Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അറബ് ശിരോവസ്ത്രമായ കഫിയ്യ ധരിച്ചെത്തുന്ന ആളെ ഇന്ത്യൻ സേന പിടികൂടുന്നതിന്റെ ദൃശ്യാവിഷ്‌ക്കാരം; സ്‌കൂൾ കലോത്സവം സംഘ പരിവാർ ആശയ പ്രചാരണ വേദിയാക്കിയെന്ന് യൂത്ത് ലീഗ്; ദൃശ്യാവിഷ്‌ക്കാരം നടത്തിയ സതീഷ് ബാബു സംഘപരിവാർ പ്രവർത്തകനെന്നും പ്രചാരണം; വിദ്യാഭ്യാസ മന്ത്രി മാപ്പ് പറയണമെന്നും ആവശ്യം

അറബ് ശിരോവസ്ത്രമായ കഫിയ്യ ധരിച്ചെത്തുന്ന ആളെ ഇന്ത്യൻ സേന പിടികൂടുന്നതിന്റെ ദൃശ്യാവിഷ്‌ക്കാരം; സ്‌കൂൾ കലോത്സവം സംഘ പരിവാർ ആശയ പ്രചാരണ വേദിയാക്കിയെന്ന് യൂത്ത് ലീഗ്; ദൃശ്യാവിഷ്‌ക്കാരം നടത്തിയ സതീഷ് ബാബു സംഘപരിവാർ പ്രവർത്തകനെന്നും പ്രചാരണം; വിദ്യാഭ്യാസ മന്ത്രി മാപ്പ് പറയണമെന്നും ആവശ്യം

കെ വി നിരഞ്ജൻ

 കോഴിക്കോട്: സംസ്ഥാന കലോത്സവത്തിന്റെ ഉദ്ഘാടന ദിവസം അരങ്ങേറിയ ദൃശ്യാവിഷ്‌ക്കാരം മുസ്ലിം വിരുദ്ധമാണെന്ന് ആരോപിച്ച് യൂത്ത് ലീഗും രംഗത്ത്. അറബ് ശിരോവസ്ത്രമായ കഫിയ്യ ധരിച്ചെത്തുന്ന ആളെ ഇന്ത്യൻ സേന പിടികൂടുന്നതിന്റെ ദൃശ്യാവിഷ്‌ക്കാരമാണ് സ്വാഗത ഗാനത്തിന്റെ ഭാഗമായി അവതരിപ്പിച്ചത്.

ഇസ്ലാം സമം ഭീകരവാദമെന്ന സംഘപരിവാർ പ്രചാരണത്തിന് ആക്കം കൂട്ടുന്നതും പൊതുബോധ നിർമ്മിതിക്ക് സഹായകരമാകുന്നതുമാണ് ഈ ദൃശ്യാവിഷ്‌ക്കാരമെന്നാണ് യൂത്ത് ലീഗ് ആരോപണം. ദൃശ്യാവിഷ്‌ക്കാരം തയ്യാറാക്കിയ സതീഷ് ബാബു സംഘപരിവാർ പ്രവർത്തകനാണെന്നും യൂത്ത് ലീഗ് വ്യക്തമാക്കുന്നു.

സേവാഭാരതിയുടെ കവർ ഫോട്ടോയാണ് സതീഷ് ബാബുവിന്റെ ഫേസ്‌ബുക്ക് പ്രൊഫൈലിലുള്ളത്. ഇതേ സമയം സതീഷ് ബാബുവാണ് ദൃശ്യാവിഷ്‌ക്കാരം നടത്തിയതെന്ന വാദത്തെ സ്വീകരണ കമ്മിറ്റി തള്ളി. മാതാ പേരാമ്പ്രയുടെ നേതൃത്വത്തിൽ ഡോ. ലജ്‌നയാണ് ദൃശ്യാവിഷ്‌ക്കാരം നടത്തിയതെന്ന് സ്വീകരണ കമ്മിറ്റി ഭാരവാഹികൾ വ്യക്തമാക്കുന്നു. 91 ഗ്രൂപ്പിലെ ഒരാൾ മാത്രമാണ് സതീഷ് ബാബുവെന്നും ഇവർ വ്യക്തമാക്കുന്നു.

ദൃശ്യാവിഷ്‌ക്കാരം നടത്തിയ ടീമിലെ അംഗങ്ങൾക്ക് വേദിയിൽ വെച്ച് ഉപഹാരം നൽകിയിരുന്നു. ഗ്രൂപ്പ് അംഗമെന്ന നിലയിൽ സതീഷ് ബാബുവും ഉപഹാരം സ്വീകരിച്ചു. ദൃശ്യാവിഷ്‌ക്കാരം നടത്തിയതിന് വേദിയിൽ വെച്ച് ഉപഹാരം സ്വീകരിക്കുന്നു എന്ന ക്യാപ്ഷനിൽ സതീഷ് ബാബു ഫോട്ടോ ഫേസ് ബുക്കിൽ പങ്കുവെക്കുകയും ചെയ്തു. ഇത് കണ്ടാണ് യൂത്ത് ലീഗ് ഉൾപ്പെടെ സംഘപരിവാർ പ്രവർത്തകനായ സതീഷ് ബാബുവാണ് ദൃശ്യാവിഷ്‌ക്കാരം നടത്തിയതെന്ന് ആരോപിച്ച് രംഗത്തെത്തിയത്.

കവി പി കെ ഗോപിയുടെ വരികൾക്ക് കെ സുരേന്ദ്രൻ സംഗീത സംവിധാനമൊരുക്കിയതായിരുന്നു ഇത്തവണത്തെ സ്വാഗതഗാനം. ഇതിന് മാതാ പേരാമ്പ്ര നൽകിയ ദൃശ്യാവിഷ്‌ക്കാരമാണ് വിവാദമായത്. ഇന്ത്യൻ സേന പിടികൂടുന്ന തീവ്രവാദിയെ അറബി ശിരോവസ്ത്രമായ കഫിയ്യ ധരിച്ചയാളുടെ വേഷത്തിൽ അവതരിപ്പിച്ചതാണ് ഒരു വിഭാഗത്തെ പ്രകോപിപ്പിച്ചത്.

ഒരു സ്റ്റുഡന്റ് പൊലീസ് കേഡറ്റ് വിശ്വാസത്തിന്റെ ഭാഗമായി തലയിൽ ഹിജാബ് ധരിച്ചാൽ മതേതരത്വം തകർന്നുപോകുമെന്ന് അഫിഡവിറ്റ് കൊടുത്ത അതേ സർക്കാറാണ് ഇസ്ലാമിക ശിരോവസ്ത്രം ധരിച്ച് നിൽക്കുന്ന ആളെ ഭീകരവാദിയായി ചിത്രീകരിച്ച് പട്ടാളം അവതരിപ്പിക്കാൻ കൂട്ടു നിന്നതെന്ന് വ്യക്തമാക്കിയ യൂത്ത് ലീഗ് ഇത്തരമൊരു ദൃശ്യാവിഷ്‌ക്കാരം അവതരിപ്പിക്കാൻ ഇടയായ സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി ഖേദം പ്രകടിപ്പിക്കണമെന്നും ആവശ്യപ്പെടുന്നു. ഇത്തരമൊരു പരിപാടി അവതരിപ്പിക്കാൻ അനുമതി നൽകിയവർക്കെതിരെ വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിക്കണം. നിരന്തരമായി സംഘപരിവാറിന് ഒത്താശ ചെയ്യുന്ന സമീപനമാണ് സി പി എമ്മും സി പി എം നേതൃത്വം നൽകുന്ന ഭരണകൂടവും സ്വീകരിച്ച് വരുന്നത്. തെറ്റ് തിരുത്താൻ തയ്യാറാകുന്നില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും യൂത്ത് ലീഗ് വ്യക്തമാക്കുന്നു.

സ്വാഗതഗാനത്തിന് ദൃശ്യാവിഷ്‌ക്കാരം നൽകിയത് സതീഷ് ബാബു എന്ന ഒന്നാന്തരം ആർ എസ് എസുകാരനാണെന്ന് കാന്തപുരം എ പി വിഭാഗം നേതാവായ മുഹമ്മദാലി കിനാലൂരും വ്യക്തമാക്കി. സതീഷ് ബാബു നൽകിയ ദൃശ്യാവിഷ്‌കാരമാണ് മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയുമൊക്കെ വാ പൊളിച്ചിരുന്ന് ആസ്വദിച്ചത്. അതിനു സിനിമാനടിയിൽ നിന്നും പ്രൈസ് സ്വീകരിക്കുന്ന ചിത്രം സതീഷ്ബാബു ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ആ ദൃശ്യാവിഷ്‌കാരത്തിൽ ഉള്ളടങ്ങിയിട്ടുള്ള ഇസ്ലാമോഫോബിയയെ കുറിച്ച് ഇനിയും സംശയങ്ങളുണ്ടോ?

ആർ എസ് എസുകാരനായ സതീഷ്ബാബുവിന്റെ മുസ്ലിം വിരോധം ചെലവാക്കാൻ കേരള കലോത്സവത്തിന്റെ ഉദ്ഘാടന വേദി വിട്ടുകൊടുത്ത സംഘാടകർ നമ്മുടെ ജനാധിപത്യബോധത്തെയാണ് കൊഞ്ഞനം കുത്തിയത്. ഇതിലൊക്കെ ഇസ്‌ലാമോഫോബിയ കാണേണ്ടതുണ്ടോ എന്ന് ചോദിക്കുന്ന 'നിഷ്‌കളങ്കരോട്' നിങ്ങൾക്ക് സംഘപരിവാറിനെ കുറിച്ച് ഒരു ചുക്കുമറിയില്ല എന്നാണുത്തരം. ആ വേദിയിൽ നടന്നത് കലാവിഷ്‌കാരമല്ല, പച്ചയായ മുസ്ലിം വിരുദ്ധ പൊതുബോധം സൃഷ്ടിക്കലാണ്. അതിനു അനുമതി കൊടുത്ത വിദ്യാഭ്യാസ ഡയറക്ടറോട് സർക്കാർ വിശദീകരണം ചോദിക്കണം. സിപിഎമ്മിന്റെ കോഴിക്കോട്ടെ എം എൽ എക്ക് ഈ ദൃശ്യാവിഷ്‌കാരത്തിന്റെ റിഹേഴ്‌സൽ കണ്ടിട്ടും അപാകമൊന്നും തോന്നിയില്ലെങ്കിൽ പോയി ബിജെപിയിൽ അംഗത്വമെടുക്കാൻ അദ്ദേഹത്തെ സിപിഎം അനുവദിക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP