Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കണ്ടെയ്മെന്റ് സോണിൽ നിന്നും മരുന്ന് വാങ്ങാൻ പോയപ്പോൾ പൊലീസ് പിടിച്ചാലോ എന്ന ഭയം; കരുനാഗപ്പള്ളിക്ക് പോകാൻ എളുപ്പ വഴി നോക്കിയപ്പോൾ കണ്ടത് നീണ്ടു നിവർന്ന് കിടക്കുന്ന റെയിൽവേ പാളം; ഒന്നും നോക്കാതെ വവ്വാക്കാവ് ഗേറ്റിൽ നിന്നും പൾസർ ബൈക്ക് കരുനാഗപ്പള്ളി ഭാഗത്തേക്ക് തിരിച്ചത് അനീഷ്; ആർ.പി.എഫ് കേസെടുത്തതോടെ കരഞ്ഞു നിലവിളിച്ച് ഹാജരായത് കായംകുളത്ത്; സാഹസിക യാത്ര നടത്തിയ യുവാക്കളെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

കണ്ടെയ്മെന്റ് സോണിൽ നിന്നും മരുന്ന് വാങ്ങാൻ പോയപ്പോൾ പൊലീസ് പിടിച്ചാലോ എന്ന ഭയം; കരുനാഗപ്പള്ളിക്ക് പോകാൻ എളുപ്പ വഴി നോക്കിയപ്പോൾ കണ്ടത് നീണ്ടു നിവർന്ന് കിടക്കുന്ന റെയിൽവേ പാളം; ഒന്നും നോക്കാതെ വവ്വാക്കാവ് ഗേറ്റിൽ നിന്നും പൾസർ ബൈക്ക് കരുനാഗപ്പള്ളി ഭാഗത്തേക്ക് തിരിച്ചത് അനീഷ്; ആർ.പി.എഫ് കേസെടുത്തതോടെ കരഞ്ഞു നിലവിളിച്ച് ഹാജരായത് കായംകുളത്ത്; സാഹസിക യാത്ര നടത്തിയ യുവാക്കളെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

ആർ പീയൂഷ്

ആലപ്പുഴ: റെയിൽവെ പാളത്തിലൂടെ ബൈക്ക് ഓടിച്ച യുവാക്കളെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. ബൈക്ക് ഓടിച്ച ഓച്ചിറ പ്രയാർ തെക്ക് ക്ലാപ്പന മാരൂർ കിഴക്കതിൽ അനീഷ് (19), പായിക്കുഴി തലവനതറയിൽ രഞ്ചു രമേഷ്(19) എന്നിവരെയാണ് കായംകുളം റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതികളെ കോവിഡ് ആയതിനാൽ മറ്റൊരു ദിവസം ഹാജരാക്കിയാൽ മതിയെന്ന കോടതി നിർദ്ദേശത്തെ തുടർന്ന് ജാമ്യത്തിൽ വിട്ടു.

ഇന്ന് രാവിലെയാണ് പ്രതികൾ ആർ.പി.എഫിന് മുന്നിൽ ഹാജരായത്. മരുന്ന് വാങ്ങുന്നതിനായി പോകുകയായിരുന്നു എന്നും പൊലീസ് പിടികൂടാതിരിക്കാനാണ് റെയിൽവേ പാളം വഴി ബൈക്ക് ഓടിച്ചു പോയതെന്നും ഇവർ മൊഴി നൽകി. പാളത്തിലൂടെ ബൈക്ക് ഓടിക്കുന്നത് കുറ്റകരമാണെന്ന അറിവില്ലായ്മയാണ് ഇത്തരം ഒരു സംഭവത്തിനിടയാക്കിയതെന്നും പ്രതികൾ പറഞ്ഞു. പാളത്തിലൂടെ പോകുന്നതിനിടെ ഏത് സ്ഥലമാണെന്നോ ഒന്നും അറിയില്ലായിരുന്നു എന്നും ഇവർ മൊഴിയിൽ പറയുന്നു. രാവിലെ മാതാപിതാക്കളോടൊപ്പമാണ് ഇവർ ഹാജരായത്. പേടിച്ചു പോയതു കൊണ്ടാണ് ഓടി രക്ഷപെട്ടതെന്ന് പറഞ്ഞ് ആർ.പി.എഫിന് മുന്നിൽ ഇരുവരും പൊട്ടിക്കരഞ്ഞു. മക്കളുടെ അറിവില്ലായ്മ ക്ഷമിക്കണമെന്ന് മാതാപിതാക്കൾ പറഞ്ഞു. വിശദമായ മൊഴി എടുത്ത ശേഷമാണ് പ്രതികളെ ജാമ്യത്തിൽ വിട്ടത്. അനീഷാണ് ബൈക്ക് ഓടിച്ചിരുന്നത്.

ചൊവ്വാഴ്ച ദിവസം ഉച്ചയ്ക്ക് മൂന്ന് മണിയോടെ കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനും കായംകുളം റെയിൽവെ സ്റ്റേഷനും ഇടയിലാണ് വവ്വാക്കാവ് റെയിൽവേ ഗേറ്റ് വഴി യുവാക്കൾ കരുനാഗപ്പള്ളി ഭാഗത്തേക്ക് ബൈക്ക് ഓടിച്ചു പോയത്. ട്രാക്കിൽ കൂടി ബൈക്ക് വരുന്നുണ്ട് എന്ന് വവ്വാക്കാവ് ഗേറ്റിൽ നിന്നും വിളിച്ചു പറഞ്ഞതിനെ തുടർന്ന് കനാൽ ഗേറ്റിലെ ഗേറ്റ്കീപ്പർ അരുൺ പാളത്തിൽ ഇറങ്ങി നോക്കിയപ്പോഴാണ് യുവാക്കൾ വരുന്നത് കണ്ടത്. ഉടൻ തന്നെ മൊബൈലിൽ ഇത് ചിത്രീകരിക്കുകയും യുവാക്കളെ തടഞ്ഞു നിർത്തുകയും ചെയ്തു. ബൈക്ക് പാളത്തിന് വെളിയിലിറക്കി വയ്ക്കാൻ പറഞ്ഞതിന് ശേഷം അരുൺ ആർ.പി.എഫിനെ അറിയിക്കാനായി ഫോൺ ചെയ്യാനായി റൂമിലേക്ക് കയറിയപ്പോൾ ഇവർ ഓടി രക്ഷപെട്ടു.

ഗേറ്റ്കീപ്പർ വിവരമറിയിച്ചതിനെ തുടർന്ന് കായംകുളത്ത് നിന്നും ആർ.പി.എഫ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. യുവാക്കൾ സഞ്ചരിച്ച ബൈക്ക് സിസി ചെയ്ത് മഹസർ എഴുതി കസ്റ്റഡിയിലെടുത്തു. ബൈക്കിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പത്മന മേക്കാട് വഴുതയിൽ വടക്കതിൽ ദീപു എന്നയാളുടെ പേരിലുള്ള വാഹനമാണെന്ന് കണ്ടെത്തി. തുടർന്ന് ഇയാളെ ബന്ധപ്പെടുകയും നാളെ വാഹനം ഓടിച്ചവരുമായ കായംകുളം ആർ.പി.എഫ് സ്റ്റേഷനിൽ ഹാജരാകാനും നിർദ്ദേശം നൽകി. റെയിൽവേ ആക്ട് 154, 147 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

മൂന്ന് മണി സമയത്ത് തിരുവനന്തപുരം ഭാഗത്തേക്ക് ലോക്മാന്യ തിലക്, വേണാട് എക്സ്‌പ്രസ്, വർക്ക്മാൻ സ്‌പെഷ്യൽ ട്രെയിൻ എന്നിവ കടന്നു പോകേണ്ടതാണ്. ഈ ട്രാക്കിലൂടെയാണ് യുവാക്കൾ ബൈക്ക് ഓടിച്ചു പോയത്. ഗേറ്റ്കീപ്പർ തടഞ്ഞു നിർത്തിയപ്പോൾ മരുന്ന് മേടിക്കാൻ പോകുകയാണെന്നും റോഡിൽകൂടി പോയാൽ പൊലീസ് പിടികൂടുമെന്നുമാണ് പറഞ്ഞത്. ഇരുവരും ലഹരി ഉപയോഗിച്ചിരുന്നതായി സംശയമുണ്ടായിരുന്നതായി ഗേറ്റ് കീപ്പർ ആർ.പി.എഫിന് മൊഴി നൽകിയിരുന്നു. കായംകുളം അർ.പി.എഫ് എഎസ്ഐ എസ്.ഷാജിയും ഹെഡ്‌കോൺസ്റ്റബിൾ എം.സി രഘുകുമാറുമാണ് ഗേറ്റിലെത്തി വാഹനം കസ്റ്റഡിയിലെടുത്തത്. കൊല്ലം സർക്കിൾ ഇൻസ്‌പെക്ടർ രജനി നായർക്കാണ് അന്വേഷണ ചുമതല.

കരുനാഗപ്പള്ളിയിലെ വിവിധ സ്ഥലങ്ങൾ കോവിഡ് വ്യാപനത്തെതുടർന്ന് കണ്ടെയ്‌മെന്റ് സോണുകളാണ്. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ പൊലീസ് കർശന നടപടികൾ സ്വീകരിക്കുന്നുണ്ട്. ഇതിനിടയിലാണ് യുവാക്കൾ പൊലീസിനെ പേടിച്ച് റെയിൽവേ ട്രാക്ക് വഴി ബൈക്ക് ഓടിച്ചു പോയത്. രണ്ട് കിലോമീറ്ററിലധികം ഇവർ ട്രാക്കിലൂടെ സഞ്ചരിച്ചു. ഈ സമയം ട്രെയിൻ വരാതിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്. യുവാക്കൾ പാളത്തിലൂടെ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ തിരുവനന്തപുരം ഡിവിഷൻ സംഭവത്തിന്റെ റിപ്പോർട്ട് തേടിയിട്ടുണ്ട്.

ഗേറ്റ് കീപ്പർ അരുൺ ബൈക്ക് തടഞ്ഞിരുന്നില്ലാ എങ്കിൽ മുന്നോട്ട് സഞ്ചരിക്കുകയും പിന്നാലെ എത്തുന്ന ട്രെയിൻ ഇടിച്ചു ഇവർ മരണപ്പെടുകയും ചെയ്യുമായിരുന്നു. കൂടാതെ ട്രെയിൻ പാളം തെറ്റി വലിയ അപകടം തന്നെയുണ്ടാവാൻ ഇടയാകുകയും ചെയ്യും. വവ്വാക്കാവിലെ ഗേറ്റ് കീപ്പർ അറിയിച്ചതു കൊണ്ട് മാത്രമാണ് നേരത്തെ ഇറങ്ങി നിന്ന് യുവാക്കളെ തടഞ്ഞു നിർത്താൻ കഴിഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP