിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് നിറകണ്ണുകളോടെ ഉദ്യോഗസ്ഥരോട് ഈ മലയാളി പറഞ്ഞു. ജനിച്ച മണ്ണിലേക്ക് വീണ്ടും മടങ്ങുമ്പോൾ നന്ദി പറയുന്നത് എംഎ യൂസഫലിയോടാണ്.

മാസങ്ങൾ നീണ്ട വിചാരണകൾക്കൊടുവിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് വർഷങ്ങളായി അബുദാബിയിലെ ജയിലിൽ കഴിയുന്ന മലയാളി യുവാവിന് ലുലുഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി നൽകിയത് രണ്ടാം ജന്മം. ജീവിതത്തിലെ സർവ്വ പ്രതീക്ഷകളും അസ്തമിച്ച് ജയിൽ കഴിയുകയായിരുന്ന തൃശ്ശൂർ പുത്തൻച്ചിറ ചെറവട്ട ബെക്സ് കൃഷ്ണന്റെ (45) വധശിക്ഷയാണ് യൂസഫലിയുടെ ഇടപെടലിൽ ഒഴിവായത്. മടക്കമുണ്ടാകില്ലെന്ന് ഉറപ്പിച്ചിരുന്നു. ഒരു നിമിഷത്തെ കയ്യബദ്ധത്തിൽ സംഭവിച്ച അപകടം സ്വന്തം ജീവിതം അവസാനിക്കുമെന്ന് ഉറപ്പിച്ച സമയത്താണ് ദൈവദൂതനെ പോലെ അദ്ദേഹത്തിന്റെ ഇടപെടൽ-ബെക്സ് കൃഷ്ണന്റെ ഈ വാക്കുളിലുണ്ട് ആ സഹായത്തിന്റെ വില.

അബുദാബി മുസഫയിൽ വെച്ച് താൻ ഓടിച്ചിരുന്ന വാഹനം തട്ടി സുഡാൻ ബാലൻ മരിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ബെക്സ് കൃഷ്ണൻ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. അപകടത്തിൽ മരിച്ച കുട്ടിയുടെ കുടുംബവുമായി യൂസഫലി നടത്തിയ നിരന്തര ചർച്ചകളുടെയും ദിയാധനമായി 5 ലക്ഷം ദിർഹം (ഒരു കോടി രൂപ) നൽകിയതിന്റെയും അടിസ്ഥാനത്തിലാണ് ശിക്ഷ റദ്ദ് ചെയ്യാൻ കോടതി വഴി സാധ്യമായത്. 2012 സെപ്റ്റംബർ 7-നായിരുന്നു അബുദാബിയിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന ബെക്സിന്റെ ജീവിതം മാറ്റിമറിച്ച സംഭവം നടന്നത്.

ജോലി സംബന്ധമായി മുസഫയിലേക്ക് പോകവെ സംഭവിച്ച കാറപടത്തിൽ സുഡാൻ പൗരനായ കുട്ടി മരണപ്പെടുകയായിരുന്നു. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ നരഹത്യക്ക് കേസെടുത്ത അബുദാബി പൊലീസ് കുറ്റപത്രം സമർപ്പിച്ചു. സിസിടിവി തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടികളുടെ ഇടയിലേക്ക് കാർ പാഞ്ഞു കയറിയാണ് മരണം സംഭവിച്ചതെന്ന് തെളിഞ്ഞതിനാലാണ് മാസങ്ങൾ നീണ്ട വിചാരണകൾക്ക് ശേഷം യുഎഇ സുപ്രീം കോടതി 2013-ൽ ബെക്സിനെ വധശിക്ഷക്ക് വിധിച്ചത്.

അബുദാബി അൽ വത്ബ ജയിലിൽ കഴിഞ്ഞിരുന്ന ബെക്സിന്റെ മോചനത്തിനായി കുടുംബം നടത്തിയ ശ്രമങ്ങൾ ഒന്നും ലക്ഷ്യം കണ്ടില്ല. സർവ്വപ്രതീക്ഷകളും തകർന്ന സമയത്താണ് ബന്ധു സേതു വഴി എം.എ.യൂസഫലിയോട് സഹായം തേടിയത്. കേസുമായി ബന്ധപ്പെട്ട് കുട്ടിയുടെ കുടുംബവുമായി യൂസഫലി നിരവധി തവണ ചർച്ചകൾ നടത്തി. ഇതിനായി സുഡാനിൽ നിന്നും കുടുംബാംഗങ്ങളെ അബുദാബിയിൽ കൊണ്ട് വന്ന് താമസിപ്പിക്കുകയും ചെയ്തു. വർഷങ്ങൾ നീണ്ട നിരന്തര ചർച്ചകൾക്കും കൂടിക്കാഴ്ചകൾക്കു ശേഷം മാപ്പു നൽകാമെന്ന് ബാലന്റെ കുടുംബം കോടതിയിൽ അറിയിച്ചത്.

നഷ്ടപരിഹാരമായി കോടതി 5 ലക്ഷം ദിർഹം ആവശ്യപ്പെട്ടപ്പോൾ യൂസഫലി തന്നെ അത് കഴിഞ്ഞ ജനുവരിയിൽ കോടതിയിൽ കെട്ടിവെച്ചു. നിയമനടപടികൾ പൂർത്തിയാക്കി ബെക്സ് കൃഷ്ണൻ അടുത്ത ദിവസം തന്നെ നാട്ടിലേക്ക് തിരിക്കും. വധശിക്ഷക്ക് വിധിക്കപ്പെട്ട ഒരാളുടെ ജീവിതം തിരിച്ചു നൽകാൻ സാധ്യമായതിൽ സർവ്വശക്തനായ ദൈവത്തോട് നന്ദി പ്രകടിപ്പിച്ച് എം.എ.യൂസഫലിയും പ്രതികരിച്ചു. യുഎഇ എന്ന രാജ്യത്തിന്റെയും ദീർഘദർശികളായ ഭരണാധികാരികളുടെയും മഹത്വമാണ് ഇതിലൂടെ കാണാൻ സാധിക്കുന്നത്. കൃഷ്ണനും കുടുംബത്തിനും ഒരു നല്ല ഭാവി ജീവിതം ആശംസിക്കുന്നുവെന്നും യൂസഫലി കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP