Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

എനിക്ക് കേരളത്തിനു പുറത്ത് എന്തെങ്കിലും കാര്യങ്ങൾ ചെയ്യാൻ സാധിച്ചിട്ടുണ്ടെങ്കിൽ അതിനു പിന്നിൽ യൂസഫലിയാണ്; മുസ്ലിം, ക്രൈസ്തവ സമുദായങ്ങൾ തമ്മിൽ ഭാഷകൊണ്ടും സംസ്‌കാരം കൊണ്ടും പെരുമാറ്റം കൊണ്ടുമെല്ലാം ബന്ധപ്പെട്ടിരിക്കുന്നു; മധ്യപൂർവ ദേശത്ത് സുറിയാനി സഭയ്ക്കു നൽകിയ സംഭാവനകളെ മാനിച്ച് യൂസഫലിക്ക് കമാൻഡർ പദവി നൽകി ആദരിച്ച യാക്കോബായ സഭയുടെ തലവനെ കാണാൻ വീണ്ടും ലുലു ഗ്രൂപ്പ് ഉടമ കോതമംഗലത്ത് എത്തിയ കഥ

എനിക്ക് കേരളത്തിനു പുറത്ത് എന്തെങ്കിലും കാര്യങ്ങൾ ചെയ്യാൻ സാധിച്ചിട്ടുണ്ടെങ്കിൽ അതിനു പിന്നിൽ യൂസഫലിയാണ്; മുസ്ലിം, ക്രൈസ്തവ സമുദായങ്ങൾ തമ്മിൽ ഭാഷകൊണ്ടും സംസ്‌കാരം കൊണ്ടും പെരുമാറ്റം കൊണ്ടുമെല്ലാം ബന്ധപ്പെട്ടിരിക്കുന്നു; മധ്യപൂർവ ദേശത്ത് സുറിയാനി സഭയ്ക്കു നൽകിയ സംഭാവനകളെ മാനിച്ച് യൂസഫലിക്ക് കമാൻഡർ പദവി നൽകി ആദരിച്ച യാക്കോബായ സഭയുടെ തലവനെ കാണാൻ വീണ്ടും ലുലു ഗ്രൂപ്പ് ഉടമ കോതമംഗലത്ത് എത്തിയ കഥ

മറുനാടൻ മലയാളി ബ്യൂറോ

കോതമംഗലം: 'മുസ്ലിം, ക്രൈസ്തവ സമുദായങ്ങൾ തമ്മിൽ ഭാഷകൊണ്ടും സംസ്‌കാരം കൊണ്ടും പെരുമാറ്റം കൊണ്ടുമെല്ലാം ഒരുപാട് ബന്ധപ്പെട്ടിരിക്കുന്നു. തനിക്ക് കേരളത്തിനു പുറത്ത് എന്തെങ്കിലും കാര്യങ്ങൾ ചെയ്യാൻ സാധിച്ചിട്ടുണ്ടെങ്കിൽ അതിനുപിന്നിൽ യൂസഫലിയാണ്. അദ്ദേഹത്തെ പ്രാർത്ഥനയിൽ ഓർക്കാത്ത ദിവസങ്ങളില്ല'-പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലിയെ കുറിച്ച് യാക്കോബായ സുറിയാനി സഭാധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവ പ്രാർത്ഥനയോടെ ഓർത്തെടുത്തതാണ് ഇത്. കോതമംഗലം മൗണ്ട് സീനായ് കാതോലിക്കേറ്റ് അരമനയിലായിരുന്നു ബാവയെ യൂസഫലി കണ്ടത്. ബാവായുടെയും സഭയുടെയും ആത്മാർഥ സുഹൃത്താണ് യൂസഫലി.

ശ്രേഷ്ഠ ബാവയെ താൻ എന്നും പ്രാർത്ഥനകളിൽ ഓർക്കാറുണ്ടെന്നും 92-ാം വയസ്സിലും അദ്ദേഹത്തിന്റെ മുഖത്ത് കാണുന്ന ശോഭ, അത്യുന്നതങ്ങളിലെ ദൈവത്തിൽനിന്നുള്ളതാണെന്നും യൂസഫലി പറഞ്ഞു. സഭയുടെ വളർച്ചയിൽ യൂസഫലിയുടെ പ്രത്യേക കരുതലിന് വലിയ പങ്കുണ്ടെന്ന് ബാവ പറഞ്ഞു. ക്രിസ്മസ് കേക്ക് മുറിച്ച്, മധുരം പങ്കുവെച്ച ശേഷമാണ് യൂസഫലി മടങ്ങിയത്. കോതമംഗലം എം.എ. കോളേജ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ ഇറങ്ങിയാണ് യൂസഫലി അരമനയിലെത്തിയത്. മധ്യപൂർവ ദേശത്ത് സുറിയാനി സഭയ്ക്കു നൽകിയ സംഭാവനകളെ മാനിച്ച് യൂസഫലിയെ, കാലംചെയ്ത പരിശുദ്ധ ഇഗ്നാത്തിയോസ് സാഖാ പ്രഥമൻ പാത്രിയർക്കീസ് ബാവ കമാൻഡർ പദവി നൽകി ആദരിച്ചിരുന്നു.

യുഎഇ സന്ദർശനത്തിനെത്തിയ ആഗോള സുറിയാനി സഭ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവയ്ക്കും സംഘത്തിനും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകിയതും മറ്റും വലിയ വാർത്തയായിട്ടുണ്ട്. സുറിയാനി സഭയ്ക്ക് യൂസഫലി നൽകുന്ന സേവനങ്ങൾ ശ്ലാഘനീയമാണെന്നു പാത്രിയർക്കീസ് ബാവ പറഞ്ഞു. ഗൾഫ് നാടുകളിൽ സഭയ്ക്ക് ആരാധനാലയങ്ങൾ അനുവദിച്ചു കിട്ടിയതിൽ അദ്ദേഹത്തിന്റെ സേവനങ്ങൾ മഹത്തരമാണെന്നും ബാവ ചൂണ്ടിക്കാട്ടിയിരുന്നു. അങ്ങനെ യാക്കോബയ സഭയുമായി ചേർന്ന് നൽകുന്ന പ്രവാസി വ്യവസായിയാണ് യൂസഫലി. എല്ലാ മതങ്ങളേയും ഒരു പോലെ പരിഗണിക്കുന്ന യൂസഫലിക്ക് ലോകത്തെവിടേയും ഊഷ്മളമായ സൗഹൃദങ്ങളാണുള്ളത്.

ഫോബ്‌സ് മാസികയുടെ പുതിയ കണക്കനുസരിച്ചു ലോകത്തെ ഏറ്റവും ധനികനായ മലയാളിയാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. 26000 ത്തിനടുത്ത് ഇന്ത്യാക്കാരടക്കം 31,000-ത്തോളം പേർ ജോലി ചെയ്യുന്ന ഗൾഫിലെ പ്രമുഖ വ്യാപാര സ്ഥാപനമായ എം.കെ. ഗ്രൂപ്പിന്റെയും ലുലു ഹൈപ്പർ മാർക്കറ്റ് ഗ്രൂപ്പിന്റെയും മാനേജിങ് ഡയറക്ടറാണ് യൂസഫലി. കൊച്ചി ലേക്ക് ഷോർ ആശുപത്രി ചെയർമാൻ,ധ സാമൂഹ്യരംഗത്തെ സംഭാവനകൾ കണക്കിലെടുത്ത് 2008 ൽ രാജ്യം ഇദ്ദേഹത്തിന് പത്മശ്രീ പുരസ്‌കാരം നൽകി ആദരിച്ചു. കൊച്ചിയിൽ സ്മാർട്‌സിറ്റി പദ്ധതി കൊണ്ടുവരുന്നതിലും പ്രമുഖ പങ്കുവഹിച്ചു. പ്രവാസി വ്യവസായികളെല്ലാം പ്രാഞ്ചിയേട്ടൻ ചമഞ്ഞ് വാർത്താ പ്രാധാന്യത്തിന് ശ്രമിക്കുന്ന കാലത്താണ് യൂസഫലി തന്റെ പ്രവർത്തിയിലൂടെ വ്യത്യസ്തനാകുന്നത്. ആർക്ക് സഹായം വാഗ്ദാനം ചെയ്താലും യൂസഫലി ചെയ്തു കൊടുക്കും.

തൃശ്ശൂർ നാട്ടിക മുസലിയാം വീട്ടിൽ അബ്ദുൾ ഖാദറിന്റെയും സഫിയയുടെയും മകനായി 1955 നവംബർ 15ന് ജനനം. അബുദാബി ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ ഡയറക്ടർ ബോർഡ് അംഗമാകുന്ന ആദ്യ വിദേശി. നോർക റൂട്ട്സ് വൈസ് ചെയർമാൻ, കൊച്ചി, കണ്ണൂർ വിമാനത്താവള കമ്പനികളുടെ ഡയറക്ടർ ബോർഡ് അംഗം എന്നീ പദവികൾ വഹിക്കുന്നു. നാട്ടിക മാപ്പിള ലോവർ പ്രൈമറി സ്‌കൂൾ, ഗവ. ഫിഷറീസ് സ്‌കൂൾ, കരാഞ്ചിറ സെന്റ് സേവ്യേഴ്സ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ചെറിയ പ്രായത്തിൽ തന്നെ യൂസഫലിയും അഹമ്മദാബാദിലേക്ക് വണ്ടികയറി. അവിടെ, പിതാവും കൊച്ചാപ്പമാരും നടത്തിയിരുന്ന എം.കെ. ബ്രദേഴ്സ് ജനറൽ സ്റ്റോറിൽ നിന്ന് തുടക്കം. പിന്നീട് കപ്പലിൽ ദുബായിലേക്ക്. പിന്നെ ലോകത്തെ ഏറ്റവും വലിയ വിതരണ കമ്പനിയുണ്ടാക്കി. 1989-ൽ ചെറിയ നിലയിൽ ഒരു സൂപ്പർമാർക്കറ്റ് തുറന്നുകൊണ്ട് ഈ രംഗത്ത് പരീക്ഷണം നടത്തി.

അതിന്റെ വിജയത്തെ തുടർന്ന് അബുദാബിയിൽ എയർപോർട്ട് റോഡിൽ വിശാലമായ ഡിപ്പാർട്ട്മെന്റ് സ്റ്റോർ തുടങ്ങാനുള്ള ജോലികൾ ആരംഭിച്ചു. അബുദാബി അന്നുവരെ കണ്ടതിൽ വച്ച് ഏറ്റവും വലിയ ഷോപ്പിങ് അനുഭവം ഒരുക്കുകയായിരുന്നു ലക്ഷ്യം. അവസാന മിനുക്കുപണികളിലേക്ക് കടക്കുമ്പോഴാണ് 1990-ൽ ഗൾഫിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. യൂസഫലി ശരിക്കും തളർന്നു. താൻ അതുവരെ സ്വരുക്കൂട്ടിയതെല്ലാം സ്റ്റോറിനായി മുതൽമുടക്കിയിരിക്കുകയാണ്. സകലരും ഉള്ളതും കൊണ്ട് നാടുവിടുന്ന സമയമായിരുന്നു അത്. എന്നാൽ, തന്നെ വളർത്തിയ നാടുവിട്ടു പോകാൻ യൂസഫലി ഒരുക്കമായിരുന്നില്ല. സൂപ്പർമാർക്കറ്റ് തുറക്കാമെന്നു തന്നെ അദ്ദേഹം ഉറപ്പിച്ചു.

'ഈ രാജ്യത്തോട് എനിക്ക് വിശ്വാസമുണ്ട്' എന്ന തലക്കെട്ടോടു കൂടിയ പരസ്യം നൽകിക്കൊണ്ട് ലുലു ഡിപ്പാർട്ട്മെന്റ് സ്റ്റോറിന് തുടക്കമിട്ടു. 2013 മാർച്ചിൽ കൊച്ചി ഇടപ്പള്ളിയിൽ ലുലു മാളിന് തുടക്കമിട്ടുകൊണ്ട് ഇന്ത്യൻ റീട്ടെയിൽ രംഗത്തേക്കും ചുവടുവച്ചു. അങ്ങനെ വ്യവസായം കേരളത്തിലേക്കും വളർത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP